malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ചതിക്കുഴികള്‍ നിറഞ്ഞ അമേരിക്കന്‍ കരാര്‍

കെ.ബി.എ കരീം
അമേരിക്കക്ക് സൈനികതാവളം അനുവദിച്ചതുവഴി വാഷിങ്ടണിന്റെ സഖ്യകക്ഷി കക്ഷികളിലൊന്നായ ഫ്രാന്‍സ് അടക്കമുള്ള രാഷ്ട്രങ്ങള്‍ ഇന്നനുഭവിക്കുന്ന ദുരന്തങ്ങളും ദുരിതങ്ങളും കണ്ടില്ലെന്നു നടിച്ചു വിലയിരുത്തിയാല്‍ മാത്രമേ കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഇന്ത്യ-യുഎസ് സൈനിക സഹകരണ കരാര്‍ നമ്മുടെ രാജ്യത്തിന് ഗുണകരമാണെന്ന് പറയാന്‍ കഴിയൂ. അമേരിക്ക ഇതിനകം സൈനിക സഹകരണ കരാര്‍ ഒപ്പുവെച്ച നൂറോളം സഖ്യ രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ഈ കരാറിന്റെ പേരില്‍ ഖേദിക്കുന്നുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സൈനിക പരമാധികാരം പൂര്‍ണമായും അമേരിക്കക്ക് മുമ്പില്‍ അടിയറ വെക്കുന്നതാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ ഒപ്പുവെച്ച ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം (ലിമോവ). ഉത്കണ്ഠക്ക് ശക്തമായ അടിത്തറയുണ്ടെന്നതിലേക്കാണ് കരാറിലെ വ്യവസ്ഥകളും ഇതിലേക്ക് നയിച്ച സാഹചര്യങ്ങളും വിരല്‍ചൂണ്ടുന്നത്. ലോകം മുഴുവന്‍ അംഗീകരിച്ച ചരിത്രപ്രധാനമായ ചേരിചേരാ നയത്തിന്റെ ഉപജ്ഞാതാക്കളും ഇതിന്റെ ഗുണഫലം ആഗോള തലത്തില്‍ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്ത രാജ്യമായ ഇന്ത്യക്ക് അമേരിക്കയുടെ സാമ്രാജ്യത്വത്തിന് ഓശാന പാടേണ്ട ഗതികേടാണ് പുതിയ കരാര്‍ വഴി ഉണ്ടാകുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ ഉപ ഭൂഖണ്ഡത്തില്‍ അമേരിക്കയുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കുടില തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യയുമായി അവര്‍ ഉണ്ടാക്കിയ സൈനിക സഹകരണ കരാറെന്നതില്‍ സംശയമില്ല. ആഗോള തലത്തില്‍ വാഷിങ്ടണ് ഭീഷണിയായി ചൈന ഉയര്‍ന്നുവരുന്നതിനെ പ്രതിരോധിക്കാനും തകര്‍ക്കാനും അമേരിക്ക കാത്തിരുന്നു പ്രാവര്‍ത്തികമാക്കിയ ഈ കരാര്‍ ഇന്ത്യയുമായി സൗഹൃദത്തില്‍ കഴിയുന്ന രാഷ്ട്രങ്ങളെ പിണക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നത് മോദി സര്‍ക്കാര്‍ എന്തുകൊണ്ട് ഗൗരവമായെടുത്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. രാജ്യത്തെ സൈനിക താവളങ്ങളില്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും പ്രവേശിക്കാന്‍ അനുവാദം നല്‍കുന്ന കരാറില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമാണ് കഴിഞ്ഞ ദിവസം പെന്റഗണില്‍ ഒപ്പുവെച്ചത്. കര-നാവിക വ്യോമ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കരാറില്‍ വ്യവസ്ഥചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ നിരവധി ലക്ഷ്യങ്ങളുള്ള അമേരിക്കക്ക് മാത്രമെ ഈ കരാര്‍ കൊണ്ട് ഗുണമുണ്ടാകൂ എന്നത് രാജ്യ സ്‌നേഹമുള്ള ഏതൊരു ഇന്ത്യക്കാരനും മനസിലാക്കാവുന്നതാണ്. ഉഭയകക്ഷി ബന്ധത്തില്‍ പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് കരാറെന്ന് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചതിനുശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അമേരിക്ക മാത്രമായിരിക്കും ഇതിന്റെ ഗുണഭോക്താക്കളെന്നതില്‍ തര്‍ക്കമില്ല. ഇത് മുന്നില്‍ കണ്ടതുകൊണ്ടും സൗഹൃദത്തില്‍ നില്‍ക്കുന്ന അയല്‍ രാജ്യങ്ങളടക്കമുള്ളവരെ പിണക്കേണ്ടതില്ലെന്ന കണക്കുകൂട്ടലിലുമാണ് കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും യു.പി.എ സര്‍ക്കാര്‍ കരാര്‍ ഒപ്പുവെക്കാന്‍ തയ്യാറാകാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പേ അമേരിക്കയെന്ന് കേട്ടാല്‍ തല കുനിക്കുന്ന നിലപാടായിരുന്നു മോദിയുടേതെന്നത് ശ്രദ്ധേയമാണ്. അധികാരത്തിലേറി ഒന്നര വര്‍ഷം കൊണ്ട് ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും സന്ദര്‍ശിച്ച മോദി സ്വന്തം രാജ്യതാല്‍പര്യങ്ങളേക്കാളുപരി സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളുടെ കയ്യടി നേടാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യ-യു.എസ് സൈനിക കരാര്‍ അത്തരമൊരു സുഖിപ്പിക്കലിന്റെ ഭാഗമാണെന്ന് കരുതുന്നവരും ഏറെയാണ്. യു.എസ് സൈന്യത്തിന് ഇന്ത്യന്‍ മണ്ണില്‍ സ്ഥിരം താവളം അനുവദിക്കില്ലെന്ന് കരാറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ വിശദീകരണം നല്‍കുന്നുണ്ട്. ഭക്ഷണം, വെള്ളം, സൈനികര്‍ക്കുള്ള താമസ സൗകര്യം, ഗതാഗതം, ഇന്ധനം, ആരോഗ്യ സേവനങ്ങള്‍, വാഹനങ്ങളുടെയും മറ്റും സ്‌പെയര്‍ പാര്‍ട്‌സുകള്‍, അറ്റകുറ്റ പണികള്‍ക്കായുള്ള സേവനങ്ങള്‍, പരിശീലനസൗകര്യം, വാഹന സൗകര്യം തുടങ്ങിയവ ഇന്ത്യയില്‍ യു.എസ് സൈന്യത്തിന് അനുവദിക്കാന്‍ കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാര്‍ വിപുലമാക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍ ഉപഭൂഖണ്ഡത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ ഉപയോഗപ്പെടുത്തി അമേരിക്കക്ക് പച്ചയായി ഇടപെടാനുള്ള സൗകര്യമാണ് ഈ കരാര്‍ വഴി ഒരുങ്ങുന്നതെന്നറിയാന്‍ അന്താരാഷ്ട്ര പ്രാഗത്ഭ്യമൊന്നും ആവശ്യമില്ല. ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതു തടയാനാണ് അമേരിക്ക കരാര്‍ വഴി ഇന്ത്യയെ കുടുക്കിയിരിക്കുന്നതെന്നത് വ്യക്തമാണ്. സ്ഥിരം സൈനിക താവളങ്ങള്‍ വേണ്ടെന്ന് അമേരിക്ക പറയുന്നത് തന്ത്രം മാത്രമാണെന്ന് ഇപ്പോള്‍ യു.എസ് സൈനികതാവളങ്ങളുള്ള പല രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്നതാണ്. പുതിയ കരാര്‍ വഴി അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ബാധ്യതയാണ് ഇന്ത്യക്കുമേല്‍ വന്നുചേരുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമടക്കം അമേരിക്ക നടത്തിയ കടന്നുകയറ്റത്തിന് പറഞ്ഞ കാരണങ്ങളില്‍ സത്യത്തിന്റെ കണിക പോലുമുണ്ടായില്ലെന്ന് പിന്നീട് വ്യക്തമായപ്പോള്‍ സഖ്യ രാഷ്ട്രങ്ങളിലുണ്ടായ കോലാഹലങ്ങളും അവരുടെ പശ്ചാത്താപവും ലോകം കണ്ടതാണ്. സ്വന്തം ആധിപത്യം സംരക്ഷിക്കാന്‍ ഏതു ഹീന നീക്കങ്ങള്‍ക്കും അമേരിക്ക തയ്യാറാകുമെന്നതിന് ഇറാഖിലെ സംഭവ വികാസങ്ങള്‍ മാത്രം ഉദാഹരണമായെടുത്താല്‍ മതിയാകും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പേരിനു മാത്രം ഗുണമുള്ള ഈ കരാറിലേക്ക് എടുത്തു ചാടണമായിരുന്നോ എന്നാണ് രാജ്യം ചിന്തിക്കുന്നത്. എണ്ണ നിക്ഷേപം സമൃദ്ധിയായുള്ള ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി കഴിഞ്ഞ ജൂണ്‍ ആദ്യം വിധി പുറപ്പെടുവിച്ചതിനുശേഷം ഈ മേഖലയിലേക്കുള്ള അമേരിക്കയുടെ കഴുകക്കണ്ണുകള്‍ കൂടുതല്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണെന്ന് അന്താരാഷ്ട്ര വൃത്തങ്ങളിലെ പരസ്യമായ രഹസ്യമാണ്. കോടതി വിധി അംഗീകരിക്കില്ലെന്ന് ചൈന അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കെ ഇന്ത്യയില്‍ സൈനിക താവളമൊരുക്കാന്‍ അമേരിക്ക കണ്ടുപിടിച്ച പുതിയ കരാറില്‍ ചൈനക്ക് അതിശക്തമായ ഉല്‍ക്കണ്ഠയും എതിര്‍പ്പും ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ഇന്ത്യ-യു.എസ് സൈനിക സഹകരണ കരാര്‍ സാധാരണ നടപടി മാത്രമാണെന്ന് പറഞ്ഞ അതേ ശ്വാസത്തില്‍ തന്നെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് ഈ കരാര്‍ ശുഭകരമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രം തന്നെ ബെയ്ജിങിന്റെ ആശങ്ക എടുത്തു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യ-യു.എസ് ലിമോവ കരാര്‍ ചൈനയെ മാത്രമല്ല ഇന്ത്യയുടെ ചിരകാല വൈരികളായ പാക്കിസ്താനെയും ചൊടിപ്പിച്ചിരിക്കയാണ്. ദീര്‍ഘ കാലമായി അമേരിക്കയുടെ സഖ്യകക്ഷിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന തങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇന്ത്യയുമായി ഇത്തരത്തില്‍ ഒരു സൈനിക സഹകരണം രൂപപ്പെട്ടതില്‍ ഇസ്‌ലാമാബാദിനുള്ള എരിച്ചിലും പുകച്ചിലും മറ്റൊരു നയതന്ത്ര നീക്കത്തിന് തന്നെ വഴിവെക്കുമെന്നും ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ രഹസ്യമായും പരസ്യമായും പാക്കിസ്താനെ സഹായിച്ചിരുന്ന ചൈന ഈ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ഇന്ത്യക്കെതിരെ യോജിച്ച നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അമേരിക്കയുടെ പകിട്ടിലും ഗാംഭീര്യത്തിലും മയങ്ങി അവരുമായി ഉണ്ടാക്കിയ പുതിയ കരാര്‍ നാമമാത്ര ഗുണത്തേക്കാളുപരി മേഖലയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി നേരിട്ടേക്കാവുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് അവകാശവാദത്തെ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, തായ്‌വാന്‍, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാഷ്ട്രങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഈ രാജ്യങ്ങളുടെ പിന്തുണ അമേരിക്കക്കുണ്ട് താനും. എന്നാല്‍ ഏഷ്യയിലെ ഏറ്റവും നിര്‍ണായക ശക്തിയായ ഇന്ത്യയുടെ പിന്തുണ കൂടി നേടിയതോടെ ഉപഭൂഖണ്ഡത്തില്‍ പ്രത്യേകിച്ച് ദക്ഷിണ ചൈനാ കടലില്‍ തങ്ങളുടെ ദൗത്യം പകുതി വിജയിച്ചു കഴിഞ്ഞതായാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ പാതകളിലോന്നായ ദക്ഷണി ചൈനാ കടലില്‍ ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ അമേരിക്ക ദശാബ്ദങ്ങളായി കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യക്ക് ലോകത്തിന്റെ അംഗീകാരം നേടിത്തന്ന ചേരിചേരാ നയത്തില്‍ നിന്ന് പുറത്തുപോകുന്നതിന്റെ അവസാന പടിയായി കൂടി ഇന്ത്യ-യു.എസ് കരാറിനെ അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇക്കാലമത്രയും രാജ്യത്തിന്റെ അന്തസുയര്‍ത്തിപ്പിടിച്ച സുപ്രധാന നിലപാട് കൂടിയായിരുന്നു ചേരിചേരാ പ്രസ്ഥാനം. സോവിയറ്റ് റഷ്യയോടും ചൈനയോടും ഇന്ത്യ പുലര്‍ത്തിയിരുന്ന അടുപ്പം ഇന്ത്യ സോഷ്യലിസ്റ്റ് ചേരിയിലാണെന്ന സംശയം ലോകത്തിനുണ്ടാക്കിയ സാഹചര്യങ്ങളിലാണ് അമേരിക്കക്കും റഷ്യക്കുമൊപ്പം ചോരാത്ത ചരിത്ര പ്രധാന നയം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കൈക്കൊണ്ടത്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ യോഗത്തില്‍ നിന്ന് ഈ വര്‍ഷം നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന അഭ്യൂഹവും ഇപ്പോള്‍ ശക്തമായിരിക്കയാണ്. ചേരിചേരാനയം വഴി ഒരു ചേരിയിലും നിലകൊള്ളാതെ സ്വതന്ത്ര നിലപാടെടുത്ത ഇന്ത്യയെ തന്നെയാണ് ഇപ്പോഴും ലോകം ആഗ്രഹിക്കുന്നതും. അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്ന പുതിയ വിദേശ നയ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. അധികാരമേറ്റശേഷം നാലു തവണ അമേരിക്ക സന്ദര്‍ശിക്കുകയും യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയും ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക മുട്ടുകുത്താന്‍ പറയുമ്പോള്‍ നിലത്തിഴഞ്ഞ് വിധേയത്വം കാണിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം പുതിയ കരാറോടെ ശക്തമായിരിക്കയാണ്. ദക്ഷിണ ചൈനാകടലും ഏഷ്യയിലെ ആധിപത്യവും മുന്നില്‍ കണ്ട് അമേരിക്ക ഒരുക്കിയ കെണിയില്‍ നരേന്ദ്ര മോദി വീണിരിക്കുകയാണെന്ന തോന്നല്‍ രാജ്യത്തുടനീളം പ്രബലമായിക്കൊണ്ടിരിക്കയാണ്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും മറ്റു സൈനിക സന്നാഹങ്ങള്‍ക്കും താവളമൊരുക്കുക വഴി ഭസ്മാസുരന് വരം നല്‍കിയ അവസ്ഥയില്‍ ഇന്ത്യ എത്തിപ്പെടുമെന്ന് ഭയപ്പെടുന്നവരും ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ പണ്ട് ഭസ്മാസുരന് വരം നല്‍കിയ പരമശിവന്‍ ചെയ്തതുപോലെ ഓടിയൊളിക്കാന്‍ മലനിരകളോ പാറക്കൂട്ടങ്ങളോ ഉണ്ടാകില്ലെന്ന കാര്യത്തില്‍ സംശയമില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം