malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

പൊതുനിയമം പേടി ആര്‍ക്ക്?

കെ. കുഞ്ഞിക്കണ്ണന്‍
വിവാഹം, വിവാഹമോചനം, ദത്ത്, ജീവനാംശം എന്നിവയുടെ കാര്യത്തിലാണ് പൊതു നിയമം വേണം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നത്. മറ്റ് ആചാരങ്ങള്‍ക്ക് ഇത് ബാധകമല്ല. അപ്പോള്‍ മതത്തിന്റെ പേരിലും മതേതരത്വത്തിന്റെ പേരിലും സമുദായ-രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങുന്നതാണ് യഥാര്‍ത്ഥത്തില്‍ ദുഷ്ടലാക്ക്. മുത്തലാഖ് സ്ത്രീവിരുദ്ധമാണ്. മുസ്ലിം സ്ത്രീകള്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. മുത്തലാഖ് വേണ്ടെന്ന നിലപാടിനോട് സ്ത്രീകള്‍ രംഗത്തിറങ്ങുന്നു. പൊതുസിവില്‍കോഡ് ഏതെങ്കിലും മതനിയമം അടിച്ചേല്‍പ്പിക്കലല്ലെന്നിരിക്കെ ആര്‍ക്കാണ് ഈ നിയമത്തെ ഇത്ര പേടി ? harmer-judgeഎല്ലാവര്‍ക്കും ബാധകമായ പൊതു സിവില്‍ കോഡിന്റെ കരട് നരേന്ദ്രമോദി സര്‍ക്കാരിന്റെ കയ്യിലില്ല. ഇങ്ങിനെ ഒരു നിയമം എന്തുകൊണ്ടുണ്ടാകുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചാല്‍ മൗനം പാലിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. കാരണം അങ്ങനെയൊരു നിയമം വേണമെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സര്‍ക്കാരിനും അതിനെ വിസ്മരിക്കാനോ മറച്ചുവയ്ക്കാനോ സാധിക്കില്ല. എന്‍ഡിഎ സര്‍ക്കാര്‍ വന്നതുമുതല്‍ ഒരു കൂട്ടം ആളുകള്‍ മതം അപകടത്തിലാകാന്‍ പോകുന്നു എന്ന നിലവിളി ഉയര്‍ത്തുകയാണ്. മതവിവേചനമോ വിദ്വേഷമോ ചെയ്യുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് ബിജെപി ആവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നിട്ടും പുലിവരുന്നേ, പുലിവരുന്നേ എന്ന് വിളിച്ചുകൂവുകയാണ്. പൊതു സിവില്‍കോഡ് എന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന് മറുപടി നല്‍കാനുള്ള ആദ്യപടി എന്ന നിലയ്ക്കാണ് അഭിപ്രായം തേടാന്‍ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി. അത് പൊതുസമൂഹത്തിന് മുന്നില്‍ അഭിപ്രായത്തിന് സമര്‍പ്പിച്ചു. ആര്‍ക്കും അതില്‍ അഭിപ്രായം അറിയിക്കാം. പൊതുസിവില്‍കോഡിന് കരട് ഉണ്ടെങ്കില്‍ അതും തയ്യാറാക്കി അയയ്ക്കാം. കണ്ണുമടച്ച് അതിനെ എതിര്‍ക്കുന്നതിന് പകരം അഭിപ്രായം പറയുക എന്നതാണ് ജനാധിപത്യ മര്യാദ. മുസ്ലിം വ്യക്തി നിയമ ബോഡ് ചോദ്യാവലി തന്നെ തിരസ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കാന്തപുരം സുന്നിയും നിയമകമ്മീഷനുമായ സഹകരിക്കില്ലെന്നാണ് അറിയിച്ചത്. മുസ്ലിം ലീഗിന്റെ തീരുമാനവും മറിച്ചല്ല. അഭിപ്രായം ചോദിച്ചുവാങ്ങുകയാണ് നിയമകമ്മീഷന്‍ ചെയ്യുന്നതെന്നാക്ഷേപിച്ച ലീഗ് ഇതിന്റെ പിന്നില്‍ ദുഷ്ടലാക്കെന്നും ആരോപിച്ചു. മുസ്ലിങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള കോഴിക്കോടുനിന്ന് ലോക്‌സഭയില്‍ എത്തിയ എം.കെ. രാഘവന്‍ കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നു. ഈ നീക്കത്തില്‍നിന്നു കേന്ദ്രം പിന്മാറണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ പൊതു സിവില്‍കോഡ് അടിയന്തരമായി നടപ്പാക്കാവുന്ന ഒന്നല്ല. കേന്ദ്രത്തില്‍ അധികാരത്തിലുള്ള എല്ലാവരേയും പ്രതിനിധീകരിക്കാവുന്ന സര്‍ക്കാരാണെന്ന് ബോദ്ധ്യം വന്നിട്ടില്ലെന്നാണ് രാഘവന്റെ പക്ഷം. അത്തരമൊരു സര്‍ക്കാര്‍ ധൃതിപിടിച്ച് ഇത്തരം നിയമനിര്‍മ്മാണം നടത്തുന്നത് രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചതായും രാഘവന്‍ പറയുന്നു. നല്ലൊരു കാര്യത്തിനിറങ്ങുമ്പോള്‍ ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ ശരിയായ ധാരണയുണ്ടാക്കാനാണ് ഒരു ജനപ്രതിനിധി ശ്രമിക്കേണ്ടത്. അതിനുപകരം ഏഷണിപ്പണി നടത്തുന്നതിനെ അംഗീകരിക്കാനാകുമോ? പൊതു സിവില്‍കോഡ് ധൃതിപിടിച്ച് നടപ്പാക്കണമെന്ന ഒരു നിര്‍ബന്ധവും കേന്ദ്രസര്‍ക്കാരിനില്ലെന്ന് പലകുറി വ്യക്തമാക്കിയതാണ്. അറുപത് വര്‍ഷം രാജ്യം ഭരിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. ഭരണഘടനയുടെ ഒരു നിര്‍ദ്ദേശം നടപ്പാക്കാനവര്‍ക്ക് മനസ്സുവന്നില്ല. രാഘവന് ഇങ്ങനയേ പറയാനാകൂ. രാഘവന്റെ നേതാവ് എ.കെ. ആന്റണിയും ഈ വിഷയത്തില്‍ വല്ലാതെ രോഷാകുലനായതാണ്. ചെരിപ്പിനൊത്ത് കാലുമുറിക്കണമെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കാലിനൊപ്പിച്ച് ചെരുപ്പു ശരിയാക്കുന്നതാണ് നേരായ മാര്‍ഗ്ഗമെന്ന് ആലോചിക്കാന്‍ പോലും ഇവര്‍ക്കാവത്തതെന്തുകൊണ്ടാണ്? പൊതു സിവില്‍ കോഡ് വിഷയത്തില്‍ എ.കെ.ആന്റണി സുപ്രീം കോടതിയെ വെല്ലുവിളിക്കുകപോലും ചെയ്തു. 2015 ഒക്ടോബറില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിന് നിയമം നിര്‍മ്മിക്കുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമക്കമ്മീഷനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പറഞ്ഞു. 1985ലെ ഷബാനോ കേസ് മുതല്‍ സുപ്രീം കോടതി പൊതു വ്യക്തിനിയമം നടപ്പിലാക്കണമെന്ന് അഭിപ്രായെപ്പടുന്നതാണ്. 1995 ല്‍ സരള മുദ്ഗല്‍ കേസിലും 2003 ല്‍ ജോണ്‍ വള്ളമറ്റം കേസിലും സുപ്രീംകോടതി പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് അഭിപ്രയപ്പെട്ടതാണ്. 2015 ഒക്ടോബറില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ ക്രിസ്ത്യാനികള്‍ക്ക് വിവാഹമോചനം കിട്ടണമെങ്കില്‍ രണ്ട് വര്‍ഷം വേര്‍പെട്ട് ജീവിക്കണം, മറ്റ് മതക്കാര്‍ക്ക് (മുസ്ലിം ഒഴിച്ച്) ഒരുവര്‍ഷം മതി. ക്രിസ്ത്യാനികള്‍ക്കും ഒരു വര്‍ഷമാക്കണം എന്ന അപേക്ഷ വന്നപ്പോഴാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് പൊതു സിവില്‍ കോഡ് നടപ്പാക്കുന്നതിനെപ്പറ്റി അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടത്. അനുച്ഛേദം 37 അനുസരിച്ച് മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കാന്‍ ഒരു കോടതിക്കും അധികാരമില്ല. സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ച് നടപ്പാക്കണം. അതുകൊണ്ടാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മാര്‍ഗനിര്‍ദ്ദേശക തത്വത്തിലെ അനുച്ഛേദം 44 ആണ് പൊതു സിവില്‍ കോഡ് നടപ്പാക്കണം എന്ന് ഭരണഘടനയില്‍ പറയുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിന്‍ മാത്രമേ പൊതു സിവില്‍ കോഡ് നടപ്പിക്കിലാക്കു എന്ന് 2014 ഡിസംമ്പര്‍ മാസത്തില്‍ നിയമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതാണ്. എല്ലാ മതവിശ്വാസികളുമായി ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കണം അതിന്റെ അദ്യപടിയാണ് ലോകമ്മീഷനോട് റിപ്പോര്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. യുപിഎ ഭരണകാലത്ത് 2008ല്‍ ലോക്കമ്മീഷന്‍ കോമണ്‍ സിവില്‍കോഡ് നടപ്പാക്കണം എന്നുപറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ കാര്യം ലോക്കമ്മീഷന്‍ ചെയര്‍മാനായിരുന്ന എ.ആര്‍ ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്തുകൊണ്ട് ആന്റണി 2008 ല്‍ ലോക്കമ്മീഷന്‍ റിപ്പോര്‍ട്ട് വര്‍ഗ്ഗീയ ധൃവീകരണത്തിനുവേണ്ടിയാണ് എന്ന് പറഞ്ഞില്ല. ഗോവയില്‍ പൊതു സിവില്‍ കോഡ് നിലവിലുണ്ട്. അവിടെ പാടില്ല എന്ന് കോണ്‍ഗ്രസ് പറയുന്നില്ല? 1870 മുതല്‍ ഗോവയില്‍ പൊതു സിവില്‍കോഡ് നിലനില്‍ക്കുന്നു. പോര്‍ച്ചുഗീസുകാര്‍ ഗോവ വിട്ടുപോയിക്കഴിഞ്ഞ് 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാര്‍ലമെന്റ് ഗോവയില്‍ പൊതു സിവില്‍കോഡ് നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം നടത്തി. പൊതുവ്യക്തിനിയമം വന്നാല്‍ അനുച്ഛേദം 25 അനുസരിച്ചുള്ള മതസ്വാതന്ത്ര്യം നഷ്ടപ്പെടും എന്ന് പറയുന്നവര്‍ക്ക് ഗോവയുടെ ഉദാഹരണം നോക്കാവുന്നതാണ്. 2016 എപ്രിലില്‍ ഷയാരു ബാനോ എന്ന സ്ത്രി മുത്തലാക്ക് നിര്‍ത്തലാക്കണമെന്ന് അപേക്ഷിച്ച് സുപ്രീം കോടതിയെ സമീപിച്ചപ്പോഴും കോടതി അറ്റോര്‍ണി ജനറലിനോട് അഭിപ്രായം ആരാഞ്ഞു. സുപ്രീംകോടതി പറഞ്ഞാലും ഈ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യരുത് എന്നാണ് ചിലര്‍ പറയുന്നത്. വിവാഹം, വിവാഹമോചനം, ദത്ത്, ജീവനാംശം എന്നിവയുടെ കാര്യത്തിലാണ് പൊതു നിയമം വേണം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നത്. മറ്റ് ആചാരങ്ങള്‍ക്ക് ഇത് ബാധകമല്ല. അപ്പോള്‍ മതത്തിന്റെ പേരിലും മതേതരത്വത്തിന്റെ പേരിലും സമുദായ-രാഷ്ട്രീയ കക്ഷികളും രംഗത്തിറങ്ങുന്നതാണ് യഥാര്‍ത്ഥത്തില്‍ ദുഷ്ടലാക്ക്. മുത്തലാഖ് സ്ത്രീവിരുദ്ധമാണ്. മുസ്ലിം സ്ത്രീകള്‍ നിയമനടപടികളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. മുത്തലാഖ് വേണ്ടെന്ന നിലപാടിനോട് സ്ത്രീകള്‍ രംഗത്തിറങ്ങുന്നു. ഏകസിവില്‍കോഡ് ഏതെങ്കിലും മതനിയമം അടിച്ചേല്‍പ്പിക്കലല്ലെന്നിരിക്കെ ആര്‍ക്കാണ് ഈ നിയമത്തെ ഇത്ര പേടി? e-mail: kunhikannantvm@gmail.com *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം