malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ദൈവദശകവും ദേശീയഗാനവും നിന്ദിക്കപ്പെടുമ്പോള്‍

വെള്ളാപ്പള്ളി നടേശന്‍
മാവേലിക്കര കട്ടച്ചിറയിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെറുമണ്ണില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദൈവദശകം ആലപിച്ചതിന് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അവിടുത്തെ ക്ഷേത്രത്തിലെ മാതൃവേദി വൈസ് പ്രസിഡന്റായ പ്രഭ മോഹനനെ സംരക്ഷിക്കാന്‍ ഒരു വാക്ക് ഉരിയാടാത്ത നേതാക്കന്മാര്‍ ദേശീയഗാനവിവാദത്തില്‍ കമലിനെ ഇടവും വലവും മുന്നിലും പിന്നിലും നിന്ന് സംരക്ഷിക്കുന്നതിന്റെ പൊരുള്‍ തേടിപ്പോകുമ്പോഴാണ് ഒരുകാര്യം വ്യക്തമാകുന്നത്. കമല്‍ എന്ന കമാലുദ്ദീന്റെ പിന്നിലെ സംഘടിതശക്തിയുടെ വോട്ടിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ് എല്ലാവരും. വിശ്വമാനവികതയുടെ മഹാസന്ദേശം നല്‍കി മാനവിക മൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് അടിമയുടേയും ഉടമയുടേയും രക്തവര്‍ണ്ണം ഒന്നാണെന്നും അവന്റെ ഉള്ളില്‍ സ്പന്ദിക്കുന്ന ഈശ്വരാംശം ഒന്നാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്തിയ ശ്രീനാരായണ ഗുരുദേവന്റെ തത്വദര്‍ശനം ഇന്ന് എല്ലാവരും ഏറെ ചര്‍ച്ചചെയ്യുന്നു. കാലം എത്രതന്നെ കടന്നുപോയാലും ഋതുക്കള്‍ എത്രതന്നെ മാറി വന്നാലും മനുഷ്യന്‍ എത്രതന്നെ പരിഷ്‌ക്കരിക്കപ്പെട്ടാലും മനുഷ്യ നവീകരണത്തിനുവേണ്ടിയുള്ള ഈ യജ്ഞം സംഭവിച്ചുകൊണ്ടുതന്നെയിരിക്കും. ചക്രവാളസീമകള്‍ തേടിയുള്ള ഗുരുദര്‍ശന യാത്രയുടെ പൊരുളാണ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്ന് അരുള്‍ ചെയ്ത ഗുരുവിന്റെ മതാതീത ആത്മീയതയുടെ ഏറ്റവും ഉത്കൃഷ്ടമായ അമൃതവാണിയാണ് ‘ദൈവദശകം.’ ലോകത്ത് ജാതിമത ചിന്തകള്‍ക്കപ്പുറം ഈശ്വര വിശ്വാസികള്‍ക്കും നിരീശ്വരവാദികള്‍ക്കും വരെ അകക്കണ്ണ് തുറന്നുപിടിച്ച് ദൈവദശകം ഉരുവിട്ട് ആത്മജ്ഞാനത്തിലൂടെ ജീവിത വിജയം നേടുവാന്‍ സാധിക്കും. അതാണ് ദൈവദശകത്തിന്റെ അകവും പുറവും. ഏത് വിശ്വാസിക്കും അവന്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ദൈവദശകം ചൊല്ലാം. ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ അവരുടെ മാതാവിനെയോ പിതാവിനെയോ മനസ്സില്‍ ചിന്തിച്ച് ദൈവദശകം ചൊല്ലാം. അന്നം വസ്ത്രം പാര്‍പ്പിടം എന്നിവ മുട്ടുകൂടാതെ തന്ന് കാത്തു രക്ഷിക്കുന്ന രക്ഷിതാവാണ് ഇവിടുത്തെ ദൈവസങ്കല്‍പ്പം. ദൈവദശകത്തിലെ ഈശ്വരന്‍ നാമരൂപ രഹിതനാണ്. അതുതന്നെയാണ് ഈ സൃഷ്ടിയെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷയിലേക്കും ഈ കൃതി തര്‍ജ്ജിമ ചെയ്തതും ഈ ദൈവോപനിഷത്തിന്റെ ഭക്തിഭാവം കൊണ്ടാണ്. അത്രയും പ്രാധാന്യത്തോടെ എല്ലാവരും കാണുന്ന ദൈവദശകം ക്ഷേത്രത്തില്‍ ആലപിച്ചതിന്റെ പേരില്‍ ഒരു സഹോദരിക്ക് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനം ദൈവത്തിന്റെ സ്വന്തം നാടിന് ഭൂഷണമാണോ? നാഴികയ്ക്ക് നാല്‍പത് വട്ടം മതേതരത്വം പറഞ്ഞ് നടക്കുന്ന ഒരു മതേതരവാദിയും ഇതിനെതിരെ പ്രതികരിച്ചുകണ്ടില്ല. ഏതൊരു പ്രശ്‌നത്തിലും പ്രതികരിക്കുന്ന ഇവിടുത്തെ സാംസ്‌ക്കാരിക നായകന്മാരേയും ദേവസ്വം മന്ത്രിയേയും ദേവസ്വം ബോര്‍ഡിനേയും ഈ പ്രശ്‌നത്തിന്റെ ഏഴ് അയലത്തുപോലും കണ്ടില്ല. ഗുരുവിന്റെ സന്ദേശങ്ങള്‍കൊണ്ട് നിയമസഭയില്‍ പോലും മണിക്കൂറുകളോളം വാചകക്കസര്‍ത്ത് നടത്തിയവരും ഇതിനെതിരെ ഒരക്ഷരം പറഞ്ഞില്ല. ലോകത്തെ പലഭാഷകള്‍ അറിയാവുന്ന ഒരുപാട് നോതാക്കന്‍മാര്‍ ഇവിടെയുണ്ടെങ്കിലും അവരാരും ഒരു ഭാഷയില്‍ പോലും പ്രതികരിച്ചുകണ്ടില്ല. പിന്നോക്ക ജനവിഭാഗങ്ങള്‍ മഹാഭൂരിപക്ഷം വരുന്ന വേദികളില്‍ മാത്രം വന്നുനിന്ന് ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനം നടത്തുന്നവര്‍ പോലും ഇത് കണ്ടില്ല എന്നുനടിച്ചു. ഓരോ ദിവസത്തേയും വാര്‍ത്തകളുടെ അജണ്ട നിശ്ചയിക്കുന്ന മാദ്ധ്യമ സുഹൃത്തുക്കളേയും ഈ വഴി കണ്ടില്ല. ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ 14 സെക്കന്റ് നേരം നോക്കിയാല്‍ അത് ജാമ്യമില്ലാക്കുറ്റമാണെന്ന് ഒരു മഹാന്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ അത് ഏറ്റുപാടി നടന്ന സ്ത്രീപക്ഷ നേതാക്കന്‍മാരും കണ്ടില്ലേ പ്രഭ മോഹനന്‍ എന്ന സഹോദരി ഗുരുദേവകൃതി ആലപിച്ചതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. താന്‍ മറ്റൊരാളാല്‍ പീഡിപ്പിക്കപ്പെട്ടെന്ന് ഒരു സ്ത്രീ വന്ന് മുഖംമറച്ച് മാദ്ധ്യമങ്ങളിലൂടെ പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിയുടെ പേര് പറഞ്ഞതിന് ഒരു മുന്‍സ്പീക്കറുടെ പേരില്‍ കേസെടുത്ത പോലീസിന്റെ നീതിബോധം ഈ കേസിലെ പ്രതിയെ പിടിക്കുന്ന കാര്യത്തില്‍ എന്തേ കണ്ടില്ല? ഇതാണോ മതേതരത്വം ഇതാണോ ജനാധിപത്യം? ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നുകൂടിയുണ്ട്. ഒരു രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുക എന്നുള്ളതും അത് കേള്‍ക്കുമ്പോള്‍ ആദരിക്കുക എന്നുള്ളതും പൗരബോധവും ദേശസ്‌നേഹവുമുള്ള ഏതൊരാളുടെയും കടമയാണ്. ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. സര്‍ക്കാര്‍ പദവിയിലിരിക്കുന്നവരാണെങ്കില്‍ സാമാന്യ ജനങ്ങള്‍ക്ക് മാതൃകയാവണം ഇത്തരം വിഷയങ്ങളില്‍. ഇവിടെ കമല്‍ എന്ന സിനിമ സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ വ്യക്തി ദേശീയഗാനാലാപനത്തോട് എടുത്ത നിലപാടില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ഏതൊക്കെ കോണില്‍ നിന്നാണ് അദ്ദേഹത്തെ സംരക്ഷിക്കാന്‍ കവചകുണ്ഡലങ്ങളുമായി കര്‍ണ്ണന്‍മാര്‍ പ്രത്യക്ഷപ്പെട്ടത്. മാവേലിക്കര കട്ടച്ചിറയിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചെറുമണ്ണില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദൈവദശകം ആലപിച്ചതിന് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അവിടുത്തെ ക്ഷേത്രത്തിലെ മാതൃവേദി വൈസ് പ്രസിഡന്റായ പ്രഭ മോഹനനെ സംരക്ഷിക്കുവാന്‍ ഒരു വാക്ക് ഉരിയാടാത്ത നേതാക്കന്മാര്‍ ദേശീയഗാനവിവാദത്തില്‍ കമലിനെ ഇടവും വലവും മുന്നിലും പിന്നിലും നിന്ന് സംരക്ഷിക്കുന്നതിന്റെ പൊരുള്‍ തേടിപ്പോകുമ്പോഴാണ് ഒരുകാര്യം വ്യക്തമാകുന്നത്. കമല്‍ എന്ന കമാലുദ്ദീന്റെ പിന്നിലെ സംഘടിതശക്തിയുടെ വോട്ടിനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ് എല്ലാവരും. ഒരു കാര്യം ഇവിടെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയട്ടെ. കട്ടച്ചിറയിലെ സംഭവത്തിലെ പ്രതിയെ പിടിക്കുന്നതില്‍ പോലിസ് കുറ്റകരമായ അനാസ്ഥ കാട്ടിയാല്‍ അത് ഒരു വിഭാഗത്തോടുള്ള നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെടുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങുകയും ചെയ്യും. നിയമപാലകര്‍ നീതി നിഷേധിക്കുമ്പോള്‍ നീതി നടപ്പാക്കുവാനുള്ള ബാദ്ധ്യത പൗരനില്‍ എത്തിച്ചേരുന്നു. ഭരണഘടനയോടുള്ള പ്രതിബദ്ധതയാണ്. അങ്ങനെ സംഭവിക്കുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം