malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

യാസര്‍ കേസിന്റെ ഗുണപാഠം

പി.എസ്. ശ്രീധരന്‍പിള്ള
യാസര്‍ വധക്കേസിന്റെ വിചാരണ നടത്തിയ സെഷന്‍സ് ജഡ്ജി കെ.കെ.ചന്ദ്രദാസന്‍ സത്യസന്ധനും നിഷ്പക്ഷനുമായ ഒരു ന്യായാധിപനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. നിയമാധിഷ്ഠിതനീതി നടപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളെയും കോടതിവിധികളെയും അവലംബിച്ചുകൊണ്ട് തന്റെ ജുഡീഷ്യല്‍ മനസ്സാക്ഷിക്കനുസരിച്ച് അദ്ദേഹം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ സുപ്രീം കോടതിയും അദ്ദേഹത്തിന്റെ നിലപാടിനെ പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുന്നു. harmer-judgeസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ കഴിഞ്ഞ ദിവസം ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ത്തമാന സാഹചര്യത്തില്‍ വളരെ പ്രസക്തിയുള്ളതാണ്. ”ഈ കോടതിക്ക് രാമരാജ്യം സ്ഥാപിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കാനാവില്ല, ഞങ്ങള്‍ക്ക് പരിമിതിയുണ്ട്” എന്നതായിരുന്നു ആഅഭിപ്രായം. വോയ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയ്ക്കുവേണ്ടി ഭാരവാഹിയായ ധനേഷ് ഇഷ്ദാന്‍ സ്വന്തം കേസ് വാദിച്ച് ഗൗരവത്തില്‍ കോടതിക്കുനേരെ തിരിഞ്ഞപ്പോഴാണ് ചീഫ് ജസ്റ്റിസ് മേലുദ്ധരിച്ച പരാമര്‍ശം നടത്തിയത്. ”ഞങ്ങള്‍ അഴിമതി പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചാല്‍ രാജ്യത്തുള്ള അഴിമതി ഇല്ലാതാകുമെന്ന് കരുതാനാവുമോ” എന്നും ഹര്‍ജിക്കാരനോട് ന്യായാധിപന്‍ ചോദിക്കുകയുണ്ടായി. ഞങ്ങള്‍ക്ക് പലകാര്യങ്ങളും ചെയ്യണമെന്നുണ്ട്. പക്ഷെ അവ ചെയ്യാനുള്ള കഴിവ് പരിമിതമാണെന്നും മുഖ്യന്യായാധിപന്‍ കൂട്ടിച്ചേര്‍ത്തു. ഇതുകേട്ട ഹര്‍ജിക്കാരന്‍ പൗരന്റെ മൗലികാവകാശക്കാര്യത്തിലാണ് ഈ ഒഴിഞ്ഞുമാറലെന്നും, പിന്നെ ഇതെല്ലാം എന്തിന് ഭരണഘടനയില്‍ എഴുതിവെച്ചുവെന്നും പ്രകോപിതനായി കോടതിയില്‍ ചോദിച്ചുകൊണ്ടേയിരുന്നു. കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവുണ്ടാകണമെന്നായിരുന്നു പ്രസ്തുത പൊതുതാല്‍പ്പര്യ ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് കാട്ടി ഹര്‍ജി തള്ളാന്‍ പോയപ്പോഴാണ് ഹര്‍ജിക്കാരന്‍ അസാധാരണരീതിയില്‍ കോടതിയോട് സംവേദിച്ചത്. സുപ്രീംകോടതി ബഞ്ച് സുരക്ഷാ ഉദ്യോഗസ്ഥന്മാരോട് ഹരജിക്കാരനെ കോടതി മുറിയില്‍നിന്ന് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും തള്ളുമെന്ന് പറഞ്ഞ ഹര്‍ജി തള്ളാതെ വാദം കേള്‍ക്കാനായി 2017 ഫിബ്രുവരിയിലേക്ക് മാറ്റി. സുപ്രീം കോടതി ആ പൊതുതാല്‍പര്യ ഹര്‍ജി തള്ളുന്ന സാഹചര്യം തല്‍ക്കാലം ഒഴിഞ്ഞുകിട്ടുകയും ചെയ്തു. സുപ്രീം കോടതിയില്‍ അരങ്ങേറിയ ഈ സംഭവവും, മുഖ്യന്യായാധിപന്റെ വാക്കുകളിലൂടെ പ്രകാശിതമായ ആശയവും ചില വസ്തുതകള്‍ വെളിപ്പെടുത്തുകയും ഗുണപാഠങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതിലൊരു പ്രധാനകാര്യം സൂര്യനുതാഴെ എല്ലാ വിഷയങ്ങളിലും കോടതി ഇടപെടണമെന്നുള്ള സമൂഹത്തിന്റെ നിര്‍ബന്ധബുദ്ധി ശരിയല്ലെന്നതാണ്. കോടതിക്ക് നയപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള പരിമിതിയെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ഈ മുന്നറിയിപ്പ്. ധര്‍മാധിഷ്ഠിതമോ സദാചാരാധിഷ്ഠിതമോ ആയ തീര്‍പ്പിനേക്കാള്‍ നിയമാധിഷ്ഠിതനീതി നടപ്പാക്കേണ്ട സംവിധാനമാണ് കോടതിയെന്ന സന്ദേശമാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധി നല്‍കുന്നത്. മലപ്പുറം ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച യാസര്‍ വധക്കേസില്‍ മഞ്ചേരിയിലെ വിചാരണ കോടതി മുതല്‍ സുപ്രീം കോടതിവരെയുള്ള വിവിധ കോടതി വിധികളും അതുണ്ടാക്കിയ ദൗര്‍ഭാഗ്യകരവും അനാവശ്യവുമായ ചില ധാരണകളും ആഗസ്റ്റ് എട്ടിന് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളോട് കൂട്ടിച്ചേര്‍ത്തു വായിക്കുന്നത് നല്ലതാണ്. മഞ്ചേരിയില്‍ വിധിപറഞ്ഞ ജഡ്ജി കെ.കെ.ചന്ദ്രദാസനായിരുന്നു. 1998 ആഗസ്റ്റ് 18 നായിരുന്നു സംഭവം. മതംമാറി ഇസ്ലാമായതിന്റെപേരില്‍ യാസര്‍ എന്നയാളെ കൊലചെയ്യുകയും ടിയാന്റെ പണിക്കാരനായ അബ്ദുള്‍ അസീസിനെ ഇതേപോലെ മതംമാറിയ വിരോധത്താല്‍ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു കേസിലെ ആരോപണം. തിരൂരിലെ ആര്‍എസ്എസ്പ്രവര്‍ത്തകരായ മഠത്തില്‍ നാരായണന്‍ തടങ്ങി എട്ടുപേരായിരുന്നു പ്രതികള്‍. നരഹത്യ, വധശ്രമം തുടങ്ങി വിവിധ വകുപ്പുകളിലാണ് കേസിന്റെ വിചാരണ നടന്നത്. കാസര്‍കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും ഡിസിസി പ്രസിഡന്റുമായ അഡ്വ.സി.കെ.ശ്രീധരനായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍ക്കുവേണ്ടി ഈ ലേഖകനാണ് ഹാജരായത്. മറ്റു പ്രതികള്‍ക്കുവേണ്ടി അഡ്വ. മാഞ്ചേരി നാരായണനും, അഡ്വ. ഭാസ്‌കരന്‍ നായരും ഹാജരായി. ഇരുഭാഗവും വാശിയില്‍ നടത്തിയ പ്രസ്തുത കേസില്‍ 2005 ജൂണ്‍ രണ്ടിന് മഞ്ചേരി സെഷന്‍സ് കോടതി പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. പ്രതികളെ കുറ്റവുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഡോക്ടറോട് ആദ്യ അവസരത്തില്‍ പ്രതികളെപ്പറ്റി സൂചനപോലും നല്‍കാന്‍ പരിക്കുപറ്റിയ ആളിനും ദൃക്‌സാക്ഷിക്കും കഴിയാതിരുന്നതും, 10 ദിവസങ്ങള്‍ക്കുശേഷം മാത്രം പ്രതികളുടെപേരുകള്‍ സാക്ഷികള്‍ വെളിപ്പെടുത്തിയതും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ രാഷ്ട്രീയ വിരോധത്താല്‍ പിന്നീട് കളവായി പ്രതികളാക്കിയതാണെന്ന വാദം സാധൂകരിക്കുന്നുവെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങള്‍ കീഴ്‌ക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ അന്വേഷണം നടത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വീഴ്ചവരുത്തുകയും മറ്റും ചെയ്തതിന്റെപേരില്‍ അദ്ദേഹത്തിനെതിരെ നടപടിക്കുള്ള ശുപാര്‍ശയും സെഷന്‍സ് ജഡ്ജി വിധിയില്‍ പറഞ്ഞിരുന്നു. കേവലം സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിടുന്നതിനപ്പുറം ആര്‍എസ്എസ്സുകാരായ പ്രതികളുടെ നിരപരാധിത്വത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുകൂടിയുള്ള വിധിയായിരുന്നു വിചാരണ കോടതിയുടെത്. ഈ വിധി പ്രഖ്യാപനം വന്നതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഉടനീളം വിധി പ്രസ്താവം നടത്തിയ ജഡ്ജിയെ അധിക്ഷേപിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിമുഴക്കിക്കൊണ്ടുമുള്ള വ്യാപകമായ പോസ്റ്ററുകളും പ്രചാരണങ്ങളുമൊക്കെ അരങ്ങുതകര്‍ത്തിരുന്നു. തലശ്ശേരിയില്‍ സെഷന്‍സ് ജഡ്ജി ആയിരിക്കെ ഒട്ടേറെ കേസുകളില്‍ ആര്‍എസ്എസ്സിലും, സിപിഎമ്മിലുംപെട്ട പ്രതികളെ ശിക്ഷിച്ച ചരിത്രമുള്ള ജഡ്ജിയായിരുന്നു ചന്ദ്രദാസന്‍. ആറ് കേസുകളില്‍ ഇപ്രകാരം ആര്‍എസ്എസ് പ്രവര്‍ത്തകരെ ശിക്ഷിച്ചുവെങ്കിലും സംഘപ്രസ്ഥാനങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ശിക്ഷ റദ്ദാക്കാന്‍ ശ്രമിച്ചതല്ലാതെ ആ ന്യായാധിപനെ മോശക്കാരനാക്കാന്‍ ഒന്നും ചെയ്തില്ല. എന്നാല്‍ സിപിഎമ്മുകാര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ കേസുള്‍പ്പെടെ അവരെ ശിക്ഷിച്ച കേസുകളില്‍ ജഡ്ജിയെ വേട്ടയാടുവാന്‍ ശ്രമിക്കയായിരുന്നു. കാര്യകാരണസഹിതം തെളിവ് വിശകലനം ചെയ്ത് പ്രതികളെ കുറ്റവിമുക്തരാക്കിയപ്പോള്‍ ആ ന്യായാധിപനെ വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടുമായി മുസ്ലിം മതമൗലികവാദ സംഘടനകളും സിപിഎമ്മുകാരും ചേര്‍ന്ന് മലപ്പുറം ജില്ലയില്‍ മോശപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നിയമാധിഷ്ഠിതനീതി നടപ്പാക്കാനുള്ള ബാധ്യതയാണ് നമ്മുടെ നിയമവ്യവസ്ഥയില്‍ ന്യായാധിപന്മാര്‍ക്കുള്ളത്. വ്യക്തിയധിഷ്ഠിത നീതിയോ ജഡ്ജിയധിഷ്ഠിതനീതിയോ നമ്മുടെ ക്രിമിനല്‍ സമ്പ്രദായത്തിനന്യമാണ്. മഞ്ചേരി സെഷന്‍സ് കോടതിയിലെ ചന്ദ്രദാസന്റെ വിധി യുക്തിഭദ്രവും നിയമാധിഷ്ഠിതവുമാണെന്ന് ക്രിമിനല്‍ നിയമതത്വങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. മലപ്പുറം ജില്ലയില്‍ ഒട്ടേറെപ്പേരെ മതംമാറ്റി ഇസ്ലാമില്‍ ചേര്‍ത്ത ഒരാളെ ആര്‍എസ്എസ്സുകാര്‍ വെച്ചുപ്പൊറുപ്പിക്കില്ല എന്ന നിഗമനത്തില്‍ യാസര്‍ വധത്തെ നോക്കിക്കാണുന്ന സമീപനം കുറ്റാന്വേഷണ സംവിധാനം സ്വീകരിച്ചു എന്ന ആക്ഷേപം പ്രതിഭാഗം ശക്തമായി വിചാരണയിലും അപ്പീലിലും ഉന്നയിച്ചിട്ടുള്ളതാണ്. മുന്‍വിധികളാലും ജനവികാരം കണക്കിലെടുത്തും പൊതുതാല്‍പ്പര്യം എന്ന ഓമനപ്പേര് നല്‍കിയുമൊക്കെ ക്രിമിനല്‍ നീതിക്രമത്തെ സമീപിക്കുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവും നീതിനിഷേധവുമാണ്. ഹൈക്കോടതിയില്‍ പ്രതികളെ വിട്ടതിനെതിരെ സര്‍ക്കാര്‍ ബോധിപ്പിച്ച അപ്പീലിലും യാസറിന്റെ ഭാര്യ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലും നിയമാധിഷ്ഠിത നീതിയെന്ന സങ്കല്‍പ്പവും വ്യവസ്ഥാപിത മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്നതാണ് ഹൈക്കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എന്ന നിലയില്‍ ഈ ലേഖകന്റെ സുചിന്തിതമായ അഭിപ്രായം. 2009 നവംബര്‍ അഞ്ചിന് കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ അപ്പീലില്‍ നല്‍കിയ വിധിന്യായമനുസരിച്ച് മഞ്ചേരി കോടതി പ്രതികളെ വിട്ടയച്ച വിധി റദ്ദുചെയ്യുകയും കേസിലെ ഏഴ് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമാണുണ്ടായത്. 130 പേജുകളിലായി കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജിയുടെ വിധി തെറ്റെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ വിധിന്യായത്തെ സുപ്രീം കോടതി ഇപ്പോള്‍ പാടെ നിരാകരിച്ചിരിക്കുന്നു. ഹൈക്കോടതി അവരില്‍ നിക്ഷിപ്തമായ അപ്പീലധികാരം ഉപയോഗിച്ചത് നീതിപൂര്‍വ്വകമോ യുക്തമോ നിയമാനുസൃതമോ ആയ നിലയിലല്ലെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതിയില്‍ കേസെടുത്തപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഏതാനും മിനിറ്റുകള്‍ മാത്രം മഞ്ചേരി കോടതി വിധി ഉന്നയിച്ച നിയമാധിഷ്ഠിത നീതികാര്യങ്ങള്‍ വാദിച്ചപ്പോഴേക്കും സുപ്രീം കോടതി ജഡ്ജിമാര്‍ തൃപ്തരായി അതുമതിയെന്നു പറഞ്ഞ് യാസറിന്റെ വിധവയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ വക്കീലിനോട് മറുപടി പറയാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. കീഴ്‌ക്കോടതിവിധിയും ഹൈക്കോടതി വിധിയും സമഗ്രമായി പരിശോധിച്ച സുപ്രീം കോടതി, സെഷന്‍സ് ജഡ്ജിയുടെ വിധി നിയമപ്രകാരവും വസ്തുതാപരവുമായി ശരിയാണെന്നും അതില്‍ യാതൊരുവിധ അപാകതയുമില്ലെന്നും അഭിപ്രായപ്പെടുകയാണുണ്ടായത്. 11 പേജുകള്‍ മത്രമേ സുപ്രീം കോടതിക്ക് വിധിന്യായം എഴുതാനായി വേണ്ടിവന്നുള്ളൂ. കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, പ്രതികളെ വിട്ടയച്ച വിചാരണ കോടതിയുടെ വിധിന്യായത്തെ അസാധാരണമായ വിധത്തിലാണ് നോക്കികണ്ടിട്ടുള്ളത്. കീഴ്‌കോടതി പ്രതികളെ വിടാന്‍ നിശ്ചയിച്ചശേഷം കാരണങ്ങള്‍ മെനഞ്ഞുണ്ടാക്കി എന്ന രീതിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലുള്ളത്. കൂടുതലൊന്നും ഞങ്ങള്‍ പറയുന്നില്ല എന്നും അതില്‍ സൂചിപ്പിച്ചു. ഹൈക്കോടതിയുടെ വിധി മാധ്യമങ്ങളിലും മറ്റും വന്നതിനെത്തുടര്‍ന്നാണ് പ്രതികളെ വിട്ടയച്ച മഞ്ചേരി ജഡ്ജിക്കും ആര്‍എസ്എസ്സിനുമെതിരെ മലപ്പുറം ജില്ലയില്‍ ചിലര്‍ വ്യാപകമായ പോസ്റ്ററുകള്‍ പതിച്ചതും ഹൈക്കോടതിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചതും. കൂടാതെ ഹൈക്കോടതി വിധിയുടെ കോപ്പി സെഷന്‍സ് ജഡ്ജിക്ക് അയച്ചുകൊടുക്കാനും അദ്ദേഹം എന്തോ തെറ്റു ചെയ്ത രീതിയില്‍ കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെ നീങ്ങാനും ഹൈക്കോടതി വിധി ഇടയാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി ശുപാര്‍ശ ചെയ്ത നടപടികളെ വിമര്‍ശിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, പോലീസിനെ അഭിനന്ദിക്കാനും മറന്നില്ല. യഥാര്‍ത്ഥത്തില്‍ പോലീസും കോടതിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍പോലെയാണെന്ന തോന്നല്‍ കോടതിവിധികളിലൂടെ സൃഷ്ടിക്കപ്പെടുന്നത് അനഭിഷണീയമാണെന്ന് പറയാതെവയ്യ. മഞ്ചേരിയില്‍ കേസിന്റെ വിചാരണ നടത്തിയ സെഷന്‍സ് ജഡ്ജി കെ.കെ.ചന്ദ്രദാസന്‍ സത്യസന്ധനും നിഷ്പക്ഷനുമായ ന്യായാധിപനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. നിയമാധിഷ്ഠിതനീതി നടപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളെയും കോടതിവിധികളെയും അവലംബിച്ചുകൊണ്ട് തന്റെ ജുഡീഷ്യല്‍ മനസ്സാക്ഷിക്കനുസരിച്ച് അദ്ദേഹം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുകയാണുണ്ടായത്. ഇപ്പോള്‍ സുപ്രീം കോടതിയും അദ്ദേഹത്തിന്റെ നിലപാടിനെ പൂര്‍ണ്ണമായും അംഗീകരിച്ചിരിക്കുന്നു. ഇതിനിടയില്‍ സമൂഹമദ്ധ്യത്തില്‍ യാസര്‍ വധക്കേസിലെ വിധിന്യായത്തിന്റെപേരില്‍ അദ്ദേഹമനുഭവിക്കേണ്ടിവന്ന വേട്ടയാടലിനും അപകീര്‍ത്തിക്കും മനോവേദനയ്ക്കും എന്ത് പരിഹാരമാണ് ഇന്നത്തെ സംവിധാനത്തിന് നിര്‍ദ്ദേശിക്കാനുള്ളത്. പരിക്കേറ്റയാള്‍ ആദ്യപരിശോധന നടത്തിയ ഡേക്‌ടോറോട് ആരുടെയും പേരുകള്‍ വെളിപ്പെടുത്താതെ, അറിയാത്ത ആരൊക്കെയോ എന്ന് പറഞ്ഞ് രേഖപ്പെടുത്തിയിട്ടുള്ളത് പ്രോസിക്യൂഷന്‍ തെളിവുകളെ അവിശ്വസനീയമാക്കുന്നു എന്ന വിചാരണക്കോടതിയുടെ നിഗമനത്തെയാണ് സുപ്രീം കോടതി ഇപ്പോള്‍ എടുത്തുപറഞ്ഞ് ശരിവെച്ചിട്ടുള്ളത്. 2003 ലെ രാജീവന്‍ വേഴ്‌സസ് കേരള എന്ന കേസില്‍ സുപ്രീം കോടതി ഡോക്ടറോട് പരിക്കുപറ്റിയ ആള്‍ പേര് വെളിപ്പെടുത്തിയില്ലെന്നത് പ്രോസിക്യൂഷന് ദോഷകരമാണെന്ന് വിധിച്ചിട്ടുണ്ട്. കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ സുപ്രീം കോടതി വിധിയെ നിരാകരിക്കാന്‍ കേരളത്തിലെ ഒരു വിധിയെയാണ് അവലംബിച്ചത്. ഇതുതന്നെ നിയമപരമായി വലിയ തെറ്റാണ്. 2010 ല്‍ സുപ്രീം കോടതി മൂന്നംഗം ബഞ്ചും ഡോക്ടറോട് പരിക്കുപറ്റിയ ആള്‍ വിവരണം നല്‍കാത്തത് പ്രോസിക്യൂഷന് ദോഷമാണെന്ന് വിധിച്ചിട്ടുണ്ട്. 2011 ലും പാലക്കാട്ടുനിന്നുള്ള ആര്‍എസ്എസ്സുകാര്‍ പ്രതികളായ കേസില്‍ പരിക്കുപറ്റിയ ആള്‍ ഡോക്ടറോട് അക്രമികളാരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് കേസില്‍ പരിഗണിക്കേണ്ട കാര്യമേ അല്ലെന്ന് യാസര്‍ വധക്കേസിലെ അപ്പീല്‍കേട്ട ജഡ്ജിമാരിലൊരാള്‍ വിധിന്യായത്തിലെഴുതി പ്രതികളുടെ ശിക്ഷ ശരിവച്ചിട്ടുണ്ട്. ഇതൊക്കെ ദൗര്‍ഭാഗ്യകരങ്ങളാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ നിയമാധിഷ്ഠിതനീതി എന്ന സങ്കല്‍പ്പത്തില്‍ നിന്നും കേരള സംസ്ഥാനത്തെ നീതിപിഠങ്ങള്‍ അകന്നുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കുന്നവരെ പഴിക്കാനാവില്ല. ഈ ലേഖകന്‍ അഭിഭാഷകനായ ആദ്യദിവസം സീനിയറിനൊപ്പം കോഴിക്കോട് സെഷന്‍സ് കോടതിയിലെത്തിയപ്പോള്‍ അവിടെ ആദ്യം വിളിച്ച കേസ് ജയിലില്‍ തടവുകാരനായി കിടക്കുന്ന സ്ഥിരം കുറ്റവാളിയുടെ അപ്പീലായിരുന്നു. ജഡ്ജി നീതിമാനായ എ.ആര്‍.ശ്രീനിവാസനായിരുന്നു. ജയിലിലുള്ളവര്‍ക്കുവേണ്ടി ഹാജരാവാന്‍ അഭിഭാഷകര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. ആ കേസില്‍ ബഹുമാന്യനായ ജഡ്ജി പ്രോസിക്യൂട്ടറോട് പറഞ്ഞ വാക്കുകള്‍ എന്റെ സ്മൃതിപഥത്തില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു. ജഡ്ജി പറഞ്ഞതിതായിരുന്നു: ”മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ ഞാന്‍ ഈ ജയില്‍ അപ്പീലിലെ കാര്യങ്ങള്‍ പഠിച്ചു. പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്ന് തോന്നുന്നു. പക്ഷേ പ്രതിയെ മോഷണക്കുറ്റവുമായി ബന്ധപ്പെടുത്താന്‍ മതിയായ തെളിവുകളൊന്നുമില്ല. പ്രതിയെ വിട്ടയച്ചാല്‍ വീണ്ടും അയാള്‍ കുറ്റം ചെയ്‌തേക്കാം. മതിയായ തെളിവുകളില്ലാതെ ഒരു പ്രതിയെ ശിക്ഷിച്ചാല്‍ എന്റെ ജുഡീഷ്യല്‍ മനസ്സാക്ഷി അതൊരിക്കലും സഹിക്കില്ല. പ്രതി വീണ്ടും കുറ്റം ചെയ്യാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കളുടെ കക്ഷിയുടെ (ഭരണകൂട) ചുമതലയാണ്. ഞാന്‍ അതുകൊണ്ട് തെളിവിന്റെ അഭാവത്തില്‍ പ്രതിയെ വിട്ടയക്കുന്നു”. ഈ ഉന്നത നീതിബോധമാണ് നിയമാധിഷ്ഠിത നീതിക്രമത്തിന്റെ അടിവേര്. അത് ചീഞ്ഞുപോയാല്‍ നമ്മുടെ നിലവിലുള്ള ക്രിമിനല്‍ നീതിക്രമത്തിന്റെ തകര്‍ച്ചയായിരിക്കും ഫലം. യാസര്‍വധത്തിന്റെ ഹൈക്കോടതി വിധിയും വിചാരണാ കോടതിക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള സുപ്രീം കോടതിവിധിയും നല്‍കുന്ന ഗുണപാഠം ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍! psspillai@yahoo.in *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം