malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

സ്ത്രീ ശാക്തീകരണം ഇനിയുമകലെ

ലീലാ മേനോന്‍
കേരളത്തില്‍ ഇനി ഒരു ജിഷ ഉണ്ടാകാതിരിക്കണം. സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണം, സ്ത്രീയും മനുഷ്യജീവിയാണ്. സാമ്പത്തിക തലത്തില്‍ തുല്യമായോ കൂടുതലായോ സംഭാവന നല്‍കുന്നവളുമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ രൂപീകരിച്ചാല്‍ പോര, കര്‍ശനമായി നടപ്പാക്കുകയും വേണം.കേരളവും ഭാരതത്തിലെ ഹിന്ദുസമൂഹവും ദേവിയെ ഉപാസിക്കുന്നവരാണ്. ഭാരതം നമുക്ക് മാതാവാണ്. പക്ഷെ സ്ത്രീയോ? womenകേരളം മാതൃദായക്രമം നിലനിന്നിരുന്ന സംസ്ഥാനമാണ്, അധികാരം സ്ത്രീകളില്‍. ഇന്നോ? ഇന്ന് കേരളത്തില്‍ സ്ത്രീ ആരാണ്? എന്താണ്? അവള്‍ അമ്മയല്ല, മകളല്ല, കൊച്ചുമകളല്ല, സഹോദരി അല്ല, മരുമകളല്ല. പിന്നെയോ? വെറും ശരീരം, ചുരുക്കി പറഞ്ഞാല്‍ ഒരു ലൈംഗികാവയവം. സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. ദല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി റോഡിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ രാജ്യതലസ്ഥാനം ‘ക്രൈം ക്യാപ്പിറ്റല്‍’ ആയി. മരിച്ചവള്‍ ‘നിര്‍ഭയ’യായി. കേരളത്തില്‍ നിര്‍ഭയകള്‍ എണ്ണമറ്റതാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കനുസരിച്ച് 5918 ബലാത്സംഗങ്ങളാണ് 2011 നും 2015 നും ഇടയ്ക്കുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍ 942. ഈ വര്‍ഷത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ 323 ബലാത്സംഗവും 1259 പീഡനവും 175 ലൈംഗിക പീഡനവും നടന്നുകഴിഞ്ഞു. ഒരുദിവസം മൂന്നു ബലാത്സംഗങ്ങളെങ്കിലും നടക്കുന്നുണ്ടത്രെ. ബലാത്സംഗങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തത് ഇരകളായ പെണ്‍കുട്ടികള്‍ അത് പുറത്തുപറയാന്‍ മടിക്കുന്നതിനാലാണ്. 1991 ല്‍ 197 ബലാത്സംഗങ്ങളായിരുന്നെങ്കില്‍ 2000 ആയപ്പോഴേക്കും അത് 352 ആയി. ആത്മഹത്യാ വാര്‍ത്തകള്‍ കൂടിയപ്പോള്‍ ആത്മഹത്യാ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളുടെ ഉള്‍പ്പേജിലേക്ക് മാറ്റേണ്ടിവന്നു. ബലാത്സംഗ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ പേരെ ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. കേരളത്തില്‍ ഇന്ന് ഒരു സാമൂഹ്യ സാമ്പത്തിക മാറ്റം ഉണ്ടായിരിക്കുകയാണ്. കേരള വനിതാ കമ്മിഷന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ഉപഭോഗ സംസ്‌കാരം ശക്തിപ്പെടുകയാണ്. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും ഇതിന് പ്രേരകമാകുന്നു. കേരളത്തില്‍ സ്ത്രീകള്‍ വെറും ലൈംഗിക ഇരകളായി മാറിയത് പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റില്‍പ്പെടുത്തിയപ്പോഴാണ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതും സാധാരണയാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ ബസിലെ രാജു എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയി ധര്‍മരാജന് വിറ്റതും അവളെ പലയിടത്തും കൊണ്ടുനടന്ന് വിറ്റതും. ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ പെണ്‍കുട്ടികളുമായുള്ള വേഴ്ചയുടെ ആകര്‍ഷണത്തില്‍ റാക്കറ്റില്‍പ്പെട്ടല്ലോ. പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയും പീഡിപ്പിക്കപ്പെടുന്നു. മാംസവ്യാപാരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൗമാരക്കാരികളിലാണ്. എത്ര കേസുകളാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൂര്യനെല്ലി, വിതുര, കോവളം, കോതമംഗലം, കൊല്ലം, വാഗമണ്‍, തോപ്പുപടി. എല്ലാം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ ലൈംഗിക കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് പറയുന്നത് ശിക്ഷ വെറും 10 ശതമാനമാണെന്നാണ്. പ്രതികള്‍ രക്ഷപ്പെടാനും ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇത് കാരണമാകുന്നു. കേരളത്തിലെ 73% സ്ത്രീകളും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടാണത്രെ ജീവിക്കുന്നത്. യുഎന്‍ ഡിക്ലറേഷന്‍ ഓണ്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗേന്‍സ്റ്റ് വിമന്‍ (1993) പറഞ്ഞത് ഇത് സ്ത്രീ-പുരുഷ പദവിയിലെ അന്തരം മൂലമാണെന്നാണ്. കേരളം ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ വികസിത രാജ്യമായാണ് കണക്കാക്കുന്നത്. 47.27% സ്ത്രീകളും 1000 നും 1500 നും ഇടയ്ക്ക് ശമ്പളം ലഭിക്കുന്നവരാണ്. 16.36 ശതമാനം പതിനായിരത്തിന് മേല്‍ ശമ്പളം ലഭിക്കുന്നു. കേരളത്തിലെ കുറ്റകൃത്യ നിരക്ക് 20.3 ശതമാനത്തിന് മുകളിലാണ്. ദേശീയ ശരാശരി 14.2 മാത്രമാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 100 ശതമാനം വളര്‍ച്ചയുണ്ടത്രെ. സരിതാ നായര്‍ തന്നെ ഉമ്മന്‍ചാണ്ടിയും അബ്ദുള്ള കുട്ടിയും ആര്യാടന്‍ മൊഹമ്മദും മറ്റും കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കുകയുണ്ടായി. തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്രെ. കേരളത്തിലെ 73 ശതമാനം സ്ത്രീകളും പറയുന്നത് അവര്‍ക്ക് സുരക്ഷിതത്വബോധമില്ലെന്നാണ്. കേരളം ഭാരതത്തില്‍ പലതുകൊണ്ടും വികസിച്ച സംസ്ഥാനമാണ്. പക്ഷെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമില്ലാത്തത് സ്ത്രീ-പുരുഷ അധികാരബന്ധത്തിലെ വ്യത്യാസംകൊണ്ടാണ്. അഭ്യസ്ത വിദ്യരായ ജോലിയുള്ള കേരള സ്ത്രീകളില്‍ പലരും സ്വയം പുരുഷന്റെ അടിമയായി കരുതുന്നു. ഒരുദിവസം സ്ത്രീകള്‍ക്കെതിരെ ആറു കുറ്റകൃത്യങ്ങളെങ്കിലും കേരളത്തില്‍ നടക്കുന്നു. കേരളം കുറ്റകൃത്യ നിരക്കില്‍ യുപിയെക്കാളും ദല്‍ഹിയെക്കാളും മുന്നിലാണ്. കൊച്ചിയാണ് ഏറ്റവുമധികം സ്ത്രീ ചൂഷണം നടക്കുന്ന സ്ഥലം. ഇവിടെ പെണ്‍വാണിഭം ഒരു വ്യവസായമാണ്. ഇതിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനാല്ലേ ചുംബന സമരം അരങ്ങേറിയത്. ഇന്ന് സൈബര്‍ സ്‌പേസും സ്ത്രീകള്‍ക്ക് കുരുക്ക് മെനയുന്നു. ഫേസ്ബുക്കിലൂടെയും മറ്റും പരിചയപ്പെട്ടവരെ വിശ്വസിച്ച് അവരോടൊപ്പം പോകുന്ന സ്ത്രീകളും വിരളമല്ല. ഇതെല്ലാം സ്വയം കൃതാനര്‍ത്ഥങ്ങളാണ്. വടക്കാഞ്ചേരിയിലെ സ്ത്രീയെ പീഡിപ്പിച്ചത് അവളുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ്. ഭര്‍ത്താവിന് അസുഖംകൂടി എന്നുപറഞ്ഞ് സുഹൃത്തുക്കള്‍ അവളെ വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദേശീയ വനിതാ നയം-2016 പാസാക്കിയിരിക്കുകയാണ്. 15 കൊല്ലത്തിനുശേഷമാണിത്. ഇത് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സ്ത്രീശാക്തീകരണത്തെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ലക്ഷ്യം വയ്ക്കുന്നു. ലിംഗസമത്വവും ശാക്തീകരണവുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് താങ്ങാവുന്ന അധികാരങ്ങള്‍ നല്‍കുകയാണ്. വിമന്‍ ഹെല്‍പ്പ് ലൈന്‍, മഹിളാ പോലീസ്, വോളണ്ടിയര്‍മാര്‍, പോലീസില്‍ റിസര്‍വേഷന്‍, മൊബൈലില്‍ പാനിക് ബട്ടണ്‍ (ഉടന്‍ സഹായം ലഭിക്കാന്‍) പൊതുസ്ഥലങ്ങളില്‍ നിരീക്ഷണ മെക്കാനിസം, ജെണ്ടര്‍-ഫ്രണ്ട്‌ലിയായ തൊഴിലിടങ്ങള്‍, കൂടുതല്‍ പ്രസവാവധി, ചൈല്‍ഡ് കെയര്‍ സെന്ററുകള്‍, ക്രെഷെകള്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, സ്ത്രീശാക്തീകരണം, രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും സ്ത്രീയുടെ കഴിവുകള്‍ പൂര്‍ണമായി വികസിപ്പിക്കാന്‍ സ്വാതന്ത്ര്യം മുതലായവ ഉറപ്പുവരുത്താനാണ് ശ്രമം. ഇന്ന് സ്ത്രീകള്‍ക്ക് തീരുമാനമെടുക്കുന്നതില്‍ പങ്കില്ല. സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലും സ്ത്രീയ്ക്ക് തുല്യത ലഭിക്കേണ്ടതുണ്ട്. തുല്യജോലിക്ക് തുല്യ വേതനം, ജോലി സ്ഥലത്തും വഴിയിലും വാഹനങ്ങളിലും വീട്ടിലും സുരക്ഷിതത്വം മുതലായവയാണ് സ്ത്രീക്ക് ലഭിക്കേണ്ടത്. സമൂഹത്തിന്റെ സ്ത്രീയോടുള്ള കാഴ്ചപ്പാടും മാറേണ്ടതുണ്ട്. ഇന്ന് പുരുഷനോടൊപ്പം ജോലിചെയ്യുകയും തുല്യശമ്പളമോ കൂടുതല്‍ ശമ്പളമോ ലഭിക്കുമ്പോഴും സ്ത്രീ മാനസികമായി ശാക്തീകരിക്കപ്പെടാതെ പുരുഷ വിധേയത്വം ഉള്ളില്‍ കൊണ്ടുനടക്കുന്നവളാണ്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. കേരളത്തില്‍ ഇനി ഒരു ജിഷ ഉണ്ടാകാതിരിക്കണം. സര്‍ക്കാരുകള്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണം, സ്ത്രീയും മനുഷ്യജീവിയാണ്. സാമ്പത്തിക തലത്തില്‍ തുല്യമായോ കൂടുതലായോ സംഭാവന നല്‍കുന്നവളുമാണ്. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ രൂപീകരിച്ചാല്‍ പോര, കര്‍ശനമായി നടപ്പാക്കുകയും വേണം. കേരളവും ഭാരതത്തിലെ ഹിന്ദുസമൂഹവും ദേവിയെ ഉപാസിക്കുന്നവരാണ്. ഭാരതം നമുക്ക് മാതാവാണ്. പക്ഷെ സ്ത്രീയോ? *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം