malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

രസിക്കാത്ത സത്യങ്ങള്‍

പി.എസ്. ശ്രീധരന്‍പിള്ള
പ്രതിദിനം ഏതാണ്ട് 25000 കോടി രൂപ ക്രയവിക്രയം ചെയ്യുന്ന കേരളത്തിലെ സഹകരണ മേഖലയെ എതിര്‍ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അത് തകരാനും പാടില്ല. സഹകരണ മേഖല തകര്‍ന്നാല്‍ കേരളത്തിന് വന്‍ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ കള്ളപ്പണം തടയാനുള്ള ശ്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് രാജ്യമാസകലമുള്ള പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന വ്യവസ്ഥകള്‍ തടസ്സമാകാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധമുണ്ട് modiനോട്ട് റദ്ദാക്കിയതുമൂലം ജനങ്ങള്‍ക്ക് താല്‍ക്കാലികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് സത്യമാണ്. പക്ഷേ അതൊക്കെ ഓരോ ദിവസം കഴിയുന്തോറും ഇല്ലാതാവുകയും ചെയ്യുന്നു. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യവും ഭാവിയും കണക്കിലെടുത്ത് ജനങ്ങള്‍ നോട്ട് റദ്ദാക്കല്‍ നടപടിയെ പൊതുവില്‍ സ്വീകരിക്കുകയും ചെയ്തു. കള്ളപ്പണത്തിന് പൂട്ടിടാനും കള്ളനോട്ട് തടയാനും ഇത്തരം ശക്തമായ നടപടികള്‍ ആവശ്യമുണ്ടെന്ന് ജനങ്ങള്‍ക്കറിയാം. എന്നാല്‍ ബാങ്കിന്റെ മുമ്പിലെ ക്യൂവും ജനങ്ങളുടെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ചളിവാരിയെറിയാനും പരിഹസിക്കാനും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനും ഇടത്-കോണ്‍ഗ്രസ് കക്ഷികള്‍ ശ്രമിക്കയാണ്. കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് സംവിധാനങ്ങളും കേരള ഭരണ സംവിധാനവും തത്വദീക്ഷയില്ലാതെ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുകയാണ്. അത്യന്തം ദൗര്‍ഭാഗ്യകരവും രാജ്യതാല്‍പ്പര്യങ്ങളെ ഹനിക്കുന്നതും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് ദോഷം ചെയ്യുന്നതുമായ നടപടികളാണ് ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും സഹമന്ത്രിമാരും പരിവാരങ്ങളും ചേര്‍ന്ന് തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്കിന് മുമ്പില്‍ 2016 നവംബര്‍ 18 ന് ഉപവാസം നടത്തിയിരിക്കുന്നു. കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കുന്നു എന്ന മുറവിളിയുമായിട്ടാണ് മുഖ്യമന്ത്രി യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ തെരുവിലിറങ്ങിയത്. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഈ ആരോപണം ഏറ്റുചൊല്ലി. പ്രതിദിനം ഏതാണ്ട് 25000 കോടി രൂപ ക്രയവിക്രയം ചെയ്യുന്ന കേരളത്തിലെ സഹകരണ മേഖലയെ എതിര്‍ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അത് തകരാനും പാടില്ല. സഹകരണ മേഖല തകര്‍ന്നാല്‍ കേരളത്തിന് വന്‍ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ കള്ളപ്പണം തടയാനുള്ള ശ്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് രാജ്യമാസകലമുള്ള പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങള്‍ പിന്തുടരുന്ന വ്യവസ്ഥകള്‍ തടസ്സമാകാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. 21000 പ്രാഥമിക സഹകരണ ധനസ്ഥാപനങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്തില്‍ ഇത്തരം പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങളുടെ എണ്ണം 8100 ആണ്. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ 1596 മാത്രമാണ്. നോട്ട് റദ്ദാക്കല്‍ നടപടിവഴി ശക്തമായ കള്ളപ്പണവേട്ട ലക്ഷ്യംവച്ച ഒരു ഭരണകൂടം ഇന്ത്യെയൊട്ടാകെ സ്വീകരിച്ച നടപടി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനാണെന്ന് പ്രചരിപ്പിക്കുന്നവരുടെത് സദുദ്ദേശ്യമല്ല. അത് അധാര്‍മ്മികവും രാഷ്ട്രീയപ്രേരിതവുമാണ്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ വാണിജ്യബാങ്കും സഹകരണ ബാങ്കും ശ്രമിച്ചുകൂടാ. 1952 ല്‍ ഗോര്‍ബാലെ കമ്മറ്റി സഹകരണ മേഖലകളുടെ ദോഷങ്ങള്‍ കണ്ടെത്തി അതുമായി ബന്ധപ്പെട്ട സംരക്ഷണ ശുപാര്‍ശകള്‍ നല്‍കിയിട്ടുള്ളതാണ്. കേരളത്തിലുള്‍പ്പെടെ കോ-ഓപ്പറേറ്റീവ് ധനകാര്യ സ്ഥാപനങ്ങള്‍ ജനജീവിതവുമായി ബന്ധപ്പെട്ട് മഹത്തായ സേവനം ചെയ്തുവരുന്നുണ്ട്. പക്ഷേ ഇന്ത്യന്‍ ബാങ്കിങ്ങ് മേഖലയില്‍ അവിഹിതമായ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷേപങ്ങള്‍ക്കും മറ്റും പാന്‍കാര്‍ഡ് തുടങ്ങിയുള്ള സുരക്ഷാ ശ്രമങ്ങള്‍ ആവിഷ്‌കരിച്ചെങ്കിലും അവ പല സഹകരണ ബാങ്കുകളും ഉള്‍ക്കൊള്ളാതെ മാറിനില്‍ക്കുന്നുണ്ട്. ഇതൊന്നും വേണ്ടെന്ന നിലയില്‍ നിലപാട് സ്വീകരിച്ച് ക്രയവിക്രയങ്ങള്‍ നടത്തുന്ന സഹകരണ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഒട്ടേറെയുണ്ട്. അവയൊക്കെ സഹകരണ രജിസ്ട്രാറുടെ അധീനതയിലുള്ളതും റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ നേരിട്ട് നടത്താന്‍ വിമുഖത കാട്ടുന്നവരുമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ മേഖലയ്ക്ക് വന്‍ പ്രാധാന്യമുണ്ട്. കേരളത്തിലെ ജനജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് സഹകരണ മേഖലയ്ക്കുള്ളത്. പ്രതിദിനം ഏതാണ്ട് 25000 കോടി കയുടെ ക്രയവിക്രയം ചെയ്യുന്ന കേരളത്തിലെ സഹകരണ മേഖലയ്ക്ക് ബിജെപി എതിരല്ല. അവരൊക്കെ കള്ളപ്പണം സംരക്ഷിക്കുന്നു എന്ന ആരോപണവും ശരിയല്ല. എന്നാല്‍ അവരില്‍ പലരും കള്ളപ്പണത്തെ താലോലിക്കുന്നുണ്ട്. ആ മേഖലയുടെ മികച്ച സംഭവനകളെ കുറച്ചുകാണുന്നുമില്ല. റിസര്‍വ്വ് ബാങ്കിന്റെ ചട്ടങ്ങളും നിയന്ത്രണങ്ങളും ഇന്‍കം ടാക്‌സ് സര്‍ക്കുലറുകളും നടപ്പാക്കുന്നതിന് വിമുഖതയുള്ള സ്ഥാപനങ്ങള്‍ക്ക് രാജ്യമാസകലം നോട്ടുപിന്‍വലിക്കല്‍വഴി നേരിടേണ്ടിവന്ന പ്രശ്‌നങ്ങളാണ് കേരളത്തിലെ ചില സഹകരണ സ്ഥാപനങ്ങളെയും ദോഷമായി ബാധിച്ചിട്ടുള്ളത്. ഇതു പരിഹരിക്കാന്‍ പ്രായോഗിക നടപടികളെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ആലോചിച്ചുവരികയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ തെരുവിലിറങ്ങി സഹകരണ ബാങ്കുകള്‍ തകരാന്‍ പോകുന്നു എന്ന മുറവിളി ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തകരുന്നത് അത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്. തകരാന്‍ പോകുന്ന ഒന്നുമായും പണമിടപാട് വേണ്ടെന്ന് ജനങ്ങള്‍ നിശ്ചയിക്കുക മനുഷ്യസഹജമായ രീതിയും മനഃശാസ്ത്രപരമായ സമീപനവുമാണ്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി തെരുവിലിറങ്ങി കേന്ദ്രത്തിനെതിനെ നടത്തിയ യുദ്ധപ്രഖ്യാപനവും എല്‍ഡിഎഫ്-യുഡിഎഫ് പാര്‍ട്ടികളുടെ ദുഷ്പ്രചാരണവുമാണ് കേരളത്തിലെ സഹകരണ മേഖലയെ ആപത്കരമായ അന്തരീക്ഷത്തില്‍ കൊണ്ടെത്തിക്കുക. ജനങ്ങള്‍ക്കിടയില്‍ ആശങ്കയും അങ്കലാപ്പുമുണ്ടാക്കി ‘ജനങ്ങളുടെ ബാങ്ക്’ എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പ്രാഥമിക സഹകരണ ബാങ്കുകളെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കുപ്രചാരണങ്ങള്‍കൊണ്ട് തകര്‍ക്കാതിരിക്കുക. നോട്ട് റദ്ദാക്കല്‍ നടപടിയെ നെഞ്ചുപിളര്‍ക്കുന്ന ഒന്നായി കാണുകയും കള്ളപ്പണക്കാരോട് ചേര്‍ന്ന് അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും കക്ഷികളുമുണ്ട്. അക്കൂട്ടരുടെ പട്ടികയില്‍ കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ കോണ്‍ഗ്രസും ഉത്തര്‍പ്രദേശിലെ മായാവതിയും മുലായംസിംഗ് യാദവുമൊക്കെയുണ്ട്. ഇവരുടെ നിലപാട് ദൗര്‍ഭാഗ്യകരവും അധിക്ഷേപാര്‍ഹവും ദുരുദ്ദേശ്യപരവുമാണ്. സിപിഎമ്മും കോണ്‍ഗ്രസും അനുബന്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് കേരളത്തില്‍ നോട്ട് റദ്ദാക്കല്‍വഴി നടപ്പാക്കികൊണ്ടിരിക്കുന്ന വിപ്ലവകരമായ നടപടികളെ തുരങ്കം വെയ്ക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കല്‍ സാധാരണ സാമ്പത്തിക നടപടിയല്ല. രാജ്യത്തിന്റെ ഗുണത്തിനുവേണ്ടി സ്വീകരിച്ച ‘അസാധരണ നടപടി’ യായിട്ടാണ് ലോകം അതിനെ കാണുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വന്‍ മുന്നേറ്റത്തിന് അത് വഴിയൊരുക്കുമെന്നുറപ്പാണ്. ബിജെപി പ്രതിപക്ഷത്തിരുന്നപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രാഷ്ട്രീയനേട്ടത്തിനപ്പുറം രാജ്യതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അസാധാരണ നടപടികളെ പിന്തുണച്ച എത്രയോ കീഴ്‌വഴക്കങ്ങളുണ്ട്. 1969-70 കളില്‍ ഇന്ദിരാഗാന്ധിഗാന്ധിയുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ച പാര്‍ട്ടിയായിരുന്നു ഭാരതീയ ജനസംഘം. ഇന്ദിരാഗാന്ധിയുടെ കള്ളപ്പണം നഗര്‍വാല എന്നയാള്‍ മിമിക്രി ആര്‍ട്ടിസ്റ്റിനെപോലെ ശബ്ദം അനുകരിച്ച് യാതൊരു രേഖയും കൂടാതെ കൈക്കലാക്കിയിരുന്നു. ഇത് അവരുടെ കള്ളപ്പണം പുറംലോകത്തെ അറിയിക്കാന്‍വേണ്ടി ചെയ്തതാണ്. ഇതിനെ തുടര്‍ന്ന് നഗര്‍വാല സംശയകരമായി കൊല്ലപ്പെട്ടു. ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തുനിന്നുള്ള അടല്‍ ബിഹാരി വാജ്‌പേയി ഇന്ദിരാഗാന്ധിയെ അതിനിശിതമായി വിമര്‍ശിക്കുകയും അഴിമതിക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്ഥാനുമായി ബംഗ്ലാദേശ് പ്രശ്‌നത്തില്‍ ഇന്ത്യക്ക് കൊമ്പുകോര്‍ക്കേണ്ടി വന്നപ്പോള്‍ ഇന്ദിരാഗാന്ധിയെ ദുര്‍ഗാ ദേവിയായി ചിത്രീകരിച്ച് അവരുടെ പിന്നിലണിനിരക്കാനാണ് രാജ്യത്തോട് ജനസംഘ നേതാവ് ആവശ്യപ്പെട്ടത്. രാജ്യം ഒന്നാമതും രാഷ്ട്രീയം രണ്ടാമതുമെന്ന നിലപാടില്‍ ബിജെപി വിശ്വസിക്കുന്നതുകൊണ്ടാണിത്. 1991 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പിന്നിട്ട വഴിത്താരയില്‍ 44 കൊല്ലത്തെ സാമ്പത്തിക പരീക്ഷണം പരാജയപ്പെട്ടുവെന്നും ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞു. ലോക്സഭയില്‍ നടത്തിയ കോണ്‍ഗ്രസുകാരനായ ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരെ വന്‍പ്രചരണായുധമാക്കി ബിജെപി ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് മുതലെടുക്കാമായിരുന്നു. മന്‍മോഹന്‍സിംഗിന്റെ സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രസംഗത്തിലെ അഭ്യര്‍ത്ഥനയില്‍ രാജ്യം ഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നും ഈ നിര്‍ണ്ണായക ഘട്ടത്തില്‍ വാജ്‌പേയിയേയും ജോര്‍ജ് ഫെര്‍ണാണ്ടസിനെയും പേരെടുത്ത് പറഞ്ഞ് അവരുടെയും പ്രസ്ഥാനങ്ങളുടെയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത് ഗവര്‍മെന്റുമായി സഹകരിക്കാനാണ് ബിജെപിയും വാജ്‌പേയിയും തീരുമാനിച്ചത്. രാജ്യസ്‌നേഹപരമായ ഈ നിലപാടിന്റെ എതിര്‍ദിശയിലാണ് കോണ്‍ഗ്രസ് നോട്ട് റദ്ദാക്കല്‍ നടപടിയില്‍ ഇപ്പോഴുള്ളതെന്നത് ആശങ്കാജനകമാണ്. കള്ളപ്പണക്കാരെയും രാഷ്ട്രവിരുദ്ധശക്തികളെയും ഒരേപോലെ അങ്കലാപ്പിലാക്കികൊണ്ടാണ് നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനമുണ്ടായത്. ചിലരുടെമേല്‍ ഇടിത്തീപോലെ നിപതിച്ച ഈ ചരിത്ര തീരുമാനം അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുമെന്നുറപ്പാണ്. കുപ്രചാരണങ്ങള്‍വഴി ജനങ്ങളില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് മോദിവിരുദ്ധരും രാജ്യവിരുദ്ധരുമായ ചിലര്‍ ശ്രമിച്ചത്. ഇതിനായി കിട്ടിയ വടികളൊക്കെയെടുത്ത് അവര്‍ കേന്ദ്ര ഭരണകൂടത്തെ അടിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള ബാങ്കിങ്ങ് നിയമപ്രകാരം പെട്ടെന്ന് കിട്ടാത്ത ബാങ്ക് വായ്പകള്‍ ‘റൈറ്റ് ഓഫ്’ എന്നെഴുതി താല്‍ക്കാലികമായി മാറ്റിക്കാട്ടുന്ന ഏര്‍പ്പാടുണ്ട്. 2006 ല്‍ സുപ്രീം കോടതി ആ ഇംഗ്ലീഷ് വാക്കിന് കടമെഴുതി തള്ളിയെന്ന അര്‍ത്ഥമല്ല നല്‍കേണ്ടതെന്ന് വിധിച്ചിട്ടുണ്ട്. അത്തരം പണം തിരിച്ചടച്ചു കിട്ടാന്‍ തുടര്‍നടപടികളും എല്ലാവിധ നിയമനടപടികളും സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അതിനുശേഷവും അവകാശമുണ്ട്. ഇത് തീര്‍ച്ചയാക്കേണ്ടത് ബാങ്കാണ്. അല്ലാതെ സര്‍ക്കാരല്ല. ഇതൊരു സാധാരണ നടപടി മാത്രമാണ്. കിട്ടാക്കടത്തിലേക്ക് എത്തിപ്പെട്ട ലോണുകള്‍ വേണ്ടത്ര സെക്യൂരിറ്റിയില്ലാതെ അനുവദിച്ച് കൊടുത്തതാണോ എന്ന് പരിശോധിച്ചാല്‍ അതൊന്നും ബിജെപി ഭരണകാലത്ത് നല്‍കിയ ലോണുകളല്ലെന്ന് കാണാവുന്നതുമാണ്. വിജയ് മല്യയുടെയും മറ്റും ലോണുകളുടെപേരില്‍ നരേന്ദ്രമോദിയേയും കേന്ദ്രഭരണകൂടത്തെയും പ്രതിക്കൂട്ടിലാക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ സത്യത്തിന്റെ അന്തകരാണ്. യഥാര്‍ത്ഥത്തില്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും വേണ്ടി കോണ്‍ഗ്രസും സിപിഎം കക്ഷികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും സംഘടിതമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമെന്നുറപ്പാണ്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് അഞ്ച് ലക്ഷം കോടിയുടെ പണം ബാങ്കിലെത്തിയത് കള്ളപ്പണത്തെയും കള്ളനോട്ടിനേയും തടയാന്‍ ഇപ്പോഴത്തെ നടപടിക്ക് കഴിയുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. കേന്ദ്രവും കേരളവും യോജിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കയാണുവേണ്ടത്. കള്ളപ്പണവും കള്ളനോട്ടും തടയാനും, ഹവാലക്കാരെയും ഭീകരവാദികളെയും തളയ്ക്കാനും നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ അതിവേഗം വിജയിച്ചുകൊണ്ടിരിക്കയാണ്. ഇതിനെ തകര്‍ക്കാന്‍ കേരളത്തില്‍ വന്‍ശ്രമങ്ങളാണ് നടക്കുന്നത്. നോട്ടു പിന്‍വലിക്കല്‍ നടപടിയെ അട്ടിമറിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളില്‍നിന്ന് അവര്‍ പിന്തിരിയുകയാണുവേണ്ടത്. കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ്. നോട്ട് പിന്‍വലിക്കല്‍ പ്രശ്‌നമുണ്ടാകുന്നതിന് മുമ്പ് തന്നെ ഖജനാവ് പൂട്ടാതിരിക്കാന്‍ കേന്ദ്രത്തെ പ്രത്യേകമായി ആശ്രയിച്ച് സഹായം നേടിയ ചരിത്രം കേരളത്തിനുണ്ട്. തുലാമഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കൊടുംവരള്‍ച്ചയും അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഇടവപ്പാതിയില്‍ 34% മഴക്കുറവുണ്ടായ കേരളം 60% മഴക്കുറവ് തുലാവര്‍ഷത്തിന്റെ അഭാവത്തിലും നേരിടുന്നു. ബജറ്റിലെ വരുമാനത്തേക്കാള്‍ കൂടുതല്‍ തുക പുറത്തുനിന്നും വന്ന് നിലനില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് കേരളത്തിന്റെത്. ആ രംഗത്തുമിപ്പോള്‍ വന്‍ പ്രതിസന്ധിയാണുള്ളത്. ഈ ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിന് മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലിറങ്ങുന്നത് ആത്മഹത്യാപരമല്ലെയെന്ന് ചിന്തിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയുംമറ്റും പങ്കാളിത്തത്തില്‍ നടന്ന ഉപവാസ സമരം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സംസ്ഥാന താല്‍പ്പര്യത്തെ കുരുതികൊടുക്കുന്ന ഒന്നാണ്. സംഘര്‍ഷത്തേക്കാള്‍ സമന്വയത്തിനാണ് കേരളം ശ്രമിക്കേണ്ടത്. കേരള ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ തികച്ചും ദോഷകരമാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം