malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

മണിപ്പൂരിൽ എൽഡിഎഫ്‌ നിർണായക ശക്തിയാകും

സി ആദികേശവൻ
ആറു പാർട്ടികൾ ചേർന്ന്‌ രൂപം നൽകിയിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി മണിപ്പൂർ (എൽഡിഎഫ്‌എം) മാർച്ച്‌ 4, 8 തീയതികളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകും. സിപിഐ മുൻകൈയെടുത്ത്‌ രൂപം നൽകിയിരിക്കുന്ന എൽഡിഎഫ്‌എമ്മിൽ സിപിഐ(എം), ജനതാദൾ (യു), എഎപി, എൻസിപി, ബിഎസ്പി എന്നിവരാണ്‌ പ്രധാന ഘടകകക്ഷികൾ. ഇതിന്‌ പുറമേ അടുത്തകാലത്ത്‌ രൂപംകൊണ്ട മണിപ്പൂർ നാഷണൽ ഡമോക്രാറ്റിക്‌ ഫ്രണ്ടും (എംഎൻഡിഎഫ്‌) മുന്നണിയുടെ ഭാഗമാകുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനെന്ന പേരിൽ കോൺഗ്രസിൽ നിന്ന്‌ പുറത്തുവന്ന മന്ത്രി ബിജോയ്‌ കൊയ്ജാം രൂപീകരിച്ചതാണ്‌ മണിപ്പൂർ നാഷണൽ ഡമോക്രാറ്റിക്‌ ഫ്രണ്ട്‌. കോൺഗ്രസും ബിജെപിയും ഒരുപോലെ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന്‌ അവകാശപ്പെടുമ്പോൾ ഇരുകൂട്ടർക്കും വെല്ലുവിളിയായി മാറുകയാണ്‌ എൽഡിഎഫ്‌എം. മുന്നണിയിൽ സിപിഐ മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഹ്യൂറോം ബിമോൾ, നവോരം അച്ചൗബ സിങ്‌, യുംലെമ്പം നോഗം മെയ്റ്റേയ്‌, ആർ കെ അമുസാന, നോംതോംബം സിങ്കജിത്‌ സിങ്‌, മെയ്ത്രം കേശോ സിങ്‌, മോങ്ങ്ജാം ബ്രജകേശർ സിങ്‌, രബീന്ദ്രൊ എന്നിവരാണ്‌ സിപിഐ സ്ഥാനാർഥികൾ. കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്‌ എൽഡിഎഫ്‌എം എന്നാണ്‌ സംസ്ഥാനത്തു നിന്നുള്ള വാർത്തകൾ. കഴിഞ്ഞ 15 വർഷമായി കോൺഗ്രസാണ്‌ സംസ്ഥാനം ഭരിക്കുന്നത്‌. ഒരേ മനസുള്ള പാർട്ടികൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ ഗുണകരമായ മാറ്റവും പുരോഗമനപരമായ മുന്നേറ്റവും സംസ്ഥാനത്തുണ്ടാക്കുമെന്ന്‌ തന്നെയാണ്‌ എല്ലാവരുടേയും വിലയിരുത്തൽ. മറ്റു ജനാധിപത്യ – മതേതര പാർട്ടികളോടെല്ലാം ഈ മുന്നേറ്റത്തിന്റെ ഭാഗമാകാൻ എൽഡിഎഫ്‌എം ആഹ്വാനം നൽകിയിരിക്കുകയാണ്‌. മറ്റു പ്രാദേശിക പാർട്ടികളായ മണിപ്പൂർ പീപ്പിൾസ്‌ പാർട്ടി, മണിപ്പൂർ സംസ്ഥാന കോൺഗ്രസ്‌ പാർട്ടി എന്നിവ മുന്നണിയുടെ ഭാഗമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി എൽഡിഎഫ്‌എം കൺവീനറും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ഡോ. എം നാരാസിങ്‌ അഭിപ്രായപ്പെട്ടു. കൂടുതൽ ശ്രദ്ധേയരായ സ്ഥാനാർഥികളെ രംഗത്തിറക്കാനാണ്‌ മുന്നണിയുടെ തീരുമാനം. അഴിമതിക്കും വർഗീയതയ്ക്കുമെതിരായ പോരാട്ടമാണ്‌ മുന്നണിയുടെ പ്രധാന അജൻഡ. തൃണമൂൽ കോൺഗ്രസിനെയും മുന്നണിയിലേയ്ക്ക്‌ കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്‌. പ്രമുഖ മണ്ഡലങ്ങളിൽ പ്രമുഖരെ സ്ഥാനാർഥികളാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. വിവിധ ദേശീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന നേതാക്കൾ ചേർന്ന്‌ രൂപം നൽകിയതാണ്‌ എംഎൻഡിഎഫ്‌. ലോക ജനശക്തി പാർട്ടിയുടെ മുതിർന്ന നേതാക്കളും ഇതിൽ ചേർന്നിട്ടുണ്ട്‌. സീനിയർ വൈസ്‌ പ്രസിഡന്റ്‌ ലെത്ജാം സിൻഗോൺ, ജെ കിലോങ്ങ്‌, ജോൺസൺ കീസിങ്‌ തുടങ്ങിയ നേതാക്കളാണ്‌ എംഎൻഡിഎഫിൽ ചേർന്നത്‌. സംസ്ഥാനത്ത്‌ വൻ മുന്നേറ്റമാണ്‌ ആദ്യഘട്ടത്തിൽ തന്നെ എൽഡിഎഫ്‌എം സൃഷ്ടിച്ചിരിക്കുന്നത്‌. മുന്നണി ഘടകകക്ഷികളിലെ പ്രമുഖ ദേശീയ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനെത്തും. സിപിഐ സെക്രട്ടേറിയറ്റ്‌ അംഗം അതുൽ കുമാർ അഞ്ജാൻ, ഗൗതംദാസ്‌ (സിപിഐഎം), അരുൺകുമാർ ശ്രീവാസ്തവ (ജെഡിയു) എന്നിവരാണ്‌ ആദ്യഘട്ടത്തിൽ പ്രചരണത്തിനെത്തുന്ന ദേശീയ നേതാക്കൾ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നതിനുള്ള അനിവാര്യതയായാണ്‌ പുതിയ മുന്നണിയുടെ രൂപീകരണമുണ്ടായതെന്ന്‌ ഡോ. നാരാസിങ്‌ അഭിപ്രായപ്പെട്ടു. കേരളത്തിലേതിന്‌ സമാനമായി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ എൽഡിഎഫ്‌എം തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 35 ഇനങ്ങളടങ്ങിയ പൊതുമിനിമം പരിപാടിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌. സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ, രാഷ്ട്രീയമായും സാമ്പത്തികമായുമുള്ള സാമൂഹ്യ നീതി, അഭിപ്രായ – ചിന്താ- വിശ്വാസ- സ്വാതന്ത്ര്യം, അവസര സമത്വം, വ്യക്തി സ്വാതന്ത്ര്യവും സാഹോദര്യവും നിലനിർത്തുക, സംസ്ഥാനത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നിവ ഉൾപ്പെടുന്ന പൊതു മിനിമം പരിപാടി ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ എന്ന അടിസ്ഥാന ലക്ഷ്യമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌. നിലവിലുള്ള 60 അംഗ നിയമസഭയിൽ ഇടതുപക്ഷ എംഎൽഎ മാർ ഇല്ലാതായതിന്‌ കാരണം സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന്റെ അഭാവമായിരുന്നെന്ന്‌ ഡോ. നാരാസിങ്‌ പറഞ്ഞു. പണാധിപത്യവും കായികബലവുമാണ്‌ മണിപ്പൂരിലെ തെരഞ്ഞെടുപ്പിൽ വിധി നിർണയിച്ചിരുന്നത്‌. ഇത്തവണ അതിന്‌ മാറ്റം വരുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ്‌, ഗോവ സംസ്ഥാന നിയമസഭകളിൽ മുഖ്യ ശ്രദ്ധയൂന്നിയിരിക്കുന്ന എഎപി മണിപ്പൂരിൽ മുന്നണിയുടെ ഭാഗമായത്‌ പ്രത്യേക പ്രാധാന്യമർഹിക്കുന്നതാണ്‌. കോൺഗ്രസ്‌, ബിജെപി, ഇറോം ശർമ്മിളയുടെ പിആർജെഎ എന്നിവ മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ മുന്നണിയായുള്ള എൽഡിഎഫിന്റെ രംഗപ്രവേശം നിർണായകമായിരിക്കും.

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം