malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

കപ്പലണ്ടി കമ്മ്യൂണിസ്റ്റും തക്കാളിക്കൃഷിയും

ശാരി പിവി
അണ്ടിയോ മാങ്ങയോ ആദ്യമുണ്ടായതെന്ന ചോദ്യത്തിന് അണ്ടിയെന്നോ, മാങ്ങയെന്നോ ഉത്തരമെന്നറിയാതെ കുഴങ്ങുമ്പോള്‍ അണ്ടിയോടു കൂടിയ മാങ്ങയെന്നു ഉത്തരം പറയും പോലെയാണ് കേരളത്തില്‍ സി.പി.എം-സി.പി.ഐ മേല്‍ക്കോയ്മക്കു വേണ്ടിയുള്ള പോര്. ആരെ കാണാന്‍ എവിടെ പോകണമെന്ന് സി.പി.എമ്മിന്റെ യുവ സാമാജികന്‍ ഈയിടെ നടത്തിയ പ്രസ്താവനയാണ് ടിയാന് മലര്‍ന്നു കിടന്നു തുപ്പിയത് കണക്കെ കിട്ടിയത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ചക്കളത്തിപ്പോരിന് അന്ത്യം കുറിക്കാന്‍ നേതൃത്വത്തിന് കഴിയാതെ വന്നതോടെയാണ് നേതാക്കള്‍ പരസ്പരം ചെളിവാരിയേറ് തുടങ്ങിയത്. എന്തായാലും ഒന്നാശ്വസിക്കാം, എവിടെയാണ് തക്കാളിക്കൃഷി തുടങ്ങേണ്ടതെന്നും കപ്പലണ്ടി കമ്മ്യൂണിസ്റ്റ് എന്നൊരു ഇനമുണ്ടെന്നും ഈ ഗ്വാ, ഗ്വാ വിളിയിലൂടെ മാലോകര്‍ക്ക് മനസിലാക്കാനായതില്‍. എറണാകുളത്തു നിന്നും തുടങ്ങി ഏറെക്കുറെ യുവ സാമാജികന്റെ നാട്ടില്‍വരെ എത്തി നില്‍ക്കുകയാണിപ്പോള്‍ ഈ പോര്. സി.പി.ഐക്കാര്‍ സിംഹവാലന്‍ കുരങ്ങന്‍മാരെ പോലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വിഭാഗമാണെന്ന് പണ്ട് കെ മുരളീധരന്‍ പറഞ്ഞതിനു സമാനമായി ഈ പാര്‍ട്ടിക്കാരെ കാണാന്‍ തൃശൂരു വരെ യാത്ര ചെയ്യണമെന്ന എം സ്വരാജ് എം.എല്‍.എയുടെ പരിഹാസമാണ് പരസ്പരം ചെളിവാരി ഏറ് മൂര്‍ധന്യാവസ്ഥയിലെത്തിച്ചത്. ഒാതിക്കന്‍മാര്‍ പരസ്പരം ഇംഗ്ലീഷ് അക്ഷരമാലയുടെ ക്രമമനുസരിച്ച് ഗ്രൂപ്പു കളിച്ചതിന്റെ പേരില്‍ തൃപ്പൂണിത്തുറയില്‍ ജയിച്ചു കയറിയ യുവ സാമാജികന്‍ ഇങ്ങനെ തുടങ്ങിയാല്‍ ബാക്കിയുള്ളവര്‍ പിന്നാലെ പണിയുമെന്നുറപ്പായതോടെ സി.പി.ഐക്കാര്‍ സ്വന്തം ജിഹ്വയായ മുഖപത്രത്തിലൂടെ തന്നെ മറുപടിയുമായി ഇറങ്ങിയിരിക്കുകയാണ്. എന്തായാലും രണ്ടു പാര്‍ട്ടിയുടെയും നിലവാരം പരസ്പര ആരോപണ പ്രത്യാരോപണത്തിലൂടെ നാട്ടാര്‍ക്ക് വ്യക്തമാവുകയും ചെയ്തു. സി.പി.ഐയുടെ രക്ത പതാക പീറത്തുണിയാണെന്നാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റിന്റെ വക്താവിന്റെ വാദം. ഇയാള്‍ക്ക് കമ്മ്യൂണിസം അജ്ഞാതമാണെന്നാണ് കൊച്ചേട്ടന്‍മാരായ സി.പി.ഐ പറയുന്നത്. പിന്നെ നല്ല കുടുംബത്തില്‍ അസുരവിത്ത് പിറക്കുമെന്ന സമാധാനത്തിലാണത്രേ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. വേറേയുമുണ്ട് സി.പി.എമ്മിന്റെ യുവ നേതാവിന് മനോഹരമായ വിശേഷങ്ങള്‍ സി.പി.ഐ വക. ടിയാനെ അസുരവിത്തായാണ് പാര്‍ട്ടി മുഖപത്രം വിശേഷിപ്പിക്കുന്നത്. ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ 'കുങ്കുമത്തിന്റെ മണമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം' എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും പോലും!. തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്നായിരിക്കും പോലും കഴുതയുടെ അഭിമാനം. സംഗതി പച്ചത്തെറിയാണെങ്കിലും കൂടെ കിടക്കുന്നവര്‍ക്കാണല്ലോ രാപ്പനി അറിയുക. പി.കെ.വി കേരളം ഭരിച്ച ചരിത്രം പഠിപ്പിക്കാനും സി.പി.ഐക്കാര്‍ കിട്ടിയ ചാന്‍സില്‍ മറന്നില്ല. കമ്മ്യൂണിസ്റ്റുകാരില്‍ ഗര്‍ദ്ദഭം ഉണ്ടെന്നും ബുദ്ധിമുളക്കാഞ്ഞാല്‍ പിന്നെ തലയില്‍ തക്കാളി കൃഷി നടത്താമെന്നുമാണ് സി.പി.ഐക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. യുവ സാമാജികന്റെ പൂര്‍വകാല ചരിത്രവും ഇഴകീറി പരിശോധിക്കാന്‍ തൃശൂരിലെ ദേശീയ പാര്‍ട്ടിക്ക് വലിയ പ്രയാസമുണ്ടായില്ല താനും. ഇതിഹാസ തുല്യമായ ടിയാന്റെ പൂര്‍വ ചരിത്രത്തിലെ ഏടുകള്‍ ഇപ്രകാരമാണത്രേ. മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കല്‍ മൈക്കുവച്ചു പുലയാട്ടു നടത്തി, അന്നു മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ കാസ്‌ട്രോയാക്കി മൂലക്കിരുത്തിയ ആളോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേ കുറിച്ചു പ്രതിഷേധം അറിയിച്ചപ്പോള്‍ അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മയില്‍ നിന്നു ചികഞ്ഞെടുത്ത് പാര്‍ട്ടി അവതരിപ്പിച്ചത് ഇങ്ങനെ'നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല. തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!' പക്ഷേ അന്നു അന്തമാതിരി പ്രസ്താവന നടത്തിയതിന് മേപ്പടിയാനെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പ്രസ്തുത സാമാജികന്‍ ആവശ്യപ്പെട്ടുവെന്നാണ് സി.പി.ഐക്കാരുടെ മുഖപത്രം തന്നെ പറയുന്നത്. തങ്ങളുടെ പാര്‍ട്ടി കൊടിയ പീറത്തുണിയെന്നു വിശേഷിപ്പിച്ച ടിയാന്‍ കമ്മ്യൂണിസത്തിലെ പുതിയ ഇനമായ കപ്പലണ്ടി കമ്മ്യൂണിസ്റ്റാണത്രേ!. ഉദയം പേരൂരില്‍ സിപിഎം വിട്ടുവന്ന വിമതരെ പൂമാലയിട്ട് സ്വീകരിച്ച് സിപിഐ ലയനസമ്മേളനം നടത്തിയതാണ് ഈ ഗ്വാ, ഗ്വാ വിളിക്ക് തുടക്കമിട്ടത്. ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് താന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്ന് ബക്കറ്റിലെ വെള്ളത്തിന് സ്ഥാനം കണ്ടെത്തിയ നേതാവ് പറഞ്ഞതാണ് തുടക്കം. അതാകട്ടെ സ്വന്തം ജില്ലയില്‍ നിന്നല്ല, യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോളാണ്. മലപ്പുറത്ത് നിന്നും തൃശൂര്‍ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതില്‍ ഇപ്പോഴും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും ടിയാന്‍ പറഞ്ഞിരുന്നു. കുറ്റം പറയാനൊക്കില്ല താനും നാഷണല്‍ പെര്‍മിറ്റുള്ള പാര്‍ട്ടിയാണേലും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഓട്ടോയില്‍ കയറ്റി വിടാനുള്ള കെല്‍പ് മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്, അതാവട്ടെ തൃശൂരില്‍ നിന്നാണു താനും. തൃശൂരില്‍ തുടങ്ങി തൃശൂരില്‍ അവസാനിക്കുന്ന അംഗബലമാണ് ലോക്‌സഭയില്‍ സി.പി.ഐക്കാര്‍ക്കുള്ളത്. പീറത്തുണിയെന്നു വിശേഷിപ്പിച്ച കൊടിയുമായി യുവനേതാവിന്റെ ജന്മനാടായ പോത്തുകല്ലില്‍ വിശദീകരണ യോഗം നടത്താന്‍ പോയ തൃശൂര്‍ പാര്‍ട്ടിക്കാരെ ഓടിച്ചിട്ട് പൂട്ടിയെന്നാണ് കേള്‍വി. പിന്നില്‍ ആരെന്നു പറയണോ പിന്നെ. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് സാമാജികനെന്നാണ് സ്വന്തം മണ്ഡലത്തിലെ സി.പി.ഐക്കാര്‍ പറയുന്നത്. അങ്ങനെ അഹങ്കാരത്തിന് രൂപമുണ്ടോ എന്ന ചോദ്യത്തിനും ചുളുവില്‍ ഉത്തരം കിട്ടി. സംഗതി ഇക്കണക്കിന് പോകാന്‍ തുടങ്ങിയതോടെയാണ് വല്യേട്ടന്‍മാര്‍ ഉണര്‍ന്നത്. തങ്ങളെ ആളില്ലാ പാര്‍ട്ടിക്കാര്‍ വരെ എടുത്തിട്ട് കുടയുമ്പോ പിന്നെ മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനൊക്കുമോ?. പിടിച്ചു നില്‍ക്കാന്‍ എന്തുണ്ട് പ്രതിവിധി....യുറേക്കാ... മംഗള്‍യാന്‍ സഖാവിന് ബള്‍ബ് കത്തി. 'സ്വയം പ്രതിരോധ സേന'. എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും പത്തുപേര്‍ വീതമുള്ള രണ്ടു 'സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍' രൂപീകരിക്കാന്‍ തീരുമാനം. ആര്‍എസ്എസ് മാതൃകയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീലനം നടത്തണം. നേരത്തെ തന്നെ സംഘ്പരിവാറിന്റെ ഇഷ്ടക്കാരനായ മിസ്റ്റര്‍ എമ്മിനെ വെച്ചു മതേതര യോഗയും കുറുവടി പ്രയോഗവും പഠിക്കാന്‍ ആരംഭിച്ചതിനാല്‍ ഇനി വല്യ പരിശീലനമൊന്നും ആവശ്യമില്ല. അല്ലെങ്കില്‍ തന്നെ പാടത്തെ പണി തീരും മുമ്പേ വരമ്പത്ത് കൂലി കൊടുത്തു കൊണ്ടിരിക്കുകയാണല്ലോ. ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയായതിനു ശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനമാണ് സമ്പൂര്‍ണ സാക്ഷരതക്കാരുടെ നാടായ കേരളത്തിനുള്ളത്. സ്വയം പ്രതിരോധ സേനക്കായുള്ള ജില്ലാ തല പരിശീലന ക്യാംപുകള്‍ ഈ മാസം തന്നെ തുടങ്ങുമത്രേ. അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ കളരി, കരാട്ടെ തുടങ്ങിയ ആയോധനകലകളും യോഗയും വിവിധ മെഡിറ്റേഷന്‍ രീതികളും സമന്വയിപ്പിച്ച പരീശീലനമാണ്് നല്‍കുന്നത്. അഭ്യാസവും സേനയുമില്ലാത്ത കാലത്തു തന്നെ ചുവപ്പന്‍മാരുടെ ആക്രമണം കാരണം നിക്കക്കള്ളിയില്ലാത്ത നാട്ടാര്‍ക്ക് ഇനി എല്ലാം ദൈവത്തില്‍ അര്‍പ്പിക്കാം. ................................................................................................................................ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ പാവങ്ങളുടെ പടത്തലവനായ ടാറ്റയ്ക്കുവേണ്ടി സി.പി.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരിയെടുത്ത ഭൂമി തിരിച്ചു കൊടുക്കാന്‍ ഒടുവില്‍ സുപ്രീം കോടതി തന്നെ വിധിച്ചപ്പോള്‍ കണ്ണു തള്ളിപ്പോയ സി.പി.എമ്മുകാര്‍ ഇപ്പോ വൈരുധ്യാതിഷ്ഠിത വിശദീകരണവുമായി നാടു നീളെ നടക്കുകയാണ്. പാവങ്ങളുടെ പിടലിക്കു പിടിച്ചു വാങ്ങിയ 997 ഏക്കര്‍ ഭൂമി തിരിച്ചു കൊടുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തിനു കാരണം 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമാണെന്നാണ് ഇപ്പോള്‍ സി.പി.എം കണ്ടെത്തിയിരിക്കുന്നത്. അതായത് സന്ദേശം സിനിമയില്‍ തോല്‍വിക്ക് കാരണമായി ശങ്കരാടി നിരത്തിയതു പോലുള്ള തത്വാധിഷിഠിതവും മൂല്യാധിഷ്ഠിതവുമായ കാരണം. അന്തര്‍ധാര കാണാനായില്ലത്രേ. തൊഴിലാളി വര്‍ഗ സിദ്ധാന്ത പാര്‍ട്ടി വ്യാവസായിക വികസനമാണത്രേ ടാറ്റയിലൂടെ സിംഗൂരില്‍ ലക്ഷ്യമിട്ടിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം 2011ല്‍ കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോര്‍ട്ടില്‍ തന്നെ സിംഗൂരിലെ ഭൂമി ഏറ്റെടുക്കലില്‍ ഭരണപരവും രാഷ്ട്രീയവുമായ തെറ്റുപറ്റിയെന്ന് പാര്‍ട്ടി സമ്മതിച്ചിട്ടുണ്ടായിരുന്നത്രേ. പാര്‍ട്ടി സമ്മതിച്ചില്ലേലും പാര്‍ട്ടിയെ നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കാത്ത മട്ടില്‍ ബംഗാളില്‍ നിന്നും തൂത്തെറിഞ്ഞത് ഇതേ സിംഗൂരും നന്ദിഗ്രാമുമെല്ലാം ചേര്‍ന്നാണ്. പക്ഷേ സുപ്രീം കോടതി നടത്തിയ നിരീക്ഷണം ബംഗാളില്‍ പാര്‍ട്ടിയുടെ ശവപ്പെട്ടിക്കുമേല്‍ അവസാനത്തെ ആണിയടിക്കുന്നതായിരുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നല്‍കിയത് അതിശയിപ്പിക്കുന്ന നടപടിയാണെന്നാണ് കോടതി നിരീക്ഷിച്ചത്. ബംഗാളിലെ കര്‍ഷകരുടെ പ്രതിഷേധങ്ങളെ വകവെക്കാതെ ടാറ്റാമോട്ടോഴ്‌സിനായി 2006ലാണ് ബുദ്ധദേവ് സര്‍ക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ 2008 ആയപ്പോഴേക്കും പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ടാറ്റ തങ്ങുടെ നാനോ നിര്‍മാണ പ്ലാന്റ് ആട്ടക്കു പകരം ഡാറ്റയുടെ പരസ്യവുമായി അംബാനിക്കു വേണ്ടി പ്രത്യക്ഷപ്പെട്ട മോദിയുടെ ഗുജറാത്തിലേക്ക് മാറ്റി. ഒടുവില്‍ സി.പി.എമ്മിനോട് ബംഗാളും ടാറ്റയും ടാറ്റ പറയുകയും ചെയ്തു. ലാസ്റ്റ് ലീഫ്: അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ ക്ലാസെടുക്കാനുള്ള തീരുമാനം ഒഴിവാക്കി. ഭാഗ്യം സിന്ധുവും, സാക്ഷി മാലിക്കും രക്ഷപ്പെട്ടു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം