malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ഇടതുപക്ഷം

സ്വാതന്ത്യ്രം തരൂ; ഭൂമി തരൂ

വി ബി പരമേശ്വരന്‍
സ്വാതന്ത്യ്രത്തിന്റെ എഴുപതാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ദളിതര്‍ സമൂഹത്തിന്റെ അടിത്തട്ടിലാണെന്ന യാഥാര്‍ഥ്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. സവര്‍ണജാതിക്കാരും രാജ്യം ഭരിക്കുന്നവരും അടിച്ചേല്‍പ്പിച്ച പിന്നോക്കാവസ്ഥയില്‍നിന്ന് മോചനംനേടാനുള്ള സമരങ്ങളുടെ വേലിയേറ്റവും 2016ന്റെ പ്രത്യേകതയാണ്. ദളിതര്‍ ഇന്നും അനുഭവിക്കുന്ന പൊള്ളുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ ആത്മഹത്യാകുറിപ്പില്‍ കോറിയിട്ട് രോഹിത് വെമുല എന്ന ഇരുപത്തേഴുകാരന്‍ ഗവേഷകന്‍ ജനുവരി 17ന് ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അത് മനുഷ്യനാകാനുള്ള ദളിതന്റെയും ആദിവാസിയുടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും വിമോചനത്തിനുള്ള കാഹളമായി. ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അവഗണനയും സഹിക്കാനാകതെയാണ് കാള്‍സാഗനാകാനുള്ള മോഹം ഹൃദയത്തിലൊതുക്കി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഈ ഗവേഷണവിദ്യാര്‍ഥി സ്വയം ജീവനൊടുക്കിയത്. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ താളത്തിനു തുള്ളുന്ന സര്‍വകലാശാലാ അധികൃതരും കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് നടത്തിയ വേട്ടയാടലിന്റെ ഇരയാകുകയായിരുന്നു ഗുണ്ടൂരിലെ ചേരികളില്‍ വളര്‍ന്ന ഈ ദളിത് വിദ്യാര്‍ഥി. അന്യവല്‍ക്കരണത്തിന്റെയും അസമത്വത്തിന്റെയും സിദ്ധാന്തമാണ് മതം മുന്നോട്ടുവയ്ക്കുന്നതെന്ന അംബേദ്കറുടെ സിദ്ധാന്തത്തില്‍ വിശ്വസിക്കുകയും അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്റെ നേതാവായി മാറുകയും ചെയ്തതാണ് സംഘപരിവാറിന്റെ കണ്ണില്‍ രോഹിത് വെമുല ചെയ്ത കുറ്റം. രോഹിത് ദളിതനല്ലെന്നു പറഞ്ഞ് ഇന്നും സംഘപരിവാര്‍ നടത്തുന്ന ആക്രമണം മനുഷ്യബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്തവരാണ് അവര്‍ എന്ന് വ്യക്തമാക്കുന്നു. ഹിന്ദുത്വത്തിന്റെ രൂക്ഷ വിമര്‍ശകനായ അംബേദ്കറുടെ അനുയായികളെ ശത്രുവായാണ് സംഘപരിവാര്‍ കരുതിയത്. എന്നാല്‍, രോഹിത് വെമുലയുടെ ജീവത്യാഗം വൃഥാവിലാകില്ലെന്ന് ഉറപ്പിച്ചു പറയാം. ജെഎന്‍യു ഉള്‍പ്പെടെയുള്ള ക്യാമ്പസുകളില്‍ സംഘപരിവാറിന്റെയും മോഡി സര്‍ക്കാരിന്റെയും നിയന്ത്രണങ്ങള്‍ക്കും കൈകടത്തലുകള്‍ക്കുമെതിരെ ശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭം ഉയര്‍ന്നുവന്നു. രോഹിത് വെമുലയെപ്പോലെ കനയ്യകുമാറും പ്രതിഷേധത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും ശബ്ദമായി മാറി. രോഹിതിന്റെ അമ്മ രാധിക വെമുലയും ഇന്ന് ദളിത് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലാണ്. സവര്‍ണമേലാളന്മാരും ഭൂസ്വാമിമാരും കെട്ടിപ്പൊക്കിയ ജാതിയുടെയും ഉച്ചനീചത്വത്തിന്റെയും വേലിക്കെട്ടുകള്‍ പൊട്ടിച്ചുകൊണ്ട് ദളിതര്‍ പുറത്തേക്ക് വരുന്ന ആവേശകരമായ ചരിത്രമാണ് ഗുജറാത്തിലെ ഉനയുടേത്. ഉന അത്യാചാര്‍ ലഡത് സമിതിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ദളിത് അസ്മിത (അഭിമാന) റാലിയും സ്വാതന്ത്യ്രപ്രഖ്യാപന സമ്മേളനവും ഈയൊരു സന്ദേശമാണ് നല്‍കിയത്. 'ഗായ് കി ലൂം ആപ് രഖോ, ഹമേ ഹമാരി ജമീന്‍ ദോ' (നിങ്ങള്‍ പശുവിന്റെ വാല്‍ എടുത്തോ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി നല്‍കൂ) എന്ന മുദ്രാവാക്യമാണ് ഉനയില്‍ കേട്ടത്. 'ഹമേ ചാഹിയേ ആസാദി; ഹമേ ചാഹിയേ ജമീന്‍' (ഞങ്ങള്‍ക്ക് സ്വാതന്ത്യ്രം തരൂ; ഞങ്ങള്‍ക്ക് ഭൂമിയും തരൂ) എന്ന മുദ്രാവാക്യവും ഉനയില്‍ ഉയര്‍ന്നു. ജൂലൈ 31ന് അഹമ്മദാബാദില്‍ ചേര്‍ന്ന ദളിത് മഹാസമ്മേളനത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍വച്ചാണ് ചത്തമൃഗങ്ങളെ മറവുചെയ്യില്ലെന്നും മാലിന്യങ്ങള്‍ നീക്കംചെയ്യില്ലെന്നുമുള്ള തീരുമാനം ദളിതര്‍ കൈക്കൊണ്ടത്. ആഗസ്ത് അഞ്ചിന് അഹമ്മദാബാദില്‍നിന്ന് തുടങ്ങി ആഗസ്ത് 15ന് ഉനയില്‍ സമാപിച്ച ദളിത് അസ്മിത റാലി അവസാനിക്കുമ്പോള്‍ പതിനായിരക്കണക്കിനു ദളിതരാണ് റാലിയില്‍ ഭാഗഭാക്കായത്. ഗുജറാത്തിലെ വിവിധ ജില്ലകളിലൂടെ 400 കിലോമീറ്ററാണ് ഈ ജാഥ സഞ്ചരിച്ചത്. ജാതിവ്യവസ്ഥയുടെ ഭാഗമായുള്ള ജോലി അവര്‍ ഇനിമുതല്‍ ചെയ്യില്ലെന്നും ജാഥ കടന്നുപോയ ഗ്രാമങ്ങളിലെ ദളിതര്‍ പ്രതിജ്ഞയെടുത്തു. ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു ഈ പ്രഖ്യാപനം. ചത്ത പശുവിന്റെ തോല് ഉരിക്കുന്നതിന്റെ പേരിലാണ് ജൂലൈ 11ന് ഗുജറാത്തിലെ ഉനയില്‍ നാല് ദളിത് യുവാക്കളെ സംഘപരിവാറുകാര്‍ പരസ്യമായി മര്‍ദിച്ചത്. ഈ സംഭവത്തിനെതിരെ ഗുജറാത്തിലെങ്ങും വന്‍ പ്രതിഷേധം ഉയരുകയും അത് ദളിത് അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമായി മാറുകയും ചെയ്തു. ജീവിതത്തിന്റെ അന്തസ്സ് വീണ്ടെടുക്കാന്‍ ബദല്‍ തൊഴില്‍ എന്ന മുദ്രാവാക്യവും ഇതോടൊപ്പം ഉയര്‍ന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം