malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ബജറ്റ്: നടക്കുന്നതും നടക്കാത്തതും

കെ. കുഞ്ഞിക്കണ്ണന്‍
സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രതേ്യക വകുപ്പ് വരുംമുമ്പ് തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത് നന്നായി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുപിയില്‍ നിന്നൊരാള്‍ തല കൊയ്യുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചതാണ്. തലതിരിഞ്ഞ ഒരാള്‍ എന്തോ വിളിച്ചുപറഞ്ഞാല്‍ സുരക്ഷ കൂട്ടുന്ന പണിയൊന്നും ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തില്ല. ഭയം അതൊരു വല്ലാത്ത അവസ്ഥയാണ്. ഭയമുള്ള കാട്ടില്‍ ഇളകുന്നതെല്ലാം പുലി എന്നുപറയാറുണ്ടല്ലൊ. മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ട. എന്താ ചെയ്യാ! നടപ്പുദോഷം വ്യക്തമായറിയുന്ന വ്യക്തിക്ക് കരുതല്‍ അനിവാര്യമാക്കും. അശുഭ അക്കമാണ് പതിമൂന്ന് എന്നത് പാശ്ചാത്യസങ്കല്‍പമാണ്. ആശുപത്രികളിലും ലോഡ്ജുകളിലുമൊന്നും 13 നമ്പര്‍ കാണാന്‍ പ്രയാസം. നിയമസഭാ ഹോസ്റ്റലില്‍ നേരത്തെ 13 നമ്പര്‍ ഉണ്ടായിരുന്നില്ല. 12ന് ശേഷം 12 എ എന്നായിരുന്നു. മന്ത്രിമാര്‍ക്ക് നല്‍കുന്ന കാറിനും 13 ഉണ്ടായിരുന്നില്ല. വിപ്ലവകാരിയായ ‘കേരള ചെഗു’ എം.എ. ബേബി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 13 നമ്പര്‍ കാറും 13 നമ്പര്‍ ഫ്‌ളാറ്റും ഉപയോഗിക്കാന്‍ തയ്യാറായി. എന്തായി ഫലം! അഭിനവ മുണ്ടശേരിയാകാന്‍ കൊതിച്ച ബേബി ജനങ്ങള്‍ക്കിടയില്‍ മണ്ടശിരോമണി എന്ന വിശേഷണത്തിനുടമയായി. തുടര്‍ന്നുനടന്ന മത്സരങ്ങളിലെല്ലാം നിലംപരിശായി. ധനമന്ത്രി ഡോ. തോമസ് ഐസക്കും പരിഷ്‌ക്കരണവാദിയാണെങ്കിലും 13-ാം നമ്പര്‍ വസതിയൊന്നും ചോദിച്ചു വാങ്ങിയില്ല. കഷ്ടകാലത്തിന് മൊട്ടയടിച്ചാല്‍ കല്ലുമഴ എന്നുണ്ടല്ലൊ. അറിഞ്ഞോ അറിയാതെയോ ബജറ്റ് പ്രസംഗത്തില്‍ ഡോ.ഐസക്ക് സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരെ പതിമൂന്ന് തവണയാണ് ഉദ്ധരിച്ചത്. സഖാക്കളുടെ വിശ്വാസമനുസരിച്ച് 13 ബാധകമാകേണ്ടതല്ല. പക്ഷേ ബജറ്റ് പ്രസംഗം തുടങ്ങി പകുതിയാകും മുന്‍പേ ഇടിത്തീപോലെ ആരോപണമെത്തി. ‘ബജറ്റ് ചോര്‍ന്നു, ചോര്‍ത്തി. മന്ത്രി രാജിവയ്ക്കണം.’ പോരെ പൂരം. അല്‍പനിമിഷം തരിച്ചുനിന്ന ഡോ. ഐസക്ക് സമചിത്തത വീണ്ടെടുക്കാന്‍ മിനിട്ടുകള്‍ തന്നെയെടുത്തു. നിരപരാധിത്വം തെളിയിക്കാന്‍ സഭയിലെ പ്രസ്താവന സഹായകമായില്ല. ഇനി എന്തൊക്കെ കാണണം, കേള്‍ക്കണം എന്ന ചിന്തയിലാണിപ്പോള്‍ ധനകാര്യമന്ത്രി. അവിശ്വാസികളായ സഖാക്കള്‍പോലും മൂക്കത്ത് വിരല്‍വയ്ക്കുന്ന ദുശ്ശകുനം! എന്താല്ലെ! ഏറെ പണിപ്പെട്ട് 287 ഇനം തിരിച്ച് 135 പേജിലൊതുക്കിയതാണ് ബജറ്റ് പ്രസംഗം. രണ്ടര മണിക്കൂറോളമെടുത്തു വായിച്ചുതീര്‍ക്കാന്‍. എന്തിനായിരുന്നു ഈ അദ്ധ്വാനം എന്ന് ചോദിക്കുന്നവരുണ്ട്. നടപ്പാക്കാന്‍ സാധിക്കാത്ത ദിവാസ്വപ്‌നമെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഗുണം പിടിക്കില്ല എന്ന് ശപിച്ചവരുണ്ട്. കാരണം മുന്‍കാല അനുഭവംതന്നെ. കഴിഞ്ഞ ബജറ്റില്‍ ഏറെ അഭിനന്ദനം സമ്പാദിച്ചതാണ് ഭൂമിയില്ലാത്തവര്‍ക്കായി മൂന്നുസെന്റുവീതം ഭൂമി നല്‍കുമെന്നത്. നോട്ട് മരവിപ്പിക്കല്‍മൂലം എല്ലാം താളംതെറ്റി എന്ന് പരിഭവിക്കുകയാണല്ലോ സര്‍ക്കാര്‍. മൂന്നു സെന്റുവീതം ഭൂമി സൗജന്യമായി നല്‍കുന്നതിന് ഏത് നോട്ട് മരവിപ്പിക്കലായിരുന്നു തടസ്സം? ആദിവാസികള്‍ക്കായി ഒരേക്കര്‍വീതം ഭൂമി നല്‍കുമെന്ന് പറഞ്ഞു. ഇതൊന്നും നടന്നില്ല. 56കോടി ഇതിനായി നീക്കിവച്ചതുമാണ്. അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീടെന്ന് വിസ്തരിച്ചു. ഒരു വീടിനുപോലും തറക്കല്ലിട്ടില്ല. ഭൂരിപക്ഷം തൊഴിലുറപ്പ് പദ്ധതി കുടുംബങ്ങള്‍ക്കും സൗജന്യറേഷന്‍ നല്‍കുമെന്ന് പറഞ്ഞതാണ്. പൊതുറേഷന്‍പോലും അട്ടിമറിക്കാന്‍ സാധിച്ചു എന്നതായിരുന്നല്ലോ ഒന്‍പത് മാസത്തെ നേട്ടം. ട്രഷറിയില്‍ കോര്‍ ബാങ്ക്, ശമ്പളവും പെന്‍ഷനും ട്രഷറിവഴി. 14 ജില്ലകളിലും 40 കോടി ചെലവില്‍ നവോത്ഥാന സാംസ്‌ക്കാരിക കേന്ദ്രം, മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ഇമ്പമുള്ള സ്ത്രീകള്‍ക്കായി പ്രതേ്യക വകുപ്പ്. കേള്‍ക്കാന്‍ സുന്ദരവും സുഖവുമുള്ള പിന്നെയും ഒരുപാട് വാഗ്ദാനങ്ങളുണ്ട്. നടക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ ബജറ്റിലെ കാര്യങ്ങളേറെയും. കിഫ്ബിയാണ് ഈ ബജറ്റിലെ താരം. ”പത്തായം പെറും അമ്മ കുത്തും ചോറാക്കും ഞാനുണ്ണും” എന്നുപറഞ്ഞപോലെ കിഫ്ബി പണമുണ്ടാക്കും സംസ്ഥാനം പണിയെടുക്കും. നാട് വികസിപ്പിക്കുമെന്നൊക്കെയാണ് അവകാശവാദം. കിഫ്ബി കഴിഞ്ഞ ബജറ്റിലും കയറിയിരുന്നു. 20000 കോടിയുടെ പണി കിഫ്ബി ഏറ്റെടുക്കുമെന്നൊക്കെ ആശിപ്പിച്ചു. 2000 കോടിയുടെ പണിക്കുപോലും അംഗീകാരം ലഭിച്ചില്ല. കിഫ്ബിക്ക് ഒരു സംഘടനാ സംവിധാനമുണ്ടാക്കിയല്ലൊ. വിനോദ്‌റായിയെപോലുള്ള വിദഗ്ധരാണല്ലോ അതിന്റെ തലപ്പത്ത്. വിനോദ്‌റായി മാത്രം വിചാരിച്ചാല്‍ അത്ഭുതങ്ങളുണ്ടാകുമോ? സംസ്ഥാനത്തെ ജീവനക്കാരുടെ അവസ്ഥയെന്താണ്? ഐഎഎസുകാരും ഐപിഎസുകാരും നേര്‍ക്കുനേര്‍ പോരടിക്കുന്നു. ആരാന്റമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേല് എന്ന മട്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത്. പണം വരും പണി നടക്കുമെന്നൊക്കെയാണ് ആശ്വസിക്കുന്നത്. കിഫ്ബിയില്‍ പണം നിക്ഷേപിച്ച് കേരളത്തില്‍ റോഡും പാലവും കെട്ടിടങ്ങളുമുണ്ടാക്കിയാല്‍ പണമിടുന്നവനെന്ത് നേട്ടം എന്ന ചോദ്യത്തിന് മതിയായ ഉത്തരം ലഭിക്കേണ്ടതുണ്ട്. റോഡിനും പാലത്തിനും ടോള്‍ പിരിക്കുന്നതിനോട് നമുക്ക് യോജിപ്പില്ല. പിന്നെങ്ങനെ പണം തിരിച്ചു ലഭിക്കും? സര്‍ക്കാരിന്റെ കയ്യിലാണെങ്കില്‍ കാശുമില്ല. കടത്തില്‍ മുങ്ങിനില്‍ക്കുകയുമാണ്. പൊതുകടം 1.76 കോടിയാണ്. ഇതിന് പലിശ നല്‍കാന്‍തന്നെ വന്‍തുക വേണം. അതിന് വേണം പിന്നെയും കടം. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തവതരിപ്പിക്കുന്ന പദ്ധതികള്‍ സ്വാഹയാകുമെന്നുറപ്പ്. അതേസമയം ബജറ്റില്‍ പറയുന്ന ചില കാര്യങ്ങള്‍ ഉറപ്പായും നടപ്പാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികളാണവ. അത് ചിലപ്പോള്‍ കേരളത്തില്‍ പേരുമാറിവരാനും വഴിയുണ്ട്. കേന്ദ്ര ബജറ്റ് ഈ വര്‍ഷം ഒരുകോടി വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനമുണ്ട്. സ്വാഭാവികമായും കേരളത്തിന് വിഹിതം ഉറപ്പ്. അതിനാല്‍ ഈ വര്‍ഷം ഒരുലക്ഷം വീട് എന്ന വാഗ്ദാനം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് ഡോ. ഐസക്കിനാശിക്കാം. എല്ലാ ഭവനങ്ങളിലും ഇന്റര്‍നറ്റ് എന്നതാണ് ആകര്‍ഷണീയമായ മറ്റൊരു വാഗ്ദാനം. അതില്‍ 20 ലക്ഷംപേര്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കും. ഡിജിറ്റല്‍ ഇന്ത്യ എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതിയാണ്. സാര്‍വത്രിക ഇന്റര്‍നെറ്റും സര്‍ക്കാര്‍ സേവനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദാരമായ സഹായമാണ് നല്‍കുന്നത്. അത് കേരളത്തിനും ലഭ്യമാകുമ്പോള്‍ ഐസക്കിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാകും. കമ്പ്യൂട്ടര്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും കമ്പ്യൂട്ടറിനെ എതിര്‍ക്കല്‍ പാര്‍ട്ടി പരിപാടിയുമാക്കിയ കക്ഷി കമ്പ്യൂട്ടറിനും വേണ്ടിയും ഇന്റര്‍നെറ്റിനുവേണ്ടിയും പ്രയത്‌നിക്കുന്നത് കാണുമ്പോള്‍ ചിന്തിച്ചുപോകും. ”ദൈവമേ നോക്കണേ ഭഗവാന്റെ ഓരോരോ ഭാവനാ വിലാസം”. കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകമെന്നാണ് ഐസക്ക് പരാതിപ്പെട്ടത്. എന്നാല്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റ് വഴി കേരളത്തിന് കിട്ടുന്നത് 16891 കോടി രൂപയാണ്. മുമ്പെങ്ങുമില്ലാത്ത നേട്ടമാണിത്. എന്നിട്ടും നമ്മുടെ ധനമന്ത്രിക്ക് നിരാശ. അല്ലേലും ഐസക്കിന്റെ വിശ്വാസ്യത പോയി. നോട്ട് മരവിപ്പിക്കലിലൂടെ അദ്ദേഹം ഉയര്‍ത്തിവിട്ട കോലാഹം വെറുതെ എന്ന് തെളിഞ്ഞല്ലോ. കേരളം പെട്ടു. കേന്ദ്രത്തിന്റെ വങ്കത്തരം. ശമ്പളം മുടങ്ങും പെന്‍ഷന്‍ മുടങ്ങും. ട്രഷറി അടച്ചുപൂട്ടും എന്നുതുടങ്ങി എന്തൊക്കെയായിരുന്നു ബഹളം. ഒന്നും സംഭവിച്ചില്ല. ആളുകെള അങ്കലാപ്പിലാക്കി പൊരിവെയിലത്ത് ക്യൂ നിര്‍ത്തിക്കാന്‍ സാധിച്ചു. കേന്ദ്രം കണക്കുകൂട്ടിയതുപോലെ സാമ്പത്തികമേഖല സാധാരണനിലയിലെത്തി. കള്ളവുമില്ല, ചതിയുമില്ല എന്ന ഗതകാല സ്മരണ ഒരിക്കല്‍കൂടി ഓര്‍മ്മിക്കാന്‍ കേന്ദ്രം അവസരമൊരുക്കുമ്പോള്‍ കേരള ബജറ്റിലെ ചില കാര്യങ്ങള്‍ക്കും മോക്ഷം ലഭിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രതേ്യക വകുപ്പ് വരുംമുമ്പ് തന്നെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത് നന്നായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുപിയില്‍ നിന്നൊരാള്‍ തലകൊയ്യുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചതാണ്. തലതിരിഞ്ഞ ഒരാള്‍ എന്തോ വിളിച്ചുപറഞ്ഞാല്‍ സുരക്ഷ കൂട്ടുന്ന പണിയൊന്നും ഗുജറാത്ത് സര്‍ക്കാര്‍ ചെയ്തില്ല. ഭയം അതൊരു വല്ലാത്ത അവസ്ഥയാണ്. ഭയമുള്ള കാട്ടില്‍ ഇളകുന്നതെല്ലാം പുലി എന്നുപറയാറുണ്ടല്ലൊ. മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. എന്താ ചെയ്യാ! നടപ്പുദോഷം വ്യക്തമായറിയുന്ന വ്യക്തിക്ക് കരുതല്‍ അനിവാര്യമാകും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം