malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

മാന്ദ്യബജറ്റ്

കോടിയേരി ബാലകൃഷ്ണന്‍
ആര്‍എസ്എസ് പ്രതിനിധി നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ പാലിക്കുമെന്നും യുപിഎ സര്‍ക്കാരിന്റെ സാമ്പത്തികനയത്തിലെ തെറ്റ് ആവര്‍ത്തിക്കില്ലെന്നും കരുതിയ ശുദ്ധാത്മാക്കള്‍ക്ക് അബദ്ധംപിണഞ്ഞുവെന്ന് കേന്ദ്ര ബജറ്റ് ബോധ്യമാക്കുന്നു. കേന്ദ്ര സര്‍ക്കാരിനുവേണ്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ നോട്ടുപിന്‍വലിക്കല്‍ പാവപ്പെട്ടവരെ സഹായിക്കുന്നതാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വേ ഈ അവകാശവാദത്തിന്റെ നിരര്‍ഥകത പുറത്തുകൊണ്ടുവന്നു. നോട്ടുക്ഷാമത്തെതുടര്‍ന്ന് ചില കാര്‍ഷികോല്‍പ്പന്നങ്ങള്‍, പാല്‍, പഞ്ചസാര, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ ലഭ്യത കുറയാനുള്ള സാധ്യതയുണ്ടെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കി. നോട്ട് നിരോധിക്കലിന്റെ പ്രതിസന്ധി മറികടക്കാന്‍ സമയമെടുക്കുമെന്നും സാമ്പത്തികവളര്‍ച്ചയ്ക്ക് കടിഞ്ഞാണ്‍ വീഴുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. എന്നിട്ടും ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ നോട്ടുദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരുനൂറോളം പാവപ്പെട്ടവരും സാധാരണക്കാരുമായ ഇന്ത്യന്‍ പൌരന്മാരുടെ കുടുംബത്തെ സഹായിക്കുന്നതിനുപോലും കരുണയുടെ കണ്ണ് തുറന്നില്ല. നോട്ടുപ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന കര്‍ഷകരെയോ തൊഴിലാളികളെയോ സഹായിക്കാനോ കാര്‍ഷികമേഖലയെയും സഹകരണമേഖലയെയും കൈപിടിച്ച് നടത്താനോ ഉള്ള ഉദ്യമമില്ല. കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തിയെന്ന് പറയുന്നെങ്കിലും കര്‍ഷക ആത്മഹത്യയെ തടയാന്‍ പര്യാപ്തമായ പദ്ധതിയോ സഹായഹസ്തമോ ഇല്ല. ഇന്ത്യ ഇതുവരെ തുടര്‍ന്നുവന്ന രീതി കേന്ദ്ര ബജറ്റും റെയില്‍ ബജറ്റും രണ്ടായി അവതരിപ്പിക്കുക എന്നതായിരുന്നു. അതിന് ഗൌരവമായ ഒരാലോചനയും കൂടാതെ തകിടംമറിച്ചില്‍ നടത്തി രണ്ടു ബജറ്റും കൂട്ടിച്ചേര്‍ത്ത് ധനമന്ത്രിയെക്കൊണ്ടുതന്നെ രണ്ടിന്റെയും അവതരണം നടത്തിച്ചു. ബജറ്റ് അവതരണത്തിന്റെ തലേദിവസം മുസ്ളിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. അദ്ദേഹം മരിച്ചിട്ട്, ആ വിവരം ബന്ധുക്കളില്‍നിന്നുപോലും മറച്ചുവയ്ക്കാന്‍ ആശുപത്രി അധികൃതരെ നിര്‍ബന്ധിച്ച് പ്രേരിപ്പിച്ച ഭരണകൂടഭീകരതയും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടായി. മരണവിവരം ഔദ്യോഗികമായി പുറത്തുവന്നാല്‍ ബജറ്റ് അവതരണം ഒരുദിവസത്തേക്ക് നീട്ടിവയ്ക്കേണ്ടിവന്നാലോ എന്ന ചിന്തയില്‍നിന്നാണ് ഈ അരുതായ്മ ഉണ്ടായത്. കാല്‍നൂറ്റാണ്ട് ലോക്സഭാംഗവും അതിനിടയില്‍ കേന്ദ്രമന്ത്രിയുമായിരുന്ന നേതാവിന്റെ മൃതദേഹം പാര്‍ലമെന്റിന്റെ തൊട്ടടുത്തുണ്ടായിരിക്കെ കേന്ദ്ര ബജറ്റ് അവതരണം നടത്തിയത് മനുഷ്യത്വമില്ലായ്മയാണ്. ബജറ്റ് അവതരണം ഭരണഘടനാബാധ്യതയാണെന്ന ബിജെപിയുടെ വാദത്തെ ആരും ചോദ്യംചെയ്യുന്നില്ല. പക്ഷേ, ഒരുദിവസം ബജറ്റ് മാറ്റിയതുകൊണ്ട് ഒരു ഭരണഘടനാലംഘനവുമുണ്ടാകില്ല. ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസത്തിനുമുമ്പ് ബജറ്റ് അവതരിപ്പിക്കാന്‍ കഴിയും. ഇതാണ് വസ്തുതയെന്നിരിക്കെ അതൊന്നും മാനിക്കാതെ സ്വേച്ഛാപരമായ നടപടികളാണ് മോഡിസര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളത്തിനും സമ്പദ്വ്യവസ്ഥയില്‍ കേരളീയര്‍ക്കും സ്ഥാനമുണ്ട്. പക്ഷേ, ഇത് വിസ്മരിക്കുന്നതായി കേന്ദ്ര ബജറ്റ്. ഇക്കാര്യത്തില്‍ കേരളജനത തീര്‍ത്തും നിരാശരാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ക്രൂരമായ സമീപനമാണ് ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത്. റെയില്‍വേ വികസനക്കാര്യത്തിലും അവഗണനതന്നെ. കേന്ദ്ര ബജറ്റിലും റെയില്‍വേ കാര്യങ്ങളിലും സംസ്ഥാനം ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്കൊന്നും ചെവികൊടുത്തിട്ടില്ല. കര്‍ഷകരുടെ ആദായം ഇരട്ടിയാക്കുന്നതാണ് തന്റെ സര്‍ക്കാരിന്റെ ബജറ്റെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്. ഇത് പൊള്ളയാണ്. പ്രത്യേകിച്ചും കേരളത്തിന്റെ സാഹചര്യത്തില്‍. 115 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഇതരസംസ്ഥാനങ്ങളും വരള്‍ച്ചയിലാണ്. ഇത് മനസ്സിലാക്കി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതായിരുന്നു. അത് ചെയ്തില്ല. തോട്ടം, പാടം ഉള്‍പ്പെടെയുള്ള മേഖലകളിലെ കാര്‍ഷികവിളകള്‍ പ്രതിസന്ധിയിലാണ്. റബര്‍-നാളികേര പ്രതിസന്ധിമൂലം കേരള സമ്പദ്ഘടന തകര്‍ച്ചയിലാണ്. ഇതെല്ലാം കണക്കിലെടുത്ത് കര്‍ഷകരെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയും അംഗീകരിച്ചിട്ടില്ല. ഐഐടിയും എയിംസും സംബന്ധിച്ച അവഗണനയും തുടരുകയാണ്. ജാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ച ബജറ്റ്, കേരളത്തിന് എന്തുകൊണ്ട് നിഷേധിച്ചുവെന്ന് വിശദീകരിക്കാനുള്ള ചുമതല പ്രധാനമന്ത്രിക്കുണ്ട്. കേരളത്തോട് തെല്ലെങ്കിലും സ്നേഹമുണ്ടെങ്കില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളും പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടണം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2015ല്‍ കേന്ദ്രം പ്രഖ്യാപിച്ചതാണ്. അനുയോജ്യമായ സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നിട്ടും എയിംസ് പ്രഖ്യാപനം നടത്താത്തതിലൂടെ കേരളീയരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു. സഹകരണമേഖലയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളുമില്ല. ജിഎസ്ടി വരുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാമെന്ന ഉറപ്പും പാലിച്ചിട്ടില്ല. പുതിയ കേന്ദ്ര പദ്ധതികളൊന്നും നമുക്കില്ല. വന്‍കിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തെ വികസനപരമായും സാമൂഹ്യമായും മുന്നോട്ടുനയിക്കുന്നതാണ് കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച നവകേരള മിഷന്‍. ഇതിനെ സഹായിക്കുന്നതിനുള്ള താല്‍പ്പര്യവും കേന്ദ്രം കാട്ടിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതികളൊന്നും അംഗീകരിച്ചിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ഫാക്ടിന്റെ പുനരുദ്ധാരണപദ്ധതിപോലും ബജറ്റില്‍ വന്നില്ലെന്നത് നിരാശാജനകമാണ്. ജനങ്ങള്‍ക്ക് മോഡി നല്‍കിയ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാല്‍ക്കരിക്കാനുള്ള ഒന്നും ബജറ്റിലില്ല. സാമ്പത്തികസര്‍വേയിലും കേന്ദ്ര ബജറ്റിലും സാമ്പത്തികമാന്ദ്യസൂചനയാണ് നല്‍കുന്നത്. ആഗോളതലത്തില്‍തന്നെ സാമ്പത്തികമാന്ദ്യം നേരിടുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കണമെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കണം. അതിനാവശ്യമായ വിഭവങ്ങളും തൊഴിലും ലഭ്യമാക്കണം. അതിന് സിപിഐ എം ചൂണ്ടിക്കാണിച്ചിട്ടുള്ള ബദല്‍ സാമ്പത്തികപാത സ്വീകരിച്ചേ മതിയാകൂ. പക്ഷേ, സര്‍ക്കാര്‍ നീങ്ങുന്നത് സാമ്പത്തികവളര്‍ച്ചയെ വീണ്ടും തടസ്സപ്പെടുത്തുന്ന ദിശയിലേക്കാണ്. ബജറ്റില്‍ പ്രത്യക്ഷനികുതികളില്‍ 30,000 കോടി രൂപയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രയോജനം ഏറെയും കോര്‍പറേറ്റുകള്‍ക്കാണ്. പരോക്ഷനികുതിയിലൂടെ 75,000 കോടി രൂപ അധികം സമാഹരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാരം കൂടുതലായി വീഴുന്നത് സാധാരണക്കാരിലാണ്. പെട്രോള്‍, ഡീസല്‍ വില പലപ്രാവശ്യം വര്‍ധിപ്പിച്ചതിലൂടെ നിത്യോപയോഗസാധന വില അടിക്കടി കയറുകയാണ്. ബജറ്റിന്റെ പരിപാവനത ചോര്‍ത്തുന്നതാണ് ബജറ്റിനുപുറത്തുള്ള നികുതിപിരിക്കല്‍. അതാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കാണുന്നത്. ജെയ്റ്റ്ലി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുതന്നെ പാചകവാതക സിലിണ്ടറിന് 65 മുതല്‍ 69 രൂപവരെ കൂട്ടിയ കൊള്ളയടിയുണ്ടായി. സാമൂഹ്യക്ഷേമ മേഖലകളില്‍ ബജറ്റുവിഹിതം കുറച്ചു. ഉല്‍പ്പാദനച്ചെലവിന്റെ 150 ശതമാനം താങ്ങുവില നിശ്ചയിക്കണമെന്ന് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തെങ്കിലും കര്‍ഷകരെ സഹായിക്കാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ട് അതിന്മേല്‍ നടപടിയെടുത്തില്ല. ഭക്ഷ്യസബ്സിഡി, ഐസിഡിഎസ് വിഹിതം, ന്യൂനപക്ഷക്ഷേമം എന്നിവയില്‍ വെട്ടിക്കുറവ് വരുത്തി. വാഹനവായ്പയ്ക്ക് ആറുശതമാനം പലിശയാണെങ്കില്‍ വിദ്യാഭ്യാസവായ്പയ്ക്ക് എട്ടുശതമാനം പലിശയാക്കിയിരിക്കുന്നതുവഴി വിദ്യാഭ്യാസമേഖലയോടുള്ള അവഗണന പ്രകടമാകുന്നു. കോര്‍പറേറ്റ് നികുതി 30ല്‍നിന്ന് 25 ശതമാനമാക്കി കുറച്ച ജെയ്റ്റ്ലിയുടെ ആദ്യബജറ്റിന്റെ പൊതുഘടനയില്‍ നില്‍ക്കവെതന്നെ, കോര്‍പറേറ്റുകള്‍ക്ക് പുതിയ ഇളവിന്റെ മേഖലകള്‍ തുറന്നുകൊടുത്തു. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ കൂടിയതോതിലുള്ള ഗതിവേഗത്തിന്റെ നേര്‍ച്ചിത്രമാണ് ഈ ബജറ്റ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് വന്‍തോതില്‍ പണം കണ്ടെത്താനുള്ള പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. അപ്രായോഗികതയാണ് ഈ ബജറ്റിന്റെ മറ്റൊരു സവിശേഷത. കറന്‍സിരഹിത സമ്പദ്ഘടനയെന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതുവില്‍ പ്രായോഗികമല്ലെന്ന് തലയ്ക്ക് വെളിവുള്ള ആരും സമ്മതിക്കും. അധികാരത്തില്‍ വന്നാല്‍ നൂറുനാള്‍ക്കകം വിദേശബാങ്കുകളിലെ മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുത്ത് ഖജനാവില്‍ ചേര്‍ക്കുമെന്നും അത് പാവപ്പെട്ടവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് വീതിച്ചുനല്‍കുമെന്നും പറഞ്ഞാണ് മോഡി അധികാരത്തിലെത്തിയത്. ഒരുലക്ഷം കോടിയിലേറെ രൂപയാണ് വിദേശത്തെ ഇന്ത്യന്‍ കള്ളപ്പണം. ഇത് പിടിച്ചെടുക്കാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനുള്ള ഒരു നിര്‍ദേശവും ബജറ്റില്‍ ഇല്ലതാനും. കള്ളപ്പണത്തിന്റെ പേരില്‍ ഖ്യാതി നേടുന്നതിനുവേണ്ടി നടപ്പാക്കിയ നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴോട്ടാകും. കാര്‍ഷിക- വ്യാവസായികോല്‍പ്പാദനം ഇടിയും. ഗ്രാമീണമേഖല ഇപ്പോള്‍ത്തന്നെ തകര്‍ച്ചയെ നേരിടുകയാണ്. ഇതിനെയൊന്നും അഭിമുഖീകരിക്കാത്ത ഒരു മാന്ദ്യബജറ്റാണ് മോഡിസര്‍ക്കാരിന്റേത്. സമ്പന്നരെ പ്രീണിപ്പിക്കുന്നതും അസമത്വവും തൊഴിലില്ലായ്മയും വളര്‍ത്തുന്നതുമാണിത്. ദരിദ്രര്‍ക്കും മര്‍ദിതജനവിഭാഗങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ് ഈ ബജറ്റ് *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം