malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ഒരു ഗോര്‍ബച്ചേവ് രൂപപ്പെടുകയാണ്

കാവാലം ശശികുമാര്‍
ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരമാര്‍ഗ്ഗമാണോ കേരളത്തിലെ പിണറായി വിജയന്‍ ലക്ഷ്യം കാണുന്നതെന്നു സംശയിക്കണം. മോദിയുടെ ശൈലിയെന്ന വിമര്‍ശനങ്ങള്‍ മറികടക്കാന്‍ അങ്ങനെയൊരു പ്രചാരണവും നിലവിലുണ്ട്. പക്ഷേ, അവിടെയും സന്ദേഹിയുടെ സംശയം കൊണ്ടുള്ള വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരേ സമയം സുതാര്യനാകാന്‍ ശ്രമിയ്ക്കുകയും കടുത്ത സെന്‍സറിങ് നടപ്പാക്കുകയും ചെയ്യുന്നു. പാര്‍ട്ടിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന് പരസ്യമായി പറയുന്നു, രഹസ്യമായി പാര്‍ട്ടിയ്ക്ക് കീഴടങ്ങുന്നു. പക്ഷേ, സിപിഐ (എം) എന്ന ഇന്ത്യന്‍ പാര്‍ട്ടിയെ കേരള പാര്‍ട്ടിഘടകത്തിനു കീഴിലാക്കിക്കൊണ്ടുവരാനുള്ള പ്രയത്‌നങ്ങള്‍ നടക്കുന്നുണ്ട്. pinarayi-latestസ്വാഭാവിക വഴികളിലെ വിപ്ലവകരമായ തീരുമാനങ്ങളും മാറ്റങ്ങളും അതിന്റെ വിജയംകൊണ്ട് ചരിത്രപരമാകും. പാകമാകാത്ത കനികള്‍ വിളവെടുത്താലെന്നതുപോലെ പാഴായിപ്പോകുന്നതാവും കൃത്രിമമായി നടത്തുന്ന വിജയപരിശ്രമങ്ങള്‍. ആത്യന്തികമായി അത് പരാജയവുമാകും. പക്ഷേ, ഒന്നുണ്ട്, അതിനും ചരിത്രത്തില്‍ ഇടം നേടാനാവും. അതുകൊണ്ടുതന്നെ ആ പരിശ്രമത്തിന്റെ പ്രയോക്താക്കള്‍ ആ പരാജയം വിജയമെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും; അതിലും പരാജയപ്പെടുമെന്ന് ഉറപ്പായാലും. യൂണിയന്‍ സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഒരു വന്‍ രാഷ്ട്ര സമൂഹത്തെ ചരിത്രത്തിന്റെ ഭാഗമാക്കിമാറ്റിയതിലൂടെ ചരിത്ര പുരുഷനായിത്തീര്‍ന്ന ഗോര്‍ബച്ചേവ് എന്ന മിഖായേല്‍ സര്‍ഗയേവിച്ച് ഗോര്‍ബച്ചേവിനെ ഇന്നും ന്യായീകരിയ്ക്കുന്നവരും എതിര്‍ക്കുന്നവരും റഷ്യയിലുണ്ട്. അടുത്തിടെ റഷ്യയില്‍ ഗോര്‍ബച്ചേവിന്റെ 85-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരു വിഭാഗം നടത്തിയ കൂട്ടുചേരലില്‍ ഗോര്‍ബച്ചേവ് ഏറെ പ്രകീര്‍ത്തിയ്ക്കപ്പെട്ടു. ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ അയച്ച ടെലിഗ്രാം സന്ദേശത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”… ഏവര്‍ക്കും അറിയാം താങ്കള്‍ വളരെ അസാധാരണനും ചൈതന്യവാനുമായ മനുഷ്യനാണ്….” ഗോര്‍ബച്ചേവ് യുഎസ്എസ്ആറിന്റെ അന്തകനായിരുന്നുവെന്ന് ചിന്തിയ്ക്കുകയും വിശ്വസിയ്ക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നവര്‍ ഇന്നുമുണ്ട്. വാസ്തവത്തില്‍ ഗോര്‍ബച്ചേവിന്റെ സോവ്യറ്റ് പരിഷ്‌കാരങ്ങള്‍ ഏറെ വിശദമായി ഇനിയും ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണ്. ഇവിടെ ഗോര്‍ബച്ചേവിനെക്കുറിച്ച് പറയാന്‍ കാരണം, കേരളത്തില്‍ ഒരു ഗോര്‍ബച്ചേവ് ഉണ്ടായിക്കൂടായ്ക ഇല്ലാത്തതുകൊണ്ടാണ്. മാറ്റങ്ങളുണ്ടാക്കാന്‍ മാറ്റങ്ങള്‍ പരീക്ഷിയ്ക്കുന്ന ഒരു ഭരണാധികാരിയ്ക്ക് ഗോര്‍ബച്ചേവിന്റെ ശൈലിയും ചെയ്തിയും ഉണ്ടാകുന്നുവെന്നത് വിദൂരദൃഷ്ടിയിലെ ഒരു കാഴ്ചയും വിശാലമായ ഒരു നീരീക്ഷണവുമാണ്. അതെ, പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗോര്‍ബച്ചേവിന്റെ സോവ്യറ്റ് പദ്ധതികളോടു സാമ്യമുണ്ട്, അതേസമയം അവിടെയും നിലയുറപ്പിയ്ക്കാത്ത ചാഞ്ചല്യവുമുണ്ട് എന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാനുമാവും. മുമ്പ് ഈ പംക്തിയില്‍ പിണറായി മോദിയാകാന്‍ ശ്രമിയ്ക്കുന്നു, മോദിയെ അനുകരിയ്ക്കുന്നുവെന്ന് പരാമര്‍ശിച്ചിരുന്നു. അത് കൂടുതല്‍ കൂടുതല്‍ ശരിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് പിന്നീട് ഏറെ ഉണ്ടാവുകയും ചെയ്തു. പക്ഷേ, പിണറായിയ്ക്ക് മോദിയാകാന്‍ കഴിയില്ലെന്നായിരുന്നു നീരീക്ഷണം സ്ഥാപിച്ചത്. അതുതന്നെ ആവര്‍ത്തിച്ചുകൊണ്ട് പറയട്ടെ, പിണറായിയ്ക്ക് ഗോര്‍ബച്ചേവും ആകാന്‍ കഴിയില്ലെന്നതാണ് വാസ്തവം. പക്ഷേ, ഗോര്‍ബച്ചേവിനെ വിലയിരുത്തുന്ന വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന, സോവ്യറ്റ് യൂണിയന് അദ്ദേഹം ഉണ്ടാക്കിവെച്ച വിപത്തുകളുണ്ടല്ലോ, അത് കേരളത്തിനും കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്കും ഉണ്ടാക്കിക്കൊടുക്കാന്‍ പിണറായിയ്ക്കു കഴിയും. അതാണ് ഈ എഴുത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് സ്വാഭാവിക പരിണാമവും കൃത്രിമ പരിഷ്‌കരണവും തമ്മിലുള്ള അന്തരം. ഒരു തൊഴിലും മോശമല്ലെന്നും കര്‍മ്മം ആരാധനയാണെന്നും പ്രഖ്യാപിച്ചുകൊണ്ടുതന്നെ നാട്ടിന്‍പുറത്ത് കൂട്ടുകാര്‍ക്കിടയില്‍ പ്രചാരമുള്ള ഒരു നര്‍മ്മം പറയട്ടെ: പൈലറ്റാകാന്‍ മോഹിച്ച് അതിനിറങ്ങിത്തിരിച്ച് വിവിധ സാഹസങ്ങള്‍ക്കൊടുവില്‍ ഓട്ടോ ഡ്രൈവറായി മാറിയവന്‍ എന്ന് ചിലരെ പരാമര്‍ശിക്കാറുണ്ട്. വ്യക്തിയുടെ വിശേഷം, സാഹചര്യങ്ങള്‍, സൗകര്യങ്ങള്‍, ലഭിയ്ക്കുന്ന സാമൂഹ്യ സഹകരണങ്ങള്‍ തുടങ്ങിയവ അതിനു കാരണമാകാം. അതു നില്‍ക്കട്ടെ, പക്ഷേ, ഓട്ടോ ഓടിയ്ക്കുന്നത് വിമാനം പറത്തുന്നുവെന്ന വികാരത്തിലും ബോധത്തിലുമാകുമ്പോഴാണ് അത് പരിഹാസ്യമാകുന്നത്. വാസ്‌വത്തില്‍ കേരളത്തിലെ കാഴ്ചകള്‍ക്ക് അങ്ങനെയൊരു പരിവേഷമുണ്ടായിട്ടുണ്ട്. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തുടര്‍ച്ചയാണ്; മുമ്പ് വാജ്‌പേയി സര്‍ക്കാര്‍ തുടങ്ങിവെച്ചതിന്റെ തുടര്‍ച്ച. അതിന്റെ സര്‍വ്വവ്യാപിയും സര്‍വ്വസജ്ജവും സര്‍വ്വശക്തവുമായ പ്രകടീകരണമാണ് ഇപ്പോഴത്തേത്. അല്ലാതെ പെട്ടെന്നൊരുദിനം ‘ഇപ്പോള്‍ ശരയാക്കിത്തരാ’മെന്ന ഗര്‍വ്വില്‍ ഇറങ്ങിത്തിരിച്ചതല്ല. അതുകൊണ്ടാണ് ഓരോ ചുവട്ടടിയിലും അതിനു വിജയം ഉണ്ടാകുന്നത്. അന്നത്തെ സോവ്യറ്റ് യൂണിയനിലേക്കു പോകാം. ഗോര്‍ബച്ചേവ് തുടര്‍ച്ചയായി ആറുവര്‍ഷം റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലതൊട്ടപ്പനായിരുന്ന ശേഷമാണ് സോവ്യറ്റ് യൂണിയന്‍ പ്രസിഡന്റായത്. പാര്‍ട്ടിയെയും സോവ്യറ്റ് യൂണിയനേയും പലതാക്കി സ്ഥാനങ്ങള്‍ ഒഴിഞ്ഞപ്പോള്‍, ‘ഗോര്‍ബച്ചേവ് ലോക രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്ന ശീതയുദ്ധം അവസാനിപ്പിച്ചു’വെന്നായിരുന്നു പ്രശംസിയ്ക്കപ്പെട്ടത്. സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങള്‍, ഭരണരംഗത്തെ സുതാര്യത, വിപ്ലവകരമായ പ്രഖ്യാപനങ്ങള്‍, നടപടികള്‍ എല്ലാമെല്ലാമായിരുന്നു ഗോര്‍ബച്ചേവിനെ ശ്രദ്ധേയനാക്കിയത്. ഭരണത്തില്‍ പാര്‍ട്ടിയ്ക്കുണ്ടായിരുന്ന മേല്‍ക്കൈ ഗോര്‍ബി ഇല്ലാതാക്കി. വിവിധ മേഖലയിലെ പരിഷ്‌കാരങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച ലെനിന്‍ഗ്രാഡിലെ പ്രസംഗം ഗോര്‍ബച്ചേവ് നടപ്പിലാക്കി. മദ്യത്തിന്റെ വ്യാപനത്തെ തടയുന്ന വമ്പിച്ച പരിഷ്‌കരമായിരുന്നു ഏറ്റവും പ്രമുഖം. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ ഏറെ ശ്രദ്ധേയമായി. ആദ്യമായി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര സുരക്ഷിതമല്ലെന്ന് രാജ്യവും ലോകവും അറിഞ്ഞതങ്ങനെയാണ്. പാര്‍ട്ടിയില്‍നിന്ന് ഭരണത്തെ വേര്‍പെടുത്തി പ്രാദേശിക ദേശീയതയെന്നൊക്കെ വിശാലമായി പറയാവുന്ന, എന്നാല്‍ പൊതു നയമില്ലാത്ത പ്രാദേശിക ഭരണ-നയ തീരുമാനങ്ങള്‍ക്ക് വഴിയൊരുക്കി. അങ്ങനെയങ്ങനെ ഒടുവില്‍ ഗോര്‍ബച്ചേവ് ബഹിഷ്‌കൃതനായപ്പോള്‍ സോവ്യറ്റ് യൂണിയന്‍ ഇല്ലാതായി, റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റൊന്നായി. ഒരിക്കല്‍ ലോകശക്തികളില്‍ ഒരു പ്രമുഖ ചേരിയായിരുന്ന സോവ്യറ്റ് യൂണിയന്‍ ഇപ്പോള്‍ റഷ്യയായി, വ്‌ളാദിമര്‍ പുടിന്‍ അത്ര സ്വാധീനമൊന്നും ഇല്ലാത്ത ഒരു ഭരണത്തലവനായി. ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങള്‍ക്ക് പിന്തുണയും സ്വാഭാവിക പരിണാമവും സംഭവിച്ചിരുന്നെങ്കില്‍ റഷ്യ ഇന്ന് മറ്റൊരു ശക്തിയാകുമായിരുന്നുവെന്നൊക്കെ വാദങ്ങളുണ്ട്. അതേസമയം, ഗോര്‍ബച്ചേവിനെ യുഎസ്എസ്ആറിന്റെ പതനത്തിനു കാരണക്കാരനായ അമേരിയ്ക്കന്‍ ചാരന്‍ എന്ന് ഇന്നും വിളിയ്ക്കുന്ന എംപിമാര്‍ റഷ്യന്‍ പാര്‍ലമെന്റിലുണ്ട്. ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരമാര്‍ഗ്ഗമാണോ കേരളത്തിലെ പിണറായി വിജയന്‍ ലക്ഷ്യം കാണുന്നതെന്നു സംശയിക്കണം. മോദിയുടെ ശൈലിയെന്ന വിമര്‍ശനങ്ങള്‍ മറികടക്കാന്‍ അങ്ങനെയൊരു പ്രചാരണവും നിലവിലുണ്ട്. പക്ഷേ, അവിടെയും സന്ദേഹിയുടെ സംശയം കൊണ്ടുള്ള വീഴ്ചകള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഒരേ സമയം സുതാര്യനാകാന്‍ ശ്രമിയ്ക്കുകയും കടുത്ത സെന്‍സറിങ് നടപ്പാക്കുകയും ചെയ്യുന്നു. പാര്‍ട്ടിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന് പരസ്യമായി പറയുന്നു, രഹസ്യമായി പാര്‍ട്ടിയ്ക്ക് കീഴടങ്ങുന്നു. പക്ഷേ, സിപിഐ (എം) എന്ന ഇന്ത്യന്‍ പാര്‍ട്ടിയെ കേരള പാര്‍ട്ടിഘടകത്തിനു കീഴിലാക്കിക്കൊണ്ടുവരാനുള്ള പ്രയത്‌നങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്കും പോളിറ്റ് ബ്യൂറോവിനും കേരള ഭരണത്തിലുള്ള സ്വാധീനമോ നിയന്ത്രണമോ പരിമിതപ്പെടുന്നുണ്ട്. അവര്‍ക്ക് എതിര്‍ക്കാന്‍ ശബ്ദമില്ലാതാവുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഇതാണെന്ന ധവളപത്രത്തിലൂടെയുള്ള പരസ്യ പ്രസ്താവന പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കേളികൊട്ടാണ്. ലോകബാങ്കും എഡിബിയുമൊക്കെയല്ലാതെ വഴിയില്ലെന്ന സൂചനകളാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സഹകരിയ്ക്കില്ലെന്ന കുപ്രചാരണങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്. എല്ലാം മാനേജ് ചെയ്യുന്ന സിഇഒ എന്ന നിലയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമ്പോള്‍ സര്‍വ്വം നിയന്ത്രിതാവിന് പാര്‍ട്ടിയും ഭരണവും സ്വന്തക്കാര്യമാകാന്‍ പോവുകയാണ്. അതെ കേരളത്തിലും ഒരു ഗോര്‍ബച്ചേവിസം നടപ്പാക്കാനുളള ശ്രമമാണ് അണിയറയില്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായി ധനകാര്യം നോക്കാന്‍ ‘പരിഷ്‌കരണവാദിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍’ ഡോ. തോമസ് ഐസക്കിന്റെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യം ചേര്‍ന്നതിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെതിരേ പ്രകാശ് കാരാട്ട് കുന്തം നീട്ടിയപ്പോള്‍ യെച്ചൂരി ഉയര്‍ത്തിയ ചോദ്യമുണ്ട്, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ച് സര്‍വ്വ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നപ്പോള്‍ ആരായിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സഖാവേ എന്ന്. പിന്നെ മിണ്ടിയിട്ടില്ല പോളിറ്റ്ബ്യൂറോ-കേന്ദ്രക്കമ്മിറ്റയംഗങ്ങള്‍. ഹരിയാനയില്‍നിന്നുള്ള ജഗ്മതി സങ്‌വാനെപ്പോലുള്ളവര്‍ക്ക് ഇതെല്ലാം ഞെട്ടലുണ്ടാക്കി. കാരാട്ടിന്റെ വാക്കുവിശ്വസിച്ച് യെച്ചൂരിയെ പരസ്യമായി എതിര്‍ത്ത അവര്‍ക്ക് പിന്നെ നിലനില്‍പ്പില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ രാജിവെച്ചു. പണ്ട് ഇ. കെ. നായനാര്‍ക്കൊപ്പം നിന്ന് ഇഎംഎസ്സിനെ എതിര്‍ത്ത എം.വി. രാഘവനുണ്ടായ അനുഭവം. പുറത്താക്കപ്പെട്ട രാഘവന്റെ ശാപം പിന്തുടരുന്നതുപോലെ, ജഗ്മതിയുടെ കണ്ണീര്‍ പാര്‍ട്ടിയ്ക്ക് നാശഹേതുകമാകുമെന്നത് സംശയമില്ല. കേന്ദ്ര നേതൃത്വം കേരള കാര്യത്തില്‍ നോക്കുകുത്തിയായി മാറുന്ന കാലം വരികയാണ്. അതിന്റെ തുടക്കമാണല്ലോ, ജിഎസ്ടി ബില്ലില്‍ മോദി സര്‍ക്കാരിനെ പിന്തുടര്‍ന്ന് പിണറായി-തോമസ് ഐസക് നയത്തിനു വഴങ്ങാന്‍ സിപിഎം കേന്ദ്ര നേതാക്കളും തയ്യാറായത്. അതെ, പാര്‍ട്ടിയിലും ഭരണത്തിലും പുതിയ ചില സമ്പ്രദായങ്ങള്‍ രൂപപ്പെടുകയാണ്. ** ** ** പിന്‍കുറിപ്പ്: പാര്‍ട്ടിയുടെയും തന്റെയും എല്ലാ വിജയത്തിനും അഹോരാത്രം പ്രവര്‍ത്തിച്ച ലിയോണ്‍ ട്രോട്‌സ്‌കിയെ സോവ്യറ്റ് യൂണിയനില്‍ പിന്‍ഗാമിയാക്കണമെന്നാണ് ലെനിന്‍ എന്ന വ്‌ളാദിമര്‍ ഇല്യിച്ച് ഉല്യാനോവ് ആഗ്രഹിച്ചത്. പക്ഷേ, സ്റ്റാലിന്‍ ഭരണം കൈയേറി. അതോടെ തുടങ്ങിയത് ഗോര്‍ബച്ചേവിലെത്തിയപ്പോള്‍ സര്‍വ്വതും പൂര്‍ണ്ണമായി. അതാണ് ചരിത്രം. ചരിത്രം ആവര്‍ത്തിയ്ക്കുമെന്നതും ചരിത്രമാണ്, അതിന് അതിര്‍ത്തി നിയന്ത്രണമൊന്നും ബാധകമല്ലതന്നെ. kavalamsasikumar@janmabhumidaily.com *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം