malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

വരാനിരിക്കുന്നത് പ്രക്ഷോഭങ്ങളുടെ വര്‍ഷം

പ്രകാശ് കാരാട്ട്
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങളെ സംബന്ധിച്ച്് 2017 പിറക്കുന്നത് ശോകമൂകമായ അന്തരീക്ഷത്തിലാണ്. അവര്‍ക്ക് ജീവനോപാധി നഷ്ടപ്പെട്ടുവെന്നു മാത്രമല്ല കഠിനാധ്വാനത്തിലുടെ ലഭിക്കുമായിരുന്ന കൂലിയും ഇല്ലാതായിരിക്കുന്നു. ബാങ്കുകളിലെ ലഘുനിക്ഷേപമാകട്ടെ അവര്‍ക്ക് ലഭ്യമാകുന്നുമില്ല. നവംബര്‍ എട്ടിന് നരേന്ദ്രമോഡി നടത്തിയ അപ്രായോഗികമായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമാണ് അവര്‍ക്ക് വേദനയും വിഷമവും സമ്മാനിച്ചത്. പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള 50 ദിവസത്തെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോഴും അവരുടെ ദുരിതത്തിന് അന്ത്യമാകുന്ന ലക്ഷണമൊന്നുമില്ല. ജനങ്ങള്‍ക്കു നേരേയുള്ള പണയുദ്ധം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് പുതുവര്‍ഷം പിറക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതും പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കാതിരിക്കുകയും ചെയ്തത് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പുതന്നെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. 2016 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വ്യാവസായിക ഉല്‍പ്പാദനം 0.3 ശതമാനമായി കുറഞ്ഞു. കയറ്റുമതി പ്രതീക്ഷിച്ച നിലയിലേക്ക് ഉയരാത്തതിന്റെ ഫലമായി വ്യാപാരകമ്മി കുത്തനെ വര്‍ധിക്കുകയുമാണ്. രണ്ടുവര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പണത്തിന്റെ കുറവ് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചു. എല്ലാ മേഖലയിലും ഇടിവ് ദൃശ്യമാണ്. ഉപഭോക്തൃ ആവശ്യവും കുത്തനെ കുറഞ്ഞു. ഇതിന്റെയൊക്കെ ഫലമായി സാധാരണ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു. ഈ വര്‍ഷവും കശ്മീരിലെ പ്രതിസന്ധിക്ക് ഒരു ശമനവുമുണ്ടായില്ല. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലെങ്ങും പ്രതിഷേധം കത്തിപ്പടര്‍ന്നു. ഈ ജനകീയ പ്രതിഷേധത്തെ അതിക്രൂരമായാണ് സുരക്ഷാസേന നേരിട്ടത്. 85 പേരാണ് കൊല്ലപ്പെട്ടത്. അതിലധികവും യുവാക്കളും കുട്ടികളുമാണ്. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനാല്‍ നിരവധി യുവാക്കള്‍ അന്ധരാക്കപ്പെടുന്ന ഞെട്ടിക്കുന്ന സംഭവത്തിനും ലോകം സാക്ഷിയായി. ജമ്മു കശ്മീരിലെ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി രാഷ്ട്രീയ സംഭാഷണം ആരംഭിക്കണമെന്ന ആവശ്യത്തെ മോഡി മര്‍ക്കടമുഷ്ടിയോടെ നിരാകരിച്ചുവെന്നു മാത്രമല്ല ജനകീയ പ്രതിഷേധത്തെ ഭീകരവാദമായി ചിത്രീകരിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു. സെപ്തംബറില്‍ നിയന്ത്രണരേഖ കടന്ന് നടത്തിയ 'സര്‍ജിക്കല്‍ സ്ട്രൈക്കി'ലൂടെ ദേശീയവികാരം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. മോഡിയെ ശക്തനായ നേതാവാക്കി അവതരിപ്പിക്കാനാണ് ഇത് ഉപയോഗിച്ചത്. എന്നാല്‍, ഈ ആക്രമണത്തിന്റെ ഫലം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സര്‍ജിക്കല്‍ സ്ട്രൈക്കിന്റേത് സാങ്കല്‍പ്പികമായ വിജയം മാത്രമാണെന്ന് അതിനുശേഷം ബാരമുള്ളയിലും നഗ്രോട്ടയിലും നടന്ന ഭീകരവാദാക്രമണങ്ങള്‍ തെളിയിക്കുന്നു. ഭീകരവാദാക്രമണങ്ങള്‍ തടയുന്നതിന് പകരം സൈനികകേന്ദ്രങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങളും നിയന്ത്രണരേഖയിലൂടെയുള്ള അതിര്‍ത്തികടന്നുള്ള വെടിവയ്പും വര്‍ധിക്കുകയാണ്. 2016ല്‍ ജമ്മു കശ്മീരില്‍ മാത്രം 63 സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്. ഹിന്ദുത്വരീതിയിലുള്ള ദേശീയതയ്ക്ക് അതിന്റേതായ വിനാശകരമായ മുഖമുണ്ട്. പൌരന്റെ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്യ്രത്തിനും ക്ഷതമേല്‍പ്പിക്കുന്നതാണത്. 2016ന്റെ തുടക്കത്തില്‍ തന്നെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. രാഷ്ട്രീയ പ്രതിഷേധത്തെയും പ്രതിപക്ഷത്തെയും 'ദേശവിരുദ്ധര്‍' എന്ന് മുദ്രകുത്തുന്ന രീതി പോയവര്‍ഷം മൊത്തം തുടര്‍ന്നു. എഴുത്തുകാരെയും കലാകാരന്മാരെയും ഭീഷണിപ്പെടുത്തി അന്ധവിശ്വാസത്തില്‍ അധിഷ്ഠിതവും അയുക്തികവുമായ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം. ഗോഹത്യയെക്കുറിച്ചുള്ള വിഷലിപ്തമായ പ്രചാരണത്തിന്റെ ഭാഗാമയി 2015ല്‍ മുഹമ്മദ് അഖ്ലാക്കിനെ ക്രൂരമായി കൊലപ്പെടുത്തുകയും 2016ല്‍ ഗുജറാത്തിലെ ഉനയില്‍ ഗോ സംരക്ഷകര്‍ അഴിഞ്ഞാടുകയും ചെയ്തു. രോഹിത് വെമുലയുടെ മരണവും ഉനയിലെ ദളിത് ആക്രമണവുമാണ് ദളിത്-ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ദളിത്വിരുദ്ധ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ രാജ്യവ്യാപക പ്രസ്ഥാനത്തിന് കാരണമായത്. അമേരിക്കമായുള്ള ബന്ധം ആഴത്തിലുള്ളതാക്കാന്‍ മോഡി സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ത്യ അമേരിക്ക പ്രതിരോധ ചട്ടക്കൂട് കരാര്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയത് 2016ലാണ്. തുടര്‍ന്ന് സൈനിക സൌകര്യങ്ങള്‍ പരസ്പരം കൈമാറുന്ന (ലോജിസ്റ്റിക്കല്‍ സപ്ളൈ എഗ്രിമെന്റ്)കരാറിലും ഒപ്പുവച്ചു. ഇതിനുശേഷമാണ് ഇന്ത്യ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാകുമെന്ന പ്രഖ്യാപനമുണ്ടായത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ മോഡി ഈ അടിമബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഇതിന്റെ ഫലമായുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും ഇന്ത്യന്‍ ആഭ്യന്തരനയത്തിലും പ്രതിഫലിക്കും. പതിനഞ്ചുകോടി തൊഴിലാളികളും ജീവനക്കാരും പങ്കെടുത്ത സെപ്തംബര്‍ രണ്ടിന്റെ പണിമുടക്ക്, ബലപ്രയോഗത്തിലുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജാര്‍ഖണ്ഡിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും കര്‍ഷകരും ആദിവാസികളും നടത്തിയ പ്രക്ഷോഭം, ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, തൊഴിലുറപ്പു പദ്ധതിക്കും വനാവകാശ നിയമം നടപ്പാക്കുന്നതിനും റേഷനും വേണ്ടി നടന്ന എണ്ണമറ്റ സമരങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിനും അവര്‍ക്ക് തുല്യാവകാശം ഉറപ്പിക്കാനുമായുള്ള പ്രക്ഷോഭങ്ങള്‍, ദളിത് അവകാശങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്യ്രത്തിനുമെതിരെയുള്ള ഹിന്ദുത്വ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ എന്നിവയെല്ലാം പടിയിറങ്ങുന്ന വര്‍ഷത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍, വലതുപക്ഷ ആക്രമണത്തെ ചെറുക്കാന്‍ മാത്രം രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ഈ പ്രസ്ഥാനങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തരം സമരങ്ങള്‍ വരും വര്‍ഷങ്ങളില്‍ ശക്തിപ്പെടുത്തുകയും പുതിയ വിഭാഗങ്ങളിലേക്കും മേഖലകളിലേക്കും വ്യാപിപ്പിക്കുകയും വേണം. പ്രത്യേകിച്ചും നോട്ടുപ്രതിസന്ധിയുടെ ഫലമായി ജനങ്ങള്‍ കടുത്ത വിഷമങ്ങള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തില്‍. ലോകമെമ്പാടും വലതുപക്ഷ ശക്തികളും കുടിയേറ്റ വിദ്വേഷവും വര്‍ണവിവേചനവും വര്‍ധിച്ചു വരികയാണ്. ഇന്ത്യയിലാകട്ടെ ഈ പക്ഷത്തിന്റെ ആശയങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയവര്‍ അഴിഞ്ഞാടുകയാണ്. ഇത് സൂചിപ്പിക്കുന്നത് സ്വേഛാധിപത്യ സ്വഭാവവും ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കുനേരേയുള്ള വലതുപക്ഷ ആക്രമണങ്ങളും വര്‍ഗീയതയും വര്‍ധിക്കുമെന്നാണ്. ഈ ആക്രമണങ്ങളെ ചെറുക്കാനും ഒരു ബദല്‍ കെട്ടിപ്പടുക്കാനുമായി ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തികളെ യോജിപ്പിച്ച് അണിനിരത്തുകയാണ് ഏക പോംവഴി. വര്‍ഗസമരത്തിലുടെയും ജനകീയ സമരങ്ങളിലൂടെയും ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാരും നടപ്പാക്കുന്ന നയങ്ങള്‍ ഇടതു-ജനാധിപത്യ ബദലിന് സഹായകമാകും. ഇതോടൊപ്പം മോഡി സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയ നയങ്ങള്‍ക്കുമെതിരെ ജനങ്ങളെ അണിനിരത്തുകയും വേണം. 2017നെ കാത്തിരിക്കുന്നത് ഇത്തരം പ്രക്ഷോഭങ്ങളാണെന്ന് ജനവിരുദ്ധ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ഡിസംബര്‍ 29ന് കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി നടത്തിയ മനുഷ്യച്ചങ്ങല തെളിയിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം