malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ജാതിയില്ലാ വിളംബരത്തിന് ഇടതുപക്ഷ വ്യാജമുദ്ര

പി.എസ്. ശ്രീധരന്‍പിള്ള
നമുക്ക് ജാതിയില്ലാവിളംബരം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ചില തെറ്റായ കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്തിയിട്ടുണ്ട്. പ്രബുദ്ധ കേരളം മാസികയില്‍ 1915 ലെ മുക്ത്യാര്‍ രജിസ്ട്രാക്കി കിട്ടിയ അദ്വൈതാശ്രമത്തിലെ സ്വാമിജി പ്രബുദ്ധ കേരളത്തില്‍ നല്‍കിയ ഒരു പരസ്യമാണ് യഥാര്‍ത്ഥത്തില്‍ വിളംബരം എന്ന നിലയില്‍ സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തികാട്ടുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപര്‍ അക്കാലത്ത് കുമാരനാശാനായിരുന്നു. ഈ വിളംബരം എന്തുകൊണ്ട് വിവേകോദയത്തില്‍ പ്രത്യക്ഷപ്പെടാതെ പ്രബുദ്ധ കേരളത്തിന് നല്‍കിയെന്നതിന് പ്രസക്തിയുണ്ട്. അത്തരം കാര്യങ്ങളെകുറിച്ച് ശ്രീനാരായണീയ ഭക്തര്‍ ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. അതിലെ ഉള്ളടക്കത്തെ പൂര്‍ണ്ണമായി നിഷേധിക്കുന്നുമില്ല. സര്‍ക്കാര്‍ ചെലവിലും സിപിഎം നേതൃത്വത്തിലും ശ്രീനാരായണഗുരുദേവന്റെ ജാതിയില്ലാ വിളംബരം കേരളത്തില്‍ ആഘോഷിച്ചുവരികയാണ്. ശ്രീനാരായണഗുരുദേവന്‍ കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു. അതേപോലെ ആത്മീയ മാര്‍ഗ്ഗത്തില്‍ വിജയം കൈവരിച്ച സന്യാസിശ്രേഷ്ഠനുമായിരുന്നു. അദ്വൈത ദര്‍ശനത്തിലൂന്നി അദ്ദേഹം നടത്തിയ സാമൂഹ്യ സംരചനയില്‍ ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ ആധുനിക തലങ്ങള്‍കൂടി വികസിപ്പിച്ച് ഉള്‍പ്പെടുത്തിയിരുന്നു. ഗുരുദേവനെ ദൈവമായി കരുതിക്കൊണ്ട് ആരാധന നടത്തുന്നതിനെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം. സ്വാമി വിവേകാനന്ദനെ നവോത്ഥാനത്തിന്റെ വികൃതരൂപം എന്നു വിശേഷിപ്പിച്ച ചരിത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയതയെ കേരളത്തിലെ ജനങ്ങള്‍ നിരാകരിച്ചു എന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി 1954 ല്‍ വിലയിരുത്തിയിട്ടുള്ളത്. ഇപ്പോള്‍ ജാതിയില്ലാ വിളംബര ശതാബ്ദിയുടെപേരില്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതും ദുരുദ്ദേശ്യത്തോടെ യാഥാര്‍ത്ഥ വസ്തുതകളെ മാറ്റിമറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയുള്ളതുമായതുകൊണ്ടാണ് പലരും എതിര്‍ക്കുന്നത്. നമുക്ക് ജാതിയും മതവുമില്ലെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുമുള്ള ശ്രീനാരായണഗുരുവിന്റെ അഭിപ്രായങ്ങള്‍ പൊതുവെ ഹിന്ദുമത വിശ്വാസികള്‍ സ്വാഗതം ചെയ്യുന്നതാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രസ്തുത ആഹ്വാനങ്ങള്‍ക്കെതിരെ എപ്പോഴെങ്കിലും തിരിഞ്ഞതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നു എന്ന പേരില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കുനേരെ കുപ്രചാരണവും നിഴല്‍യുദ്ധവും നടത്താനാണ് സിപിഎമ്മും അവരുടെ സഹയാത്രികരായ എഴുത്തുകാരും ശ്രമിക്കുന്നത്. ഒരു ഹിന്ദുവിന് നാസ്തികനോ ആസ്തികനോ നൈഷ്ഠികനോ ആകാനുള്ള അവകാശം സനാതന ധര്‍മ്മം അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഹിന്ദുമത കാഴ്ചപ്പാടില്‍ ധര്‍മ്മാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭിന്ന വഴികളില്‍കൂടി സഞ്ചരിക്കാനും മോക്ഷപ്രാപ്തി കൈവരിക്കാനും വിശ്വാസികള്‍ക്ക് അവകാശമുണ്ട്. സെമിറ്റിക്ക് മതങ്ങള്‍ ഏകവഴി അവലംബിക്കുകയും അത് നിര്‍ബന്ധിതമാക്കുകയും ചെയ്യുമ്പോള്‍ ഭാരതീയ ദര്‍ശനം ‘ഏകം സത് വിപ്രാ ബഹുധാവദന്തി, സര്‍വ്വധര്‍മ്മ സമഭാവം, തുടങ്ങിയ കാഴ്ചപ്പാടുകളിലൂടെയാണ് സമാജസൃഷ്ടി നടത്തിയിട്ടുള്ളത്. വ്യാസ ഭഗവാന്‍ ‘കാണായതെല്ലാം പരബ്രഹ്മനിര്‍മ്മലബീജം’ എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവന്‍ ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന് ഉദ്‌ഘോഷിച്ചതും ഇതേ ഋഷി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഗുരുദേവന്‍ സന്യാസിയായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ ഉള്ളിലിരിപ്പ് ഗുരുദേവ ഭക്തിയല്ല, വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഗുരുവിനെ ആദ്ധ്യാത്മികതയില്‍നിന്നു വ്യതിരിക്തനാക്കി ചിത്രീകരിച്ച് അവതരിപ്പിക്കാനുള്ള ഗൂഢശ്രമമാണ്. സര്‍വ്വസംഗ പരിത്യാഗികളായ സന്യാസിമാരുടെ ജീവിതം ജാതിമത ചിന്തകള്‍ക്കുംകാലദേശങ്ങള്‍ക്കുമതീതമായി നിലകൊള്ളുന്ന ഒന്നാണ്. തന്റെ ചുറ്റുപാടുകളോടും സാമൂഹ്യ സാഹചര്യങ്ങളോടും സംസ്‌കൃതിയോടും ബന്ധപ്പെട്ട് എടുക്കാനൊന്നുമില്ല കൊടുക്കാനുമില്ല (അസ്വ, ഹേയ ഉപദേയതാനാഹി) എന്ന നിലപാട് സ്വീകരിച്ച സന്യാസിശ്രേഷ്ഠര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ നാടിനോടും സഹജീവികളോടുമുള്ള പ്രതിബദ്ധതയില്‍ ഊന്നിനിന്ന് ഹിന്ദു സന്യാസിമാരായി പ്രവര്‍ത്തിച്ചവരും ഒട്ടേറെയുണ്ട്. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരു ദേവനും മഹര്‍ഷി അരവിന്ദനുമൊക്കെ ഈ ‘ക്രിയാത്മാവാദികളായ’ സന്യാസിമാരുടെ പട്ടികയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. തങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ഋഷിപ്രോക്തമായ പൈതൃക മൂല്യ സന്യാസത്തിനൊപ്പം സാമൂഹ്യ നവോത്ഥാനവും അവരുടെ കര്‍മ്മപഥത്തിലുള്‍പ്പെട്ടിരുന്നു. അത്തരക്കാരെ പൊതു ഹിന്ദുസന്യാസി സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തി കാണാനുള്ള പ്രവണത ശരിയല്ല.ശ്രീനാരായണഗുരു 1908 ല്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക യോഗത്തിന് അയച്ചുകൊടുത്ത സന്ദേശത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ യോഗം സെക്രട്ടറിയെ എഴുതി അറിയിച്ചിട്ടുള്ളതില്‍ മത ഈശ്വര കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത് പ്രാധാന്യമര്‍ഹിക്കുന്നു. അതിപ്രകാരമാണ്: ”സ്വജനങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്‌ക്കാരത്തിന് ഉപയുക്തമായ താഴെപറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്ടിയില്‍ കൊണ്ടുവരികയും അവയെ നടപ്പില്‍വരുത്തുന്നതിന് യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഇതിനാല്‍ അറിയിക്കുന്നു. ”ക്ഷേത്രനിര്‍മ്മാണ വിഷയത്തില്‍ ഒരുന്മേഷം ഇപ്പോള്‍ പലേടത്തും കാണുന്നുണ്ട്. എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശ്യങ്ങളെ മുഴുവന്‍ സഫലമാക്കുന്നുണ്ടോ എന്നു നോക്കേണ്ടതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മതതത്വങ്ങളെ ജനങ്ങള്‍ക്ക് അറിവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.” ”ഈശ്വരമാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളേയും ശാസ്ത്രതത്വങ്ങളേയും ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളില്‍ എല്ലാം ക്ഷേത്രങ്ങളോടു സംബന്ധിച്ചു വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കണം. അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രാസംഗികന്മാരെ അയച്ചു കൂടെക്കൂടെ പ്രസംഗങ്ങള്‍ നടത്തണം.” (പേജ് 75 നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍ 1954) നമുക്ക് ജാതിയില്ലാവിളംബരം സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ചില തെറ്റായ കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്തിയിട്ടുണ്ട്. പ്രബുദ്ധ കേരളം മാസികയില്‍ 1915 ലെ മുക്ത്യാര്‍ രജിസ്ട്രാക്കി കിട്ടിയ അദ്വൈതാശ്രമത്തിലെ സ്വാമിജി പ്രബുദ്ധ കേരളത്തില്‍ നല്‍കിയ ഒരു പരസ്യമാണ് യഥാര്‍ത്ഥത്തില്‍ വിളംബരം എന്ന നിലയില്‍ സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തിക്കാട്ടുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപര്‍ അക്കാലത്ത് കുമാരനാശാനായിരുന്നു. ഈ വിളംബരം എന്തുകൊണ്ട് വിവേകോദയത്തില്‍ പ്രത്യക്ഷപ്പെടാതെ പ്രബുദ്ധ കേരളത്തിന് നല്‍കിയെന്നതിന് പ്രസക്തിയുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് ശ്രീനാരായണീയ ഭക്തര്‍ ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കും. അതിലെ ഉള്ളടക്കത്തെ പൂര്‍ണ്ണമായി നിഷേധിക്കുന്നുമില്ല. അക്കാലത്തെ സംഭവങ്ങളുടെ പേരില്‍ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ വഴിമരുന്നിടുന്നത് ആര്‍ക്കും ഗുണകരമല്ല. നിരീശ്വരവാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുള്ള സിപിഎം എന്ന കേഡര്‍ പാര്‍ട്ടി ന്യൂനപക്ഷ വോട്ടുകള്‍ക്കുവേണ്ടി ആശയത്തെയും രാഷ്ട്രീയ മര്യാദകളെയും കാറ്റില്‍ പറത്തിയ ചരിത്രമുള്ളവരാണ്. ഗുരുദേവനെയും അദ്ദേഹത്തിന്റെ മഹത്തായ ദര്‍ശനങ്ങളെയും രാഷ്ട്രീയ നേട്ടത്തിനുള്ള ഇന്ധനമാക്കുന്നത് നിരുത്സാഹപ്പെടുത്തുകതന്നെവേണം. സിപിഎം വ്യക്തമായ അജന്‍ഡയോടുകൂടി തന്നെയാണ് ശ്രീനാരായണ ഗുരുദേവനോട് ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിലപാട് സ്വീകരിച്ചുവരുന്നത്. ഗുരുദേവന്റെ നാല് ഡസനിലധികം വരുന്ന സാഹിത്യകൃതികളെല്ലാം ഹിന്ദുധര്‍മ്മത്തിന്റെയും തന്ത്രശാസ്ത്രത്തിന്റെയും വേദോപനിഷത്തുകളുടെയും പശ്ചാത്തലത്തില്‍ രചന നടത്തിയ മഹത് സൃഷ്ടികളാണ്. മഹത്തായ ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ ആധുനിക തലങ്ങളാണ് സ്വാമിജിയിലൂടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. സ്വാമിജി എസ്എന്‍ഡിപി യോഗത്തിന്റെ പ്രചാരകന്മാരായി നിശ്ചയിക്കപ്പെട്ടവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഇപ്രകാരം ഉപദേശം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ”ഉത്തമരീതിയില്‍ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മാഹാത്മ്യത്തേയും ശുദ്ധഹിന്ദുമതത്തിന്റെ സഗുണനിര്‍ഗ്ഗുണതത്വങ്ങളേയുംപറ്റി പ്രസംഗിക്കുക, ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളോ മഠങ്ങളോ നിര്‍മ്മിക്കുന്നതില്‍ ജനങ്ങളെ ബുദ്ധിപൂര്‍വ്വം പ്രേരിപ്പിക്കുക, എന്നാല്‍, ഗര്‍ഹ്യമോ ക്ഷോഭജനകമോ ആയ വിധത്തില്‍ പരമതദൂഷണം ചെയ്യാന്‍ പാടില്ലാത്തതുമാകുന്നു. (പേജ് 283 – നാരായണഗുരു – പി.കെ.ബാലകൃഷ്ണന്‍ 1954) മതത്തിന്റെ സാമാന്യ തത്വങ്ങളെ ജനസാമാന്യത്തിനുപദേശിക്കുകയും ക്ഷേത്രാധിഷ്ഠിത ആരാധനാക്രമങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുകയും ഈശ്വരഭക്തി പ്രചരിപ്പിക്കാന്‍ നേരിട്ടും തന്റെ പ്രചാരകന്മാര്‍ വഴിയും ശ്രമിച്ച ഒരു മഹാത്മാവിനെ ഹിന്ദു മതവുമായി ബന്ധപ്പെട്ട ആളല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ സത്യവിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണ്. സ്വാമി ബ്രഹ്മവ്രതന്റെ മകനും കമ്യൂണിസ്റ്റ് കേഡറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച പ്രബുദ്ധതയുള്ള എഴുത്തുകാരനുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ ഈയടുത്ത കാലത്ത് ഒരു ആനുകാലികത്തിന് നല്‍കിയ ആഭിമുഖ്യത്തില്‍ കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ ഒരു പ്രവര്‍ത്തകന്‍ ഏത് രംഗത്തും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ സാമൂഹ്യ പ്രശ്‌നങ്ങള്‍ കടത്തിവിടത്തക്കവിധം പഴുത് കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നുണ്ട്. ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നതിപ്രകാരമാണ്. ”വിപ്ലവസഹിത്യം, വിപ്ലവ കാലഘട്ടത്തില്‍ മാത്രമേ ഉണ്ടാകൂ. ആ കാലഘട്ടത്തിലേക്കു സമൂഹം വളരണമെങ്കില്‍ ജനമനസ്സുകളില്‍ തലമുറകളായി കുടിപാര്‍ക്കുന്ന പിന്‍തിരിപ്പന്‍ ആശയാദര്‍ശങ്ങളെ ഇടിച്ചുപൊളിച്ചു കളയേണ്ടതുണ്ട്. ഏതു കമ്യൂണിസ്റ്റും അറിഞ്ഞിരിക്കേണ്ട ഒരു പ്രാഥമിക പാഠമാണിത്. ആശാന്റെ ദുരവസ്ഥ മാര്‍ക്്‌സിസ്റ്റ് കാഴ്ചപ്പാടില്‍ അപഗ്രഥിക്കാവുന്ന പുസ്തകമാണ്. പക്ഷെ നളിനിയില്‍ ആദ്ധ്യാത്മികതയാണ് ദര്‍ശനം. ദുരവസ്ഥപോലെയുള്ള കൃതികളെക്കുറിച്ച് എഴുതുന്നിടത്താണ് മാര്‍ക്‌സിയന്‍ ദൃഷ്ടി എന്നതുകൊണ്ടുതന്നെ നളിനിയെക്കുറിച്ച് എഴുതുമ്പോഴും സാമൂഹ്യ പ്രശ്‌നങ്ങള്‍ അതില്‍ കടത്തിവിടാനുള്ള പഴുത് കണ്ടെത്തുന്നിടത്താണ് ശരിക്കും പുരോഗമന എഴുത്തുകാരന്റെ ധര്‍മ്മം പ്രവര്‍ത്തിക്കുന്നത്.” (മതേതരം വാര്‍ഷികപ്പതിപ്പ് 2016) ഏതുമേഖലയിലും കമ്യൂണിസം കടത്തിവിടലും ഇടം നേടിയെടുക്കലും അവരുടെ പ്രഖ്യാപിത നയമായിരിക്കെ ഗുരുദേവകാര്യത്തിലും അവര്‍ ഇതേ നയവും കുതന്ത്രവുമാണ് പ്രയോഗിച്ചത്. ശ്രീനാരായണഗുരുദേവനെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് മാത്രമായി ഒതുക്കി നിര്‍ത്താനാണ് ഇഎംഎസിന്റെ കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചിട്ടുള്ളത്. ഗുരു ജന്മശതാബ്ദി ആഘോഷവേളയില്‍ ഇഎംഎസ് എഴുതിയ ലേഖനത്തില്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരുദേവന്‍ വിതച്ചത് ആദ്ധ്യാത്മികതയുടെ വിത്തായിരുന്നുവെങ്കിലും അത് ഫലമായപ്പോള്‍ സാമൂഹ്യ രാഷ്ട്രീയ വിളയായി മാറുകയാണുണ്ടായതെന്ന് ഇഎംഎസ് തുറന്നെഴുതിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെയും മതങ്ങളുടെയും അടിത്തറയാണ് ഗുരുസ്വാമികള്‍ ഇട്ടതെങ്കിലും അത് ഫലവത്തായില്ലെന്ന് ഇക്കൂട്ടര്‍ 1950 കളില്‍ പ്രചരിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ സൃഷ്ടിച്ച ആത്മീയ നവോത്ഥാന ഉദ്യമങ്ങളെ അട്ടിമറിക്കാനാണ് കമ്യൂണിസം ഇവിടെ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ കേരളീയ ജനസമൂഹത്തില്‍ ഗുരുദേവ ചിന്തകളുടെ സ്വാധീനശക്തിയും പിന്തുണയും വര്‍ദ്ധിച്ച ഇന്നത്തെ സാഹചര്യത്തില്‍ അത് മുതലെടുക്കാനുള്ള കുത്സിത ശ്രമമാണ് സിപിഎമ്മും കേരള ഭരണകൂടവും നടത്തുന്നത്. രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി ഗുരുദേവനെ വിവാദങ്ങളില്‍ കെട്ടിയിടാനുള്ള സിപിഎം ശ്രമം എതിര്‍ക്കപ്പെടുകതന്നെ വേണം. ‘അറിവുമാത്മാവും ജ്വലിപ്പിച്ചുയര്‍ത്താന്‍ സാമൂഹ്യതിന്മയെ ഇല്ലാതെയാക്കുവാന്‍ ആത്മോപദേശമാര്‍ഗ്ഗം കാട്ടിയ ഗുരുവിന്‍ ജാതിചോദിച്ചുകൊമ്പുകോര്‍ക്കല്ലെ നമ്മള്‍’ പി.എസ്.വെണ്‍മണി എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കവിതയിലെ ഈ നാലുവരികള്‍ ഗുരുവിന്റെപേരില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഉള്‍ക്കൊള്ളട്ടെയെന്നു പ്രാര്‍ത്ഥിക്കാം. psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം