malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പാവപ്പെട്ടവനെ കൊള്ളയടിക്കുന്നു

എൻ ചിദംബരം
അധികാരത്തിലെത്തിയതു മുതൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സഹമന്ത്രിമാരും സംഘപരിവാർ നേതാക്കളും രാജ്യത്തെ മുൻകാല നേതാക്കളെയും ബുദ്ധിജീവികളെയും വിദ്യാർഥി നേതാക്കളെയും മതന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വർഗ്ഗക്കാരെയും അധിക്ഷേപിച്ച്‌ വിനോദം കണ്ടെത്തുന്ന നിലപാടുകളാണ്‌ സ്വീകരിക്കുന്നത്‌. നിഷ്കളങ്കരായ ആൾക്കാരെ അറസ്റ്റ്‌ ചെയ്യുകയോ ആക്രമിക്കുകയോ അഥവാ കൊല്ലുകയോ ചെയ്തപ്പോഴാണ്‌ കാര്യങ്ങൾ അക്രമാസക്തമായ അവസ്ഥയിലേക്ക്‌ എത്തിയത്‌. ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങൾക്ക്‌ മേൽ ഗുരുതരമായ കടന്നുകയറ്റമാണ്‌ ഈ വിഭാഗീയത സൃഷ്ടിക്കുന്ന നേതാക്കൾ തുടരുന്നത്‌. സംഘപരിവാർ നേതാക്കൾ രാജ്യത്തെ മറ്റ്‌ ജനങ്ങൾ എന്തു ചെയ്യണം, എന്തുപറയണം, എന്തുകഴിക്കണം, ആരെ ആരാധിക്കണം, ഏത്‌ വിശ്വാസമാണ്‌ പിന്തുടരേണ്ടത്‌, ആരെ വിവാഹം കഴിക്കണം, ആരെ സംരക്ഷിക്കണം എന്നുള്ള കാര്യങ്ങളിൽ നിർദേശം നൽകാൻ തുടങ്ങി. സംഘപരിവാർ നേതാക്കളുടെ അഥവാ വർഗീയ വാദികളുടെ ഈ നിലപാടുകൾ സാധാരണക്കാരന്‌ ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. കൂടാതെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‌ മേൽ മുൻകാലങ്ങളിലുള്ള കഷ്ടപ്പാടുകളാണ്‌ അടിച്ചേൽപ്പിക്കുന്നത്‌. ജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത്‌ വിദേശമണ്ണിലേക്ക്‌ പ്രധാനമന്ത്രി ഒളിച്ചോടി. 500, 1000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ജനരോഷത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ്‌ മോഡി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചത്‌. നോട്ടു പിൻവലിച്ചശേഷം നടത്തിയ മൂന്നു പ്രസംഗങ്ങളും രാജ്യത്തെ പാവപ്പെട്ടവനെക്കുറിച്ച്‌ ഒരു ചിന്തപോലുമില്ല എന്നതാണ്‌ വ്യക്തമാക്കുന്നത്‌. ഇടത്തരക്കാരനും തൊഴിലാളികളും മോഡിക്ക്‌ അന്യരാണ്‌. നോട്ടു പിൻവലിച്ചതിന്റെ ഭാഗമായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ മാനസികാവസ്ഥയെ തിരസ്കരിക്കുന്ന നിലപാടാണ്‌ ടോക്യോയിലും മോഡി സ്വീകരിച്ചത്‌. ടോക്യോയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ തന്റെ തീരുമാനം ജനങ്ങൾ അംഗീകരിച്ചുവെന്നും ഇതിന്‌ നന്ദിപറയുന്നുവെന്നും മോഡി വ്യക്തമാക്കി. എന്നാൽ ഈ ജനദ്രോഹ തീരുമാനത്തെ വിമർശിച്ചവരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിക്കാനും മോഡി മറന്നില്ല. ഒരുകൂട്ടം ആൾക്കാർ ജനങ്ങളെക്കൊണ്ട്‌ തനിക്കെതിരെ പറയാൻ പ്രേരിപ്പിക്കുന്നു. എല്ലാ ബുദ്ധിമുട്ടുകളും മറന്ന്‌ നോട്ട്‌ പിൻവലിച്ച തീരുമാനത്തെ ജനങ്ങൾ അംഗീകരിക്കുന്നതായി മോഡിവ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടിയ കാലംമുതലുള്ള രേഖകൾ പരിശോധിച്ച്‌ നിയമപരമല്ലാത്ത പണം കണ്ടെത്തുമെന്നും ഇതിനുത്തരവാദികളായവരെ വെറുതെ വിടില്ലെന്നും മോഡി വാഗ്ധോരണി മുഴക്കി. രാജ്യത്തെ അവസ്ഥ ഇതാണെങ്കിൽ വിദേശത്ത്‌ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്തെത്തിക്കുമെന്നും മോഡി വ്യക്തമാക്കി. എന്നാൽ നോട്ടുകൾ പിൻവലിച്ചതിലൂടെ രാജ്യത്തെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച്‌ ഒരു വാക്കുപോലും ഉരിയാടാൻ മോഡി തയാറായില്ല. മനുഷത്വരഹിതമായി മറ്റുള്ളവന്റെ ചോര ഊറ്റിക്കുടിക്കുന്ന ഇത്തരത്തിലുള്ള നേതാക്കൾ മുമ്പും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്‌. ജപ്പാനിൽ നിന്നും തിരിച്ചെത്തിയ മോഡി ഗോവ, കർണാടകയിലെ ബൽഗാവ്‌, പൂനെ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തു. ഞാൻ വെറുതെ കസേരയിൽ ഇരിക്കാനല്ല അധികാരത്തിൽ എത്തിയത്‌. ഞാനെന്റെ വീടും കുടുംബവും ഉപേക്ഷിച്ചു. ഇത്‌ രാജ്യത്തിനുവേണ്ടിയാണെന്നായിരുന്നു മോഡിയുടെ വാക്കുകൾ. എന്നാൽ കുടുംബം ഉപേക്ഷിച്ചതും ഭാര്യയെ ഉപേക്ഷിച്ചതും രാജ്യത്തെ സേവിക്കാനുളള മോഡിയുടെ ലക്ഷ്യങ്ങൾ സംബന്ധിച്ചും ആരും ശ്രദ്ധാലുക്കളല്ല. യഥാർഥത്തിൽ മോഡി ഹിന്ദുത്വ വർഗീയതയെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച്‌ നിലവിലുള്ള നാനാത്വത്തിൽ ഏകത്വത്തെ ഇല്ലാതാക്കാനാണ്‌ മോഡിയുടെ ശ്രമം. രാജ്യസേവനത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ രാഷ്ട്രപിതാവായ്‌ മഹാത്മാഗാന്ധി ഉൾപ്പെടെ ആരുംതന്നെ തങ്ങളുടെ ജീവന്‌ ഭീഷണിയുണ്ടെന്ന കാര്യത്തിൽ ശ്രദ്ധപതിപ്പിച്ചിരുന്നില്ല. അഥവാ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്‌ മോഡിയുടെ ഹിന്ദുത്വ അനുയായിയുടെ കൈയിൽ നിന്നുള്ള വെടിയുണ്ട പതിച്ചും. തനിക്കെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരെ തനിക്ക്‌ വ്യക്തമായി അറിയാമെന്നും ഗോവയിൽ നിന്നും നടത്തിയ പ്രസംഗത്തിൽ മോഡി വ്യക്തമാക്കി. കഴിഞ്ഞ 70 വർഷത്തിനിടെ അനധികൃതമായി ഉണ്ടാക്കിയ സ്വത്തിനെ താൻ കൊള്ളയടിക്കുന്നു എന്നും മോഡി പറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നിലപാട്‌ എടുക്കുന്നതുകൊണ്ട്‌ തന്റെ ജീവന്‌ ഭീഷണിയാണെന്നും മോഡി കൂട്ടിച്ചേർത്തു. അവരെന്നെ നശിപ്പിക്കട്ടെ, അവരുടെ ഇഷ്ടംപോലെ പ്രവർത്തിക്കട്ടെ, അടുത്ത 50 ദിവസം രാജ്യം എന്നെ സഹിക്കുമെന്നായിരുന്നു മോഡിയുടെ വാക്കുകൾ. എന്നാൽ മോഡിയുടെ ജീവനെടുക്കാനായി ഇവിടെ ആരുംതന്നെ തുനിഞ്ഞിറങ്ങിയിട്ടുമില്ല. മോഡിയുടെ ഇഷ്ടനേതാക്കളായ ഹിറ്റ്ലറും മുസോളിനിയുമൊക്കെ അവരുടെ ജീവിതം അവസാനിപ്പിക്കാൻ തങ്ങളുടേതായ നിലപാടുകൾ സ്വീകരിച്ചു. നോട്ടുകൾ പിൻവലിക്കുന്നതിലൂടെ മാത്രം അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയുമുള്ള നടപടികൾ അവസാനിപ്പിക്കില്ലെന്നും മോഡി വ്യക്തമാക്കി. എന്നാൽ പെടാപ്പാടുപെട്ട്‌ സമ്പാദിച്ച കാശ്‌ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പാവപ്പെട്ടവന്റെ വേദനയിൽ നിന്നും മോഡിക്ക്‌ ഭാവി ഒരിക്കലും മാപ്പുകൊടുക്കില്ല. പട്ടിണിയിലേക്കാണ്‌ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ തള്ളിവിടുന്നത്‌. ഇതൊക്കെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുവേണ്ടിയാണ്‌ ചെയ്യുന്നതെന്നാണ്‌ മോഡിയുടെ വാദം. 2014 ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയിൽ വിദേശത്ത്‌ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം രാജ്യത്ത്‌ എത്തിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നാൽ ഇതൊന്നും നടക്കില്ലെന്നത്‌ രാജ്യത്തെ ജനങ്ങൾക്ക്‌ പകൽപോലെ വ്യക്തം. നോട്ടുകൾ നിരോധിച്ച നടപടി കടുപ്പമേറിയ ചായപോലെയാണെന്നും ഇത്‌ കള്ളപ്പണക്കാർക്ക്‌ ഇഷ്ടപ്പെടില്ലെന്നുമാണ്‌ മോഡി പറഞ്ഞത്‌. എന്നാൽ രാജ്യത്തെ പ്രധാനമന്ത്രിക്ക്‌ ഇക്കാര്യത്തിൽ തെറ്റ്‌ സംഭവിച്ചു. എത്ര പ്രതികൂലമായ സാഹചര്യത്തിലും അതിനെ നേരെയാക്കാനുള്ള മറുമരുന്ന്‌ കള്ളപ്പണക്കാർക്ക്‌ അറിയാം. നോട്ടുകൾ പിൻവലിച്ചശേഷം പാവപ്പെട്ടവൻ സ്വസ്ഥമായി ഉറങ്ങൂവെന്നാണ്‌ മോഡിയുടെ മറ്റൊരു വാദം. പണക്കാർ ഉറക്കഗുളികൾ വാങ്ങാനായി കമ്പോളത്തിൽ അലയുന്നു. എന്നാൽ ഇതൊക്കെ തികച്ചും ബുദ്ധിശൂന്യമായ കാര്യങ്ങളാണ്‌. 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കി രാജ്യത്ത്‌ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ കള്ളപ്പണക്കാർ അവരുടെ അനധികൃത സമ്പാദ്യത്തെ നിയമപരമാക്കി മാറ്റുന്നു. രാജ്യത്തെ പാവപ്പെട്ടവന്റെ പോക്കറ്റ്‌ കൊള്ളയടിക്കുന്ന തീരുമാനമാണ്‌ യഥാർഥത്തിൽ മോഡി കൈക്കൊണ്ടത്‌. തൽക്കാലത്തേക്കെങ്കിലും രാജ്യത്തെ പാവപ്പെട്ടവരും സ്ത്രീകളും സമ്പാദിച്ചുവച്ചിരുന്ന പണത്തെ കൊള്ളയടിക്കുന്ന നിലപാടാണ്‌ നോട്ടു പിൻവലിച്ച നടപടിയിലൂടെ മോഡി സ്വീകരിച്ചത്‌. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം