malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കരുണ വറ്റിയ വാര്‍ത്താ വിശേഷങ്ങള്‍

പി കൂഞ്ഞിപ്പ നെല്ലിക്കുന്ന്‌
മനസ്സാക്ഷി മരവിച്ച മനുഷ്യരുടെ മൃഗീയമായ ക്രൂരതകള്‍ കേട്ട് കരള്‍ പിളര്‍ക്കും വാര്‍ത്തകളാണ് അനുദിനം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. ക്ഷയരോഗം ബാധിച്ച് ആസ്പത്രിയില്‍ മരണപ്പെട്ട പ്രിയതമയുടെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് ലോകത്തിന് തന്നെ താങ്ങാനാകാത്ത കദന ഭാരവുമായി നടന്നു നീങ്ങുന്ന ഒരു മനുഷ്യന്‍. മൃതശരീരത്തിന്റെ ഭാരത്തെക്കാളുമധികം മനുഷ്യ മൃഗീയത സൃഷ്ടിച്ച താങ്ങാനാകാത്ത ഹൃദയഭാരം കാരണം ആ നടത്തം ആരുടെ മനസിനെയും മുറിവേല്‍പ്പിക്കുന്നതായിരുന്നു. ഒഡീഷയിലെ ദരിദ്ര പ്രദേശമായ കാലഹന്ദിയിലെ മാഞ്ചി എന്ന 42 കാരന്റെ ദൈന്യ ചിത്രം കണ്ടും കേട്ടും വിദേശ രാജ്യമായ ബഹ്‌റൈനിലെ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ പോലും സഹായിക്കാന്‍ മുന്നോട്ടുവന്നു. ലോക മനസ്സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ ദൃശ്യം കണ്ണില്‍ നിന്നു മായും മുമ്പ് മറ്റൊരു വാര്‍ത്ത പുറത്ത് വന്നു. അതും ഒഡീഷയില്‍ നിന്ന് തന്നെ. തീവണ്ടിയിടിച്ച് മരിച്ച വയോവൃദ്ധയായ സാലമണിയുടെ ജഡം ആസ്പത്രിയിലേക്ക് മാറ്റുന്നതിനായി ആസ്പത്രി ജീവനക്കാര്‍ ആംബുലന്‍സിന് പകരം കണ്ടെത്തിയ എളുപ്പവഴി എല്ലുകള്‍ ഒടിച്ച് മടക്കി ചാക്കിലാക്കി മുളയില്‍ കെട്ടി റോഡിലൂടെ ചുമന്ന് കൊണ്ട് പോവുക എന്നതായിരുന്നു. കാല്‍കൊണ്ട് ചവിട്ടി മുറിച്ചാണത്രെ എല്ലുകള്‍ പൊട്ടിച്ചത്. ബാല സോം എന്ന സ്ഥലത്തുവെച്ച് തീവണ്ടി തട്ടി മരിച്ച 76 കാരിയുടെ മൃതദേഹം സ്ഥലത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മണിക്കൂറുകളോളം സൂക്ഷിച്ച ശേഷമാണത്രെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ജില്ലാ ആസ്പത്രിയിലേക്ക് മാറ്റേണ്ടി വന്നത്. ഓട്ടോയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിക്കാന്‍ ചെലവ് കൂടുമെന്നതിനാല്‍ മൃതദേഹം റെയില്‍വെ സ്റ്റേഷനിലെത്തിക്കാന്‍ ഒരു തൂപ്പുകാരനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം കൊണ്ടു പോകാനുള്ള എളുപ്പത്തിനായി ഇടുപ്പ് ഭാഗത്തെ എല്ലുകള്‍ ചവിട്ടിപ്പൊട്ടിച്ച് ചുരുട്ടി മടക്കി മുളയില്‍ കെട്ടി രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചത്. നീതിക്ക് വേണ്ടി ഞാന്‍ അധികൃതരോട് കേണപേക്ഷിച്ചു; അമ്മയുടെ മൃതദേഹം ചവിട്ടിയൊടിച്ച് ചാക്കില്‍ മടക്കി കെട്ടുന്ന രംഗം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നു എന്ന് നിറകണ്ണുകളോടെ മകന്‍ രബീന്ദ്രബാരിക് വിവരിക്കുന്നു. ഇതിന് തൊട്ടടുത്ത ദിവസം പുറത്ത് വന്ന മറ്റൊരു വാര്‍ത്ത; മധ്യപ്രദേശിലെ ദാമോഹയില്‍ ബസ്സ് യാത്രക്കിടെ യുവതി മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെയും കുടുംബത്തെയും പെരുവഴിയില്‍ ഇറക്കിവിട്ടതായിരുന്നു. ഛത്തര്‍പൂരിലെ ഗോഗ്രി സ്വദേശിയായ രാംസിം ലോധിയെയും കുടുംബത്തെയുമാണ് ബസ്സ് ജീവനക്കാര്‍ ഇറക്കി വിട്ടത്. ഇയാളുടെ ഭാര്യ മല്ലിബായി എന്ന യുവതി പ്രസവാനന്തരം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അത്യാസന്ന ഘട്ടത്തിലെത്തിയപ്പോള്‍ ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ വഴിയില്‍ വെച്ച് ബസ്സില്‍ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സ് ജീവനക്കാര്‍ രാംസിങിനെയും അഞ്ച് ദിവസം മാത്രമായ നവജാത ശിശുവിനെയും ഭാര്യാമാതാവിനെയും ബസ്സില്‍ നിന്ന് നിര്‍ബ്ബന്ധിച്ച് ഇറക്കി വിടുകയായിരുന്നു. മൃതദേഹം റോഡരികില്‍ ഇറക്കിവെച്ച് നിസ്സഹായരായി ഇരിക്കെ അതുവഴി വന്ന അഭിഭാഷകരായ മൃത്യുഞ്ജയ് ഹസാരി, രാജേഷ് പട്ടേല്‍ എന്നിവര്‍ സംഭവം ചോദിച്ചറിഞ്ഞ് ആംബുലന്‍സിന് വേണ്ടി ഫോണ്‍ ചെയ്‌തെങ്കിലും ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് അവരുടെ സഹായത്താല്‍ മറ്റൊരു വാഹനത്തില്‍ ഛത്തന്‍പൂരില്‍ എത്തിക്കുകയായിരുന്നു. ഇതോടൊന്നിച്ച് വായിക്കേണ്ടതാണ് സാ ക്ഷര കേരളത്തില്‍ ഒരു ഒമ്പത് വയസ്സുകാരനോട് സ്വന്തം അമ്മ കാട്ടിയ കൊടും ക്രൂരതയുടെ കരളലിയിക്കുന്ന കഥ. ഒപ്പം ഡല്‍ഹിയില്‍ അരങ്ങേറിയ മാതാപിതാക്കളുടെ മറ്റൊരു കൊടും ക്രൂരതയുടെ കഥകൂടി. അയല്‍വാസികള്‍ ദുര്‍ഗന്ധം വമിക്കുന്നുവെന്നറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 19ന് ഡല്‍ഹിയിലെ ഒരു വീടിന്റെ വാതില്‍ തുറന്ന പൊലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിയത്രെ. അങ്ങേയറ്റം ഭീതിദമായ ഒരു കാഴ്ച. പൂട്ടിയിട്ട മുറിയില്‍ ശരീരത്തില്‍ വ്രണങ്ങള്‍ നിറഞ്ഞ് പുഴുവരിക്കുന്ന രീതിയില്‍ ഇരുട്ടത്ത് എട്ടും മൂന്നും വയസ്സായ രണ്ട് കുരുന്ന് കുഞ്ഞുങ്ങള്‍. തലച്ചോറിലെ അണുബാധക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ് അവര്‍ ഇരുവരും ഇപ്പോള്‍. രണ്ട് മാസം മുമ്പ് സഹോദരനോടൊപ്പം അമ്മ വീട് വിട്ടിറങ്ങിയതോടെ പിതാവിന്റെ സംരക്ഷണത്തിലായിരുന്നു കുട്ടികള്‍. മദ്യപാനിയായ പിതാവും ദിവസങ്ങള്‍ക്ക് ശേഷം വീട് പൂട്ടി പുറത്ത് പോയതോടെ പിഞ്ചു മക്കള്‍ പട്ടിണിയും രോഗങ്ങളുമായി ഏകാന്തതയില്‍ വീടിനകത്ത് പുഴുവരിച്ച് കഴിയേണ്ട അവസ്ഥയിലെത്തി. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ കുട്ടികളുടെ മുത്തശ്ശിയെ കണ്ടെത്താനായെങ്കിലും അവര്‍ കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറായില്ല. പൊലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു. അവരുടെ മേല്‍നോട്ടത്തിലാണ് ആസ്പത്രിയിലാക്കിയത്. രക്ഷിതാക്കള്‍ വീടുപേക്ഷിച്ച് പോകാന്‍ കാരണം പട്ടിണിയാണ്. ഇതിനോട് കൂട്ടിവായിക്കാന്‍ മറ്റൊരു പന്ത്രണ്ട് വയസ്സുകാരന്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ പിതാവിന്റെ ചുമലില്‍ കിടന്ന് ദാരുണമായി മരിക്കാനിടയായ സംഭവം ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കാണ്‍പൂരിലെ ലാലാ ലജ്പത്‌റായി ആസ്പത്രിയിലാണ് മനുഷ്യത്വമില്ലായ്മയുടെ കരളലിയിക്കുന്ന ഈ ദാരുണ സംഭവത്തിന്റെ ഉറവിടം. കാണ്‍പൂരിലെ ഫസല്‍ഗഞ്ചിലാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്ന് അന്‍ഷില്‍ എന്ന പന്ത്രണ്ടുകാരനെ അച്ഛന്‍ സുനില്‍ കുമാര്‍ ആദ്യം വീടിനടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറെ കാണിച്ചു. മരുന്ന് കഴിച്ചിട്ടും ശമനം കിട്ടാതായതിനെ തുടര്‍ന്ന് മകനെയും കൊണ്ട് കാല്‍നടയായി ലാലാ ലജ്പത്‌റായി ആസ്പത്രിയില്‍ എത്തി. ഇവിടെ നിന്ന് ഒരു ചികിത്സയും ലഭ്യമായില്ലെന്ന് മാത്രമല്ല അടുത്തുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററിലേക്ക് പറഞ്ഞ് വിടുകയുമാണ് ചെയ്തത്. അവിടെ എത്തിക്കാന്‍ പിതാവ് സ്‌ട്രെച്ചര്‍ ആവശ്യപ്പെട്ടെങ്കിലും ആസ്പത്രി അധികൃതര്‍ നല്‍കിയില്ല. ഗത്യന്തരമില്ലാതെ ഓമന മകനെ തോളിലേറ്റി ആ പിതാവ് മെഡിക്കല്‍ സെന്ററിലെത്തിച്ചപ്പോഴേക്കും കരുണയില്ലാത്ത ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞിരുന്നു. തുടര്‍ന്നും ആരും സഹായിക്കാനില്ലാത്തതിന്റെ പേരില്‍ ആ പിതാവിന് പ്രിയ പുത്രന്റെ ജഡം ചുമലിലേറ്റിത്തന്നെ വീട്ടിലെത്തിക്കേണ്ട ദുര്യോഗമാണ് ഉണ്ടായത്. അടിയന്തര ചികിത്സക്ക് പിതാവ് ഡോക്ടര്‍മാരോട് കെഞ്ചിയെങ്കിലും നിഷ്‌കരുണം അടുത്തുള്ള ആസ്പത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ വാര്‍ത്തയുടെ തൊട്ടടുത്ത ദിവസം വന്ന വാര്‍ത്ത കൂടി വായിക്കൂ. ആംബുലന്‍സ് കിട്ടിയില്ല; അമ്മയുടെ മൃതദേഹം മക്കള്‍ കൊണ്ടു പോയത് ബൈക്കിലിരുത്തി എന്നായിരുന്നു തലക്കെട്ട്. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ഉലാട്ട് എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അസുഖം മൂര്‍ഛിച്ച പാര്‍വതി ഭായി എന്ന എഴുപതുകാരിയെ ആസ്പത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ആംബുലന്‍സ് സഹായം തേടി. പലരെയും വിളിച്ചുനോക്കി. ഇതിനിടെ പാര്‍വതിയുടെ ആരോഗ്യ നില വഷളായി. മക്കള്‍ അമ്മയെ ബൈക്കിലിരുത്തി അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കെത്തിച്ചപ്പോഴേക്കും അമ്മ മരണമടഞ്ഞിരുന്നു. മൃതദേഹം തിരിച്ചു വീട്ടിലെത്തിക്കാന്‍ ആസ്പത്രി അധികൃതരോട് ആംബുലന്‍സ് സഹായം തേടിയപ്പോള്‍ 108 നമ്പറിലേക്ക് വിളിക്കാന്‍ പറഞ്ഞതനുസരിച്ച് വിളിച്ചു. ആംബുലന്‍സ് വന്നെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ ഡ്രൈവര്‍ സമ്മതിച്ചില്ല. താണുകേണപേക്ഷിച്ചിട്ടും ഡ്രൈവര്‍ വിസമ്മതിച്ചപ്പോള്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ മൃതദേഹം മധ്യത്തിലിരുത്തി മക്കള്‍ മുന്നിലും പിന്നിലുമായി ബൈക്കിലിരുന്ന് വീട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിയോണി ജില്ലാ കലക്ടര്‍ എസ്. ധനരാജ് അറിയിച്ചിട്ടുണ്ട്. തിളങ്ങുന്ന ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് ഏതാണ്ട് ഒരാഴ്ചക്കുള്ളില്‍ അരങ്ങേറിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കരുണ വറ്റിയ വാര്‍ത്താ വിശേഷങ്ങളാണിത്. മനുഷ്യ മനസ്സുകള്‍ കനിവിന്റെ ആര്‍ദ്രത അശേഷമില്ലാതെ കരിമ്പാറകളായി തീരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഈ വാര്‍ത്തകളൊക്കെ വായിക്കുമ്പോള്‍. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം