malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ഇന്ത്യന്‍ കമ്യൂണിസ്റ്റുകളും ഫിദല്‍ കാസ്‌ട്രോയും

പി.എസ്. ശ്രീധരന്‍പിള്ള
പാകിസ്ഥാന്‍ വാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങിയപ്പോള്‍ മുഹമ്മദാലിജിന്നപോലും കമ്യൂണിസത്തെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര കമ്യൂണിസത്തിന്റെ ലേബലില്‍ ഇന്ത്യയില്‍ ഇക്കൂട്ടര്‍ നടത്തിയിട്ടുള്ള അഞ്ചാംപത്തിപ്പണികൊണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്കര്‍ കമ്യൂണിസത്തെ കാട്ടുതീയെന്ന് വിശേഷിപ്പിച്ചതും അവരുടെ നിഷേധാത്മകതയും അഞ്ചാംപത്തി ചെയ്തികളും കണ്ടിട്ടാണ്. ഫിദല്‍ കാസ്‌ട്രോ ഉയര്‍ത്തിയ ക്യൂബന്‍ ദേശീയസ്വത്വം എന്ന ആശയം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ തെറ്റ് തിരുത്തുകയും ദേശീയതയിലൂന്നിയ നമ്മുടെ നാടിന്റെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് വേണ്ടത് ഫിദല്‍ കാസ്‌ട്രോ വിടവാങ്ങിയത് കേരളത്തില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു. ഇടതുപക്ഷ സ്വാധീനമുള്ള കേരളത്തില്‍ ലോക കമ്യൂണിസത്തിന്റെ പരമോന്നത നേതാവിന് ലഭിച്ച അകമഴിഞ്ഞ അംഗീകാരമായി വലിയൊരളവോളം ഇതിനെ കരുതാവുന്നതാണ്. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മൂക്കിനുതാഴെ ധീരമായ പോരാട്ടത്തിലൂടെ ചെറുത്തുനില്‍പ്പിന്റെ അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഫിദല്‍ ചരിത്രത്തില്‍ ആവേശകരമായ സാമ്രാജ്യത്വ വിരുദ്ധ ഏടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നത് ശരിതന്നെയാണ്. വര്‍ണ്ണവിവേചനത്തിനെതിരായ അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകളും വിസ്മരിക്കാനാവുന്നതല്ല. അദ്ദേഹത്തിന്റെ ചേരിചേരാ മേഖല അമ്പേ പരാജയപ്പെടുകയായിരുന്നു. ചരിത്രബോധവും സാഹിത്യാഭിരുചിയും വിപ്ലവജീവിതത്തിന്റെ സമര്‍പ്പണവും ഫിദലിനെ വ്യത്യസ്ത നേതാവാക്കിയിരുന്നു. നൂറുകണക്കിന് വധശ്രമങ്ങളെ അതിജീവിക്കാനായത് ഈ ഭരണാധിപനെ ചരിത്രവിസ്മയമാക്കി മാറ്റി. ഇത്തരം നേട്ടങ്ങളെല്ലാം അവകാശപ്പെടാനാവുമെങ്കിലും കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായ ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹത്തെ ഇന്നും ലോകം കാണുന്നത്. എതിര്‍ശബ്ദത്തെ അനുവദിക്കാതെ കമ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന്‍കീഴില്‍ നാട് ഞെരിഞ്ഞമരുന്ന ദുസ്ഥിതിക്കാണ് ക്യൂബ കാസ്‌ട്രോയുടെ കീഴില്‍ ഇരയായത്. ഇരുമ്പുമറ സൃഷ്ടിച്ച ഏകാധിപത്യഭരണം ജനങ്ങള്‍ക്ക് ശാപമായ സന്ദര്‍ഭങ്ങള്‍ ഒട്ടേറെയുണ്ട്. ക്യൂബയുടെ മുമ്പില്‍ അമേരിക്കയ്ക്ക് കീഴടങ്ങുകയോ ഉദാരമായ സ്വേച്ഛാധിപത്യത്തിലേക്ക് പോവുകയോ മാത്രമായിരുന്നു വഴിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിദല്‍ തന്നെ ഈ വാദമുന്നിയിച്ചിരുന്നു. സ്വേച്ഛാധിപത്യം ഏത് അണുദര്‍ശിനിയിലൂടെ നോക്കിയാലും ജനവിരുദ്ധവും മനുഷ്യാവകാശലംഘനകാരിയുമാണ്. ഫിദല്‍ കാസ്‌ട്രോയെന്ന ഭരണാധിപന്‍ പിന്നിട്ട വഴിത്താരയിലുടനീളം സ്വേച്ഛാധിപതിയെന്ന ലേബല്‍ എക്കാലത്തും അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. ആര് എന്തൊക്കെ പറഞ്ഞു വാഴ്ത്തപ്പെട്ടവനാക്കിയാലും ഏകാധിപത്യത്തിന്റെ പാപപങ്കിലത ഫിദലിനുമേല്‍ നിപതിച്ച കറുത്തപുള്ളിയായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സ്വന്തം സഹോദരനെതന്നെ പിന്‍ഗാമിയാക്കിയതും ന്യായീകരിക്കത്തക്കതല്ല. മുതലാളിത്ത സാമ്രാജ്യശക്തികള്‍ക്കെതിരെ എങ്ങനെ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഫിദല്‍ കാസ്‌ട്രോയോളം ലോകത്തെ പഠിപ്പിച്ച മറ്റൊരു നേതാവുമുണ്ടാകില്ല. നിയമവിധേയമായ മാര്‍ഗ്ഗത്തിനുപകരം ആയുധസമരം വഴിയാണ് അദ്ദേഹം ക്യൂബയില്‍ അധികാരത്തിലെത്തിയത്. ക്യൂബയെ വികസനത്തിലേക്ക് നയിക്കാനും ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനും ആത്മര്‍ത്ഥമായ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷവും അമേരിക്കയ്‌ക്കെതിരെ ക്യൂബയെന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തിന് പടിച്ചുനില്‍ക്കാനായത് ലോകരാജ്യ ചരിത്രങ്ങളുടെ കൂട്ടത്തിലെ അത്ഭുതം തന്നെയാണ്. മഹാത്മാഗാന്ധി ഇന്ത്യന്‍ ജനതയോട് പറഞ്ഞതും നരേന്ദ്രമോദി ഇപ്പോള്‍ ആവര്‍ത്തിച്ചു പറയുന്നതുമായ സുപ്രധാന തത്വമുണ്ട്. ”ജനങ്ങളെ നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഈ ഭൂമിയിലുണ്ട്. പക്ഷേ നിങ്ങളുടെ അത്യാഗ്രഹത്തിന് അവ മതിയാകില്ലെന്ന് മാത്രം.” ഫിദല്‍ കാസ്‌ട്രോയും ക്യൂബന്‍ ജനതയോട് പറഞ്ഞുറപ്പിച്ച ഒരു കാര്യം ഇതായിരുന്നു. ഇന്ത്യക്കാര്‍ സ്വന്തം കാലില്‍ ഉറച്ചുനിന്നുകൊണ്ട് സ്വയംപര്യാപ്തത നേടുകയും അന്യോന്യം തീറ്റിപ്പോറ്റുകയും ചെയ്യുക എന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശവും മറ്റൊന്നല്ല. ക്യൂബയുടെ ദേശീയ സ്വത്വം തട്ടിയുണര്‍ത്താന്‍ ഫിദല്‍ കാസ്‌ട്രോ നടത്തിയ ശ്രമങ്ങളുടെ വിജയമാണ് ആ രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആധാരശിലയായി ലോകസമൂഹം ഇപ്പോള്‍ കാണുന്നത്. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ക്യൂബയുടെമേല്‍ അമേരിക്കയ്ക്ക് ആഭ്യന്തരാവകാശമുണ്ടെന്ന കാഴ്ചപ്പാടാണ് അമേരിക്കന്‍ സമീപനത്തിലുടനീളം ദൃശ്യമായിരുന്നത്. ക്യൂബന്‍ ജനതയുടെ ആത്മവീര്യം ചരിത്രസ്മൃതികളിലൂടെ തട്ടിയുണര്‍ത്തി ആത്മവിശ്വാസം പ്രദാനം ചെയ്ത് അവരെ അമേരിക്കയ്‌ക്കെതിരെ പ്രാപ്തരാക്കുകയാണ് ഫിദല്‍ കാസ്‌ട്രോ ചെയ്തത്. ഇതിന്റെ നേരെ എതിര്‍ദിശയിലുള്ള തെറ്റായ സമീപനമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാലമത്രയും ഈ രാജ്യത്തോട് ചെയ്തിട്ടുള്ളത്. ഭാരതത്തിന്റെ ചരിത്രത്തേയും സംസ്‌കൃതിയേയും നമ്മുടെ ദേശീയതയെയും കുത്തിമലര്‍ത്താനാണ് കമ്യൂണിസ്റ്റുകാര്‍ ഇവിടെ ശ്രമിച്ചുപോന്നിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ കരംപിരിക്കാന്‍വേണ്ടി കൂട്ടിച്ചേര്‍ത്ത രാജ്യമാണ് ഇന്ത്യയെന്നും അതിലൊരിക്കലും ഏകതയുടെ ബീജം ഉണ്ടായിരുന്നില്ലെന്നതുമാണ് കമ്യൂണിസ്റ്റുകാര്‍ എക്കാലത്തും പ്രചരിപ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍പ്പോലും അങ്ങനെ ലഭിക്കുന്ന സ്വതന്ത്ര ഇന്ത്യയെ 16 പരമാധികാര റിപ്പബ്ലിക്കുകളായി വിഭജിക്കണമെന്നാണ് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷനോട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. മഹാത്മാഗാന്ധിയും നേതാജി സുബാഷ് ചന്ദ്രബോസും സ്വാമി വിവേകാനന്ദനുമൊക്കെ ഇന്ത്യന്‍ കമ്യൂണിസത്തിന് അനഭലഷണീയരായത് ഇന്ത്യന്‍ ദേശീയതയുടെ മാനബിന്ദുക്കളായി അവര്‍ കത്തിജ്വലിച്ച് നിന്നതുകൊണ്ടാണ്. സോവിയറ്റ് ചുവടുമാറ്റത്തിനനുസരിച്ച് ക്വിറ്റിന്ത്യാ സമരം ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര ശ്രമങ്ങളെ അട്ടിമറിക്കയാണ് കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ചെയ്തത്. 1943 ല്‍ പാകിസ്ഥാന്‍ വാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങിയപ്പോള്‍ മുഹമ്മദാലിജിന്നപോലും കമ്യൂണിസത്തെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര കമ്യൂണിസത്തിന്റെ ലേബലില്‍ ഇന്ത്യയില്‍ ഇക്കൂട്ടര്‍ നടത്തിയിട്ടുള്ള അഞ്ചാംപത്തിപ്പണികൊണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്കര്‍ കമ്യൂണിസത്തെ കാട്ടുതീയെന്ന് വിശേഷിപ്പിച്ചതും അവരുടെ നിഷേധാത്മകതയും അഞ്ചാംപത്തി ചെയ്തികളും കണ്ടിട്ടാണ്. ഫിദല്‍ കാസ്‌ട്രോ ഉയര്‍ത്തിയ ക്യൂബന്‍ ദേശീയസ്വത്വം എന്ന ആശയം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ തെറ്റ് തിരുത്തുകയും ദേശീയതയിലൂന്നിയ നമ്മുടെ നാടിന്റെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് വേണ്ടത്. കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സൃഷ്ടികളായ രാജ്യങ്ങളിലെല്ലാം അവിടങ്ങളില്‍ കുന്നുകൂടിയ തലയോടുകളുടെ അസുരികതയും എണ്ണവലിപ്പവുമാണ് അന്നാടുകളുടെ മുഖമുദ്രയായി കാണപ്പെട്ടത്. ക്യൂബയില്‍ കൂട്ടക്കൊലകളും കുരുതിക്കളങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സോവിയറ്റ് റഷ്യയിലോ ചൈനയിലൊ നടന്നതുപോലെയുള്ള തദ്ദേശീയരുടെ കൂട്ടനരഹത്യകള്‍ അവിടെ പ്രായേണ കുറവായിരുന്നു. ഒരു കോടിയോളം വരുന്ന ക്യൂബന്‍ ജനതയെ ദേശീയ വികാരത്തിന്റെ പേരില്‍ കോര്‍ത്തിണക്കി കൊണ്ടുപോകാന്‍ ഫിദലിന് കഴിഞ്ഞിരുന്നു. ”കമ്യൂണിസ്റ്റ് സ്വേച്ഛാധികാരം ക്യൂബയുടെ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള വന്‍ കോട്ടക്കെട്ടലാണെന്ന്”ഫിദല്‍ കാസ്‌ട്രോ പറഞ്ഞത് വാസ്തവത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കണ്ണുതുറപ്പിക്കേണ്ടതായിരുന്നു. ചരിത്രത്തില്‍ ഏതുഘട്ടത്തിലും ഭാരതത്തിന്റെ ദേശീയകാര്യവുമായി ഇണങ്ങിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധരായിരുന്നു ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍. ഇന്ത്യന്‍ കമ്യൂണിസം ഇനിയെങ്കിലും ഫിദല്‍ കാസ്‌ട്രോയില്‍നിന്ന് പഠിക്കേണ്ടത് അദ്ദേഹം ഉയര്‍ത്തിയ ദേശീയ സ്വത്വത്തിന്റെ കൊടിക്കൂറയാണ്. ഇന്ത്യന്‍ ദേശീയതയിലേക്കുള്ള ഈ മുടിയന്മാരായ പുത്രന്മാരുടെ തിരിച്ചുവരവ് ഉണ്ടാകേണ്ടിയിരിക്കുന്നു. സോവിയറ്റ് റഷ്യയും ചൈനയുമുള്‍പ്പെടെ കമ്യൂണിസം നിലവില്‍വന്ന എല്ലാ രാജ്യങ്ങളും അതത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെയാണ് അവിടങ്ങളിലെ ഭരണകൂടങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോള്‍ അതതു രാജ്യങ്ങളിലെ ദേശീയതയേയും മാനബിന്ദുക്കളേയുമാണ് കമ്യൂണിസ്റ്റ് ഭരണാധിപന്മാര്‍ ഉയര്‍ത്തിക്കാട്ടാറുള്ളത്. 1939 ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടന്റെ എതിര്‍ചേരിയിലായിരുന്നു. സോവിയറ്റ് യൂണിയനും സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കൊപ്പമാണ് അക്കാലത്ത് നിലകൊണ്ടിരുന്നതെന്നതായിരുന്നു കാരണം. ലക്ഷക്കണക്കിന് ജൂതരേയും കമ്യൂണിസ്റ്റുകാരെയും ഹിറ്റ്‌ലര്‍ കൊന്നൊടുക്കുമ്പോള്‍ സ്റ്റാലിനോ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോ ഹിറ്റ്‌ലറെ എതിര്‍ത്തിട്ടില്ല. 1941 ല്‍ ജര്‍മ്മനി കരാര്‍ ലംഘിച്ച് റഷ്യ അക്രമിച്ചതോടെയാണ് ഇക്കൂട്ടര്‍ക്ക് ഹിറ്റ്‌ലര്‍ ശത്രുവായതും ബ്രിട്ടന്‍ മിത്രമായതും. ഈ ചുവടുമാറ്റത്തിനനുസരിച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ദേശീയതയേയും ക്വിറ്റിന്ത്യാ സമരത്തെയും ഒറ്റുകൊടുക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രം, പാരമ്പര്യം ദേശീയത എന്നിവയോടുള്ള കമ്യൂണിസ്റ്റ് എതിര്‍പ്പ് ഇപ്പോഴും ഗോപ്യമായി അവര്‍ നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ക്വിറ്റിന്ത്യാ സമരം, ഇന്ത്യാവിഭജനം, കല്‍ക്കട്ടാ തിസീസ്, 1964 ലെ ചൈനായുദ്ധം, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തോട് കാട്ടിയ എതിര്‍പ്പ്; പഞ്ചാബിലെയും കശ്മീരിലെയും വിഘടനവാദികളോടുള്ള ഒരുവിഭാഗം കമ്യൂണിസ്റ്റുകള്‍ക്കുള്ള താത്വികമായ യോജിപ്പ് എന്നിവകളൊക്കെ കമ്യൂണിസ്റ്റ് ദേശവിരുദ്ധതയുടെ മുഴച്ചുനില്‍ക്കുന്ന ഉദാഹരണങ്ങളാണ്. സോഷ്യലിസ്റ്റ് ഇന്റര്‍ നാഷണലിന്റെ തിരോധാനത്തിനുശേഷവും ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ അവരുടെ പഴയ നിലപാട് തുടരുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളിലെവിടെയും മഹാത്മാഗാന്ധിയും നേതാജിയും ഉള്‍പ്പെടെയുള്ള ദേശീയ നായകരെ അവര്‍ ആദരിക്കുന്നതിന്റെ സൂചനകളൊന്നും കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഫിദല്‍ കാസ്‌ട്രോയെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ നെഞ്ചിലേറ്റുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദേശീയ സ്വത്വമെന്ന ആശയം ഇവിടെയും ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെടുത്തി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകുമോ എന്നതാണ് കാലികമായ ചോദ്യം. അധികാരത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആത്മാവ് നഷ്ടപ്പെട്ട ഇക്കൂട്ടര്‍ക്ക് അതിന് ആകുമെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം