malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ഉന്നതവിദ്യാഭ്യാസരംഗത്ത് കേന്ദ്രീകരണ നീക്കം

ഡോ. കെ എല്‍ വിവേകാനന്ദന്‍
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം സ്വകാര്യമുതലാളിമാര്‍ക്ക് കച്ചവടം നടത്തി ലാഭം കൊയ്യാന്‍ നിരുപാധികം വിട്ടുകൊടുത്തതിന്റെ അതിഭീകരമായ അനന്തരഫലങ്ങളാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലേക്ക് വര്‍ഗീയത എന്ന മഹാവിപത്തുകൂടി ഘട്ടംഘട്ടമായി കടന്നുവന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസക്കച്ചവടത്തിന്റെ വക്താക്കള്‍ മതവര്‍ഗീയതയെയും വര്‍ഗീയവാദികള്‍ കച്ചവടത്തെയും പരസ്പരം പ്രോത്സാഹിപ്പിക്കുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന കക്ഷിയും അവര്‍ നയിക്കുന്ന സര്‍ക്കാരും നിലകൊള്ളുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സര്‍വകലാശാലകളും സംസ്ഥാനങ്ങളും അവശ്യം കൈകാര്യം ചെയ്യേണ്ട അധികാരങ്ങള്‍പോലും കവര്‍ന്നെടുത്തുകൊണ്ട് എല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായകരമായ നയങ്ങളും നിയമങ്ങളും നിരന്തരമായി അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരണം അവസാനിപ്പിക്കുക- ഫെഡറലിസം ശക്തിപ്പെടുത്തുക”എന്ന മുദ്രാവാക്യം എകെപിസിടിഎ മുന്നോട്ടുവയ്ക്കുന്നത്. 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നപ്പോള്‍ വിദ്യാഭ്യാസം സംസ്ഥാനപട്ടികയില്‍പ്പെട്ട വിഷയമായിരുന്നു. അക്കാലത്ത് കേന്ദ്രം ആവിഷ്കരിച്ച നയസമീപനങ്ങളുടെ പ്രധാന ദൌത്യം സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളില്‍ വിശാലമായ ലക്ഷ്യബോധം പ്രദാനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍, 1976ല്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നടപ്പാക്കിയ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലേക്ക് മാറ്റപ്പെട്ടു. അതനുസരിച്ച് സംസ്ഥാന നിയമസഭകള്‍ക്ക് സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള അധികാരമുണ്ടെങ്കിലും പ്രസ്തുത സര്‍വകലാശാലകള്‍ പുലര്‍ത്തേണ്ട മിനിമം നിലവാരം സംബന്ധിച്ച് നയങ്ങളും പൊതുതീരുമാനങ്ങളും ആവിഷ്കരിക്കാനുള്ള അധികാരം കേന്ദ്രതല സമിതിയായ യുജിസി കൈയാളുന്നു. ഈ അധികാരം ഉപയോഗിച്ച് സര്‍വകലാശാലകള്‍ തീരുമാനിക്കേണ്ട സിലബസും കരിക്കുലവും നയസമീപനങ്ങളുമടക്കം മുഴുവന്‍ കാര്യങ്ങളും യുജിസിയും കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയവും ഏകപക്ഷീയമായി തീരുമാനിച്ച് അത് നടപ്പാക്കാനുള്ള വെറും ഉപകരണങ്ങളായി സര്‍വകലാശാലകളെ തരംതാഴ്ത്തുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്. കൂട്ടായ മുന്നേറ്റം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടുതന്നെ പ്രസ്തുത മാറ്റം ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ സമഗ്രാധികാരപ്രയോഗത്തിനും ഫെഡറല്‍ കാഴ്ചപ്പാടിന്റെ നിഷേധത്തിനും വഴിയൊരുക്കുന്നു എന്നു ചുരുക്കം. വര്‍ഗീയവാദികള്‍ കേന്ദ്രഭരണം കൈയാളുന്ന കാലഘട്ടത്തില്‍ ഈ പ്രവണത അപകടകരമായ രൂപഭാവങ്ങള്‍ പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യമെമ്പാടുമായി ലക്ഷക്കണക്കിന് ആലോചനായോഗങ്ങളും അതിനായുള്ള വിപുലമായ ചോദ്യാവലികളും വെബ്പോര്‍ട്ടല്‍ വഴിയുള്ള അഭിപ്രായം ക്ഷണിക്കലും വിശദമായ കരടുരേഖകളുടെ പ്രസിദ്ധീകരണവും ഒക്കെയായിരുന്നു ദേശീയ വിദ്യാഭ്യാസനയം- 2016 രൂപീകരണവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ വാഗ്ദാനം ചെയ്തതെങ്കില്‍, അന്ന് വിഭാവനം ചെയ്ത നടപടിക്രമങ്ങള്‍ ആകെ പാളംതെറ്റി. നയരൂപീകരണവുമായി ബന്ധപ്പെട്ട സമിതികളില്‍ വിദ്യാഭ്യാസവിദഗ്ധര്‍ക്കുപകരം കൂടുതലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു എന്നുമാത്രമല്ല സമിതിയുടെ നേതൃത്വംതന്നെ ടി എസ് ആര്‍ സുബ്രഹ്മണ്യം എന്ന മുന്‍ ക്യാബിനറ്റ് സെക്രട്ടറിക്കാണ്. സമിതി 2016 മെയ് 27ന് തങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെങ്കിലും സര്‍ക്കാര്‍ അത് പുറത്തുവിടാത്ത സാഹചര്യത്തില്‍ താന്‍തന്നെ മുന്‍കൈയെടുത്ത് അത് പുറത്തുവിടേണ്ടി വരുമെന്ന് സുബ്രഹ്മണ്യം പ്രസ്താവിച്ചത് വിവാദമായി. തുടര്‍ന്നാണ് കേന്ദ്ര മാനവവിഭവശേഷിമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കരട് വിദ്യാഭ്യാസനയത്തില്‍ ഉള്‍ച്ചേര്‍ക്കേണ്ട ചില കാര്യങ്ങള്‍”എന്ന തലക്കെട്ടില്‍ സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു സംഗ്രഹം പുറത്തുവരുന്നത്. ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിന്റെ ഭാഗമായി ഒന്നരവര്‍ഷത്തോളം കോടികള്‍ ചെലവഴിച്ച് നടത്തിയ ഉത്സവങ്ങളുടെ ഇതുവരെയുള്ള നേട്ടം വെറും 43 പേജുമാത്രമുള്ള, കരട്”എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഈ രേഖയിലേക്ക് പരിമിതപ്പെട്ടു എന്നു ചുരുക്കം. ഈ റിപ്പോര്‍ട്ടുപോലും തങ്ങളുടെ വര്‍ഗീയനയങ്ങളെ പൂര്‍ണമായും പിന്‍പറ്റുന്നില്ലെന്ന കാരണത്താല്‍ മരവിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വര്‍ഗീയവിഷം രാജ്യമാകെ വ്യാപിപ്പിക്കാനുതകുന്ന ഒരു വിദ്യാഭ്യാസനയം അണിയറയില്‍ രൂപപ്പെട്ടുവരുന്നു എന്നത് അത്യന്തം ആശങ്കാജനകമാണ്. യുജിസി കാലാകാലങ്ങളിലായി പ്രഖ്യാപിച്ച റഗുലേഷന്‍സിലെ ആന്തരികവൈരുധ്യങ്ങള്‍ നിമിത്തം, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴാം ശമ്പളകമീഷന്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചുതുടങ്ങിയിട്ടും കോളേജ് അധ്യാപകര്‍ക്ക് 2006ല്‍ പ്രഖ്യാപിച്ച ആറാം ശമ്പളകമീഷന്‍ ആനുകൂല്യങ്ങള്‍പോലും ഇതുവരെ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. കോളേജുകളുടെ ഘടനയെയും ഭരണസംവിധാനത്തെയും അധ്യാപകരുടെ സേവനവേതന വ്യവസ്ഥകളെയും സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും പാടേ തകര്‍ക്കുന്ന ഉത്തരവുകളാണ് കേരളത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നത്. അതെല്ലാം തിരുത്തി ഈ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജവും ചൈതന്യവും കരുത്തും പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിലുണ്ടായ ഭരണമാറ്റവും സര്‍വകലാശാലകളുടെ ഭരണസമിതികളിലുണ്ടായ മാറ്റവും ഉന്നതവിദ്യാഭ്യാസമേഖലയില്‍ വന്‍ കുതിപ്പുകള്‍ക്കുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്. അധ്യാപകരുടെ സേവനവേതന വ്യവസ്ഥകള്‍ക്കുവേണ്ടി പോരാടുന്നതോടൊപ്പം ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുകൊണ്ട് പുത്തന്‍ സാധ്യതകള്‍ അന്വേഷിച്ച് കണ്ടെത്താനും അവ നടപ്പില്‍വരുത്തുന്നതിന് നേതൃത്വം വഹിക്കാനും കേരളത്തിലെ കോളേജ് അധ്യാപകര്‍ തയ്യാറാകണം. കേരളത്തിലെ എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ ദി ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എകെപിസിടിഎ) 59-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 24, 25, 26 തീയതികളിലായി കോട്ടയത്ത് ചേരുകയാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ സങ്കീര്‍ണമായ ഇത്തരം വിഷയങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും (ഐഫക്ടോ ദേശീയ സെക്രട്ടറിയും എകെപിസിടിഎ ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം