malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്

കെ. കുഞ്ഞിക്കണ്ണന്‍
സഹകരണ മേഖലയുടെ മുകളില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്ന സംസ്ഥാനതല ബാങ്കുണ്ടാവും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഊന്നിക്കൊണ്ടുള്ളതാണ് കേരള ബാങ്കെന്നും മുഖ്യമന്ത്രി വിശദീകരിച്ചതാണ്. അതില്‍ നിന്നെല്ലാം മലക്കം മറിയുകയാണ് എല്‍ഡിഎഫും യുഡിഎഫും. സ്വതന്ത്രഭാരത ചരിത്രത്തില്‍ അതിപ്രധാനപ്പെട്ടതും ബൃഹത്തായതുമാണ് കള്ളപ്പണത്തിനെതിരായ യുദ്ധം. അത് മോദിസര്‍ക്കാരിന്റെ പ്രഖ്യാപിത നടപടിയുമാണ്. ജനങ്ങളാകെ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴാണ് അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കാന്‍ പ്രതിപക്ഷ ശ്രമം. cpmഎല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കും എന്നുപറഞ്ഞവര്‍ നവംബര്‍ 18 ന് ഒരു കാര്യം ശരിയാക്കി. കേരളപിറവിക്ക് മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിതമായ റിസര്‍വ് ബാങ്കിനെ സ്തംഭിപ്പിച്ചു. 1954 ല്‍ പാളയത്ത് തുടങ്ങിയ റിസര്‍വ് ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറിയത് 1982 ലാണ്. അതീവ സുരക്ഷ വേണ്ട റിസര്‍വ് ബാങ്കിന്റെ റീജണല്‍ കേന്ദ്രത്തില്‍ ഒരു ഇടപാടും 18 ന് നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും റിസര്‍വ് ബാങ്കിലേക്കുള്ള പോക്കുവരവ് തടഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവം കേട്ടുകേള്‍വിപോലുമില്ല. ഭരണക്കാര്‍ സമരം ചെയ്യുന്നത് പുതിയ കാര്യമല്ല. ഭരണവും സമരവും കമ്യൂണിസ്റ്റ് ശൈലിയും തന്ത്രവുമാണ്. ഭരണവീഴ്ചകള്‍ മറച്ചുവയ്ക്കാനും വാഗ്ദാനം പാലിക്കാനാവാത്തപ്പോഴും ഇത് പതിവാണ്. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായപ്പോഴും ഇതാവര്‍ത്തിച്ചു. തമിഴ്‌നാട്ടില്‍ ജയലളിതയും മറീനാബീച്ചില്‍ ഉണ്ണാവ്രതമെടുത്ത് കേന്ദ്രവിദ്വേഷം പ്രകടിപ്പിക്കുമ്പോള്‍ പതിനായിരങ്ങള്‍ സാക്ഷിയായിരുന്നു. ഇപ്പോള്‍ മൂന്ന് മുഖ്യമന്ത്രിമാര്‍ക്കാണ് കള്ളപ്പണത്തിനെതിരെ കേന്ദ്രം നടപടി സ്വീകരിച്ചപ്പോള്‍ അസ്‌കിത തോന്നിയത്. ദല്‍ഹിയില്‍ കേജ്‌രിവാളും മമത ബാനര്‍ജിയും വാളെടുത്തു. മൂന്നുദിവസത്തിനകം നോട്ട് മരവിപ്പിക്കല്‍ റദ്ദാക്കിയില്ലെങ്കില്‍ അവര്‍ ലോകവ്യാപക പ്രക്ഷോഭമെന്ന ഭീഷണിമുഴക്കി. കുണ്ടിലിരിക്കും തവളക്കുഞ്ഞിന് കുന്നിന് മുകളില്‍ പറക്കാന്‍ മോഹം വന്നാല്‍ എന്താ ചെയ്യുക? അവിടെ തേങ്ങ ഉടക്കുമ്പോള്‍ തിരുവനന്തപുരത്ത് ചിരട്ടയെങ്കിലും ഉടയ്ക്കണമല്ലോ. പതിനായിരങ്ങളൊന്നും എത്തിയില്ല. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. ബേക്കറി ജംഗ്ഷനിലെ ഇടുങ്ങിയ റോഡിലെ ഗതാഗതം സ്തംഭിക്കുക മാത്രമല്ല, റിസര്‍വ് ബാങ്കിന്റെ കവാടം മൂടി അണികളിരുന്നു. കേരളത്തിലാകെ 125 വകുപ്പുകളുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന 25 വകുപ്പുകളടക്കം ഒന്നിലും ഒരു പണിയും നടന്നില്ല. യുഡിഎഫുകാരും എല്‍ഡിഎഫിന്റെ പോക്കണക്കേടിന് പിന്തുണ നല്‍കിയപ്പള്‍ സെക്രട്ടേറിയറ്റില്‍ കാവല്‍ക്കാര്‍ മാത്രം. സ്വാതന്ത്ര്യസമരകാലത്ത് ജാലിയന്‍ വാലാ ബാഗില്‍ നടന്നതിനേക്കാള്‍ തീഷ്ണമായ സമരമാണല്ലൊ റിസര്‍വ് ബാങ്കിന് മുന്നില്‍ നടന്നത്. അതിന് സാക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിലും വലിയ കുലദ്രോഹമുണ്ടോ? ബാങ്കുജീവനക്കാര്‍ രാപ്പകല്‍ അദ്വാനിക്കേണ്ട നിര്‍ണായക ദിവസങ്ങളുണ്ടായി. അന്നേരം തൊടുപുഴയിലാറാടാന്‍ പോയ ബെഫിക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ മുട്ടാപ്പോക്കും ഭരണപരിഷ്‌കാര സമിതി തലവന്റെ അപരിഷ്‌കൃത പ്രയോഗങ്ങള്‍ക്കും സാക്ഷിയാകാനെത്തി. ഇക്കഴിഞ്ഞ ഓണത്തിന് അത്തപ്പൂക്കളം വേണ്ടെന്ന് അരുളിചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വിവാദമായപ്പോള്‍ വിശദീകരണവുമായെത്തി. ജോലി സമയത്ത് പൂക്കളമിടാന്‍ ചെന്നാല്‍ അത്രയും ജോലി നഷ്ടമുണ്ടാകില്ലേ? അതുകൊണ്ട് ജോലിസമയമല്ലാത്തപ്പോള്‍ പൂക്കളമിടാന്‍ നിര്‍ദ്ദേശം വന്നു. അന്നേ ചോദ്യമുയര്‍ന്നതാണ് പൂക്കളം ഒരു ദിവസമേയുള്ളൂ. സമരം പ്രതിമാസപരിപാടിയാക്കിയ ജീവനക്കാരുണ്ടല്ലോ? ഉത്തരം നല്‍കാത്തത് കേന്ദ്രവിരുദ്ധം നടത്തേണ്ടിവരുമെന്ന ബോധം കൊണ്ടായിരുന്നോ? മുഖ്യമന്ത്രിയും മന്ത്രിമാരും പകല്‍ മുഴുവന്‍ സമരമിരുന്നപ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ ജീവനക്കാരെത്രയാണ്? മന്ത്രിമാര്‍ ജോലി ചെയ്‌തോ? ജീവനക്കാര്‍ ജോലി ചെയ്‌തോ? സഹകരണ സ്ഥാപനങ്ങളെ രക്ഷിക്കാനല്ലെ എന്നുത്തരം പറയുമായിരിക്കാം. കൈമെയ് മറന്ന് ഇടതുസമരത്തെ പിന്തുണച്ച കോണ്‍ഗ്രസ് മുന്നണിയുടെ വിലാപവും വീരവാദവും നിയമസഭയില്‍ ഇപ്പോഴും പ്രതിധ്വനിക്കുകയാണ്. ഇടതുസര്‍ക്കാര്‍ സഹകരണ മേഖലയെ കശാപ്പുചെയ്യുകയാണെന്നാണവര്‍ വിളിച്ചുപറഞ്ഞത്. നവംബര്‍ 9 ന് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകും മുന്‍പ് പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞു, ”കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം മധുരത്തില്‍ പൊതിഞ്ഞ പാഷാണമെന്നാണ്.” പുതുതായി രൂപീകരിക്കുന്ന കേരള ബാങ്കിന് നിക്ഷേപം കണ്ടെത്താനായി ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ചുവിടാനും നിക്ഷേപം തട്ടിയെടുക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയത്. യുഡിഎഫും മാണി ഗ്രൂപ്പും വാക്കൗട്ട് നടത്തിയപ്പോള്‍ ബിജെപി അംഗം ഒ. രാജഗോപാല്‍ പ്രതിഷേധമറിയിച്ച് സഭയില്‍ തുടര്‍ന്നു. രണ്ട് ശതമാനം അധികം പലിശ ഈടാക്കുന്ന ജില്ലാ ബാങ്കുകള്‍ പിരിച്ചുവിടുമെന്ന് മന്ത്രി പറയാത്തതില്‍ പ്രതിഷേധിച്ച് പി.സി. ജോര്‍ജും വാക്കൗട്ട് നടത്തി. യുഡിഎഫ് ഭരിക്കുന്ന 13 ജില്ലാ ബാങ്കുകളുടെയും ഭരണസമിതികള്‍ പിരിച്ചുവിടാനുള്ള ഗൂഢലക്ഷ്യത്തിലാണ് പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി. അബ്ദുള്‍ ഹമീദ് പറഞ്ഞിരുന്നു. പണാപഹരണം നടക്കുന്നുവെന്ന് ഏതെങ്കിലും ജില്ലാ ബാങ്കിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അതന്വേഷിക്കാതെ എല്ലാ ബാങ്കുകളെയും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ജില്ലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ജനറല്‍ മാനേജര്‍മാരടക്കം പരാതി പറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നതെന്നും, തകര്‍ക്കുകയല്ല തെറ്റ് തിരുത്തി വിശ്വാസ്യത നിലനിറുത്തുകയാണ് ലക്ഷ്യമെന്നും സഹകരണ മന്ത്രി എ.സി. മൊയ്തീനും വാദിച്ചു. ജില്ലാ ബാങ്കുകളിലെ നിയമനങ്ങളെയും അനുമതിയില്ലാതെ ശാഖകള്‍ തുറക്കുന്നതിനെയും മുക്കുപണ്ടംവച്ച് വായ്പ നല്‍കുന്നതിനെയും കുറിച്ച് നിരവധി പരാതികളുയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞതാണ്. കേരള ബാങ്ക് സഹകരണ മേഖലയെ തകര്‍ക്കാനുള്ളതല്ല, ശക്തിപ്പെടുത്താനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് വ്യക്തമാക്കി.സഹകരണ മേഖലയുടെ മുകളില്‍ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്ന സംസ്ഥാനതല ബാങ്കുണ്ടാവും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഊന്നിക്കൊണ്ടുള്ളതാണ് കേരള ബാങ്കെന്നും മുഖ്യമന്ത്രി വിശദീകരിച്ചതാണ്. അതില്‍ നിന്നെല്ലാം മലക്കംമറിയുകയാണ് എല്‍ഡിഎഫും യുഡിഎഫും. സ്വതന്ത്രഭാരത ചരിത്രത്തില്‍ അതിപ്രധാനപ്പെട്ടതും ബൃഹത്തായതുമാണ് കള്ളപ്പണത്തിനെതിരായ യുദ്ധം. അത് മോദിസര്‍ക്കാരിന്റെ പ്രഖ്യാപിത നടപടിയുമാണ്. ജനങ്ങളാകെ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോഴാണ് അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കാന്‍ പ്രതിപക്ഷ ശ്രമം. സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക ക്രയവിക്രയം മരവിപ്പിച്ചതാണ് കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികളെ തെരുവിലിറക്കിയത്. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ളത്. എല്ലാ സഹകരണ ബാങ്കുകളും ലൈസന്‍സ് എടുക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമുണ്ടായതാണ്. പലതവണ. ‘പോടാ പുല്ലേ’ സിബിഐ എന്നപോലെ റിസര്‍വ് ബാങ്കിനോടും പറഞ്ഞവര്‍ക്ക് അംഗീകാരമില്ലാത്ത നടപടിക്ക് അവസരം ലഭിക്കാത്തതിലാണ് കുണ്ഠിതം. അംഗീകാരമുള്ള ജില്ലാ ബാങ്കുകളുടെ ‘കുരുത്തക്കേട്’ മന്ത്രി മൊയ്തീന്‍ തന്നെ നിയമസഭയില്‍ വിശദീകരിച്ചല്ലോ. ഇതൊക്കെ എത്രവേഗമാണ് വിസ്മരിച്ചത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെയുള്ള ഈ സമരാഭാസത്തില്‍ ആഹ്ലാദിക്കുന്നത് കണക്കില്ലാത്ത പണം ഒളിച്ചുവച്ചവരാണ്. അവരുടെ ദല്ലാളരായി രാഷ്ട്രീയക്കാര്‍ മാറുന്നതാണ് രാജ്യത്തിന്റെ ദുര്യോഗം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം