malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ബിഹാറില്‍ ഉണരുന്ന മാഫിയയും ഉലയുന്ന മഹാസഖ്യവും

ഷംസീര്‍ കേളോത്ത്
ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഹാറിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഇളക്കി മറിച്ച് സിവാന്‍ ജില്ലയില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ഒരു നേതാവിനെ അണികള്‍ ആവേശപൂര്‍വം സ്വദേശത്തേക്ക് സ്വീകരിച്ചത്. മുഹമ്മദ് ഷഹാബുദ്ദീന്‍, ആര്‍.ജെ.ഡിയുടെ (രാഷ്ട്രീയ ജനതാദള്‍) മുന്‍ എം പിയും എം.എല്‍.എയുമൊക്കെയാണ്. നീണ്ട പതിമൂന്നു വര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷമാണ് ഷഹാബുദ്ദീന്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. പ്രാദേശിക ചാനലുകള്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ സഗൗരവം വീക്ഷിച്ച സംഭവവികാസങ്ങളുടെ പ്രസക്തി ആധുനിക ബിഹാറിന്റെ രാഷ്ട്രീയ-സാമൂഹ്യ പരിതസ്ഥിതികളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മുഹമ്മദ് ഷഹാബുദ്ദീന്‍ ജയില്‍ വാസത്തിനു ശേഷം ജാമ്യം നേടി തന്റെ തട്ടകത്തില്‍ തിരിച്ചെത്തുന്നതിലെ കൗതുകമല്ല മറിച്ച്, രാഷ്ട്രീയ-ഗൂണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ അരാജകത്വത്തിലേക്ക് ബിഹാര്‍ തിരിച്ചു പോവുന്നതിലേക്കുള്ള തുടക്കമാണോ ഇതെന്ന ആശങ്കയാണ് പൊതുവെ പങ്കുവെക്കപ്പെടുന്നത്. ബിഹാറിനായുള്ള സംഘ്പരിവാര്‍ പടയോട്ടത്തെ പിടിച്ചുകെട്ടിയ മഹാഗദ്ബന്ധന്‍ (മഹാസഖ്യം) രാജ്യമാകെയുള്ള മതേതര വിശ്വാസികള്‍ക്ക് സംഘപരിവാറിനെതിരെ പോരാട്ടത്തിനു കരുത്ത് പകര്‍ന്നിരുന്നു. പഴയകാല സഹപ്രവര്‍ത്തകരും എന്നാല്‍ പിന്നീട് ബദ്ധവൈരികളുമായിത്തീര്‍ന്ന ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, ശരത് യാദവ് തുടങ്ങിയ നേതാക്കള്‍ ശത്രുത മറന്ന് ഒന്നിച്ച് പടനയിച്ചപ്പോള്‍ മോദി-അമിത്ഷാ തന്ത്രങ്ങളൊക്കെ കടപുഴകുന്നതാണ് രാജ്യം കണ്ടത്. നീണ്ടകാലത്തെ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് ശേഷം ലാലു യാദവും പാര്‍ട്ടിയും ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്നതിനും കാലം സാക്ഷിയായി. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ മഹാസഖ്യം എന്ന ആശയത്തില്‍ നിതീഷ്‌കുമാറിനെ മുഖ്യനേതാവായി വാഴിക്കുകയും രാജ്യത്താകമാനം സംഘ്പരിവാര്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ ആഹ്വാനം നല്‍കുകയും ചെയ്ത പക്വമതിയായ നേതാവിനെയാണ് ലാലുവില്‍ കണ്ടത്. എന്നാല്‍ സമീപ കാലത്ത് ബിഹാറില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സംഘ്പരിവാര്‍ വിരുദ്ധ മുന്നണിക്ക് അത്ര ശുഭകരമല്ല. മുന്നണിയിലെ പ്രധാന നേതാക്കള്‍ തമ്മില്‍ പരസ്യമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെങ്കിലും രണ്ടാം നിര നേതാക്കള്‍ തമ്മിലുള്ള വാക്ക്‌പോരുകള്‍ സകലസീമകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ശഹാബുദ്ദീന്റെ രംഗപ്രവേശം ജെ.ഡി.യു-ആര്‍ജെഡി-കോണ്‍ഗ്രസ് മുന്നണി ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. ഇത് എങ്ങനെ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. ബീഹാര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ നിന്നാണ് ലാലു ബീഹാര്‍ രാഷ്ട്രീയത്തിലേക്ക് സജീവമാവുന്നത്. ചരിത്രപരമായി അവഗണിക്കപെട്ട ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ്് നല്‍കിയാണ് 1990ല്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1989ല്‍ അരങ്ങേറിയ ഭഗല്‍പൂര്‍ മുസ്‌ലിം വിരുദ്ധ കലാപവും അത് അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതും, വി.പി സിങ് തുടക്കമിട്ട മണ്ഡല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഉയര്‍ന്നു വന്ന നവരാഷ്ട്രീയവുമൊക്കെ ബീഹാറില്‍ മുസ്‌ലിം-യാദവ-ദലിത് പിന്നാക്ക രാഷ്ട്രീയ ഐക്യം രൂപപ്പെടുന്നതിലേക്ക് നയിച്ചു. ലാലു തന്റെ രാഷ്ട്രീയ ഭാവിയെ അടയാളപ്പെടുത്തിയതും ഇത്തരമൊരു പരീക്ഷണത്തിലൂടെയാണ്. യാദവ-മുസ്‌ലിം-ദലിത് രാഷ്ട്രീയ കൂട്ടുകെട്ട് ലാലുവിനെ പാടലിപുത്രയുടെ കിരീടംവെക്കാത്ത രാജാവാക്കിതീര്‍ത്തു. രാജ്യത്ത് വര്‍ഗീയ വിദ്വേഷം വിതറി ഉത്തരേന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വര്‍ഗീയമായി വിഭജിച്ച് ബി.ജെ.പി നേതാവ് ലാല്‍കൃഷ്ണ അദ്വാനി നടത്തിയ രഥയാത്രക്ക് ബിഹാറിന്റെ മണ്ണില്‍ അനുമതി നിഷേധിച്ചു അദ്വാനിയെ അറ്റസ്റ്റ് ചെയ്ത് ലാലുയാദവ് രാജ്യത്തെ മറ്റൊരു നേതാവും കാണിക്കാത്ത തന്റേടവും കാട്ടി. ബ്രാഹ്മണ- ഭൂമിയാര്‍ -കായസ്ഥ ഉന്നതജാതികള്‍ കയ്യടക്കിവെച്ചിരുന്ന അധികാരസ്ഥാനങ്ങളിലേക്ക് പിന്നാക്കസമൂഹങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് ലാലു തന്റെ രാഷ്ട്രീയ മണ്ഡലത്തെ വികസിപ്പിച്ചത്. ഭരണത്തിന്റെ ആദ്യദിനങ്ങളില്‍ പട്‌ന വെറ്റിനറി കോളജില്‍ ഒരുക്കപ്പെട്ട തന്റെ ദര്‍ബാര്‍ സാധാരണക്കാരന്റെ പ്രശ്‌ന പരിഹാരകേന്ദ്രമാക്കി ലാലു മാറ്റിത്തീര്‍ത്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളുമായി സാധാരണക്കാരന്റെ പ്രതീക്ഷകളെ ലാലു വാനോളമുയര്‍ത്തി. മണ്ഡല്‍-മന്ദിര്‍ വിവാദ കാലത്ത് പാവങ്ങളുടെ മിശിഹയായാണ് ലാലു സ്വയം അവതരിച്ചത്. എന്നാല്‍ ലാലുവിന്റെ ഭരണം പിന്നീട് ഗതിമാറി പോവുന്നതാണ് ബിഹാറികള്‍ കണ്ടത്. അഴിമതിയും മാഫിയാ സംഘങ്ങളും ഭരണത്തണലില്‍ ബിഹാറില്‍ മുളച്ചുപൊന്തി. ഭരണകൂട-നീതിന്യായ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചു മാഫിയാ സംഘങ്ങള്‍ തങ്ങളുടെ കാട്ടുനീതി നടപ്പാക്കാന്‍ തുടങ്ങി. കാലിത്തീറ്റ വിവാദത്തില്‍ ലാലുവിന് 1997ല്‍ രാജിവെക്കേണ്ടതായും വന്നു. എന്നാല്‍ തന്റെ ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി ലാലു അധികാരത്തില്‍ സ്വാധീനം ഊട്ടിയുറപ്പിച്ചു. ആദ്യഘട്ടത്തില്‍ പിന്നാക്ക ജനതയുടെ ഉന്നമനത്തിനായുള്ള പടവാളുയര്‍ത്തിയ ലാലു യാദവ് പിന്നീട് പിന്നാക്കക്കാരിലെ മുന്നാക്കക്കാരെ പ്രതിനിധീകരിക്കുന്നതാണ് കണ്ടത്. യാദവ വിഭാഗത്തിന്റെ അപ്രമാദിത്യം മറ്റു പിന്നാക്ക വിഭാഗങ്ങളെ ക്രമേണ ലാലുവില്‍ നിന്നകറ്റി. കുര്‍മി -ദലിത് വിഭാഗങ്ങള്‍ തങ്ങളില്‍ നിന്നകന്നു പോയതും, ഗൂണ്ടാ മാഫിയ സംഘങ്ങള്‍ അരാജകത്വം വിതച്ചതും ലാലുവിന്റെ ജനപ്രീതി കുറയുന്നതിലേക്കും ഭരണം നഷ്ടപ്പെടുന്നതിലേക്കും നയിച്ചു. കുര്‍മി വിഭാഗക്കാരനായ നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ മണ്ഡലം വികസിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 2005ല്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യു-ബിജെപി സഖ്യം അധികാരത്തിലേറി. ആര്‍ജെഡി ഭരണത്തില്‍ അരങ്ങത്തു വന്ന ഗൂണ്ടാ-മാഫിയ സംഘങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതില്‍ നിതീഷ് വിജയിക്കുകയുണ്ടായി. എന്നാല്‍ അധികാരത്തിന്റെ തണലില്‍ ബി.ജെ.പി സംസ്ഥാനത്ത് ശക്തമായ സ്വാധീനശക്തിയായി വളര്‍ന്നു വന്നു. മോദിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിത്വം ജെ.ഡി.യുവിനെയും ബിജെപിയെയും തമ്മിലകറ്റി. തങ്ങളുടെ രാഷ്ട്രീയ മണ്ഡലങ്ങളിലാണ് ബി.ജെ.പി. ഉന്നംവെക്കുന്നതെന്ന തിരിച്ചറിവ് നിതീഷ് കുമാറിനെ ബിജെപിക്കെതിരെ ശക്തമായ നിലാപടെടുക്കാന്‍ പ്രേരിപ്പിച്ചു, ഇത് ക്രമേണ ബദ്ധവരികള്‍ തമ്മില്‍ മുഖ്യ ശത്രുവിനെതിരെ യോജിക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ആര്‍ജെഡി-കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡിഎ സഖ്യത്തെ ബിഹാറില്‍ നിന്ന് തൂത്തെറിയുന്നതാണ് പിന്നീട് കണ്ടത്. രാംവിലാസ് പാസ്വാന്‍, ജിതന്‍ രാം മഞ്ജി തുടങ്ങിയ പിന്നാക്ക-ദലിത് നേതാക്കളെ ഇറക്കിയിട്ടുപോലും ബി.ജെ.പിക്കു ബിഹാര്‍ പിടിക്കാനായില്ല. മുഹമ്മദ് ശഹാബുദ്ദീന്റെ തിരിച്ചുവരവ് സിവാന്‍ ജില്ലയിലും അയല്‍ പ്രദേശങ്ങളിലുമൊക്കെ ഒരേസമയം ആഘോഷവും ഭീതിയുമാണ് സമ്മാനിച്ചത്. ആര്‍ജെിഡി പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയപ്പോള്‍ എതിര്‍ചേരികളിലുള്ളവരും സാധാരണക്കാരും വീണ്ടും നാട് കുരുതിക്കളമാവുമോ എന്ന ആശങ്കയിലാണ്. നിതീഷ് കുമാറിനെ തങ്ങളുടെ നേതാവായിക്കാണാന്‍ തയ്യാറല്ല എന്ന നിലപാടാണ് ശഹാബുദ്ദീന്‍ വ്യക്തമാക്കിയത്. മാത്രമല്ല, ''നിതീഷ് കുമാര്‍ സാഹചര്യങ്ങളുടെ മുഖ്യമന്ത്രി മാത്രമാണെന്നാണ്'' അദ്ദേഹം പ്രസ്താവിച്ചത്. ശഹാബുദ്ദീന്റെ തിരിച്ചുവരവിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര ജെ.ഡി.യു, ഉന്നതാധികാര സമിതി യോഗം ചേരുകയുണ്ടായി. നിതീഷിനെ നേതാവായി കാണാത്തവര്‍ മുന്നണി വിടുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് ബിഹാര്‍ പ്രദേശ് കമ്മിറ്റി പ്രസിഡന്റ് പ്രതികരിച്ചു. മുന്നണി ബന്ധത്തെ ഉലച്ചുകൊണ്ട് ശഹാബുദ്ദീന്‍ തന്റെ രാഷ്ട്രീയ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ ലാലുപ്രസാദ് യാദവ് എന്ത് നിലപാടെടുക്കും എന്നത് കണ്ടറിയണം. നിരവധി കേസുകളില്‍ പ്രതിയായ ശഹാബുദ്ദീന്‍, നിതീഷിനു ഒരു ക്രമസമാധാന തലവേദനയായിത്തീരാനും സാധ്യതയുണ്ട്. 2001ല്‍ പൊലീസുകാരെ തല്ലിയ കേസില്‍ അറസ്റ്റ് നടപ്പാക്കാന്‍ വന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ജനപ്രതിനിധിയും സംഘവും എതിരിട്ടത് അത്യാധുനിക പ്രഹരശേഷിയുള്ള ആയുധങ്ങളുമായിട്ടാണ്. പത്രപ്രവര്‍ത്തകരുടേതടക്കം നിരവധി പേരുടെ കൊലപാതക കേസുകളില്‍ ആരോപണ വിധേയനാണദ്ദേഹം. ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ ചന്ദ്രശേഖറിനെ വെടിവെച്ചു കൊന്നത് ശഹാബുദ്ദീന്റെ സംഘമാണ് എന്നാണ് കരുതപ്പെടുന്നത്. ജയില്‍ മോചിതനായി അദ്ദേഹത്തിനു നല്‍കിയ സ്വീകരണത്തില്‍ നിരവധി പിടികിട്ടാപുള്ളികളുടെ സാന്നിധ്യം പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലാലു ഭരണകാലത്ത് ഭരണകൂട സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമാന്തര മാഫിയാ ഭരണം നടപ്പിലാക്കിയാണ് ശഹാബുദ്ദീനും സംഘവും അക്ഷരാര്‍ത്ഥത്തില്‍ സിവാന്‍ ഭരിച്ചത്. ആര്‍ജെഡി തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാഫിയ സംഘങ്ങളെ കയറൂരിവിടുകയും ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് അവരെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ ജെ.ഡി.യു അതിനെ ഏതു രീതിയില്‍ എതിരിടും എന്നത് ഏറെക്കുറേ വ്യക്തമാണ്. അങ്ങനെയെങ്കില്‍ മഹാസഖ്യമെന്ന ആശയം പരാജയപ്പെടുന്നതിനു ബീഹാര്‍ സാക്ഷിയാവും. ഇത് ഫലത്തില്‍ ഗുണം ചെയ്യുക സംഘ്പരിവാര്‍ ശക്തികള്‍ക്കായിരിക്കും എന്നതില്‍ സംശയമില്ല. ലാലു യാദവ് എങ്ങനെയാണ് ഷഹാബുദ്ദീന്‍ അടക്കമുള്ള മാഫിയ നേതാക്കളെ മഹാസഖ്യത്തിനു അനുകൂലമാക്കി മാറ്റുന്നത് എന്നതിനനുസരിച്ചായിരിക്കും ബീഹാര്‍ രാഷ്ട്രീയം മുന്നോട്ട് പോവുക. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം