malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

അയോധ്യ: ജുഡീഷ്യറിക്ക് ലക്ഷ്മണരേഖ വേണം

കോടിയേരി ബാലകൃഷ്ണന്‍
അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി പ്രശ്നം സ്വതന്ത്ര ഇന്ത്യയില്‍ ആറരപ്പതിറ്റാണ്ട് നീണ്ട നിയമനടപടികളിലാണ്. അതില്‍ നിയമപരമായ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീംകോടതിക്ക് ബാധ്യതയുണ്ട്. എന്നാല്‍, ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ കോടതിക്കുപുറത്ത് മധ്യസ്ഥതവഹിച്ച് തര്‍ക്കം തീര്‍ക്കുകയെന്ന നിര്‍ദേശം ഉന്നയിച്ചിരിക്കുകയാണ്. ആറരവര്‍ഷംമുമ്പ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി വന്നിരുന്നു. ബാബറി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം മൂന്ന് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കി പ്രശ്നപരിഹാരം എന്ന ഉത്തരവാണ് കോടതി നല്‍കിയത്. എന്നാല്‍, ഇതിന്മേല്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് കോടതിക്ക് പുറത്ത് മധ്യസ്ഥത എന്ന നിര്‍ദേശം ചീഫ് ജസ്റ്റിസിന്റേതായി വന്നിരിക്കുന്നത്്. ആധുനിക ചരിത്രകാരന്മാര്‍ സ്വാതന്ത്യ്രലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി വേര്‍തിരിക്കുന്നുണ്ട്. 1992 ഡിസംബര്‍ ആറിനുമുമ്പുള്ള ഇന്ത്യ; അതിനുശേഷമുള്ള ഇന്ത്യ എന്നിങ്ങനെ. ബാബറി മസ്ജിദ് കാവിപ്പട തകര്‍ത്ത ഡിസംബര്‍ ആറ് ഇന്ത്യയുടെ ചരിത്രസ്വഭാവത്തെ അപ്രതീക്ഷിതമാംവിധം മാറ്റിമറിച്ചു. ജനങ്ങള്‍തമ്മിലുള്ള ബന്ധങ്ങളില്‍ വന്‍ വിള്ളല്‍ വീണു. അത് സാമൂഹ്യജീവിതത്തെ അടിമുടി ഇളക്കിമറിച്ചു. പരസ്പരമുള്ള അവിശ്വാസവും കാലുഷ്യവും സാമൂഹ്യജീവിതത്തെ സങ്കീര്‍ണമാക്കി. ഇത് കനത്തുവരികയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് യുപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി-ആര്‍എസ്എസ് വാഗ്ദാനംചെയ്തിരുന്നു. തീവ്രഹിന്ദുത്വവാദിയായ ആര്‍എസ്എസ് പ്രതിനിധി യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായതോടെ രാമക്ഷേത്രം സജീവ അജന്‍ഡയായിരിക്കുകയാണ്. അതിന് ഇന്ധനം പകരുന്ന നടപടിയായിപ്പോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മധ്യസ്ഥത പറയാമെന്ന വാഗ്ദാനം. അയോധ്യയില്‍ 1526ല്‍ മുഗള്‍ ചക്രവര്‍ത്തി ബാബറുടെ ഗവര്‍ണര്‍ മീര്‍ബാഖി നിര്‍മിച്ചതാണ് ബാബറി മസ്ജിദ് എന്നാണ് ചരിത്രപുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇതുസംബന്ധിച്ച ആദ്യവ്യവഹാരം വന്നിരുന്നു. ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച അപ്പീലില്‍ ഇതേ നിലപാട് ജില്ലാ ജഡ്ജി ആവര്‍ത്തിച്ചു. 356 വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ബാബറി പള്ളിയില്‍ രാമാരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് സംശയലേശമെന്യേ വ്യക്തമാക്കി. ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദിനുള്ളില്‍ രാമന്റെയും സീതയുടെയും പ്രതിമകൊണ്ടിട്ട് പള്ളി പിടിച്ചെടുക്കാന്‍ ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ശ്രമിച്ചെങ്കിലും അതിനെതിരെ നെഹ്റു ചങ്കുറപ്പുള്ള നിലപാടെടുത്തു. പള്ളിയില്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ സരയൂനദിയില്‍ ഒഴുക്കാന്‍ നെഹ്റു കല്‍പ്പിച്ചു. അന്ന് ജില്ലാ കലക്ടര്‍ കെ കെ നായര്‍ പള്ളി അടച്ചുപൂട്ടുകയും തര്‍ക്കം കോടതിയില്‍ എത്തുകയുംചെയ്തു. 1526 മുതല്‍ 1949 ഡിസംബര്‍ 22 വരെ മുസ്ളിങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന ദേവാലയമായിരുന്നു. അയോധ്യപ്രശ്നം പിന്നീട് വഷളാക്കിയത് 1989ല്‍ പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി കൈക്കൊണ്ട തീരുമാനമാണ്. തര്‍ക്കപ്രദേശത്തിന്റെ ഒരുഭാഗത്ത് ശിലാന്യാസത്തിന് അനുമതി നല്‍കി. അതിന് സാക്ഷ്യംവഹിക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബൂട്ടാസിങ്ങിനെത്തന്നെ അയക്കുകയും ചെയ്തു. ഇതിന് ഒരു ജില്ലാ കോടതിയുടെ ഉത്തരവിനെ ദുരുപയോഗിക്കുകയും ചെയ്തു. അതേത്തുടര്‍ന്നാണ് രാമജന്മഭൂമിപ്രശ്നം രാജ്യത്തെ കത്തിക്കുന്ന വര്‍ഗീയത്തീയായി പടര്‍ത്താന്‍ സംഘപരിവാറിന് അവസരം ലഭിച്ചത്. ഇങ്ങനെ നെഹ്റുവിന്റെ മതനിരപേക്ഷ പാരമ്പര്യം രാജീവ്ഗാന്ധി കളഞ്ഞുകുളിച്ചു. അതിന്റെ പാപഭാരമാണ് രാജ്യം ഇന്നും അനുഭവിക്കുന്നത്. രാജീവ്ഗാന്ധിയുടെ കാലത്തേക്കാള്‍ കോണ്‍ഗ്രസിന്റെ, വര്‍ഗീയതയോട് സന്ധിചെയ്യുന്ന സ്വഭാവം ഇന്ന് കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ഇതിന് തെളിവാണ് ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുഭാവപ്രകടനം. അയോധ്യാപ്രശ്നം അഭിപ്രായസമന്വയത്തിലൂടെ പരിഹരിച്ചാല്‍ സമാധാനവും സന്മനസ്സും പുലരുമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജിയവാല വ്യക്തമാക്കിയത്. എന്നാല്‍, ചീഫ് ജസ്റ്റിസ് വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് പോകുമെങ്കിലും പ്രശ്നപരിഹാരം കോടതി മുഖാന്തരംതന്നെ വേണമെന്ന് മസ്ജിദ് കമ്മറ്റി ഓര്‍മിപ്പിച്ചിട്ടുണ്ട്. മന്‍മോഹന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2010 ഒക്ടോബറില്‍ ഉണ്ടായ ഹൈക്കോടതിവിധി സ്വത്ത് വീതംവയ്പിനുള്ളതായിരുന്നു. അതില്‍ മൂന്നായി വിഭജിക്കുന്ന ഭൂമിയില്‍ മൂന്നില്‍ രണ്ട് പങ്ക് ഹിന്ദുസംഘടനകള്‍ക്ക് നല്‍കുന്നതായിരുന്നു. 1950ല്‍ കോടതിയില്‍ നല്‍കിയ ആദ്യഹര്‍ജിയില്‍ ഹിന്ദുമഹാസഭ പ്രതിനിധി ഗോപാല്‍ വിശാരദ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. രാമപൂജ പള്ളിയില്‍ നടത്താനുള്ള അവകാശം നല്‍കണം. രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കുംപുറമെ രാമവിഗ്രഹം ഒളിച്ചുകടത്തിയ പ്രദേശം തന്നെ ഹിന്ദുമഹാസഭയ്ക്ക് നല്‍കാനാണ് ലഖ്നൌ ഹൈക്കോടതി ബെഞ്ച് 2010ല്‍ ഉത്തരവിട്ടത്. മൂന്നിലൊന്ന് ഭൂമി വിട്ടുകിട്ടണമെന്ന നിര്‍മോഹി അഖാഡയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 1959ലാണ് നിര്‍മോഹി ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാബറി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമാരാധനയ്ക്കായി നല്‍കിയ വേദിയായ രാം ചബ്രുത എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അഖാഡയ്ക്ക് അനുവദിച്ചത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നല്‍കി കോടതി വിധിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം മൂന്നായി പകുത്തുനല്‍കുന്നതിനുള്ള ഉത്തരവിന് അപ്പുറമുള്ള നിഗമനങ്ങളും കോടതിയില്‍നിന്നുണ്ടായി. രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന വിശ്വാസവും കോടതിയില്‍നിന്നുണ്ടായി. ലഖ്നൌ കോടതിവിധി അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാര്‍ടി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കക്ഷികളെല്ലാം സുപ്രീംകോടതിയില്‍ അപ്പീലുമായി എത്തി. ആ കേസില്‍ ഭരണഘടനാപരമായ തീര്‍പ്പുകല്‍പ്പിക്കുകയാണ് സുപ്രീംകോടതി ചെയ്യേണ്ടത്. അതിനുപകരം ഹിന്ദുവര്‍ഗീയ കക്ഷികളുടെ താല്‍പ്പര്യപ്രകാരം മധ്യസ്ഥതീര്‍പ്പ് എന്നത് അപ്രായോഗികമാണ്. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായപ്രക്രിയ. സുപ്രീംകോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ ഉത്തരവാദിത്തം നിറവേറ്റണം. അതല്ലാതെ, കോടതിക്കുപുറത്ത് കക്ഷികളെ വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കാമെന്നത് മിഥ്യയാണ്. അനുരഞ്ജനസംഭാഷണങ്ങളും ചര്‍ച്ചകളും ഇക്കാര്യത്തില്‍ ഒരുപാട് നടന്നിട്ടുണ്ട്. അതൊന്നും ഗുണംചെയ്തിട്ടില്ല. മാത്രവുമല്ല, 1992ല്‍ കാവിപ്പട ബാബറി പള്ളി പൊളിച്ചതോടെ സ്ഥിതിഗതികളില്‍ വലിയ മാറ്റവും സംഭവിച്ചു. ചര്‍ച്ചകള്‍ നടത്താന്‍ കഴിയുമോ എന്ന് ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനയ്ക്ക് സുബ്രഹ്മണ്യന്‍സ്വാമിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത് നീതിന്യായസംവിധാനത്തിന്റെ അന്തസ്സിടിക്കലായിപ്പോയി. കേസില്‍ കക്ഷിയല്ലാത്ത സുബ്രഹ്മണ്യന്‍സ്വാമിയാകട്ടെ അയോധ്യയില്‍ പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിയാന്‍ പ്രചാരണം നടത്തുന്നയാളാണുതാനും. കേന്ദ്രഭരണത്തിന്റെയും യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെയും ശക്തി ദുരുപയോഗിച്ച് കേസിലെ കക്ഷികളെ നിശ്ശബ്ദരാക്കാനും കീഴ്പ്പെടുത്താനും സംഘപരിവാര്‍ സ്വാഭാവികമായി നീങ്ങും. ഈ സാഹചര്യത്തില്‍ നിര്‍ഭയമായി കോടതിയില്‍ കേസ് കേള്‍ക്കാനും നീതിയുക്തമായ തീര്‍പ്പുണ്ടാക്കാനുമാണ് സുപ്രീംകോടതി തയ്യാറാകേണ്ടത്. അതിനുപകരം ജുഡീഷ്യറി ലക്ഷ്മണരേഖ കടക്കുന്നത് അപകടകരമായ പ്രവണതയാണ് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം