malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

എന്നെ തല്ലേണ്ടമ്മാവാ

കെ. കുഞ്ഞിക്കണ്ണന്‍
കടകംപള്ളിയുടെ ഓഫീസിലെ വിവരങ്ങള്‍ ശ്രീവത്സകുമാര്‍ വഴി ശിവന്‍കുട്ടിയിലെത്തുന്നു എന്ന സംശയവും പുറത്താക്കലിനു പിന്നിലുണ്ട്. മന്ത്രിമാരുടെ സ്റ്റാഫുകള്‍ മന്ത്രി ചമയുന്നു എന്ന പരാതി ഉയരവെ ഈ മാസം 29 ന് സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ അഴിമതിക്കാര്‍ മാത്രമല്ല കൊടുംകുറ്റവാളികള്‍വരെ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഭരണപരിഷ്‌ക്കാര കമ്മിറ്റി ചെയര്‍മാനാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. ‘ബിരിയാണി ചെമ്പില്‍ കഞ്ഞിവച്ചു’ എന്നുപറഞ്ഞതുപോലെ അച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിച്ചത് വെറുമൊരു എംഎല്‍എയായി സഭയിലിരിക്കാനല്ല. മുഖ്യമന്ത്രിയാകാമെന്ന ഉറച്ച ധാരണയോടെ തന്നെയായിരുന്നു. ആ നിലയില്‍ നാടാകെ പ്രസംഗിച്ചു. അച്യുതാനന്ദനായിരിക്കില്ല ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി എന്നാരും പറയാതിരുന്നപ്പോള്‍ വിഎസ് വിശ്വസിച്ചത് സംഭവിക്കുമെന്ന് കരുതി. ‘പാലം കടക്കുവോളം നാരായണ’ എന്നപോലെ ഇടതിന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സംഗതികളാകെ കുഴഞ്ഞു. അച്യുതാനന്ദനെ ‘ഫിഡില്‍ കാസ്‌ട്രോ’ ആക്കി പിണറായി വിജയന്‍ മുഖ്യമന്ത്രിയുമായി. പെണ്ണുകാണാനെത്തിയവരുടെ മുന്നില്‍ സുന്ദരിയായ അനിയത്തിയെ അണിയിച്ചൊരുക്കി. കല്യാണപ്പന്തലില്‍ ചേട്ടത്തിയെ കൊണ്ടിരുത്തി എന്ന പോലെ. മുഖ്യപദവി നഷ്ടപ്പെട്ട വി.എസിന് വച്ചുനീട്ടിയ പദവിക്ക് ചേരുന്ന കസേരപോലും അനുവദിച്ചില്ല. അതിലെ അമര്‍ഷം പുകഞ്ഞ് തുളുമ്പിക്കൊണ്ടിരിക്കുന്നു. അച്യുതാനന്ദനെ മൂലക്കിരുത്തി മുഖ്യമന്ത്രിയായ പിണറായി വിജയന് തുടക്കത്തിലേ പിഴച്ചു. എല്ലാം ശരിയാക്കാന്‍ ഉറപ്പുനല്‍കിയ ജനങ്ങളുടെ മുന്നില്‍ ഉളുപ്പില്ലാതെ നില്‍ക്കുകയാണിപ്പോള്‍ പാര്‍ട്ടി. വിശ്വസ്തരായ രണ്ട് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളുടെ ചേലല്ലാത്ത പെരുമാറ്റം മുഖ്യമന്ത്രിക്കുണ്ടാക്കിയ മാനക്കേട് പറയേണ്ടതില്ല. അതിലൊരാള്‍ മന്ത്രിയും മറ്റൊരാള്‍ എംപിയുമാകുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടി. മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നു. എംപിയാകട്ടെ തലയില്‍ തട്ടമിട്ടാണിപ്പോള്‍ നടക്കുന്നത്. പിടിച്ചതിനേക്കാള്‍ വലുത് മാളത്തില്‍ എന്നുപറഞ്ഞപോലെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ ഒതുക്കിയപ്പോള്‍ ഇതാ പിബി അംഗങ്ങള്‍ തന്നെ മുഖ്യമന്ത്രിക്കെതിരായിവരുന്നു. നാട്ടുകാരും സ്വന്തം സഖാക്കളും സൈ്വരം കെടുത്തിയപ്പോള്‍ സഖാവ് വിമാനം കയറി. വച്ചുപിടിച്ചു ദുബായിലേക്ക്. രണ്ടുമൂന്നുദിവസം ആരുടെ ചോദ്യത്തിനും ഉത്തരം നല്‍കേണ്ടതില്ല. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതൊന്നിനും ഉത്തരവാദിയും ആകേണ്ട. സ്വജനപക്ഷപാതം വച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാരെ നിലയ്ക്കുനിര്‍ത്തും. മൂന്നാംമുറ അനുവദിക്കില്ല. എല്ലാവര്‍ക്കും നീതി എന്നെല്ലാം വിളിച്ചുപറഞ്ഞ പിണറായി വിജയനെ സ്വന്തം പ്രസ്താവനകള്‍ വേട്ടയാടുകയാണ്. സ്വജനപക്ഷപാതം മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ നിന്നുതുടങ്ങിയെന്ന പാര്‍ട്ടിക്കകത്ത് സംസാരം തുടങ്ങിയത് ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും പിടിക്കപ്പെട്ടപ്പോഴാണ്. സ്വജനരക്ഷക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കാനും മെനക്കെട്ടുതുടങ്ങി. ഇ.പി.ജയരാജനെ രാജിവയ്പിക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രി ആരോപണം പേറുന്ന മന്ത്രിയെ എന്തിന് തുടരാന്‍ അനുവദിക്കുന്നു എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു. കടകംപള്ളിയും കോഴയും തമ്മിലെന്ത് എന്ന് ജയിലില്‍ കിടക്കുന്ന മണിച്ചനോട് ചോദിച്ചാല്‍ മണിമണിയായി ഉത്തരം കിട്ടും. പാര്‍ട്ടി അന്വേഷിച്ച് മാറ്റിവച്ച റിപ്പോര്‍ട്ട് പാര്‍ട്ടിക്കാര്‍ തന്നെ പുറത്തെടുക്കുമോ എന്നറിയാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല. മോന്തായം വളഞ്ഞാല്‍ ബാക്കിയെല്ലാം എന്നുപറഞ്ഞപോലെയായി കടകംപള്ളി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ കാര്യം. കടകംപള്ളിയുടെ കള്ളപ്പണം സഹകരണ ബാങ്കിലുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ ഏത് സഹകരണ ബാങ്കിലും പരിശോധന നടത്താം. ധൈര്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ഏജന്‍സികളെ കൊണ്ടന്വേഷിപ്പിക്കൂ എന്നൊക്കെ ആര്‍ത്തുവിളിച്ച മന്ത്രി ഇപ്പോള്‍ പറയുന്നത്, ‘അന്വേഷണം രാഷ്ട്രീയ പ്രേരിതം’ എന്നാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സകുമാറിനെ പിരിച്ചുവിട്ടത് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ്. ശ്രീവത്സകുമാറിനെ അഴിമതിക്കാരനായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിനേക്കാള്‍ വലിയ അഴിമതിക്കാര്‍ പാര്‍ട്ടിയിലുണ്ടെന്നുമാണ് ശ്രീവത്സവകുമാറിനെ കടകംപള്ളിയുടെ സ്റ്റാഫിലേക്ക് ശുപാര്‍ശ ചെയ്ത മുന്‍ എംഎല്‍എ ശിവന്‍കുട്ടിയുടെയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും വാദം. ശിവന്‍കുട്ടി വിരല്‍ചൂണ്ടുന്നത് കടകംപള്ളിക്ക് നേരെയാണെന്ന് വ്യക്തം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെയും വട്ടിയൂര്‍ക്കാവില്‍ സീമയേയും തോല്‍പ്പിക്കാന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി കരുനീക്കിയെന്ന ആരോപണം ശിവന്‍കുട്ടിക്കുണ്ട്. കടകംപള്ളി ഏരിയാസെക്രട്ടറിയെ ഇതിനായി ചട്ടംകെട്ടിയെന്നും പറയുന്നു. ഏതായാലും പാര്‍ട്ടിക്കകത്ത് പ്രശ്‌നം രൂക്ഷമായപ്പോഴാണ് ശ്രീവത്സകുമാറിന്റെ സസ്‌പെന്‍ഷനും സംഭവിച്ചത്. ട്രാന്‍സ്‌ഫോര്‍മറിന്റെ കേസില്‍ ശ്രീവത്സകുമാര്‍ കോടികള്‍ വിലപേശിയത് സ്വമേധയാ സംഭവിച്ചതാകാനിടയില്ല. ശിവന്‍കുട്ടി വിരല്‍ചൂണ്ടുന്നിടത്ത് മുഖ്യമന്ത്രിയുടെ കണ്ണെത്തുമോ? ‘എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല’ എന്ന നിലപാട് തുടരുമോ? അങ്ങനെ ആയാലും ആയില്ലെങ്കിലും പോലീസിനെ തള്ളാനും കൊള്ളാനും കഴിയാതെ വെള്ളം കുടിക്കുകതന്നെയാവും തലവിധി. കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്വകാര്യവ്യക്തിയുമായി നടന്ന കേസില്‍ അവിഹിതമായി ഇടപെട്ടുവെന്നതാണ് ശ്രീവത്സകുമാറിനെ പുറത്താക്കാന്‍ കാരണം. ശ്രീവത്സകുമാര്‍ സ്വകാര്യ വ്യക്തിക്കനുകൂലമായി നിലപാടെടുക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്തിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ ഗവ. പ്ലീഡര്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കടകംപള്ളി സ്വന്തം നിലയില്‍ പാളയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ഷീലാരമണിയുടെ മകന്‍ പ്രവീണിനെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ പാളയം ഏര്യാകമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നില്‍ വി. ശിവന്‍കുട്ടിയായിരുന്നു. പ്രവീണിനെ എതിര്‍ത്തിന് പ്രതികാരമായി ശ്രീവത്സകുമാറിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ശിവന്‍കുട്ടിപക്ഷം പറയുന്നത്. കടകംപള്ളിയുടെ ഓഫീസിലെ വിവരങ്ങള്‍ ശ്രീവത്സകുമാര്‍ വഴി ശിവന്‍കുട്ടിയിലെത്തുന്നു എന്ന സംശയവും പുറത്താക്കലിനു പിന്നിലുണ്ട്. മന്ത്രിമാരുടെ സ്റ്റാഫുകള്‍ മന്ത്രി ചമയുന്നു എന്ന പരാതി ഉയരവെ ഈ മാസം 29 ന് സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫില്‍ അഴിമതിക്കാര്‍ മാത്രമല്ല കൊടുംകുറ്റവാളികള്‍വരെ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കൊലക്കേസില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിയെപ്പോലും ഒരു മന്ത്രി പേഴ്‌സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. കൊല്ലത്ത് ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രനെ വീട്ടില്‍കയറി ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാക്‌സണ്‍ ഇപ്പോഴും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുകയാണ്. ഈ മന്ത്രിസഭ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍തന്നെ സിപിഐ മന്ത്രിമാരില്‍ ഒരാളുടെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടിരുന്നു. പ്രതിക്കൂട്ടില്‍ വന്നുനില്‍ക്കുന്ന മന്ത്രി തന്നെ പിണറായി മന്ത്രിസഭയില്‍ കയറിയപ്പോള്‍ സ്റ്റാഫിന്റെ കാര്യം പറഞ്ഞിട്ടെന്തുകാര്യം. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയെ തല്ലിലോക്കപ്പിലിട്ട പോലീസിനെ വച്ചേക്കരുതെന്ന് ഭരണപരിഷ്‌കര്‍ത്താവ് ആജ്ഞാപിച്ചതിന്റെ പിറകെ പോലീസില്‍ നെല്ലും പതിരും തേടുന്ന തിരക്കിലാണിപ്പോള്‍ പാര്‍ട്ടി പ്രമുഖരില്‍ പലരും. കൊടുംഭീകരര്‍ക്ക് പരമോന്നത നീതിപീഠം വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്ന് വാശിപിടിക്കുന്ന സിപിഎം ഭരണത്തില്‍ മാവോവാദികളെ വെടിവച്ച് കൊന്ന സംഭവം സിപിഎമ്മിനകത്ത് കനലല്ല കാട്ടുതീയായി പടരുകയാണ്. കേരളത്തിനൊരു പോലീസ് നയമുണ്ടെന്നാണ് മുന്‍ പോലീസ് മന്ത്രികൂടിയായ പാര്‍ട്ടി സെക്രട്ടറി പ്രസ്താവിക്കുന്നത്. ആ നയത്തില്‍ മൂന്നാംമുറ ഇല്ലത്രേ. എന്നാല്‍ തലശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കാം. വനവാസികളെയും പട്ടികജാതിക്കാരേയും അന്യായമായി അറസ്റ്റുചെയ്യാം. ലോക്കപ്പില്‍ കിടത്തി നഗ്നരാക്കി ചോദ്യം ചെയ്യാം. അങ്ങനെ ചെയ്യുന്ന പോലീസിന് പട്ടും വളയും ഉറപ്പ്. ദേശദ്രോഹം മുഖമുദ്രയാക്കി നടക്കുന്നവരെ തൊട്ടാല്‍ തൊടുന്ന പോലീസിന്റെ തൊപ്പിയും കുപ്പായവും പെട്ടിയിലും. ഇതുതാനെടാ നമ്മുടെ പോലീസ് നയം. e-mail: kunhikannantvm@gmail.com *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം