malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

റേഷന്‍ പ്രതിസന്ധിയും യാഥാര്‍ഥ്യവും

പി തിലോത്തമന്‍
ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013. രാജ്യമെമ്പാടും ഈ നിയമം നടപ്പാക്കിയെങ്കിലും കേരളത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പാക്കാന്‍ വിമുഖത കാട്ടി. ഇതോടെ, കേന്ദ്രം നല്‍കിവന്ന അധിക സൌജന്യ ധാന്യവിതരണം 2016 ജൂലൈമുതല്‍ നിര്‍ത്തലാക്കി. തുടര്‍ന്ന്, ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള നടപടി എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു. അതിന്റെ ആദ്യഘട്ടമായി ഗുണഭോക്താക്കളുടെ കരടുപട്ടിക പ്രസിദ്ധീകരിച്ചു. ജനങ്ങള്‍ റേഷന്‍ കടകള്‍ വഴി പൂരിപ്പിച്ചു നല്‍കിയ വിവരശേഖരണ ഫോറങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ ഡാറ്റായില്‍ ഉണ്ടായിരുന്ന കരടുപട്ടികയില്‍ ധാരാളം ആക്ഷേപമുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും വീണ്ടും മറ്റൊരു വിവരശേഖരണം നടത്തുന്നത് കാലതാമസം ഉണ്ടാക്കുമെന്നതിനാല്‍ നിലവിലെ പട്ടികയില്‍ ആക്ഷേപങ്ങളും പരാതികളും ക്ഷണിച്ച് കുറ്റമറ്റ പട്ടിക തയ്യാറാക്കുകയല്ലാതെ മറ്റൊരു മാര്‍ഗം സര്‍ക്കാരിനുണ്ടായിരുന്നില്ല. അതിനുള്ള നടപടി ആരംഭിച്ച് കുറ്റമറ്റ പട്ടിക തയ്യാറാക്കി ആറു മാസത്തിനകം നിയമം നടപ്പാക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥന സ്വീകരിച്ചില്ലെന്നു മാത്രമല്ല, എപിഎല്‍ വിഭാഗക്കാരുടെ സൌജന്യ നിരക്കിലുള്ള ധാന്യവിതരണംകൂടി അവസാനിപ്പിച്ച്് ഉത്തരവിറക്കി. തുടര്‍ന്ന് അടിയന്തരമായി ഡല്‍ഹിയിലെത്തി സംസ്ഥാന ഭരണാധികാരികള്‍ കേന്ദ്ര സര്‍ക്കാരിനെ വിവരം ധരിപ്പിച്ചു. സാവകാശം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശപ്രകാരം നിലവില്‍ പ്രസിദ്ധീകരിക്കപ്പെട്ട കരടുപട്ടിക മാനദണ്ഡമാക്കി ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന അളവില്‍ ധാന്യവിതരണം തുടങ്ങാന്‍ നിര്‍ബന്ധിതരായി. അപ്രകാരം ചെയ്തില്ലെങ്കില്‍ പ്രതിമാസം 60 കോടി രൂപ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് വരുമെന്നതിനാല്‍ ഈ നിര്‍ദേശം അംഗീകരിക്കേണ്ടി വന്നു. ഭക്ഷ്യഭദ്രതാ നിയമവും കേരള സാഹചര്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ രാജ്യത്തിന്റെ 75 ശതമാനം ഗ്രാമീണരും 50 ശതമാനം നഗരവാസികളും ഉള്‍പ്പെടുമെന്ന് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും നമ്മുടെ സംസ്ഥാനത്ത് 46 ശതമാനം ജനങ്ങളെ മാത്രമാണ് മുന്‍ഗണനാ വിഭാഗമായി ഉള്‍പ്പെടുത്തി ഗുണഭോക്തൃ പട്ടികയില്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ദേശീയ ശരാശരി 67 ശതമാനം ആളുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടപ്പോഴാണ് കേരളത്തില്‍ ഈ അവസ്ഥയുണ്ടായത്. ഇതുകൂടാതെ സംസ്ഥാനത്തിനു ലഭിച്ചുവന്നിരുന്ന കേന്ദ്രപൂള്‍ ധാന്യ വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. റേഷന്‍ വിതരണ സംവിധാനത്തെ പാടേ മാറ്റിമറിക്കുന്ന നിരവധി നിയമവ്യവസ്ഥകള്‍ പുതിയ സംവിധാനത്തില്‍ രൂപംകൊണ്ടു. പുതിയ വ്യവസ്ഥിതിയിലേക്കുള്ള മാറ്റം ഏതു സംവിധാനത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. സംസ്ഥാനത്തെ നിലവിലുള്ള 83 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ രണ്ടു ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ ഇരട്ടിപ്പുള്ളതിനാല്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പുതിയ വ്യവസ്ഥയില്‍ കരടു പട്ടികയിലെ അന്ത്യോദയ അന്നയോജന വിഭാഗത്തിന് 35 കിലോ വീതം ധാന്യം കാര്‍ഡ് ഒന്നിന് ലഭ്യമാകും. കരടുപട്ടികയില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ആളൊന്നിന് 5 കിലോ വീതം ധാന്യം ലഭിക്കും. അന്ത്യോദയ വിഭാഗവും മുന്‍ഗണനാ വിഭാഗവും ചേര്‍ന്ന 1.54 കോടി ജനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന ധാന്യം പ്രതിവര്‍ഷം 10.25 ലക്ഷം മെട്രിക് ടണ്ണാണ്. ബാക്കി വരുന്ന 1.80 കോടി ജനങ്ങള്‍ക്ക് വിതരണം ചെയ്യാനായി അനുവദിച്ചിരിക്കുന്നത് പ്രതിവര്‍ഷം 4 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ്. സംസ്ഥാനത്തിനു ലഭിച്ചുവന്നിരുന്ന ധാന്യവിഹിതത്തില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ ധാന്യത്തിന്റെ കുറവ് യഥാസമയം ചൂണ്ടിക്കാണിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം പാസാക്കിയ സമയത്ത് ഇതിലെ വ്യവസ്ഥകള്‍ക്ക് മാറ്റംവരുത്താനോ അന്നത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണാധികാരികള്‍ നിരവധി തവണ കേന്ദ്രത്തില്‍ ഇടപെട്ടെങ്കിലും കേരള സംസ്ഥാനത്തിനു മാത്രമായി ഇളവുകള്‍ അനുവദിക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. കേരളത്തിന് ദോഷകരമായ നിരവധി വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ കേരളത്തിന്റെ ‘ഭക്ഷ്യ കമ്മിയും സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം കേരളത്തിന് അനുവദിച്ച സാഹചര്യങ്ങളും എല്ലാം അവഗണിക്കപ്പെട്ടു. ‘ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമല്ലാത്ത കേരളത്തിന് പുതിയ നിയമത്തില്‍നിന്ന് മാറിനിന്നുകൊണ്ട് ഒന്നുംചെയ്യാന്‍ സാധിക്കാത്ത സാഹചര്യം സംജാതമായി. ഈ സര്‍ക്കാര്‍ എന്തുചെയ്തു റേഷന്‍ ഗുണഭോക്താക്കളുടെ കരടുപട്ടികയില്‍ വന്നിട്ടുള്ള വ്യാപകമായ ആക്ഷേപങ്ങളും ധാന്യങ്ങള്‍ ആവശ്യത്തിന് റേഷന്‍ കടകളില്‍ എത്തിക്കാനാകാത്ത സാഹചര്യവുമാണ് സര്‍ക്കാര്‍ നേരിട്ട പ്രധാന വെല്ലുവിളികള്‍. ഗുണഭോക്തൃ പട്ടികയിലുള്ള പരാതികളിന്മേല്‍ കുറ്റമറ്റ പരാതി പരിഹാര സംവിധാനത്തിന് സംസ്ഥാനത്തെമ്പാടും ഫലപ്രദ നടപടി സ്വീകരിച്ചു. ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷന്‍ നടപടികളിലൂടെ ഇരട്ട സൌജന്യം വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു. കുറ്റമറ്റ മുന്‍ഗണനാ പട്ടിക ജനുവരി 15നകം പൂര്‍ത്തീകരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിതരണം ജനുവരി 7നു മുമ്പ് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ജനുവരി മുതല്‍ അതത് മാസത്തെ റേഷന്‍ വിഹിതം തന്‍മാസങ്ങളില്‍തന്നെ റേഷന്‍ കടകളില്‍ എത്തിയെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തി. റേഷന്‍ വ്യാപാരികള്‍ക്ക് കുടിശ്ശികയായ കമീഷന്‍ കൊടുത്തുതീര്‍ക്കാനും വരുമാന ഭദ്രത ഉറപ്പുവരുത്താനും പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്താനുമുള്ള നടപടി സ്വീകരിച്ചു. റേഷന്‍ വിതരണം തടസ്സപ്പെടുത്താനുണ്ടായ കയറ്റിറക്ക് തൊഴിലാളി സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചു. സമവായത്തിന് വഴങ്ങാത്തവരെ നിയമത്തിന്റെ വഴിയിലൂടെ നേരിട്ടു. സംസ്ഥാനത്ത് വാതില്‍പടി വിതരണം നടപ്പാക്കുന്ന നടപടി കൊല്ലം ജില്ലയില്‍ ആരംഭിക്കുന്നതിന് ഗോഡൌണുകള്‍ കണ്ടെത്തി. റേഷന്‍ കടകളിലെത്തിയ ധാന്യ വിഹിതത്തിന്റെ അളവുകള്‍ പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ ലഭ്യമാക്കി തുടങ്ങി. റേഷന്‍ വിതരണത്തെ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിച്ചു. അപ്പീല്‍ അധികാരിയായി സംസ്ഥാന ഭക്ഷ്യ കമീഷന്റെ ചുമതല സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന് നല്‍കി. സംസ്ഥാനത്തെ നിലവിലുള്ള റേഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിക്കല്‍ കൂടി ഡല്‍ഹിയില്‍ പോയി കേന്ദ്ര ഭക്ഷ്യ മന്ത്രിയെ നേരില്‍ കാണാനും പരിഹാരമുണ്ടാക്കാനും തീരുമാനിച്ചു. പ്രതിപക്ഷ വിമര്‍ശനങ്ങളും യാഥാര്‍ഥ്യങ്ങളും കോണ്‍ഗ്രസ് നേതൃത്വം വഹിച്ച രണ്ടാം യുപിഎ സര്‍ക്കാരിലെ മലയാളിയായ കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ ഭക്ഷ്യഭദ്രതാ ബില്‍, നിയമമായി മാറിയപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് ആദ്യമായി ആ നിയമം രാജ്യത്ത് തത്വത്തില്‍ അംഗീകരിച്ചതും സര്‍ക്കാര്‍ ഉത്തരവ് പാസാക്കിയതും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അവകാശപ്പെടുന്നത് ഭക്ഷ്യഭദ്രതാ നിയമം എന്ന ട്രോജന്‍ കുതിരയെ അഴിച്ചുവിട്ട് ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ്. നിയമം തത്വത്തില്‍ അംഗീകരിച്ച് ഉത്തരവിറക്കിയെങ്കിലും നിയമത്തിലെ സംസ്ഥാന വിരുദ്ധ നിലപാടുകള്‍ അന്നത്തെ യുപിഎ സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാന്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യം നഷ്ടപ്പെടുത്തി. അഴിമതി ഗ്രസ്തമായ പൊതുവിതരണ രംഗം നിയന്ത്രിച്ചിരുന്ന ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ ഇഷ്ടങ്ങള്‍ക്കൊത്ത് നിയമം മൂന്നുവര്‍ഷം നടപ്പാക്കാതെ വലിച്ചുനീട്ടുകയും നിയമത്തിന്റെ മുന്നൊരുക്കങ്ങള്‍ പോലും നടത്താതെ പുതിയ സര്‍ക്കാരിന്റെ ചുമലില്‍ ഭാരിച്ച ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും ചെയ്ത യുഡിഎഫ് നേതൃത്വം കേരളത്തിലെ ജനങ്ങളോട് മാപ്പുപറയാന്‍ ബാധ്യതപ്പെട്ടിരിക്കുന്നു. പാഴാക്കിക്കളഞ്ഞ മൂന്നു വര്‍ഷംമൂലം സംസ്ഥാനത്തിന് മൂന്നു രൂപ നിരക്കിലും രണ്ടു രൂപ നിരക്കിലും പ്രതിവര്‍ഷം ലഭിക്കേണ്ടിയിരുന്ന 10.25 ലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ കൂടിയ നിരക്കായ 6.10 രൂപ നിരക്കിലും 5.40 രൂപ നിരക്കിലും വാങ്ങേണ്ടി വന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടവും കൈകാര്യ ചെലവിനത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ടിയിരുന്ന തുകയും കോടികളാണെന്ന വസ്തുത മറച്ചുവച്ചാണ് ഈ സര്‍ക്കാരിനെ പഴിപറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഭക്ഷ്യ മന്ത്രിക്ക് നിവേദനം നല്‍കിയപ്പോഴും നിയമസഭയില്‍ യോജിച്ച് പ്രമേയം പാസാക്കിയപ്പോഴും ബിജെപി അടക്കമുള്ള പ്രതിപക്ഷത്തോട് ആലോചിച്ചും ചര്‍ച്ച ചെയ്തുമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. സംസ്ഥാനത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തിലും ഇതുസംബന്ധിച്ചുള്ള വിശദാംശം അവതരിപ്പിച്ചിരുന്നു. കേരളത്തിലെ 3.34 കോടി ജനങ്ങള്‍ക്ക് അവകാശപ്പെട്ട ധാന്യവിതരണം തടസ്സപ്പെടുത്തി സ്വതന്ത്ര യൂണിയനില്‍പ്പെട്ട ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ അവര്‍ക്കുവേണ്ടി ഒത്താശ ചെയ്യുന്നതിനും കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിനുമാണ് ചില തല്‍പ്പര കക്ഷികള്‍ കേരളത്തില്‍ ശ്രമിച്ചത്. ക്രിയാത്മകമായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നു. സംസ്ഥാനത്തിന്റെ വിശാലമായ താല്‍പ്പര്യങ്ങള്‍ ഉള്‍ക്കൊണ്ട് യോജിച്ചുനില്‍ക്കാനും അഴിമതിമുക്തമായ പൊതുവിതരണ സംവിധാനത്തിലേക്ക് കേരളത്തെ നയിക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കാനും സംസ്ഥാനത്തിന് അര്‍ഹമായ ധാന്യവിഹിതം പുനഃസ്ഥാപിക്കാനും രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്നുകൊണ്ട് മുന്നോട്ടുവരണം *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം