malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ക്രിസ്മസ് : പതിതരോടുള്ള പക്ഷംചേരല്‍

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
യഥാര്‍ഥ ക്രിസ്മസും ഇന്ന് നാം കാണുന്ന പല ക്രിസ്മസ് ആഘോഷങ്ങളും തമ്മില്‍ വലിയ വിടവുണ്ട്. യേശുക്രിസ്തുവിന്റെ ജനനം നടന്നത് മനുഷ്യാവകാശലംഘനങ്ങളുടെയും അനീതിയുടെയും അധാര്‍മികതയുടെയും ക്രൂരമായ ഭൂമികയിലായിരുന്നു. കച്ചവടവല്‍ക്കരിക്കപ്പെട്ട ആധുനിക ആഘോഷങ്ങള്‍ നമുക്ക് വരച്ചുകാട്ടുന്ന സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും പശ്ചാത്തലത്തില്‍ ആയിരുന്നില്ല യേശുവിന്റെ ജനനം. വിശ്വപ്രസിദ്ധമായ കാരള്‍ ഗാനം സൂചിപ്പിക്കുന്നതുപോലെയുള്ള ഒരു “നിശ്ശബ്ദരാത്രി” ആയിരുന്നില്ല യേശു പിറന്ന രാത്രി. ക്രൂരമായ മനുഷ്യാവകാശലംഘനം നടമാടിയ രാത്രിയായിരുന്നു അത്. മനുഷ്യാവകാശത്തില്‍ സുപ്രധാനമായത് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമാണ്. ഇവ മൂന്നും നിഷേധിക്കപ്പെട്ടവനായാണ് യേശു ഭൂമിയിലേക്ക് കടന്നുവരുന്നത്. ദരിദ്രകുടുംബത്തിലാണ് യേശു ജനിച്ചത്. പിതാവായ യൌസേഫ് തൊഴിലാളി ആയിരുന്നു. ഡിസംബറിലെ മഞ്ഞുള്ള രാത്രിയില്‍ നവജാതശിശുവിന് നല്ല കമ്പിളിവസ്ത്രം വേണമെന്നിരിക്കെ കീറത്തുണിയില്‍ പൊതിയപ്പെട്ടുകിടക്കുന്ന യേശു എന്ന ശിശു ഉടുതുണിക്ക് മറുതുണി ഇല്ലാത്ത ദരിദ്രരുടെ പ്രതിനിധിയാണ്. പിറക്കുവാന്‍ ഭവനങ്ങളും സത്രങ്ങളും വഴിയമ്പലങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ പിറവിക്കായി പശുത്തൊഴുത്തിനെ അഭയം പ്രാപിക്കേണ്ടിവന്ന യേശു ഭവനരഹിതരുടെയും ഭൂരഹിതരുടെയും പ്രാഗ്രൂപമായിരുന്നു. ഈ അര്‍ഥത്തില്‍ ക്രിസ്മസ് അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളുടെ ഓര്‍മപ്പെടുത്തലാണ്. ജീവന് അവശ്യംവേണ്ട അപ്പവും വസ്ത്രവും ഭവനവും നിഷേധിക്കപ്പെടുന്നവരോടുള്ള ഏകീഭാവമായിരുന്നു യേശുവിന്റെ പിറവിയെങ്കില്‍ സാര്‍ഥകമായി ക്രിസ്മസ് ആഘോഷിക്കേണ്ടത് മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന ദരിദ്രരോടും പതിതരോടും മര്‍ദിതരോടും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ടാകണം. റോമാ സാമ്രാജ്യത്വത്തിന്റെ വാഴ്ചയുടെ കാലത്താണ് യേശുവിന്റെ ജനനം. മര്‍ദിതരുടെയും പീഡിതരുടെയും വിമോചകനാണ് പിറവി എടുത്തത് എന്നറിഞ്ഞ ചക്രവര്‍ത്തി, യേശു എന്ന ജനങ്ങളുടെ രാജാവ് തങ്ങളുടെ അധീശത്വതാല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകും എന്ന തിരിച്ചറിവില്‍ യേശുവിനെ കൊല്ലാന്‍ പദ്ധതി ഒരുക്കി. ആ ഗൂഢപദ്ധതിയില്‍ യേശു എന്ന പൈതലിനെ കൊല്ലാന്‍ സാമ്രാജ്യശക്തികള്‍ക്ക് സാധിച്ചില്ലെങ്കിലും ആയിരക്കണക്കിന് ശിശുക്കളുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. സാമ്രാജ്യത്വശക്തികള്‍ എല്ലാ കാലത്തും തങ്ങള്‍ക്ക് ഭീഷണിയാകാവുന്ന ജനകീയരായ വിമോചകനേതാക്കളെ നിഗ്രഹിക്കാന്‍ശ്രമിച്ചിട്ടുണ്ട്. സമകാലിക ലോകചരിത്രത്തില്‍ നെല്‍സണ്‍ മണ്ടേലയെയും ഫിദല്‍ കാസ്ട്രോയെയും അപായപ്പെടുത്താന്‍ അമേരിക്കയുടെ നേതൃത്യത്തില്‍ സാമ്രാജ്യത്വശക്തികള്‍ ശ്രമിച്ച് പരാജയപ്പെട്ടതും അത്തരം ശ്രമങ്ങളാല്‍ നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ ബലികൊടുക്കേണ്ടിവന്നതും ക്രിസ്മസ് സംഭവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. യേശുപിറന്ന ബേത്ലഹേം ഇന്ന് ഒരു പുതിയ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിലാണ്. പലസ്തീന്‍കാരുടെ മാതൃഭൂമി ഇന്ന് ഇസ്രയേല്‍ എന്ന ആധുനികരാജ്യം തങ്ങളുടെ കോളനിയാക്കി ഭരിക്കുകയാണ്. പലസ്തീന്‍ ജനതയുടെ ഭൂമിയും വിഭവങ്ങളും ഇസ്രയേല്‍ കൈയടക്കി. സാമ്രാജ്യത്വമൂല്യങ്ങളെ ഇല്ലാതാക്കി നീതിയും സമാധാനവും ലഭ്യമാക്കാന്‍ ഈ ലോകത്തില്‍ അവതരിച്ച യേശുക്രിസ്തുവിന്റെ ജന്മസ്ഥലംപോലും പുതിയ സാമ്രാജ്യത്വത്തിന്റെയും നവ കൊളോണിയലിസത്തിന്റെയും ഭൂമികയായിമാറി. ഇത്തരം അധിനിവേശ ശക്തികള്‍ക്കും സംസ്കാരങ്ങള്‍ക്കും എതിരെയുള്ള ജനകീയപ്രതിരോധമായി ക്രിസ്മസ് ആഘോഷംമാറണം. നവജാതശിശുവായ യേശുവിനെ സാമ്രാജ്യത്വത്തിന്റെ വാള്‍മുനയില്‍നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കളായ യൌസേഫിനും മറിയക്കും മകനെയുംകൊണ്ട് ഈജിപ്തിലേക്ക് പലായനംചെയ്യേണ്ടിവരുന്നു. സ്വന്തം നാട്ടില്‍ അഭയാര്‍ഥിയായി കഴിയേണ്ടിവരുന്നവരുടെയും ആഭ്യന്തരയുദ്ധങ്ങള്‍മൂലവും ജാതി, മത, വര്‍ണവൈരങ്ങളുടെപേരിലും സ്വന്തം നാട്ടില്‍നിന്ന് അഭയംതേടി മറ്റ് രാജ്യങ്ങളിലേക്ക് പലായനംചെയ്യാന്‍ വിധിക്കപ്പെടുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെയും പ്രതിനിധിയും പ്രതീകവുംകൂടിയാകുന്നു യേശു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ട്രംപ് രാജ്യത്തിന്റെ അതിര്‍ത്തികളെല്ലാം കൂറ്റന്‍ മതില്‍ കെട്ടി മറ്റ് രാജ്യങ്ങളിലെ ജനങ്ങളില്‍നിന്ന് അമേരിക്കയെ സംരക്ഷിക്കും എന്നു പറഞ്ഞതും ഇസ്രയേല്‍, പലസ്തീനില്‍ അധിനിവേശത്തിന്റെ കൂറ്റന്‍ മതില്‍ ഉണ്ടാക്കിയതും ജാതിയുടെയും വര്‍ണത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും ഒക്കെ പേരില്‍ സമൂഹത്തില്‍നിന്നും രാജ്യങ്ങളില്‍നിന്നും പള്ളികളില്‍നിന്നും മനുഷ്യരെ ബഹിഷ്കരിക്കുന്നതുമെല്ലാം യേശുവിന് പിറക്കാന്‍ ഇടം നിഷേധിച്ചതിന്റെ കാലിക ആവിഷ്കാരങ്ങള്‍. ഇത്തരം വിവേചനത്തിന്റെ മതിലുകള്‍ തകര്‍ത്ത് അതിന്റെ സ്ഥാനത്ത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഒരുമയുടെയും പാലം രൂപപ്പെടുമ്പോഴാണ് അര്‍ഥവത്തായ ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. ക്രിസ്മസ് പങ്കിടലിന്റെ പെരുന്നാളാണ്. സ്ഥിതിസമത്വമായിരുന്നു യേശുവിന്റെ സാമൂഹികദര്‍ശനം. തന്റെ കൈയില്‍ ലഭിച്ചതെല്ലാം പങ്കിട്ട് കൊടുത്ത യേശു വിഭവങ്ങള്‍ പങ്കിട്ട് തുല്യമായി അനുഭവിക്കണം എന്ന് ജനങ്ങളെ പഠിപ്പിച്ചു. അഞ്ച് അപ്പവും രണ്ട് മീനുംകൊണ്ട് അയ്യായിരത്തിലധികം വരുന്ന ജനസഞ്ചയത്തിന് തൃപ്തി വരുത്തിയ അടയാളത്തിന്റെ പിന്നിലെ യഥാര്‍ഥ അത്ഭുതം വിഭവങ്ങളുടെ തുല്യമായ പങ്കിടല്‍ ആയിരുന്നു. ഒരു സംഭവകഥ ഇവിടെ പങ്ക് വയ്ക്കട്ടെ. കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ ജനഹൃദയങ്ങളില്‍ വിശുദ്ധ അമ്മയായിത്തീര്‍ന്ന മദര്‍ തെരേസ ഒരിക്കല്‍ ഒരു സഞ്ചി നിറയെ അരി ശേഖരിച്ച് ദരിദ്രയും വിധവയുമായ ഒരു അമ്മയുടെ കുടിലില്‍ എത്തി. പട്ടിണി അനുഭവിക്കുന്ന ആ അമ്മയ്ക്ക് മദര്‍ തെരേസ അരി നല്‍കി. സ്നേഹപൂര്‍വം നന്ദി അറിയിച്ച് ആ സ്ത്രീ സമ്മാനം സ്വീകരിച്ചു. അടുത്തുണ്ടായിരുന്ന മകനെ വിളിച്ചിട്ട് ഒരു പാത്രം എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മകന്‍ കൊണ്ടുവന്ന പാത്രത്തിലേക്ക് അരി പകുതി പകര്‍ന്നിട്ട് അത് മകന്റെ കൈയില്‍ കൊടുത്ത് അടുത്ത വീട്ടിലേക്ക് അയച്ചു. അരിയുമായി മകനെ എവിടേക്കാണ് പറഞ്ഞയച്ചത് എന്ന് മദര്‍ തെരേസ ചോദിച്ചപ്പോള്‍ ആ പാവപ്പെട്ട സ്ത്രീ പറഞ്ഞു: എന്റെ അയല്‍പക്കത്തെ കുടിലില്‍ താമസിക്കുന്നത് എന്നെപ്പോലെ ഒരു വിധവയാണ്. എനിക്ക് രണ്ട് മക്കളേ ഉള്ളൂ. അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. ഇവിടത്തേക്കാള്‍ ദാരിദ്യ്രമാണ് അവിടെ. അതുകൊണ്ട് അരിയുടെ പകുതി ആ അമ്മയ്ക്ക് കൊടുക്കാതിരിക്കാന്‍ മനസ്സ് അനുവദിച്ചില്ല എന്ന് പറഞ്ഞപ്പോള്‍ മദര്‍ തെരേസയുടെ കണ്ണ് നിറഞ്ഞു. ഒന്നുമില്ലായ്മയിലും ലഭിക്കുന്നത് പങ്കുവയ്ക്കാനുള്ള ആ അമ്മ മനസ്സാണ് ക്രിസ്തുമനസ്സ്. ഈ ക്രിസ്തുമനസ്സ് ഇല്ലാതെ ക്രിസ്മസ് യഥാര്‍ഥ ആഘോഷമാകുന്നില്ല. ക്രിസ്മസിന്റെ സാമൂഹികമാനത്തോടൊപ്പം പ്രാധാന്യവും പ്രസക്തിയും ഉള്ളതാണ് അതിന്റെ പാരിസ്ഥിതികമാനവും. യേശുക്രിസ്തു ഈ ലോകത്തില്‍ അവതരിച്ചത് ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സാധ്യമാക്കാനാണ.് പ്രകൃതിപരമായ ചുറ്റുപാടിലാണ് യേശുവിന്റെ പിറവി. കാലിത്തൊഴുത്തും മൃഗങ്ങളും വയ്ക്കോലും ആട്ടിടയന്മാരും എല്ലാം യേശുക്രിസ്തുവിന്റെ പ്രകൃതിയോടുള്ള ഏകീഭാവം സൂചിപ്പിക്കുന്നു. മനുഷ്യന്റെയും മണ്ണിന്റെയും വിമോചനത്തിനാണ് യേശു അവതരിച്ചത്. എന്നാല്‍, വൈരുധ്യം എന്നുപറയട്ടെ, ക്രിസ്മസ് ആഘോഷങ്ങളില്‍പോലും പരിസ്ഥിതിക്ക് ആഘാതം ഏല്‍പ്പിക്കാന്‍ മനുഷ്യന് മടിയില്ല. ക്രിസ്മസ് ട്രീ ഉണ്ടാക്കാന്‍ മരംമുറിക്കാന്‍ മനഃസ്സാക്ഷിക്കുത്തില്ലാത്ത മനുഷ്യര്‍ മരം വച്ചുപിടിപ്പിച്ച് ക്രിസ്മസ് ആഘോഷിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെയ്യുന്ന വന്‍കിട ദീപാലങ്കാരങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തികദുര്‍വ്യയവും ഊര്‍ജവ്യയവും ഗൌരവമായി എടുക്കണം. അമിതമായി പണം ചെലവഴിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ ജീവനും അന്തരീക്ഷത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ പരവൂര്‍പോലെയുള്ള ദുരന്തങ്ങള്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. മദ്യത്തിന്റെയും ലഹരിയുടെയും തിമിര്‍പ്പില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, ആഡംബരങ്ങളിലും ധൂര്‍ത്തിലും ലഹരിയിലും ക്രിസ്മസിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ, ക്രിസ്തു പിറവിമുതല്‍ കുരിശുമരണംവരെയും ആരുമായി താദാമ്യംപ്രാപിച്ചുവോ ആ പതിതരിലേക്കും പ്രാന്തസ്ഥിതരിലേക്കും പ്രകൃതിയിലേക്കും ഇറങ്ങിച്ചെന്ന് അവരുമായി ഏകീഭവിച്ച് ക്രിസ്മസ് ജനകീയമാക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഏവര്‍ക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളങ്ങള്‍ നേരുന്നു (യാക്കോബായ സഭ നിരണം ഭദ്രാസനാധിപനും കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റുമാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം