malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

പുത്തന്‍ സാമ്പത്തിക വിപ്ലവം

പി.എസ്. ശ്രീധരന്‍പിള്ള
സമഗ്ര സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്കുള്ള ഐതിഹാസികമായ കാല്‍വെപ്പുകളിലൊന്നായി നോട്ട് പിന്‍വലിക്കല്‍ ഉദ്യമത്തെ കാണുകയാണു വേണ്ടത്. കോണ്‍ഗ്രസ്,കമ്യൂണിസ്റ്റ് മുന്നണികളും രാഷ്ട്രീയ നേതൃത്വങ്ങളും കള്ളപ്പണക്കാരെയും സാമ്പത്തികരംഗത്തെ അധോലോകശക്തികളെയും സഹായിക്കാനും സംരക്ഷിക്കാനും ഇപ്പോള്‍ ശ്രമിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയില്‍ സമാന്തര സമ്പദ്‌വ്യവസ്ഥ ശക്തമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കള്ളപ്പണം, കള്ളനോട്ട്, അഴിമതിപണം, വിദേശത്തുനിന്ന് എത്തുന്ന അനധികൃതമായ സമ്പത്ത്, വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട അനധികൃത സമ്പാദ്യങ്ങള്‍, ഹവാല കള്ളക്കടത്ത് ഇടപാടുകള്‍വഴി രാജ്യത്തേക്ക് പ്രവഹിക്കുന്ന ഇളകുന്നതും ഇളകാത്തതുമായ മുതലുകള്‍ തുടങ്ങി ഒട്ടേറെ അനധികൃത ഉറവിടങ്ങള്‍ സമാന്തര സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ-കച്ചവട മാഫിയ സംഘങ്ങളോട് ബന്ധപ്പെട്ട് ശക്തമായ വേരുകളിലാണ് കള്ളപ്പണത്തിന്റെ സാമ്രാജ്യം ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ളത്. നികുതി വെട്ടിപ്പ് കള്ളപ്പണ ഇടപാടുകളുടെ പ്രാണവായുവാണ്. ഇതിന് തടയിടാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങളെല്ലാം വേണ്ടത്ര വിജയിക്കാതെപ്പോയ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. കള്ളപ്പണത്തിനെതിരെ പൊരുതാനുള്ള പ്രതിബദ്ധത ശക്തമായി പ്രഖ്യാപിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് ബിജെപി. വിദേശങ്ങളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണം കണ്ടുപിടിച്ച് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ബിജെപി ആഗ്രഹിച്ചിരുന്നെങ്കിലും വിവിധ രാജ്യങ്ങളിലെ നിയമങ്ങളും, അന്താരാഷ്ട്ര നിയമങ്ങളും തടസ്സമായതിനാല്‍ ശക്തമായ നടപടികള്‍ ആ രംഗത്ത് സ്വീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം മുതല്‍ ഇത്തരം നിയമങ്ങളില്‍ അയവ് വരാന്‍ തുടങ്ങി. 2004 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് അവസരം നല്‍കിയാല്‍ സ്വിസ് ബാങ്കിലും മറ്റുമുള്ള കള്ളപ്പണം വെളിപ്പെടുത്തി ഇങ്ങോട്ട് കൊണ്ടുവരാന്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കമെന്ന് എ.ബി.വാജ്‌പേയിയുടെയും, എല്‍.കെ.അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ജനവിധി ബിജെപിക്ക് എതിരായതിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുപിഎ ഭരണകൂടം വിദേശ രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ കള്ള നിക്ഷേപങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ഒരു നടപടിയും സ്വീകരിക്കാതെ കുറ്റക്കാരെ സംരക്ഷിക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി മുന്‍പാകെ ഉചിതമായ നടപടികള്‍ക്കായി പൊതു താല്‍പ്പര്യ നടപടികള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും കോണ്‍ഗ്രസ് ഭരണകൂടം നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇത്തരം അന്വേഷണ മേല്‍നടപടികള്‍ക്കായി രണ്ട് സുപ്രീം കോടതി മുന്‍ ജഡ്ജിമാരുള്‍ക്കൊള്ളുന്ന സ്‌പെഷ്യല്‍ ടീമിനെ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠം അന്ത്യശാസനം നല്‍കിയിട്ടും മന്‍മോഹന്‍സിംഗ് ഭരണകൂടം യാതൊരുവിധ മേല്‍ നടപടികളും സ്വീകരിക്കുകയുണ്ടായില്ല. 2014 ല്‍ നരേന്ദ്രമോദി ഭരണകൂടം അധികാരമേറ്റശേഷം നടത്തിയ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ തന്നെ മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് സിന്‍ഹയെയും ജസ്റ്റിസ് പസായത്തിനെയും വിദേശ കള്ളപ്പണം അന്വേഷിക്കാനുള്ള ടീമിന്റെ തലപ്പത്ത് നിയമിച്ചുകൊണ്ട് തീരുമാനമെടുക്കുകയാണുണ്ടായത്. ഇതില്‍ ജസ്റ്റിസ് അജിത് പസായത്ത് ഒഡീഷയിലെ ഒരു പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന ആളിന്റെ മകനാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ അതിനിശിതമായി പസായത്ത് ഒരിക്കല്‍ വിമര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടുമദ്ദേഹത്തെ നിയമിക്കാന്‍ നരേന്ദ്രമോദി ക്യാബിനറ്റിന് ഒരുവിസമ്മതവുമുണ്ടായില്ല. സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്‍ കീഴില്‍ വിദേശത്തുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ കേന്ദ്രഭരണകൂടം ആത്മാര്‍ത്ഥമായ നടപടികള്‍ നടത്തിവരികയാണ്. കിട്ടിയ ലിസ്റ്റുകളെല്ലാം സുപ്രീം കോടതിക്ക് സീല്‍വെച്ച കവറില്‍ നല്‍കുകയും ചില രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ വിനിമയ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയും ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും സുപീം കോടതി നിര്‍ദ്ദേശങ്ങള്‍ക്കും വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവുകയുള്ളൂ. നരേന്ദ്രമോദി ഭരണകൂടം അധികാരത്തില്‍ വന്ന നിമിഷം മുതല്‍ രാജ്യത്തിനകത്തുള്ള കള്ളപ്പണവും കള്ളനോട്ടും മറ്റും നിയന്ത്രിക്കാന്‍ ശ്രമിച്ചുവരുന്നു. ബ്യൂറോക്രാറ്റുകളുടെയും ബാങ്കിങ്ങ് മേഖലയുടെയും സംസ്ഥാന ഭരണകൂടങ്ങളുടെയും പൊതുജനങ്ങളുടെയും നല്ല സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് വിവിധ കറന്‍സികള്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്. എന്നാല്‍ കറന്‍സിയുടെ ഉപയോഗം കുറച്ചുകൊണ്ടുവരികയും ബദല്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. ബാങ്ക് ഇടപാടുകള്‍വഴി സാമ്പത്തിക വിനിമയങ്ങള്‍ നടക്കുമ്പോള്‍ പണമിടപാടുകള്‍ കണക്കില്‍ വരികയും ഫലപ്രദമായി നികുതി നിബന്ധനകള്‍ക്ക് വിധേയമാകുകയും ചെയ്യും. ജന്‍ധന്‍ പദ്ധതി പ്രകാരം 25 കോടിയോളം ആളുകളെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരാക്കുകയും അതുവഴി ഏതാണ്ട് 95 ശതമാനം ആളുകളെയും ബാങ്കിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യാന്‍ നരേന്ദ്രമോദി ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. അനധികൃത പണം വെളിപ്പടുത്താനുള്ള അവസരങ്ങളും ഒന്നിലധികം തവണ എന്‍ഡിഎ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്‍ഡിഎ ഭരണകൂടത്തിന്റെ കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളും ഈ ദിശയിലേക്ക് ഊന്നല്‍ നല്‍കി ഗ്രാമീണ കാര്‍ഷിക മേഖലകളുടെ ഉയര്‍ച്ച ലക്ഷ്യം വച്ച് നീങ്ങിയിട്ടുള്ളതുമാണ്. കള്ളപ്പണത്തിനെതിരായ കര്‍ശന നടപടികള്‍ പെട്ടെന്ന് പൊട്ടിവീണ ഒരാശയമല്ല. ബിജെപിയും എന്‍ഡിഎയും ആസൂത്രിതമായി ആലോചിച്ച് കാര്യകാരണ സഹിതം നിശ്ചയിച്ച് നടപ്പാക്കിയിട്ടുള്ളതാണ്. തന്നിഷ്ടപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച് നടപ്പാക്കിയെന്ന കുപ്രചാരണം കല്ലുവെച്ച നുണയാണ്. കള്ളപ്പണത്തെക്കുറിച്ച് ഔദ്യോഗികതലത്തിലും എന്‍ജിഒ തലത്തിലും നടത്തിയ ഒട്ടേറെ പഠനങ്ങള്‍ സമൂഹമദ്ധ്യത്തിലുണ്ട്. അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ എന്ന എന്‍ജിഒ ഇക്കാര്യത്തില്‍ ആഴത്തില്‍ പഠനം നടത്തി ഭരണകൂടങ്ങളെകൊണ്ട് നടപടിയെടുക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്. 1997 ല്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, സോണിയാഗാന്ധി, മന്‍മോഹന്‍സിംഗ് തുടങ്ങി രാജ്യത്തുള്ള എല്ലാ നേതാക്കന്മാരേയും നേരിട്ട് കണ്ട് അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്റെ, കള്ളപ്പണം സംബന്ധിച്ചുള്ള കണ്ടെത്തലും അതുയര്‍ത്തുന്ന വിപത്തും പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് അവര്‍ ചര്‍ച്ചകളും ബോധവല്‍ക്കരണങ്ങളും മറ്റും നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അവരുടെ പവര്‍പോയന്റ് പ്രസന്റേഷന്‍ നടന്ന സ്ഥലങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. ഇവരുടെ ശുപാര്‍ശകള്‍ മലയാള പത്രങ്ങളിലുള്‍പ്പെടെ ആനുകാലികങ്ങളില്‍ ലേഖനങ്ങളായും വന്നിട്ടുണ്ട്. സാമ്പത്തികരംഗം ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ഇതുവഴി മുന്നോട്ടുവെയ്ക്കപ്പെട്ടിരുന്നത്. കള്ളപ്പണത്തിനെതിരെ നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹം തന്നെ മുന്നോട്ടുവെച്ചിട്ടുള്ളത് കോണ്‍ഗ്രസും മറ്റും അവഗണിക്കുകയായിരുന്നു. അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍ ഉള്‍പ്പെടെയുള്ള ഇത്തരം സാമൂഹ്യ സംഘടനകളുടെ സംശുദ്ധ ഭാരതത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിയും മറ്റും മരവിപ്പിച്ച് കോള്‍ഡ് സ്റ്റോറേജിലേക്ക് തള്ളിക്കളഞ്ഞെങ്കിലും ബിജെപി അത് പഠനവിധേയമാക്കിയിരുന്നു. കള്ളപ്പണക്കാരും ഭരണനേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടുകൊണ്ടാണ് മന്‍മോഹന്‍സിംഗ് ഭരണകൂടം ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിച്ചത്. മേല്‍പ്രസ്താവിച്ച സാമൂഹ്യ സംഘടനകളുടെ സുപ്രധാനമായ സാമ്പത്തിക ശുദ്ധീകരണ നിര്‍ദ്ദേശങ്ങള്‍ പ്രധാനപ്പെട്ടതാണ്. അവ നടപ്പാക്കിയാലുണ്ടാകുന്ന ഗുണങ്ങളില്‍ ചില പ്രധാനപ്പെട്ടവകള്‍ ഇവയാണ്: 1) ഭാരതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അയല്‍ ശത്രുരാജ്യത്തിന്റെ ഗൂഢനീക്കം സ്വാഭാവികമായി നടക്കാതെ പോകും എന്നുള്ളതാണ് പ്രധാനകാര്യം. 2) തികച്ചും അഴിമതി രഹിതമായ ഒരു സമ്പദ്ഘടന രൂപപ്പെടും. 3) ഭീകരവാദം, കള്ളക്കടത്ത്, ഹവാലാ ഇടപാടുകള്‍, കുഴല്‍പണം, ഗുണ്ടാരാജ് തുടങ്ങിയ എല്ലാവിധ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാഭാവികമായി അന്ത്യമുണ്ടാകും. 4) നാട്ടിലെ നിയമവാഴ്ച ആരോഗ്യകരമായ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതായിരിക്കും. 5) ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി ബാങ്കുകളുടെ പ്രധാന വരുമാന സ്രോതസ്സ് ബാങ്ക് ട്രാന്‍സാക്ഷന്‍ നികുതി വിഹിതം ആയി മാറുന്നതുകൊണ്ട് സ്വാഭാവികമായും പലിശ നിരക്ക് താഴും. ഉന്നത വിദ്യാഭ്യാസം സൗജന്യമായി മാറുകയും വിദ്യാഭ്യാസ വായ്പ അപ്രസക്തമാവുകയും ചെയ്യും. 6) വികസന കാര്യങ്ങള്‍ക്ക് ഒരിക്കലും പണം പ്രശ്‌നമാവില്ല. 7) തെരഞ്ഞെടുപ്പ് ചെലുകള്‍പോലും പൊതു ഖജനാവിന് വഹിക്കാന്‍ പറ്റുന്നതായി മാറും. 8) പണത്തിന്റെ ഹുങ്കില്‍ മൂന്നാംതരം വ്യക്തികള്‍ മെഡിസിന്‍, എഞ്ചിനിയറിംഗ് തുടങ്ങിയ രംഗങ്ങള്‍ കയ്യടക്കിവച്ചിരിക്കുന്ന ഏര്‍പ്പാടുകള്‍ക്ക് അന്ത്യമാകും. 9) ഈ പദ്ധതി നടപ്പിലാകുന്നതോടുകൂടി സര്‍ക്കാര്‍ ഖജനാവില്‍ എത്രമാത്രം തുക വരുന്നു എന്നത് പ്രവചനാതീതമായിരിക്കും. 10) ഇതിലൊക്കെ ഉപരി, നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. 11) അന്തര്‍ദേശീയ തലങ്ങളില്‍ ഭാരതത്തിന്റെ റേറ്റിംഗ് വര്‍ദ്ധിക്കാനിടവരും. 12) ഭാരതത്തില്‍ മുതല്‍മുടക്കാനായി മറ്റു രാഷ്ട്രങ്ങള്‍ അണിനിരക്കും. 13) അയല്‍പക്കത്തുള്ള ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടാന്‍ അധികമായി കരുത്ത് നേടാനാകും. 14) അഴിമതിയില്‍ മുങ്ങി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഒരു തിരിച്ചുവരവ് അസാധ്യമാകും. സ്വാഭാവികമായും കുടുംബവാഴ്ച അവസാനിക്കും. 15) ഭാരതം അതിന്റെ ഗതകാലവൈഭവം വീണ്ടെടുത്തുകൊണ്ട് മുന്നേറും. 16) വളരെയധികം മാധ്യമശ്രദ്ധ ഇതിനകം നേടിയിട്ടുള്ള ലോക്പാല്‍, അഴിമതിക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അഴിമതി ചെയ്യാനുള്ള ചുറ്റുപാടുകള്‍ ഇല്ലാതാകും. എല്ലാ ഇടപാടുകളും ബാങ്കുകള്‍ മുഖേന ആകുന്നതോടുകൂടി കള്ളപ്പണം പുറത്തെടുക്കാന്‍ കഴിയില്ല. എന്തുകൊണ്ടും അര്‍ത്ഥക്രാന്തി പദ്ധതികള്‍ നല്ലതാണ്. നോട്ട് അസാധുവാക്കലിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ കള്ളപ്പണം തടയുക, വിദേശ ശത്രുരാജ്യം അടിച്ച് വിതരണം ചെയ്യുന്ന ഇന്ത്യന്‍ കറന്‍സികള്‍ക്ക് തടയിടുക, ഭീകരവാദികളുംമറ്റും കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ തടയുക, കഴിയുന്നത്ര ഇടപാടുകള്‍ ബാങ്കുവഴി നടത്തുന്നതുമൂലം ടാക്‌സ് സംവിധാനം ലളിതമാക്കുകയും കൂടുതല്‍ വരുമാനം നേടാനും കഴിയുക തുടങ്ങിയവയാണ്. അമേരിക്കയിലും മറ്റും അവിടുത്തെ കറന്‍സിയുടെ മൂല്യം അവിടുത്തെ ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. ബ്രിട്ടനിലും ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇതുതന്നെയാണ് മാനദണ്ഡം. ഇന്ത്യയിലും ഇതേപോലെ ആളോഹരി വരുമാനത്തെ അടിസ്ഥാനപ്പെടുത്തി നോട്ടുകളുടെ വില തിട്ടപ്പെടുത്തുന്നത് നല്ലതാണ്. താല്‍ക്കാലികമായി 2000 രൂപയുടെ നോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉന്നത മൂല്യമുള്ള നോട്ടുകള്‍ കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കഴിവുള്ളത്ര എല്ലാവിധ ഇടപാടുകളും ബാങ്കുവഴി നടക്കുമ്പോള്‍ കള്ളപ്പണം സമാന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് ഇടയാകുന്നത് തടയാവുന്നതാണ്. ആധാരങ്ങളുടെ രജിസ്‌ട്രേഷനുകളിലും ഇന്നുള്ള കള്ളക്കളികള്‍ അവസാനിപ്പിക്കാന്‍ നോട്ട് അസാധുവാക്കല്‍ നിലവിലുള്ള നികുതി ഘടന പരിപൂര്‍ണ്ണമായി ഇല്ലാതാക്കുക എന്ന ദുരവ്യാപകമായ ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് ചിലര്‍ വ്യക്തമാക്കുന്നു. നികുതിയില്ലാത്തതോ കറന്‍സി ഇല്ലാത്തതോ ആയ ഒരു സാമ്പത്തിക സംവിധാനമല്ല നരേന്ദ്രമോദി ഭരണകൂടം വിഭാവന ചെയ്തത്. നികുതി ഘടനയില്‍ സമൂലമായ മാറ്റവും പരമാവധി സുതാര്യതയും വരത്തക്കവിധം നികുതിഘടന പുനരാവിഷ്‌കരിക്കാന്‍ കേന്ദ്രം ലക്ഷ്യമിട്ടിട്ടുണ്ട്. ഒറ്റനികുതി അഥവാ പരിമിത മേഖലകളിലെ നികുതി എന്ന ആശയം പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ഇക്കോണമി നല്ലതു തന്നെയാണ്. 2009-2010 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 2,70,000 കോടി മൂല്യം വരുന്ന 60,000 ചെക്കുകള്‍ ഓരോ ദിവസവും ക്ലിയര്‍ ചെയ്യുന്നുണ്ട്. കേവലം രണ്ട് ശതമാനം ബാങ്ക് ട്രാന്‍സാക്ഷന്‍ ടാക്‌സ് ഈടാക്കിയാല്‍പോലും ഒരു ദിവസം 5400 കോടി രൂപയുടെ നികുതി വരുമാനം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷം 300 പ്രവര്‍ത്തി ദിവസങ്ങള്‍ വച്ച് കണക്കാക്കിയാല്‍പോലും 16,20,000 കോടി രൂപയുടെ വരുമാനം ഒരു കൊല്ലം ലഭിക്കും. ഇപ്പോള്‍ ലഭിക്കുന്ന നികുതി വരുമാനമായ 11 ലക്ഷം കോടി രൂപയേക്കാള്‍ 5,20,000 കോടി രൂപ അധികമാണ്. കഴിയുന്നത്ര എല്ലാവിധ ഇടപാടുകളും ബാങ്കുവഴി വരുമ്പോഴുണ്ടാകുന്ന നീക്കത്തെക്കുറിച്ച് ഇതില്‍നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമാകണമെന്ന് പ്രഖ്യാപിച്ചത് ഗാന്ധിജിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മിനിമം ക്ഷേമം ഉറപ്പുവരുത്തുക എന്നുള്ളതാണ്. സ്വാതന്ത്ര്യം കിട്ടി ജനാധിപത്യ പ്രക്രിയയിലൂടെ 68 കൊല്ലം പിന്നിട്ടിട്ടും കിടപ്പാടം, കുടിവെള്ളം, മിനിമം ഭക്ഷണം, മിനിമം വിദ്യാഭ്യാസം, അത്യാവശ്യം ആരോഗ്യ സംവിധാനങ്ങള്‍, ശുചിത്വം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍പോലും ലഭിക്കാത്ത കോടാനുകോടി ജനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവരെ അടിസ്ഥാനഘടകമാക്കി അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് നരേന്ദ്രമോദി ഭരണകൂടം ശ്രമിക്കുന്നത്. സമയബന്ധിതമായി ഇത് നടപ്പാക്കാന്‍ ഇതിനകം നരേന്ദ്രമോദി ഭരണകൂടം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. അവസാന പൗരനുവരെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിനടിസ്ഥാനമായ മിനിമം സൗകര്യം എത്തിച്ചുകൊടുക്കുന്ന ചുമതല നെഞ്ചിലേറ്റിക്കൊണ്ടാണ് എന്‍ഡിഎ ഭരണകൂടം മുന്നോട്ടുപോകുന്നത്. സമഗ്ര സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്കുള്ള ഐതിഹാസികമായ കാല്‍വെപ്പുകളിലൊന്നായി നോട്ട് പിന്‍വലിക്കല്‍ ഉദ്യമത്തെ കാണുകയാണുവേണ്ടത്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് മുന്നണികളും രാഷ്ട്രീയ നേതൃത്വങ്ങളും കള്ളപ്പണക്കാരെയും സാമ്പത്തികരംഗത്തെ അധോലോകശക്തികളെയും സഹായിക്കാനും സംരക്ഷിക്കാനും ഇപ്പോള്‍ ശ്രമിക്കുകയാണ്. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് സഹകരിക്കുന്നതിനുപകരം തികച്ചും സങ്കുചിതമായ രാഷ്ട്രീയ വൈരത്താല്‍ നരേന്ദ്രമോദിയുടെ പദ്ധതികളെ ഒട്ടാകെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുകയാണ്. ഇവരുടെ അട്ടിമറിക്കല്‍ ശ്രമം നാടിന് ആപത്താണ്. ഈ വെല്ലുവിളികളെ നേരിടാനും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതം സാമ്പത്തികരംഗത്തുള്‍പ്പെടെ നിര്‍മിക്കാനും നമുക്ക് കഴിയേണ്ടത് ചരിത്ര നിയോഗം തന്നെയാണ്. psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം