malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

ദിശാബോധം നഷ്ടപ്പെട്ട്

സാജന്‍ എവുജിന്‍
അധികാരകാലാവധിയുടെ പകുതി പിന്നിട്ട മോഡിസര്‍ക്കാര്‍ ദിശാബോധം നഷ്ടപ്പെട്ട് ഉലയുന്ന കാഴ്ചയാണ് 2016 കടന്നുപോകുമ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ തെളിയുന്നത്. കശ്മീര്‍ കേന്ദ്രബിന്ദുവായ ഇന്ത്യ- പാക് ബന്ധംമുതല്‍ കറന്‍സി റദ്ദാക്കല്‍വരെയുള്ള ഗൌരവമായ വിഷയങ്ങളില്‍ മോഡിസര്‍ക്കാരിന് ഉറച്ചനിലപാട് എടുക്കാനായില്ല. ആഭ്യന്തരസമ്പദ്രംഗം തളര്‍ച്ചയിലാണ്. കാര്‍ഷിക- വ്യാവസായിക മേഖലകളിലും തിരിച്ചടി. ജമ്മു കശ്മീരും മണിപ്പുരും കലുഷമായി. വിദ്യാഭ്യാസമേഖലയുടെ കാവിവല്‍ക്കരണത്തിന് ശ്രമിക്കുന്ന സംഘപരിവാറിനെ രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും തിരസ്കരിച്ചു. ഇന്ത്യ- പാക് സമഗ്ര സംഭാഷണപ്രക്രിയ മുന്നോട്ടുനീക്കാന്‍ ആത്മാര്‍ഥശ്രമങ്ങള്‍ ഉണ്ടായില്ല. മണിപ്പുരില്‍ രണ്ടുമാസമായി തുടരുന്ന സാമ്പത്തിക ഉപരോധത്തില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ഐക്യ നാഗാ കൌണ്‍സിലിന്റെ ആഹ്വാനപ്രകാരമാണ് ഉപരോധം. സംസ്ഥാന ഭരണകക്ഷിയായ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയും പ്രശ്നം പരിഹരിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. മേക് ഇന്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. സ്വകാര്യമേഖലയില്‍ നിക്ഷേപവളര്‍ച്ച ഇടിഞ്ഞു. പ്രതിരോധനിര്‍മാണവും സംഭരണവും ഉള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കുന്നു. വ്യോമസേനയ്ക്ക് ആവശ്യമായ റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ മുഖ്യഗുണഭോക്താക്കള്‍ മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും കമ്പനികളാണ്. ഡിജിറ്റല്‍ പണമിടപാടിനെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും പൊതുമേഖല ബാങ്കുകള്‍ തഴയപ്പെടുന്നു. സ്വകാര്യകമ്പനികളുടെ ഏജന്‍സികള്‍ക്കാണ് സര്‍ക്കാരിന്റെ ഒത്താശ. പേടിഎം, ജിയോമണി എന്നിവയ്ക്ക് ലഭിക്കുന്ന പരിഗണന ഉദാഹരണം. അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും സര്‍ക്കാരുകളെ ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ബിജെപി നീക്കത്തിന് കോടതിവിധികള്‍ പ്രതിബന്ധമായി. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ തിരികെവന്നു. എന്നാല്‍, അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ ഒരാളൊഴികെ എല്ലാവരെയും കൂറുമാറ്റത്തിലൂടെ എന്‍ഡിഎ പാളയത്തില്‍ എത്തിച്ചു. കടുത്ത വര്‍ഗീയധ്രുവീകരണം അസമില്‍മാത്രം ബിജെപിയെ അധികാരത്തിലെത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം ആ സംസ്ഥാനത്ത് രാഷ്ട്രീയനാടകങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളാണ് മറ്റൊരു പ്രധാന സംഭവവികാസം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്ന് ഒഴിഞ്ഞുമാറുന്നു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പാണ് കറന്‍സി റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. ഇതേപ്പറ്റി പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ലോക്സഭയില്‍ ചര്‍ച്ചപോലും നടത്താതെയാണ് ആദായനികുതി നിയമഭേദഗതി ബില്‍ പാസാക്കിയത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം