malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഇന്നത്തെ ലോകവും മാര്‍ക്സും

പ്രകാശ് കാരാട്ട്
കാള്‍ മാര്‍ക്സിന്റെ 199-ാം ജന്മവാര്‍ഷികദിനം മെയ് അഞ്ചിനാണ്. മാര്‍ക്സിന്റെ 200-ാം ജന്മവാര്‍ഷികം ലോകമെങ്ങും ആചരിക്കുന്നതിനുമുന്നോടിയായുള്ള ജന്മവാര്‍ഷികദിനം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച തത്വചിന്തകനായ, ദാസ്ക്യാപിറ്റല്‍ (മൂലധനം) എന്ന ബൃഹദ്ഗ്രന്ഥം രചിച്ച കാള്‍ മാര്‍ക്സിന് 21-ാംനൂറ്റാണ്ടിലെ ജനങ്ങളെ സംബന്ധിച്ച് എന്ത് പ്രസക്തിയാണുള്ളത്? 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ് കാള്‍ മാര്‍ക്സ് ജനിച്ചത്. മൂലധനത്തിന്റെ ആദ്യ വോള്യം പുറത്തുവന്നത് 150 വര്‍ഷങ്ങള്‍ക്കുമുമ്പ് 1867ലാണ്. അതുകൊണ്ടുതന്നെ മാര്‍ക്സിന്റെ ആശയങ്ങള്‍ക്കും കൃതികള്‍ക്കും ഇന്നത്തെ ലോകത്ത് എന്ത് പ്രസക്തിയാണെന്ന ചോദ്യത്തിന് സാംഗത്യമുണ്ട്. മാര്‍ക്സിസ്റ്റ് ചിന്തയുടെ ശക്തിയും കാലികപ്രസക്തിയും മനസ്സിലാക്കാന്‍ 2008 വര്‍ഷത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. ഈ വര്‍ഷത്തിലാണ് ലോകമെമ്പാടുമുള്ള മുതലാളിത്തവ്യവസ്ഥയെ പിടിച്ചുലച്ച ആഗോള സാമ്പത്തികപ്രതിസന്ധി ഉണ്ടായത്. ഒരു ദശാബ്ദത്തിനുശേഷവും ലോക മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിസന്ധി പൂര്‍ണമായും മറികടക്കാനായിട്ടില്ല. ഈ സാമ്പത്തികപ്രതിസന്ധി മാര്‍ക്സിന്റെ ആശയങ്ങള്‍ക്ക് ആശ്ചര്യജനകമായ സമകാലികത്വമുണ്ടെന്ന് തിരിച്ചറിയാന്‍ ബൂര്‍ഷ്വാ ചിന്തകന്മാരെയും സാമ്പത്തികവിദഗ്ധരെയും സഹായിച്ചു. മുതലാളിത്തം സംബന്ധിച്ച മാര്‍ക്സിന്റെ വിശകലനത്തിലെ മുന്നറിവ് അംഗീകരിക്കാനും ഇവര്‍ നിര്‍ബന്ധിതരായി. 'ഒരു ഘട്ടത്തില്‍ മുതലാളിത്തം സ്വയം തകര്‍ക്കപ്പെടുമെന്ന കാള്‍ മാര്‍ക്സിന്റെ വീക്ഷണം ശരിയാണെ'ന്ന് പ്രശസ്ത സാമ്പത്തികവിദഗ്ധനായ നൌറീല്‍ റൂബിനി പറഞ്ഞു. 'നമ്മള്‍ വഴിയാണ് കമ്പോളം പ്രവര്‍ത്തിക്കുന്നത്. അവര്‍ വഴിയല്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൂബിനി മാര്‍ക്സിസ്റ്റ് സാമ്പത്തികവിദഗ്ധനൊന്നുമല്ലെന്ന കാര്യം ഓര്‍ക്കുക. ഇന്ന് പ്രസക്തമായ പല വിഷയങ്ങളും- ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനമായാലും അസാധാരണമായി വളരുന്ന അസമത്വമായാലും പാരിസ്ഥിതികപ്രശ്നങ്ങളായാലും- ഇതെല്ലാംതന്നെ മാര്‍ക്സ് മുന്‍കൂട്ടി കണ്ടിരുന്നു. കാള്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് 1848ല്‍ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മുതലാളിത്തത്തിന്റെ ആഗോളവല്‍ക്കരണപ്രക്രിയയെക്കുറിച്ച് വിവരിക്കുന്നുണ്ട്. മാര്‍ക്സ് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മൂലധനത്തിന്റെ ഒന്നാംവോള്യം പ്രസിദ്ധീകരിച്ചിരുന്നു. മറ്റു രണ്ട് വോള്യങ്ങളും പിന്നീട് എംഗല്‍സാണ് പ്രസിദ്ധീകരിച്ചത്. മുതലാളിത്തലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന മാര്‍ക്സിന്റെ ആശയങ്ങളുടെ ആകത്തുകയാണ് മൂലധനം എന്ന കൃതി. മുതലാളിത്തത്തിന്റെ എല്ലാ വശങ്ങളും ഈ കൃതി പരിശോധിക്കുന്നുണ്ട്. തൊഴിലില്‍നിന്ന് മിച്ചമൂല്യം സൃഷ്ടിക്കുന്നത്, ഉല്‍പ്പാദനോപാധികളുടെ നിയന്ത്രണമുള്ള ഉടമകളുടെ കൈവശം സമ്പത്തും മൂലധനവും കേന്ദ്രീകരിക്കുന്നത്, വര്‍ധിച്ചുവരുന്ന അസമത്വം, അമിത ഉല്‍പ്പാദനം സൃഷ്ടിക്കുന്ന പ്രതിസന്ധി, മുതലാളിത്ത സംവിധാനത്തിന്റെ വ്യവസ്ഥാപരമായ വീഴ്ച എന്നിവയെക്കുറിച്ചെല്ലാം മാര്‍ക്സ് പ്രതിപാദിച്ചു. ഇന്നത്തെ പ്രതിസന്ധിയുടെ കാരണവും മറ്റൊന്നല്ല. മാര്‍ക്സിന്റെ കാലംമുതല്‍ മുതലാളിത്തത്തിലുണ്ടായ സംഭവവികാസങ്ങള്‍ സംബന്ധിച്ച് മാര്‍ക്സ് വികസിപ്പിച്ചെടുത്ത ആശയപദ്ധതി ഇന്നും ശരിയാണ്. പിന്നീട് കുത്തകമുതലാളിത്ത ഘട്ടത്തിലേക്കും ആഗോള ഫിനാന്‍സ് മൂലധനത്തിലേക്കും മുതലാളിത്തം വികസിച്ചെങ്കിലും മാര്‍ക്സ് സ്വീകരിച്ച ശാസ്ത്രീയരീതികളിലൂടെ അതും വിശകലനവിധേയമാക്കാനും മനസ്സിലാക്കാനും സാധിക്കും. മാര്‍ക്സിന്റെ സൈദ്ധാന്തികമായ സമീപനം ഉപയോഗിച്ചാണ് ലെനിന്‍ 20-ാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ കുത്തകമുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഉയര്‍ച്ചയെക്കുറിച്ച് വിശകലനം ചെയ്തത്. ചരിത്രത്തിലെ എല്ലാ പ്രധാന ധാരകളെക്കുറിച്ചും അത് ഫാസിസത്തിന്റെ വളര്‍ച്ചയായാലും കോളനികളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളായാലും സോഷ്യലിസത്തിന്റെ സ്ഥാപനത്തെക്കുറിച്ചായാലും മാര്‍ക്സിന്റെ സമൂഹത്തിന്റെ ചരിത്രപരമായ പരിണാമത്തെക്കുറിച്ചുള്ള സൈദ്ധാന്തികനിലപാടില്‍ നിന്നുകൊണ്ട് മനസ്സിലാക്കാന്‍ കഴിയും. മൂലധനത്തിനുപുറമെ മാര്‍ക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ചരിത്രപരമായ ഭൌതികവാദമാണ്. വൈരുധ്യാത്മകതയെയും ഭൌതികവാദത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് മാര്‍ക്സിന്റെ തത്വശാസ്ത്രം. ഈ വൈരുധ്യാത്മക ഭൌതികവാദ സമീപനത്തിലൂടെയാണ് മാര്‍ക്സ് മനുഷ്യസമൂഹ ചരിത്രം എങ്ങനെ ഉരുത്തിരിഞ്ഞുവെന്നതിനെക്കുറിച്ച് ശാസ്ത്രീയമായ ധാരണ രൂപപ്പെടുത്തുന്നത്. ഒരു സമൂഹത്തിലെ ഉല്‍പ്പാദനോപാധികള്‍ പുതിയ രീതിയിലേക്ക് മാറുമ്പോള്‍ പഴയ സമൂഹം എങ്ങനെയാണ് പുതുക്കിപ്പണിയുന്നതെന്ന് മാര്‍ക്സ് വിശദീകരിച്ചു. സമൂഹം വര്‍ഗങ്ങളായി വേര്‍തിരിക്കപ്പെട്ടതിനുശേഷം വര്‍ഗസമരമാണ് മാറ്റത്തിന് നിദാനം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇങ്ങനെ രേഖപ്പെടുത്തി 'സമൂഹത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ്'. മാര്‍ക്സ് ഒരു സാമ്പത്തികശാസ്ത്രജ്ഞനും രാഷ്ട്രീയചിന്തകനും മാത്രമായിരുന്നില്ല. അദ്ദേഹം വിപ്ളവാത്മകമായ തത്വശാസ്ത്രവും മുന്നോട്ടുവച്ചു. ഇതിന്റെ പരിധിയില്‍ രാഷ്ട്രീയം മാത്രമായിരുന്നില്ല, മനുഷ്യസമൂഹത്തിന്റെ ചരിത്രവും സമ്പദ്വ്യവസ്ഥയും പ്രകൃതിയുമെല്ലാം വരുമായിരുന്നു. ഭൌതികവാദവും വൈരുധ്യാത്മകരീതിയും ചേര്‍ന്നുള്ള ഈ തത്വശാസ്ത്രം സിദ്ധാന്തത്തെയും പ്രയോഗത്തെയും ശക്തമായി കൂട്ടിയിണക്കുകയും വിപ്ളവാത്മകമായ മാറ്റത്തിന് വഴിതെളിക്കുകയും ചെയ്തു. മാര്‍ക്സ്തന്നെ പറഞ്ഞു 'തത്വചിന്തകന്മാര്‍ ലോകത്തെ വിവിധ രീതിയില്‍ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. അതിനെ മാറ്റുകയാണ് ഇപ്പോഴത്തെ കര്‍ത്തവ്യം' എന്ന്. 'മറ്റു രാജ്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിനും സ്വതന്ത്രമാകാന്‍ കഴിയില്ല' എന്നു പറഞ്ഞത് മാര്‍ക്സും എംഗല്‍സുമാണ്. 20-ാംനൂറ്റാണ്ടില്‍ കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം ഇതായിരുന്നു. കാള്‍ മാര്‍ക്സിന് ഇന്ത്യയെക്കുറിച്ച് കുറച്ചുമാത്രമേ വിവരം ലഭിച്ചിരുന്നുള്ളൂവെങ്കിലും അദ്ദേഹം തുടര്‍ച്ചയായി ലേഖനങ്ങളെഴുതി. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ കലാപം നടത്തുമെന്ന് അദ്ദേഹം പ്രവചിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ബൂര്‍ഷ്വാ തത്വശാസ്ത്രകാരന്മാര്‍ മാര്‍ക്സിസത്തിന്റെ മരണം പ്രഖ്യാപിച്ചു. അതോടൊപ്പം 'ചരിത്രത്തിന്റെ അവസാനവും' അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, കാല്‍നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഇത്തരത്തിലുള്ള എല്ലാ ബൂര്‍ഷ്വാ അവകാശവാദങ്ങളും അപ്രത്യക്ഷമായി. വ്യത്യസ്ത വീക്ഷണം പുലര്‍ത്തുന്ന എല്ലാ സാമ്പത്തികവിദഗ്ധരും വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ പടരുന്ന ഉയര്‍ന്നതോതിലുള്ള അസമത്വത്തില്‍ ഒരുപോലെ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയാണിപ്പോള്‍. കഴിഞ്ഞ 70 വര്‍ഷത്തില്‍ വരുമാനത്തിലും സമ്പത്തിലും ഉയര്‍ന്നതോതിലുള്ള അസമത്വമാണ് വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ ദൃശ്യമായത്. ഫ്രഞ്ച് സാമ്പത്തികവിദഗ്ധനായ തോമസ് പിക്കറ്റി പറയുന്നത്, ലോകത്തില്‍ മറ്റേതൊരു സമൂഹത്തേക്കാളും പ്രദേശത്തേക്കാളും ഏത് കാലത്തേക്കാളും അമേരിക്കയിലാണ് അസമത്വത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ളത് എന്നാണ്. ആഗോളതലത്തില്‍ ഏറ്റവും മുകളിലുള്ള ഒരു ശതമാനത്തിന്റെ കൈവശമാണ് ലോകത്തിന്റെ 51 ശതമാനം സമ്പത്തുമുള്ളത്. ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ സൃഷ്ടിയാണിത്. ലോകത്തിന്റെ ഈ അവസ്ഥയില്‍ കാള്‍ മാര്‍ക്സ് അത്ഭുതംകൂറാനിടയില്ല. മുതലാളിത്തത്തെ എങ്ങനെയാണ് മാറ്റിമറിക്കേണ്ടതെന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലും വര്‍ഗചൂഷണവുമില്ലാത്ത സോഷ്യലിസ്റ്റ് സമൂഹം എങ്ങനെയാണ് കെട്ടിപ്പടുക്കേണ്ടതെന്നുമുള്ള ശാസ്ത്രീയമായ സിദ്ധാന്തമാണ് മാര്‍ക്സ് തൊഴിലാളിവര്‍ഗത്തിനും അധ്വാനിക്കുന്ന ജനവിഭാഗത്തിനും നല്‍കിയത്. നാമിപ്പോള്‍ ഒരുവര്‍ഷം നീളുന്ന ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ശതാബ്ദിയാഘോഷത്തിലാണ്. സെപ്തംബര്‍ മാസത്തില്‍ മാര്‍ക്സിന്റെ മൂലധനം പ്രസിദ്ധീകരിച്ചിട്ട് 150 വര്‍ഷം തികയും. അതോടൊപ്പംതന്നെയാണ് മാര്‍ക്സിന്റെ 200-ാം ജന്മവാര്‍ഷികാഘോഷവും വരുന്നത്. ഈ അവസരങ്ങളെല്ലാംതന്നെ മാര്‍ക്സിസം- ലെനിനിസത്തെ ആഴത്തില്‍ മനസ്സിലാക്കാനും ആശയങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനും ഉപയോഗിക്കണം. അതോടൊപ്പം 21-ാംനൂറ്റാണ്ടില്‍ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള അവസരമായും ഇത് ഉപയോഗപ്പെടുത്തണം *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം