malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

സെന്‍കുമാര്‍ കേസിന്റെ ബാക്കിപത്രം

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
കേരളം 'സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍' എന്ന ആശയം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണിപ്പോഴുള്ളത്. പക്ഷേ ഇവിടെ മഷിയിട്ടു നോക്കിയാല്‍പ്പോലും സ്വതന്ത്ര തീരുമാനത്തോടെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെ കാണാനാവില്ല! സെക്യൂരിറ്റി കമ്മീഷന്‍ ആത്മാവു നഷ്ടപ്പെട്ട പ്രേതംപോലെ അക്ഷരങ്ങളിലൊതുങ്ങുന്നു. സെന്‍കുമാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍നിന്ന് കേരളത്തിനേറ്റ കനത്ത തിരിച്ചടിയിലെ മുഖ്യപ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിലുള്‍പ്പെട്ട കൂട്ടുപ്രതികളില്‍ സിപിഎം ഉള്‍പ്പെടെ എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഭരണ വ്യവസ്ഥയനുസരിച്ച് ക്യാബിനറ്റിന് കൂട്ടുത്തരവാദിത്വമാണുള്ളത്. ക്യാബിനറ്റ് തീരുമാനം ഇടതുമുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന കാര്യവും എല്ലാവര്‍ക്കും അറിയാം. ഈ പ്രശ്‌നത്തില്‍ ക്യാബിനറ്റിന്റെ കൂട്ടുത്തരവാദിത്വം ആരും ചര്‍ച്ച ചെയ്തിട്ടില്ല. സെന്‍കുമാറിനെ രാഷ്ട്രീയ പകപോക്കലിന്റെപേരില്‍ ഡിജിപി സ്ഥാനത്തുനിന്നും നീക്കികൊണ്ടുള്ള കല്‍പ്പന സുപ്രീം കോടതി റദ്ദ് ചെയ്യുകവഴി തിരുത്താനാവാത്ത തെറ്റാണ് സിപിഎം ഭരണകൂടം ചെയ്തതെന്ന് തെളിയുന്നു. സെന്‍കുമാര്‍ കേസില്‍ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പൊരുള്‍ യഥാവിധി കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. 2011 ലെ കേരള പോലീസ് ആക്ട് 2006 ല്‍ പ്രകാശ്‌സിംഗ് കേസില്‍ സുപ്രീം കോടതി നല്‍കിയ വിധിയുടെ ലംഘനമാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കേണ്ടതായി ഇന്ത്യന്‍ ഭരണകൂടങ്ങളോട് പരമോന്നത നീതിപീഠം കല്‍പ്പിച്ച വ്യവസ്ഥകളുടെ ലംഘനമാണ് സെന്‍കുമാര്‍ കേസിലെ വിധി പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന ഘടകം. പോലീസിന് വലിയൊരളവോളം സ്വാതന്ത്ര്യം നല്‍കുന്ന വ്യവസ്ഥകള്‍ നടപ്പാക്കികൊണ്ട് പോലീസ് നിയമം പരിഷ്‌കരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് 2011 ലെ പോലീസ് നിയമം യോജിച്ച് പാസാക്കി കേരളത്തിലെ ജനങ്ങളെ ചതിക്കുകയായിരുന്നു. ഇതിനെ സര്‍വ്വാത്മനാ പിന്താങ്ങുവാന്‍ കേരളത്തിലെ മാധ്യമരംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അറിയാതെ തയ്യാറായി എന്നുള്ളത് കേരളത്തിന്റെ ഏറ്റവും വലിയ പോരായ്മയായി മുഴച്ചുനില്‍ക്കുന്നു. സത്യത്തോടോ ധര്‍മ്മത്തോടോ നീതിക്രമത്തോടോ യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ പ്രകാശ്‌സിംഗ് കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയെന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വാദിക്കുകയും ചെയ്തവരാണ് കേരള സര്‍ക്കാര്‍. ഇതിനെതിരെ ഒറ്റയാനായി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പൊതുപ്രവര്‍ത്തകനാണ് ഈ ലേഖകന്‍. തിരക്കുപിടിച്ച മലയാളിയുടെ ജീവിത നെട്ടോട്ടത്തിനിടയില്‍ ഇത്തരം വഞ്ചനകളും കാപട്യങ്ങളും കേരളീയര്‍ അറിയാതെ പോകയാണ്. സെന്‍കുമാര്‍ കേസ് കത്തിജ്വലിച്ചതോടെ ഇത്തരം വീഴ്ചകളുടെ ആപത്ഫലങ്ങള്‍ മലയാളി മെല്ലെ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന പോലീസ് സംവിധാനങ്ങള്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കണമെന്ന ദൃഢനിശ്ചയം സുപ്രീം കോടതി കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് 2006 ലെ പ്രകാശ്‌സിംഗ് കേസിന്റെ മര്‍മ്മം. പോലീസ് രാഷ്ട്രീയ നേതൃത്വത്തിന്റെ നുകംപേറി കഴിയേണ്ടവരല്ലെന്നും ഭരണഘടനയോടും നിയമവാഴ്ചയോടും പ്രതിബദ്ധത പുലര്‍ത്തി നിയമാധിഷ്ഠിതനീതി ഉറപ്പുവരുത്തേണ്ടവരാണെന്നും പരമോന്നത നീതിപീഠം നിഷ്‌കര്‍ഷിക്കുകയാണുണ്ടായത്. 2007 ജനുവരി ഒന്നു മുതല്‍ സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കുകയും തുടര്‍ന്ന് നിയമനിര്‍മ്മാണം ഇതിനായി നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഡിജിപി നിയമനവും അതിനായുള്ള വ്യവസ്ഥകളും ഇക്കൂട്ടത്തില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നു. പോലീസ് ഓഫീസര്‍മാരുടെ ഇടയ്ക്കിടയ്ക്കുള്ള സ്ഥലംമാറ്റത്തിന് വിധിന്യായം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കുകയും അതിന്റെ സംഘടനാ സംവിധാനം നിഷ്പക്ഷമായിരിക്കാന്‍തക്കവിധം രൂപരേഖയും നല്‍കിയിരുന്നു. പക്ഷേ ഇതെല്ലാം തകിടംമറിച്ചുകൊണ്ടാണ് കേരളം 2011 ലെ നിയമമുണ്ടാക്കിയത്. സ്വകാര്യ സ്ഥലത്ത് ശാരീരിക ക്ലാസുകള്‍ നടത്തുന്നതുപോലും നിയന്ത്രിച്ച് ചില സംഘടനകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള നിഗൂഢശ്രമവും ഈ നിയമത്തില്‍ പതിയിരിക്കുന്നുണ്ട്. സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷനെ അട്ടിമറിക്കുകവഴി പരമോന്നത നീതിപീഠത്തേയും കേരളത്തിലെ ജനങ്ങളേയും കബളിപ്പിക്കുകയാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ചേര്‍ന്ന് ചെയ്തത്. കേരളം ‘സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍’ എന്ന ആശയം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണിപ്പോഴുള്ളത്. പക്ഷേ ഇവിടെ മഷിയിട്ടു നോക്കിയാല്‍പ്പോലും സ്വതന്ത്ര തീരുമാനത്തോടെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനത്തെ കാണാനാവില്ല! സെക്യൂരിറ്റി കമ്മീഷന്‍ ആത്മാവു നഷ്ടപ്പെട്ട പ്രേതംപോലെ അക്ഷരങ്ങളിലൊതുങ്ങുന്നു. കേരളത്തിലിപ്പോഴും പോലീസ് ആഭ്യന്തരവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തി തലത്തിലുമാണുള്ളത്. ഇവിടെ മലയാളി മഠയാനാക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് ദുഃഖസത്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമേ ദേശീയ പോലീസ് കമ്മീഷന്‍ രൂപീകരിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി സമഗ്രമായ ശുപാര്‍ശാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുള്ളൂ. അത് 1977 ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമിച്ച ദേശീയ പോലീസ് കമ്മീഷനായിരുന്നു. പ്രസ്തുത കമ്മീഷന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമായിരുന്നു. വസ്തുതകള്‍ ആഴത്തില്‍ അവര്‍ പഠിച്ചിരുന്നു. ഒരു മുന്‍ ഗവര്‍ണ്ണര്‍, ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി, മുന്‍ ഡിജിപിമാര്‍, സിബിഐ ഡയറക്ടര്‍ മറ്റ് വിദഗ്ധന്മാര്‍ എന്നിവരടങ്ങുന്നതായിരുന്നു ദേശീയ പോലീസ് കമ്മീഷന്‍. അവര്‍ വിശദമായി പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടുകളില്‍ അവസാനത്തേത് 1981 ലാണ് ഫയലാക്കിയത്. ദേശീയ പോലീസ് കമ്മീഷന്റെ പ്രധാനപ്പെട്ട ശുപാര്‍ശകളിലൊന്നാണ് പോലീസ് സംവിധാനത്തെ ഭരണ-രാഷ്ട്രീയ ഇടപെടലില്‍നിന്ന് മുക്തമാക്കി ശക്തവും ഫലപ്രദവുമാക്കുക എന്നുള്ളത്. ഇന്ത്യയില്‍ ധനശക്തിക്കും രാഷ്ട്രീയശക്തിക്കും മാഫിയ സംഘത്തിനും നിയമപരിപാലന സംവിധാനം ആപത്കരമാംവിധം അടിമപ്പെടുന്നതില്‍ പോലീസ് കമ്മീഷന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിയമവാഴ്ചയുടെ അടിസ്ഥാനപരമായ തകര്‍ച്ചയും നീതിനിഷേധവും രാജ്യത്തെ ആപത്തിലേക്ക് നയിക്കുമെന്ന കാര്യവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ലോ കമ്മീഷന്‍, റാബിറേ കമ്മറ്റി, പത്മനാഭന്‍ കമ്മറ്റി, സൊറാബ്ജി കമ്മറ്റി എന്നിവയൊക്കെ പോലീസ് സേനയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കതക്കവിധം തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് സഹായകമായ ഘടകങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദേശീയ പോലീസ് കമ്മീഷന്‍ ശുപാര്‍ശകള്‍ മൂന്നു കൊല്ലംകൊണ്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും മാറിമാറിവന്ന ഭരണകൂടങ്ങള്‍ അത് നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയായിരുന്നു. തങ്ങളുടെ അധികാരം വെട്ടികുറയ്ക്കുന്ന ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ തയ്യാറായിരുന്നില്ല. ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നിട്ടും പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം നല്‍കുന്ന പരിഷ്‌കരണ ശുപാര്‍ശ ‘കോള്‍ഡ് സ്റ്റോറേജില്‍ അടച്ചുവെച്ചതില്‍’ പ്രതിഷേധിച്ചാണ് ‘കോമണ്‍കോസ്’ എന്ന സംഘടനയും രണ്ട് മുന്‍ ഉന്നത പോലീസ് മേധാവികളും സുപ്രീം കോടതിയെ സമീപിച്ചത്. ഒരു വ്യാഴവട്ടക്കാലം പിന്നിട്ട നിയമയുദ്ധത്തിന് ശേഷം സുപ്രീം കോടതി പോലീസ് പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ 2006 സെപ്തംബര്‍ 22 ന് നല്‍കിയ വിധിയാണ് പ്രകാശ്‌സിങ്ങും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ളത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് നല്‍കിയ വിധിന്യായത്തിലാണ് പോലീസ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച പോലീസ് പരിഷ്‌കാരങ്ങള്‍ 2007 ജനുവരി ഒന്നു മുതല്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നടപ്പാക്കാന്‍ അന്ത്യശാസനം നല്‍കിയത്. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം നല്‍കികൊണ്ടുള്ള നിയമനിര്‍മ്മാണം നടത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിധിയിലെ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയശേഷം 2007 ജനുവരി മൂന്നിനുള്ളില്‍ സുപ്രീം കോടതി മുമ്പാകെ ‘നടപ്പാക്കല്‍ അഫിഡവിറ്റ്’ ഫയലാക്കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഭരണഘടനയുടെ 32, 142, 144 അനുച്ഛേദങ്ങളനുസരിച്ച് നീതിയുടെ നടത്തിപ്പിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതിക്കുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് നീതിപീഠം പോലീസ് പരിഷ്‌കരണം നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചത്. പ്രധാനപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു. 1) പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കാനും പോലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പുവരുത്താനും ഉതകുംവിധം ഒരു സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കുക, അവരുടെ ശുപാര്‍ശകള്‍ നടപ്പാക്കുക. (സെക്യൂരിറ്റി കമ്മീഷന്റെ ഘടനയും കരടുരൂപവും വിധിന്യായത്തില്‍തന്നെ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നു). 2) ഡിജിപി നിയമനം സുതാര്യമാക്കാന്‍ നിയമനത്തിനായി പാനല്‍ തയ്യാറാക്കുന്നതിന് യുപിഎസ്‌സിക്ക് അയച്ച് പാനല്‍വഴി നിയമനം നടത്തുക, അവരുടെ കാലാവധി നിശ്ചയിക്കുക. 3) പോലീസുദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം നിശ്ചയിച്ച് നടപ്പാക്കാന്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക. 4) പോലീസ് കംപ്ലെയിന്റ് അതോറിറ്റി രൂപീകരിക്കുക. 5) കുറ്റാന്വേഷണവും നിയമപാലനവും വേര്‍തിരിക്കുക. ഈ നിര്‍ദ്ദേശങ്ങളെല്ലാം 2007 ജനുവരി ഒന്നിനുള്ളില്‍ നടപ്പില്‍ വരുത്താനും ഉചിതമായ നിയമനിര്‍മ്മാണം നടത്താനുമാണ് സുപ്രീം കോടതി കല്‍പ്പിച്ചിരുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ സുപ്രീം കോടതിയില്‍ ഇതെല്ലാം നടപ്പാക്കി എന്നു ബോധിപ്പിക്കാന്‍ കേരളത്തിന് യാതൊരുവിധ മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. പോലീസിനെ നിയന്ത്രിക്കേണ്ട സെക്യൂരിറ്റി കമ്മീഷന്റെ കരട് രേഖ തയ്യാറാക്കി സുപ്രീം കോടതി അതിന്റെ വിധിയുടെ 31-ാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റബിറേ കമ്മറ്റിയുടേയും സൊറാബ്ജി കമ്മറ്റിയുടേയും ശൂപാര്‍ശപ്രകാരം പോലീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ജഡ്ജി, ചീഫ് സെക്രട്ടറി, ഡിജിപി മൂന്ന് മുതല്‍ അഞ്ച് വരെ രാഷ്ട്രീയേതരായ പ്രമുഖര്‍ എന്നിവരെ സെക്യൂരിറ്റി കമ്മീഷനില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ കേരളത്തില്‍ പാസാക്കിയ 2011 ലെ നിയമമനുസരിച്ച് സെക്യൂരിറ്റി കമ്മീഷന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കീഴ്ഘടകമായി മാറിയിരിക്കുന്നു. ഈ വഞ്ചന 2011 ലെ കേരള പോലീസ് നിയമം 24-ാം വകുപ്പ് തെളിയിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് രണ്ട് മന്ത്രിമാര്‍ സെക്യൂരിറ്റി കമ്മീഷന്‍ അംഗങ്ങളാണ്. ഹോം സെക്രട്ടറി അംഗമാണ്. മൂന്ന് രാഷ്ട്രീയേതര പ്രമുഖര്‍ എന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തില്‍ മൂന്ന് അനൗദ്യോഗിക അംഗങ്ങള്‍ എന്ന് മാറ്റം വരുത്തി രാഷ്ട്രീയക്കാരായ മൂന്നുപേരെ സര്‍ക്കാറിന് അതില്‍ തിരുകിക്കയറ്റത്തക്കവിധം വെള്ളം ചേര്‍ത്ത് സുപ്രീം കോടതി നിര്‍ദ്ദേശം അട്ടിമറിച്ചു. ചുരുക്കത്തില്‍ 11 അംഗ കേരള സെക്യൂരിറ്റി കമ്മീഷനില്‍ പ്രതിപക്ഷ നേതാവും ഹൈക്കോടതി നോമിനിയുമൊഴികെ ബാക്കി ഒന്‍പത് പേരും സര്‍ക്കാരിനോട് വിധേയത്വമുള്ളവരായിരിക്കും. രാഷ്ട്രീയേതര ഭരണേതര സ്വതന്ത്ര സംവിധാനം പോലീസിനെ നിയന്ത്രിക്കണമെന്ന പോലീസ് കമ്മീഷന്‍ ശുപാര്‍ശയും സുപ്രീം കോടതി വിധിയും ഇവിടെ ബോധപൂര്‍വ്വം തകര്‍ത്തു. പകരം സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ പരമാധികാരമാണ് വേണ്ടതെങ്കില്‍ പിന്നെന്തിനാണീ ചെലവുകൂടിയ സെക്യൂരിറ്റി കമ്മീഷന്‍ സംവിധാനം എന്ന ചോദ്യത്തിന് ഉത്തരമില്ല. പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് കാര്യത്തിലും പോലീസ് മേധാവി നിയമന കാര്യത്തിലുമെല്ലാം സുപ്രീം കോടതി വിധി സമര്‍ത്ഥമായി അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞകാല ഭരണകൂടം ഇവിടെ അട്ടിമറിച്ചു. സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ടായിട്ടും ഒട്ടനവധി കമ്മീഷനുകള്‍ ശുപാര്‍ശ നല്‍കിയിട്ടും അവയൊന്നും നടപ്പാക്കാന്‍ മുന്നോട്ടുവരാതെ ഭരണകൂടങ്ങളുടെ സങ്കുചിത നിക്ഷിപ്ത താത്പര്യങ്ങളും അതുവഴി ജനങ്ങള്‍ക്കുണ്ടായിട്ടുള്ള യാതനകളും നെഞ്ചിലേറ്റിയതുകൊണ്ടാണ് സുപ്രീം കോടതി ഒരു അസാധാരണ നടപടിക്ക് മുന്നോട്ടുവന്നത്. പക്ഷേ, പോലീസ് സംവിധാനം അടിമുടി മാറ്റിമറിച്ച് അപചയത്തിന്റെ ഉല്‍പത്തി സ്ഥാനങ്ങള്‍ കണ്ടെത്തി നവീകരിച്ച് ഫലപ്രദമാക്കാനുള്ള സുപ്രീം കോടതിയുടെ ശ്രമം കേരളത്തില്‍ അട്ടിമറിക്കപ്പെടാന്‍ പാടില്ലായിരുന്നു. ദേശീയ പോലീസ് കമ്മീഷന്റെ ശുപാര്‍ശയും സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും വീണ്ടും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കേരളം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സെന്‍കുമാര്‍ കേസിലെ വിധിന്യായം ഗൗരവത്തോടെ വിലയിരുത്തുന്ന ഏതൊരാള്‍ക്കും 2011 ല്‍ ഇരുമുന്നണികളും ചേര്‍ന്ന് പാസ്സാക്കിയെടുത്ത കേരളാ പോലീസ് നിയമത്തിന്റെ പൊള്ളത്തരവും നീതിരാഹിത്യവും ബോദ്ധ്യപ്പെടുന്നതാണ്. e-mail:psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം