malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

കേന്ദ്ര ബജറ്റ്‌ കേരളത്തെ അവഗണിച്ചു

പിണറായി വിജയൻ
നോട്ട്‌ റദ്ദാക്കലിനെത്തുടർന്ന്‌ ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ്‌ മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റിൽ ഉൾപ്പെടുത്താനായി പ്രീ-ബജറ്റ്‌ ചർച്ചാഘട്ടത്തിൽ കേരളം മുമ്പോട്ടുവെച്ച നിർദേശങ്ങൾക്ക്‌ ബജറ്റിൽ പരിഗണനയുണ്ടായിട്ടുമില്ല. നോട്ട്‌ റദ്ദാക്കലും അനുബന്ധ നടപടികളും സംസ്ഥാന സഹകരണമേഖലയെ കടുത്ത വിഷമത്തിലാക്കിയിരുന്നു. നിയന്ത്രണങ്ങൾ നീക്കാനും സഹകരണബാങ്കുകൾക്ക്‌ ഇതര വാണിജ്യ ബാങ്കുകൾക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനൽകാനും വേണ്ട നിർദേശങ്ങൾ കേരള സർക്കാർ മുമ്പോട്ടുവെച്ചിരുന്നു. ഇത്‌ ബജറ്റിൽ പരിഗണിച്ചില്ല. സഹകരണമേഖലയെ സാധാരണാവസ്ഥയിലേക്കു കൊണ്ടുവരാനും സഹകരണമേഖലയിലെ വായ്പയെ ആശ്രയിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസമരുളാനുമുള്ള നിർദേശങ്ങളാണ്‌ നിരാകരിക്കപ്പെട്ടത്‌. നോട്ട്‌ റദ്ദാക്കൽ കൊണ്ട്‌ സംഭവിച്ച മരവിപ്പ്‌ പല മേഖലകളിലെയും തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടപ്പെടുത്തിയിരുന്നു. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ നീക്കിവെച്ച തുക കൊണ്ട്‌ നാൽപതു ദിവസത്തെ തൊഴിൽ നൽകാൻപോലും കഴിയാത്ത നിലയായിരുന്നു. ഇതു മാറ്റാൻ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള തുക വൻതോതിൽ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, തൊഴിലുറപ്പു പദ്ധതികൾ ഫലപ്രദമാക്കാൻ തക്കവിധമുള്ള വർധന ബജറ്റിൽ ഇല്ല. തീരെ അപര്യാപ്തമാണ്‌ ഇതിനുള്ള തുക. സംസ്ഥാനങ്ങളുടെ വായ്പാപരിധി മൊത്തം വരുമാനത്തിന്റെ മൂന്നുശതമാനം മാത്രം എന്ന്‌ ധനകാര്യ ഉത്തരവാദിത്വ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. നോട്ട്‌ റദ്ദാക്കൽ നടപടികൊണ്ടുണ്ടായ വൈഷമ്യം കൂടി പരിഹരിച്ച്‌ ഒരു ശതമാനം കണ്ട്‌ വായ്പാപരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. അടിസ്ഥാനഘടനാ സൗകര്യ മേഖലകളിൽ കാര്യമായി നിക്ഷേപം ഉയർത്താനുള്ള നീക്കവുമില്ല. ന്യായയുക്തമായ സഹായവില ഉറപ്പാക്കിക്കൊണ്ടും ഇറക്കുമതിച്ചുങ്കം കൂട്ടിക്കൊണ്ടും റബ്ബർ വിലസ്ഥിരത ഉറപ്പാക്കി റബ്ബർ കർഷകരെ സഹായിക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ വഴിക്ക്‌ ഒരു നീക്കവും ഉണ്ടായിട്ടില്ല. കേന്ദ്ര സ്പോൺസേഡ്‌ പദ്ധതികൾ പ്രകാരമുള്ള സഹായം, സംസ്ഥാന പദ്ധതിക്കുള്ള കേന്ദ്ര സഹായം എന്നിവ വളരെ വൈകിയേ സംസ്ഥാനത്തിനു കിട്ടാറുള്ളു. സംസ്ഥാനം സ്വന്തം ബജറ്റിൽനിന്നും തുക കണ്ടെത്തി ചെലവാക്കുകയും പിന്നീട്‌ മാത്രം കേന്ദ്രത്തെ സമീപിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്‌. ഇതു പരിഹരിക്കാൻ സമയോചിതമായി സഹായം തരുന്ന സമ്പ്രദായം വേണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അതും അനുവദിക്കപ്പെട്ടില്ല. കേന്ദ്ര സഹായ തുക വർധിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ ഫലപ്രദമായി പ്രവർത്തിക്കാൻ കാര്യമായ വിഹിതവർധന കേന്ദ്രത്തിൽ നിന്നുണ്ടായാലേ പറ്റൂ. കൊച്ചിൻ റിഫൈനറി അടക്കമുള്ളവയ്ക്ക്‌ ആവശ്യമായ തോതിലുള്ള വർധനയില്ല എന്നതു നിർഭാഗ്യകരമാണ്‌. സംസ്ഥാനത്തിനു തരുമെന്ന്‌ പ്രഖ്യാപിച്ചിരുന്നതാണ്‌ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌. എയിംസ്‌ എന്ന ആ സ്ഥാപനം ഈ ബജറ്റിലും കേരളത്തിനനുവദിച്ചില്ല. ഗുജറാത്തിനെയും ഝാർഖണ്ടിനെയും ഇക്കാര്യത്തിൽ പരിഗണിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയത്‌ ഖേദകരമാണ്‌. സേവനങ്ങളെല്ലാം ആധാർ അധിഷ്ഠിതമാവുമ്പോൾ ആധാർ പരിധിയിൽ വരാത്ത കോടിക്കണക്കിനാളുകൾ ക്ഷേമ പദ്ധതികൾക്ക്‌ പുറത്താകുമെന്ന ആശങ്കയ്ക്ക്‌ അടിസ്ഥാനമുണ്ട്‌. ജിഎസ്ടി വരുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നു പറയുന്ന ധനമന്ത്രി ബജറ്റിൽ അതിനായി പണമൊന്നും നീക്കിവെച്ചിട്ടില്ല. 50,000 കോടിയോളം രൂപ സംസ്ഥാനങ്ങൾക്ക്‌ നൽകാൻ വേണ്ടിവരുമെന്നാണ്‌ ജിഎസ്ടി കൗൺസിൽ തന്നെ കണക്കാക്കിയത്‌. ഒരു പൈസ നീക്കിവെച്ചിട്ടില്ല. സാമൂഹ്യക്ഷേമ രംഗങ്ങളിൽ മുന്നിലാണ്‌ എന്നതിനാൽ കേരളം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്‌. മുന്നിലായ രംഗങ്ങളിലേക്കൊന്നും കേന്ദ്രം പണം തരുന്നില്ല. ആ രംഗത്ത്‌ കേരളത്തിനർഹതപ്പെട്ട തുക, കേരളം പിന്നിൽ നിൽക്കുന്ന മേഖലകളിലെ വിനിയോഗത്തിനായി അനുവദിക്കുന്നുണ്ടോ, അതുമില്ല! നിലവിലുള്ള കേന്ദ്ര പദ്ധതികൾക്ക്‌ നാമമാത്രമായ തുക നീക്കിവെച്ചതൊഴിച്ചാൽ പുതിയ കേന്ദ്ര പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വൻകിട പദ്ധതികളുടെ പട്ടികയിലും കേരളമില്ല. സ്വഛ്‌ ഭാരത്‌ പോലെ കൊട്ടിഘോഷിച്ച പരിപാടികൾക്ക്‌ കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. ഹരിതകേരളം പോലുള്ള പ്രത്യേക പദ്ധതികളുമായി മുമ്പോട്ടുപോവുന്ന സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതായിരുന്നു. അതില്ല എന്നു മാത്രമല്ല, സ്വഛ്‌ ഭാരത്‌ പോലും ഉപേക്ഷിച്ചിരിക്കുന്നു. അധികാരത്തിൽ വന്ന്‌ നൂറു നാളുകൾക്കകം വിദേശത്തെ ഇന്ത്യൻ കള്ളപ്പണം തിരികെ പിടിക്കുമെന്നു പറഞ്ഞവർ ആ വഴിക്ക്‌ ഒന്നും ചെയ്യുന്നില്ല. കർഷകരാകെ ഭീകരമായ കടബാധ്യതയിൽ വിഷമിക്കുന്ന ഘട്ടത്തിൽ ഒരു കടാശ്വാസപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. നോട്ട്‌ റദ്ദാക്കലിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്‌. കഴിഞ്ഞ മൂന്നുമാസം കൊണ്ട്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാകെ മന്ദഗതിയിലായെന്നും കൃഷി, ഉൽപാദനം, സേവനം എന്നീ മേഖലകളെല്ലാം മന്ദഗതിയിലായെന്നും സാമ്പത്തികവളർച്ച കുറഞ്ഞുവെന്നുമാണ്‌ കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്‌. ഇക്കണോമിക്‌ സർവെയും ഇന്നലെ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനം പോലും വളർച്ചാക്കുറവ്‌ എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തിൽ വേണം ഇന്ന്‌ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിനെ വിലയിരുത്താൻ. കൃഷി, ഉൽപാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റിൽ ഉണ്ടായിട്ടില്ല. ഇതുതന്നെയാണ്‌ ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മ. നോട്ട്‌ റദ്ദാക്കൽ കള്ളപ്പണം പിടിക്കുന്നതിന്‌ തിരിച്ചടിയായെന്നറിഞ്ഞപ്പോൾ കണ്ടെത്തിയ കാഷ്ലെസ്സ്‌ ഇക്കണോമി വാദം ഈ ബജറ്റിലും ഇടംനേടിയിട്ടുണ്ട്‌. രാജ്യത്തെ സാമ്പത്തിക ഇടപാടുകളെ കൂടുതൽ കാഷ്ലെസ്‌ ആക്കി മാറ്റുക എന്ന സമീപനം നമ്മുടെ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിതമാർഗത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തവർ സമ്പദ്‌വ്യവസ്ഥ നിയന്ത്രിക്കുന്നവരായി മാറിയതിന്റെ ഉദാഹരണമാണ്‌. ഈ സമീപനം ഗ്രാമീണ സമ്പദ്മേഖലയെയും കൃഷിയെയും കൂടുതൽ പിന്നോട്ടടിക്കുന്നതാവും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം