malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

പൊരുള്‍ തേടുന്ന ജനവിധി

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
'നരേന്ദ്രമോദി തരംഗമല്ല മറിച്ച് ഇവിഎം തരംഗം' എന്നായിരുന്നു ആക്ഷേപിച്ചത്. പക്ഷേ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ കേജ്‌രിവാളിന് ഇത് വിഴുങ്ങേണ്ടിവന്നു. ആം ആദ്മി എം.പി. ഭഗവന്ത് മാന്‍ ഉള്‍പ്പെടെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഈ ആക്ഷേപത്തെ പരസ്യമായി പുച്ഛിച്ചുതള്ളുകയായിരുന്നു. തുടര്‍ന്ന് കേജ്‌രിവാള്‍ നിലപാട് മാറ്റുകയും തിളക്കമേറിയ വിജയത്തിന്റെപേരില്‍ ബിജെപിയെ അഭിനന്ദിക്കുകയും സഹകരണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇത്തരം നിരുത്തരവാദപരമായ നിലപാടുകളാണ് കേജ്‌രിവാളിന്റെ വിശ്വാസ്യതയെ പ്രതിക്കൂട്ടിലാക്കുന്നത്. ദല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ജനവിധിയെ പ്രാദേശിക തെരഞ്ഞെടുപ്പെന്ന വിളിപ്പേരില്‍ ആരും ചുരുക്കിക്കാണുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാരതീയ ജനസംഘത്തിന് ദേശവ്യാപകമായി അംഗീകാരം ജനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത് ദല്‍ഹിയില്‍ മെട്രോ പൊളിറ്റന്‍ കൗണ്‍സിലില്‍ ജനസംഘം വിജയിച്ച് അധികാരം നേടിയത് മുതല്‍ക്കാണെന്ന് പറയുന്നതില്‍ തെറ്റില്ല. ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ സമവാക്യങ്ങളിലും കോണ്‍ഗ്രസ് വിരുദ്ധ മുന്നേറ്റത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും തണല്‍ തേടിയ ചരിത്രം ജനസംഘത്തിനുണ്ട്. ഇത്തവണത്തെ ദല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ചരിത്ര വിജയമാണ് നേടിയിട്ടുള്ളത്. മൂന്ന് കോര്‍പ്പറേഷനുകളിലും മൂന്നില്‍ രണ്ട് സീറ്റുകളുടെ ഭൂരിപക്ഷം നേടി ഭരിക്കാനുള്ള ജനവിധി ബിജെപിക്ക് ലഭിച്ചിരിക്കുന്നു. ദല്‍ഹിയിലെ തിളക്കമാര്‍ന്ന മുന്നേറ്റം രാജ്യമാസകലം നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി കുതിച്ചുമുന്നേറുന്ന ജനങ്ങളുടെ ഉള്‍ത്തുടിപ്പുതന്നെയാണ് വരച്ചുകാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി തെരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ബിജെപി ദല്‍ഹി സംസ്ഥാന ഘടകമാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നേരിട്ട് കാര്യങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്നില്ല. എങ്കിലും പ്രചാരണരംഗത്ത് ബിജെപി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങളും അവരുയര്‍ത്തുന്ന വികസന കാര്യങ്ങളും ഭരണനേട്ടങ്ങളുമാണ് അവതരിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അവരുടെ കേന്ദ്രനേതൃത്വങ്ങളെ അവലംബിച്ചും ഉയര്‍ത്തിക്കാട്ടിയുമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തന്ത്രങ്ങളും നടപ്പാക്കിയത്. ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ വിഷയങ്ങളുടെ ചിട്ടവട്ടങ്ങളിലൂടെ തന്നെയാണ് ദല്‍ഹി കോര്‍പ്പറേഷനുകളില്‍ വിവിധ കക്ഷികള്‍ ജനഹിതം മാറ്റുരച്ചു നോക്കിയത്. നോട്ട് പിന്‍വലിക്കല്‍ നടപടി കടുത്ത ജനദ്രോഹമാണെന്നും ജനങ്ങള്‍ ഇതിനെതിരായി ബാലറ്റിലൂടെ തിരിച്ചടി നല്‍കണമെന്നും ഇടയ്ക്കിടെ പ്രതിപക്ഷം മുറവിളികൂട്ടാറുണ്ടായിരുന്നു. ഈ ആവശ്യത്തിന്റെയും പ്രചാരണത്തിന്റെയും മുനയൊടിക്കുന്നതുമാണ് ഈയടുത്ത് കാലത്തുണ്ടായിട്ടുള്ള ജനവിധികള്‍. 2016 നവംബറിനുശേഷം രാജ്യത്തു നടന്നിട്ടുള്ള പഞ്ചായത്തു തലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജനങ്ങള്‍ കൂടുതല്‍ വോട്ടും പിന്തുണയും നല്‍കിയിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ ജനങ്ങള്‍ പിന്തുണക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ഈയടുത്തു നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഞ്ചാബിലൊഴികെ എല്ലായിടങ്ങളിലും ബിജെപി അധികാരത്തില്‍ വന്നിരിക്കയാണ്. പഞ്ചാബില്‍ പ്രാദേശിക കാരണങ്ങളാല്‍ എന്‍ഡിഎയ്ക്ക് വിജയിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും മുന്‍കൂര്‍ അറിയാമായിരുന്നു. ചുരുക്കത്തില്‍ നരേന്ദ്രമോദിയും മറ്റുള്ളവരും എന്ന നിലയിലുയരുന്ന വെല്ലുവിളികളേയും എന്‍ഡിഎയ്ക്ക് അതിജീവിക്കാന്‍ കഴിയുമെന്നുറപ്പിക്കാം. ദല്‍ഹി ഫലങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസും കേജ്‌രിവാളിന്റെ പാര്‍ട്ടിയുമൊക്കെ ജനങ്ങളില്‍നിന്ന് കൂടുതലായി അകന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ അത്രയും വോട്ടോ, സീറ്റുകളോ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. അവരുടെ പരാജയം കോണ്‍ഗ്രസ്സിനും നെഹ്‌റു കുടുംബത്തിനുമേറ്റ കനത്ത തിരിച്ചടി കൂടിയാണ്. മൂന്നു കോര്‍പ്പറേഷനുകളിലും കൂടി കേവലം 30 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷം പോലുമാകാതെ ഇപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കയാണ്. 2015 ല്‍ മുന്‍കൊല്ലത്തേക്കാള്‍ ഇരട്ടിവോട്ടും 95 ശതമാനം സീറ്റുകളും നിയമസഭയിലേക്ക് നേടിയ ആംആദ്മി പാര്‍ട്ടിക്ക് 2017ല്‍ കിട്ടിയത് കനത്ത തിരിച്ചടിയാണ്. 2015 ല്‍ 54.3 ശതമാനം ജനങ്ങളുടെ പിന്തുണ നേടി ദല്‍ഹി കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയരുന്ന ശുക്രനക്ഷത്രമായി ആം ആദ്മി പാര്‍ട്ടിയേയും, പ്രത്യാശയുടെ പൊന്‍കിരണമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഒട്ടേറെ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ വോട്ട് കേവലം 26 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബും ഗോവയും ആ പാര്‍ട്ടിക്കു നല്‍കിയ നിരാശാ ജനകമായ ഫലങ്ങളും, ദല്‍ഹി രജൗരി ഗാര്‍ഡന്‍ അസംബ്ലി ഉപെതരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റില്‍ കെട്ടിവച്ച കാശുപോയതുമൊക്കെ ആ പാര്‍ട്ടിയെ ആകെ തളര്‍ത്തിയിരിക്കുന്നു. ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ആം ആദ്മി പാര്‍ട്ടി ഏതാണ്ട് ഐസിയുവില്‍ എത്തിയിരിക്കുന്നു. എഎപിയുടെ അകത്തളങ്ങളില്‍ ആഴത്തിലുള്ള വിള്ളല്‍ പ്രകടമായതോടെ ദേശീയ ബദലാകാനോ പ്രതിരോധം സൃഷ്ടിക്കാനോ ആ പാര്‍ട്ടി തന്നെ ഉണ്ടാകുമോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു. സിപിഎം നേതൃത്വം കൊടുത്ത ഏഴ് പാര്‍ട്ടികളുള്‍ക്കൊള്ളുന്ന ഇടതുവിശാല സഖ്യം 62 സീറ്റില്‍ മത്സരിച്ചെങ്കിലും എവിടെയും ജയിച്ചില്ല. അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്കു കിട്ടിയ വോട്ടുകള്‍ അതിദയനീയ ചിത്രമാണ് നല്‍കുന്നത്. ഇടതുപക്ഷം ഇന്ത്യയിലിപ്പോള്‍ കാര്യമായ ശക്തിയേ അല്ലാതായിത്തീര്‍ന്നിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗം വിലയിരുത്തുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ നിരാകരിച്ച ചരിത്രം കമ്യൂണിസ്റ്റുകാരുടേതാണെന്ന് ആര്‍ക്കും കാണാനാവും. കേരളത്തിലൊഴികെ മറ്റെവിടെയും സിപിഎമ്മിനും ഇടതുപക്ഷ കക്ഷികള്‍ക്കും വേരോട്ടമില്ലെന്ന സ്ഥിതിയിലാണ് വര്‍ത്തമാന രാഷ്ട്രീയം എത്തിയിട്ടുള്ളത്. കേരളത്തില്‍പ്പോലും ശക്തമായ ജനമുന്നേറ്റത്തെ എതിരിടാനാവാത്തവിധം ഇടതുകക്ഷികള്‍ ദുര്‍ബലമാണിപ്പോള്‍. അന്തര്‍സംഘര്‍ഷങ്ങളും പടലപ്പിണക്കങ്ങളും മൂല്യതത്തകര്‍ച്ചയും അവരെ ആകെ തകര്‍ത്തുകൊണ്ടിരിക്കയാണ്. പ്രതിപക്ഷ കക്ഷികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായം വന്‍ ഉത്തരവാദിത്തവും ചുമതലയുമാണ് നല്‍കിയിട്ടുള്ളത്. ഭരണപക്ഷത്തെ എതിര്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. പക്ഷേ നിഷേധാത്മക വിമര്‍ശനത്തിനപ്പുറം സക്രിയമായി രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കാളികളാവാന്‍ അവര്‍ക്കു ബാദ്ധ്യതയുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷം പലപ്പോഴും കാട്ടുന്ന അന്ധമായ നരേന്ദ്രമോദി വിരോധവും നിസ്സഹകരണവും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമല്ല. സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്ന എന്തിനെയും ഏതിനേയും എതിര്‍ക്കുന്ന ചില പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം നാടിന് ദോഷം ചെയ്യുന്നുണ്ട്. പാക്കിസ്ഥാനില്‍ നടത്തിയ ഇന്ത്യന്‍ മിന്നലാക്രമണമെന്ന തിരിച്ചടിയേപ്പോലും കേജ്‌രിവാള്‍ പരസ്യമായി എതിര്‍ത്ത നാടാണിത്. എന്നാല്‍ നരേന്ദ്ര മോദി ഭരണകൂടം പ്രതിപക്ഷങ്ങളെ പരമാവധി മാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പഠിപ്പിക്കേണ്ട അധ്യാപകരാണ് രാഷ്ട്രീയക്കാര്‍. വോട്ടര്‍മാരുടെ മനസ്സ് അളക്കാന്‍പോലുമാവാത്തവിധം പ്രതിപക്ഷ രാഷ്ട്രീയം ഇവിടെ താഴോട്ടുപോകയാണ്. ജനങ്ങള്‍ ഈ പ്രതിപക്ഷ നിലപാടിന് എതിരാണ്. ദല്‍ഹിയിലെ ജനവിധിയുടെ പൊരുള്‍ ഇതും ചൂണ്ടിക്കാട്ടുന്നു. കേജ്‌രിവാള്‍ മോഡല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനേറ്റ കനത്ത തിരിച്ചടിയായികൂടി ദല്‍ഹി ഫലങ്ങളെ കാണേണ്ടതുണ്ട്. പ്രധാനമന്ത്രിയേയും സഹപ്രവര്‍ത്തകരേയും അനാവശ്യമായി അധിക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. രാവും പകലും അനാവശ്യമായി കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന് ഇറങ്ങിപ്പുറപ്പെടുകയും, അത് വ്യാപിക്കാനുള്ള നെട്ടോട്ടത്തില്‍ ഭരണത്തോടും ജനങ്ങളോടുമുള്ള ബാധ്യതയും കടപ്പാടും അദ്ദേഹം മറക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം എഎപി സൗകര്യപൂര്‍വ്വം വിസ്മരിച്ചിരിക്കയാണ്. ദല്‍ഹിയിലെ ജനവിധി തിരിച്ചടിയായി തന്നെ വലയ്ക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്റെ കള്ളത്തരങ്ങളാണെന്ന വിശദീകരണവുമായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സീനിയര്‍ മന്ത്രി ഗോപാല്‍ റായി തുടങ്ങിയവരെ അദ്ദേഹം വാര്‍ത്താസമ്മേളനങ്ങള്‍ക്കയച്ചു. ‘നരേന്ദ്രമോദി തരംഗമല്ല മറിച്ച് ഇവിഎം തരംഗം’ എന്നായിരുന്നു ഈ മന്ത്രിമാര്‍ ആക്ഷേപിച്ചത്. പക്ഷേ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ കേജ്‌രിവാളിന് ഇത് വിഴുങ്ങേണ്ടിവന്നു. ആംആദ്മി എംപി ഭഗവന്ത് മാന്‍ ഉള്‍പ്പെടെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഈ ആക്ഷേപത്തെ പരസ്യമായി പുച്ഛിച്ചുതള്ളുകയായിരുന്നു. തുടര്‍ന്ന് കേജ്‌രിവാള്‍ നിലപാട് മാറ്റുകയും തിളക്കമേറിയ വിജയത്തിന്റെപേരില്‍ ബിജെപിയെ അഭിനന്ദിക്കുകയും സഹകരണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇത്തരം നിരുത്തരവാദപരമായ നിലപാടുകളാണ് കേജ്‌രിവാളിന്റെ വിശ്വാസ്യതയെ പ്രതിക്കൂട്ടിലാക്കുന്നത്. രാജ്യത്തൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കനുകൂലമായ ജനതരംഗം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിലേക്കാണ് ഈയടുത്ത കാലത്തെ എല്ലാ തെരഞ്ഞെടുപ്പു ഫലങ്ങളും വിരല്‍ ചൂണ്ടുന്നത്. ബംഗാളിലും ത്രിപുരയിലും നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങളും ഇത് ശരിവെയ്ക്കുന്നു. ന്യൂനപക്ഷ ജനസ്വാധീനം കൂടുതലുള്ള ജമ്മുകശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അധികാരം കയ്യാളാനാകും വിധം ബിജെപി കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. നരേന്ദ്ര മോദിക്കനുകൂലമായി ജനങ്ങളുടെ ഉള്‍ത്തുടിപ്പ് കേരളത്തിലും ആവോളമുണ്ട്. പക്ഷേ ബാലറ്റിലൂടെ അത് കൂടുതലായി ഇനിയും പ്രകടമാക്കേണ്ടതുണ്ട്. അതിനുവേണ്ട അജന്‍ഡകള്‍ ഉരുത്തിരിയേണ്ടതുണ്ട്. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കിടയില്‍ നിന്ന് രണ്ട് ലോക്‌സഭാംഗങ്ങളെ വിജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിരുന്നു. കേരളത്തിലെ മൂവാറ്റുപുഴയും ലക്ഷദ്വീപിലെ കവറത്തിയുമായിരുന്നു ആ മണ്ഡലങ്ങള്‍. ഇവ രണ്ടും ന്യൂനപക്ഷ സമുദായങ്ങളുടെ സ്വാധീന മേഖലകളാണ്. ലക്ഷദ്വീപ് നൂറു ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ്. അവിടെയും ജനങ്ങള്‍ എന്‍ഡിഎക്കുവേണ്ടി 2004 ല്‍ എംപിയെ തെരഞ്ഞെടുത്തയച്ചു. 2004 ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായി എന്‍ഡിഎ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു. അക്കാലത്തും ബിജെപിയെ ഫാസിസ്റ്റ്, വര്‍ഗ്ഗീയ, ന്യൂനപക്ഷ വിരുദ്ധ കക്ഷിയാക്കിക്കൊണ്ടായിരുന്നു എതിരാളികള്‍ പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി വാജ്‌പേയി മതരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന കുപ്രചാരണവും അന്ന് അരങ്ങുതകര്‍ത്തിരുന്നു. കേരളത്തിലെയും ലക്ഷദ്വീപിലെയും മലയാളി വോട്ടര്‍മാരായ ജനങ്ങള്‍ ഇതിനെ നിരാകരിച്ച് രണ്ട് എന്‍ഡിഎക്കാരെ ജയിപ്പിച്ചു. കേരളത്തിലന്ന് 12.11 ശതമാനം വോട്ട് വാജ്‌പേയ് ഭരണകൂടത്തിനനുകൂലമായി കിട്ടി. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപി മുന്നണിക്ക് കിട്ടിയ ഏറ്റവും കൂടിയ വോട്ടിങ് ശതമാനമായിരുന്നു അത്. കേരളം ഇപ്പോള്‍ എന്‍ഡിഎയ്ക്ക് പാകമായിരിക്കുന്നു. അടിസ്ഥാന തത്വങ്ങളില്‍ വെള്ളം ചേര്‍ക്കാതെ പൊതുസമൂഹത്തെ എന്‍ഡിഎയിലേക്കാകര്‍ഷിക്കാന്‍ കഴിയുംവിധത്തില്‍ അജന്‍ഡ സൃഷ്ടിച്ച് മുന്നേറുകയാണ് വേണ്ടത്. psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം