malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

സിംഗൂര്‍: ഭരണകൂട വഞ്ചനയുടെ ബംഗാള്‍ മോഡല്‍

ഷംസീര്‍ കോളോത്ത്‌
'നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്ന് പാടിയത് വര്‍ഗ രഹിത സമൂഹം സ്വപ്‌നംകണ്ട കമ്മ്യൂണിസ്റ്റ് കവിയായിരുന്നു. പക്ഷേ വര്‍ഗ രഹിത സമൂഹത്തിന്റെ സൃഷ്ടിപ്പിനായി 'വിപ്ലവ' പരിപാടികളുമായി മുന്നോട്ട് പോവുന്ന വംഗനാടിലെ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകളും 'നമ്മളു കൊയ്യും വയലെല്ലാം 'ടാറ്റ'യുടെതാകും മാളോരെ' എന്ന് പാടി നടന്നതാണ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഗൂരിലും നന്ദിഗ്രാമിലും കണ്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ പരമോന്നത നീതിപീഠം സിംഗൂരിലെ കര്‍ഷകര്‍ക്കനുകൂലമായും ഇടത് ഭരണവര്‍ഗ താല്‍പര്യങ്ങള്‍ക്കെതിരായും വിധി പറഞ്ഞപ്പോള്‍ ജയിച്ചത് സത്യവും നീതിയുമാണ്. തൊഴിലാളി-കര്‍ഷക സ്‌നേഹത്തിന്റെ മൂടുപടമണിഞ്ഞ സി.പി.എമ്മിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ തെളിമയോടെ ഒരിക്കല്‍ക്കൂടി പൊതുജനസമക്ഷ്യം ഇതോടെ വെളിവായിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ 2006ല്‍ ഏറ്റെടുത്ത 1000 ഏക്കറോളം കൃഷി ഭൂമി രണ്ടു മാസത്തിനകം കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണം എന്ന സുപ്രീം കോടതിയുടെ വിധി ന്യായം നീതി നിഷേധിക്കപ്പെട്ട കര്‍ഷക ജനതയുടെ ചെറുത്തുനില്‍പ്പിന്റെ കൂടി വിജയമാണ്. അന്നത്തെ ഇടത് ഭരണകൂടത്തിന്റെ നയങ്ങള്‍ നിയമപരമായി സാധുത ഇല്ലാത്തതാണെന്ന വിധി സി.പി.എമ്മിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള താക്കീത് കൂടിയായിരിക്കുന്നു. വിപ്ലവ വായാടിത്തങ്ങള്‍ക്കും പ്രത്യയശാസ്ത്ര ഗമണ്ടന്‍ വാദങ്ങള്‍ക്കു മപ്പുറം അധ്വാനിക്കുന്ന ജനതയെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടി എത്രത്തോളം തങ്ങളുടെ അവകാശവാദങ്ങളോട് നീതിപുലര്‍ത്തുന്നുണ്ട് എന്നത് കൂടിയാണ് സിംഗൂര്‍ വിളിച്ചുപറയുന്നത്. ഇടത് ഭരണകാലത്ത് 2006ല്‍ സിംഗൂരിലും നന്ദിഗ്രാമിലും അരങ്ങേറിയ കര്‍ഷക വിരുദ്ധ/ജനവിരുദ്ധ നീക്കങ്ങള്‍ സ്വതന്ത്ര ഭാരതത്തിലെ വലിയ ഭരണകൂട ഭീകരതകളിലൊന്നായിരുന്നു. ഭരണകൂട-പാര്‍ട്ടി സംവിധാനങ്ങളെ ഉപയോഗിച്ച് എല്ലാതരത്തിലും കര്‍ഷക പ്രക്ഷോഭത്തെ തളര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. നന്ദിഗ്രാമില്‍ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. സിംഗൂരില്‍ തപസി മാലിക് എന്ന സമരപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നുതള്ളി. പിന്നീട് സി.പി.എം സിംഗൂര്‍ സോണല്‍ സെക്രട്ടറിയായ സുഹൃദ് ദത്ത, പാര്‍ട്ടി പ്രവര്‍ത്തകനായ ദേബു മാലിക് തുടങ്ങി രണ്ടുപേരെ കോടതി ശിക്ഷിക്കുകയുണ്ടായി. പ്രതിഷേധ സ്വരങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട മര്‍ദക ഭരണകൂടത്തിന്റെ കഥകളാണ് സാധാരണക്കാരായ ബംഗാളികള്‍ക്ക് ഇടത് ഭരണകാലത്തെക്കുറിച്ച് പറയാനുള്ളത്. 2006 മേയ് മാസത്തില്‍ സിംഗൂരിലെ ഫലഭൂയിഷ്ടമായ 997 ഏക്കര്‍ കൃഷി ഭൂമി കര്‍ഷകരില്‍ നിന്നും പിടിച്ചെടുത്ത് ടാറ്റാ ഗ്രൂപിന് അവരുടെ സ്വപ്‌ന പദ്ധതിയായ നാനോ കാര്‍ നിര്‍മാണ ഫാക്ടറിക്കായി കൈമാറിയ ബുദ്ധദേവ് സര്‍ക്കാര്‍, കര്‍ഷകരില്‍ കുറച്ചു പേര്‍ക്ക് മാത്രം തുച്ഛമായ നഷ്ടപരിഹാരം നല്‍കുകയും മഹാഭൂരിഭാഗത്തിനും അത് ലഭ്യമാക്കാതെ കബളിപ്പിക്കുകയുമാണ് ചെയ്തത്. എതിര്‍പ്പ് പ്രകടിപ്പിച്ച കര്‍ഷകരെ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയും പൊലീസ് സംവിധാനം ഉപയോഗിച്ചു വേട്ടയാടുകയുമായിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭത്തെ സി.പി.എം സര്‍ക്കാര്‍ നേരിട്ടത് പൊലീസിന് പുറമേ പാര്‍ട്ടി ഗുണ്ടകളെ കൂടി ടാറ്റ നാനോ ഫാക്ടറിക്കടുത്ത് വിന്യസിച്ചു കൊണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണ് സിംഗൂര്‍ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്. ബംഗാള്‍ സംസ്ഥാനത്തെ മറ്റെല്ലാ സ്ഥലങ്ങളെക്കാളും ഫലഭൂയിഷ്ടമായതും കാര്‍ഷിക യോഗ്യമായതുമായ ഭൂമിയാണ് സിംഗൂരിലുള്ളത്. വ്യാവസായിക മുന്നേറ്റം കൊണ്ടുവരാമെന്നും നിരവധി യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്നുമൊക്കെയുള്ള വാചകക്കസര്‍ത്തുകള്‍ക്കപ്പുറം ദീര്‍ഘവീക്ഷണമോ ശരിയായ ആസൂത്രണമോ ഇല്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതിയായിരുന്നു സിംഗൂരിലേത്. ജനങ്ങള്‍ക്ക് വേണ്ടി വ്യവസായവല്‍ക്കരണം എന്നതിനേക്കാള്‍ വ്യവസായവല്‍ക്കരണത്തിനുവേണ്ടി വ്യവസായവല്‍ക്കരണം എന്ന അയുക്തിപരമായ നിലപാടാണ് സിംഗൂരില്‍ അന്നത്തെ ബംഗാള്‍ ഇടതുഭരണകൂടം സ്വീകരിച്ചത്. കണക്കുകള്‍ പ്രകാരം, സര്‍ക്കാര്‍ ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഏകദേശം 15000 ജനങ്ങള്‍ കാര്‍ഷിക -അനുബന്ധ മേഖലകളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ട്, എന്നാല്‍ ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ വ്യവസായ സംരംഭത്തിലൂടെ വാഗ്ദാനം ചെയ്തത് വെറും 1000 തൊഴിലവസരങ്ങള്‍ മാത്രമായിരുന്നു. ഇത് കാണിക്കുന്നത് ടാറ്റാ ഗ്രൂപ്പ് പോലുള്ള ആഗോള കുത്തകകള്‍ക്ക് കൃഷിഭൂമി ഏകദേശം 100 വര്‍ഷക്കാലം തുച്ഛമായ തുകക്ക് പാട്ടത്തിനു നല്‍കുകയും എന്നാല്‍ അതില്‍ നിന്ന് സമൂഹത്തിനു വലിയ ലാഭങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന നഷ്ടക്കച്ചവടമായിരുന്നു സി.പി.എം ഭരണകൂടം ലക്ഷ്യമാക്കിയത് എന്നാണ്. കര്‍ഷക-തൊഴിലാളി താല്‍പര്യങ്ങള്‍ വിസ്മരിച്ച് മുതലാളിത്ത വ്യവസായ സംരംഭത്തിനു സി.പി.എം മുന്നിട്ടിറങ്ങിയപ്പോള്‍, ആശയങ്ങളെക്കാള്‍ കീശനിറക്കുന്ന രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത് എന്ന് അതുവരെ പാര്‍ട്ടിയെ ന്യായീകരിച്ചു പോന്നവര്‍ക്കെല്ലാം ബോധ്യമായി. ബ്രിട്ടീഷ് കൊളോണിയല്‍ നിയമത്തിന്റെ ഭാഗമായ ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ (രണ്ടാം യു.പി.എ സര്‍ക്കാര്‍ പഴയ നിയമത്തിലെ ജനവിരുദ്ധ നയങ്ങള്‍ എടുത്ത് കളഞ്ഞ് ഭേദഗതി വരുത്തിയത്) ചില വകുപ്പുകള്‍ വക്രീകരിച്ച് കൊണ്ടാണ് ഇടത് സര്‍ക്കാ ര്‍ അന്ന് കൃഷിഭൂമി ബലമായി കര്‍ഷകരില്‍ നിന്ന് പിടിച്ചെടുത്തത്. സര്‍ക്കാര്‍ വക കാര്യങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റിന് ഭൂമി ഏറ്റെടുക്കാം എന്ന വകുപ്പിനെ മറയാക്കി സര്‍ക്കാര്‍ ഏജന്‍സി ഭൂമി എറ്റെടുക്കുകയും പിന്നീട് ടാറ്റ ഗ്രൂപ്പിന് കൈമാറുകയുമാണുണ്ടായത്. നിയമപരാമായി ഒരു സാധുതയുമില്ലാത്ത പ്രസ്തുത നീക്കം തികച്ചും ഏകപക്ഷീയവും ജനവിരുദ്ധവുമായിരുന്നു. ഈ നടപടി നിയമപരമല്ല എന്ന് സുപ്രീംകോടതി അര്‍ഥ ശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ധാര്‍മികതയോ നിയമവശമോ നോക്കാതെ തങ്ങളുടെ പാര്‍ട്ടി തീട്ടൂരങ്ങളാണ് വംഗനാട്ടിലെ നാട്ടുനീതി എന്ന ധാര്‍ഷ്ട്യമാണ് പാര്‍ട്ടിയെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തികച്ചും സ്റ്റാലിനിസ്റ്റ് രീതിയിലാണ് സി.പി.എം ഭരണകൂടം നേരിട്ടത്. തപസി മാലിക്ക്, സി.പി.എം സ്വീകരിച്ച തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇരകളിലൊരാളാണ്. സിംഗൂര്‍ പ്രക്ഷോഭത്തിന്റെ കരുത്തായിരുന്ന അവര്‍ ക്രൂരപീഡനത്തിനു വിധേയമാവുകയും കൊലചെയ്യപ്പെടുകയുമായിരുന്നു. പാതി കത്തിക്കരിഞ്ഞ അവരുടെ ശരീരം സമരവേദിക്കടുത്ത് വെച്ചാണ് കണ്ടുകിട്ടിയത്. തപസി മാലികിനെ മോശമായി ചിത്രീകരിക്കാനാണ് പിന്നീട് സി.പി.എം ശ്രമിച്ചത്. കുത്തക മാധ്യമങ്ങളുടെ പാര്‍ട്ടി വിരുദ്ധ നീക്കമെന്ന് വരുത്തിയാണ് സി.പി.എമ്മിന്റെ ആസ്ഥാന ബുദ്ധിജീവികള്‍ വിമര്‍ശനങ്ങളെ നേരിട്ടത്. ജനങ്ങളുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ജനവിരുദ്ധ സര്‍ക്കാരിനു മുട്ടുമടക്കുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. നന്ദിഗ്രാമും സിംഗൂരും സി.പി.എമ്മിന്റെ സ്റ്റാലിന്‍ ഗാര്‍ഡ് ആയിത്തീരുന്നതാണ് പിന്നീട് കണ്ടത്. മൂന്ന് പതിറ്റാണ്ടുനീണ്ട ഇടത് ഭരണത്തിനാണ് ബംഗാളില്‍ ഇതോടെ തിരശീല വീണത്. പത്തുവര്‍ഷക്കാലത്തിനിപ്പുറവും മുന്നേറ്റങ്ങളുണ്ടാക്കാനാവാതെ നിലനില്‍പിനായ് നെട്ടോട്ടമോടുകയാണ് സി.പി.എം. ജനവിരുദ്ധ സര്‍ക്കാരുകളുടെ ദാര്‍ഷ്ട്യം നിറഞ്ഞ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടാതെയും എതിര്‍ക്കപ്പെടാതെയും അധികകാലം മുന്നോട്ട് പോവില്ല എന്നതാണ് സിംഗൂര്‍/നന്ദിഗ്രാം കര്‍ഷക സമരങ്ങള്‍ ലോകത്തിനു നല്‍കുന്ന സന്ദേശം. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം