malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

സ്വാതന്ത്ര്യത്തിന്റെ സപ്തതിയും വിവേകാനന്ദന്റെ ഭാരതവും

എസ്.എ.എം ബഷീര്‍
''ഇപ്പോഴത്തെ അസ്വസ്ഥതകളില്‍നിന്നും കുഴപ്പങ്ങളില്‍ നിന്നും, വിഭാഗീയതകളില്‍ നിന്നും മോചിതമായി വേദാന്തത്തിന്റെ തലച്ചോറും ഇസ്‌ലാമിന്റെ ശരീരവുമായി, അജയ്യമായി തിളങ്ങുന്ന ഭാവിയിലെ അഭിജാത മായ ഒരു യഥാര്‍ത്ഥ ഭാരതത്തെ ഞാന്‍ എന്റെ അകക്കണ്ണ് കൊണ്ട് കാണുന്നു.'' (Letters of Swami Vivekananda, p. 380) On June 19, 1898. ഒരു നൂറ്റാണ്ടു മുന്‍പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ് ഇന്നിന്റെ ശരി. ആശയം കൊണ്ടുള്ള ഒരു കേവലമായ ആകാശക്കോട്ടയല്ല ഇത്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളുടെ ഒരു നൂറ്റാണ്ടു മുന്‍പുള്ള ശാന്തമായ വിലയിരുത്തലാണ്. എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷ വേളയിലാണ് രാജ്യം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു സംഘം അതി തീവ്ര ദേശീയവാദികളുടെ അരങ്ങു തകര്‍ക്കലുകള്‍ ആണ് ചുറ്റും കാണുന്നത്. ഭാരതീയ സംസ്‌കാരം രൂപപ്പെട്ടു വന്നത് ഒന്ന് മറ്റൊന്നിനെ നശിപ്പിച്ചു കൊണ്ടല്ല. പഴയ കാലങ്ങളില്‍ ബുദ്ധ ജൈന മതങ്ങളുടെയും മതത്തിന്റെയും മറ്റും കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ആയിരത്തി അഞ്ഞൂറ് വര്‍ഷക്കാലത്തെ ഇന്ത്യന്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ ദശകങ്ങളില്‍ നമ്മുടെ സംസ്‌കൃതിയെ പുഷ്‌ക്കലവും ഉര്‍വരവും ആക്കിയത് സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള പാരസ്പര്യമാണ്. സമാധാനപരമായ, സഹിഷ്ണുതയിലൂന്നിയ സഹവര്‍ത്തിത്വമാണ്. ഈ രാജ്യത്ത് അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും സംഭാവനകള്‍ ഈ സമ്പുഷ്ടീകരണത്തില്‍ തെളിഞ്ഞു കാണാം. ഈ ആദാന പ്രദാന പ്രക്രിയ അനുസ്യൂതം അവിരാമം ഇനിയും തുടരണം.അതിനു ഇന്ത്യന്‍ ജനത ഇന്ത്യയെ പഠിക്കണം. സ്വയം തിരിച്ചറിവുണ്ടാകണം. ഇന്ത്യയുടെ ആത്മാവ് കണ്ടെത്താന്‍ കഴിയണം. ഇന്ത്യ ഒരൊറ്റ ദേശീയതയല്ല. ഇന്ത്യ മുഴുവന്‍ ഒരു ഭാഷയല്ല സംസാരിക്കുന്നത്. ഒറ്റ വേഷക്കാരോ, വര്‍ണക്കാരോ, ജാതിക്കാരോ, മതക്കാരോ അല്ല. നരവംശ ശാസ്ത്രപരമായിപ്പോലും ഇന്ത്യന്‍ ജനത ഒന്നല്ല. വൈവിധ്യമാണ് ഇന്ത്യയുടെ അന്തസ്സത്ത. വൈവിധ്യങ്ങളിലെയും വൈജാത്യങ്ങളിലെയും ഏകത്വമാണ് ഇന്ത്യയുടെ മനോഹാരിത. ഈ വൈവിധ്യങ്ങളിലെ ഏകത്വമാണ് നമ്മുടെ മഹത്തായ മാതൃഭൂമിയുടെ പ്രാണവായു. ഈ വൈവിധ്യങ്ങളെയും ബഹുസ്വരതകളെയും നിരാകരിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍പ്പില്ല. ബഹുസ്വരതകളുടെ ഐക്യമല്ലാത്ത ഒരു ബ്രാഹ്മണിക്കല്‍ ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ. ഇത്തരത്തിലുള്ള ബ്രാഹ്മണിക്കല്‍ ഏകത്വം ഏകാധിപത്യത്തിലേക്കോ ഫാഷിസത്തിലേക്കോ ആണ് രാജ്യത്തെ നയിക്കുക. ജനാധിപത്യം നിലനില്‍ക്കുന്നത്, നിലനില്‍ക്കേണ്ടത് വൈവിധ്യങ്ങളുടെ, ബഹുസ്വരതകളുടെ ഐക്യത്തിലാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏക സിവില്‍ കോഡുകളില്‍ അല്ല. ഇന്ന് ഇന്ത്യ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സിഖുകാരനും മറ്റനേകം മതങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ മത വിഭാഗങ്ങളുടെയും കാനേഷുമാരി കണക്കുകള്‍ വെച്ചുള്ള കസര്‍ത്ത് കളിയാണ് രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും നടത്തുന്നത്. പക്ഷെ അപ്പോഴും ഈ മതങ്ങളുടെ ഉള്ളിലുള്ള വൈജാത്യങ്ങളെ ഇവര്‍ കാണാതെ പോകുന്നു. ഈ മതവിഭാഗങ്ങള്‍ തന്നെ രാഷ്ട്രീയമായി പല തട്ടുകളിലാണ് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുന്നു. അടിസ്ഥാന വിശ്വാസങ്ങളില്‍ അല്ലാതെ ഒരു കാര്യത്തിലും ഈ മതവിഭാഗങ്ങള്‍ക്കു ഏക സ്വഭാവമില്ല. രാഷ്ട്രീയമായിപ്പോലും അവര്‍ ഒന്നല്ല. അത് കൊണ്ട് തന്നെ വോട്ടു ബാങ്ക് രാഷ്ട്രീയം എന്നത് ഒരു സ്ഥാപിത താല്പര്യത്തിന്റെ സൃഷ്ടി മാത്രമാണ്. വര്‍ഗീയവാദികള്‍ ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കണ്ടുപിടിച്ച സൂത്രപ്പണി മാത്രം. ഇന്ത്യ-പാക് വിഭജനത്തിന്റെ കാര്യത്തില്‍ പോലും ഇന്ത്യന്‍ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായിരുന്നില്ല എന്ന വലിയ സത്യം നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകളുടെ രക്ഷക്കായി ബാഹ്യ ഇടപെടലുകള്‍ ആവശ്യമാണെന്ന പാകിസ്താന്റെ വാദങ്ങളെ നിരാകരിച്ചു കൊണ്ട് സഊദി വിദേശകാര്യമന്ത്രി സഊദ് ബിന്‍ ഫൈസല്‍ ഇസ്‌ലാമാബാദില്‍ വെച്ച് തന്നെ പറഞ്ഞത് ''വിദേശ രാജ്യങ്ങളില്‍നിന്നും തങ്ങളെ രക്ഷിക്കാന്‍ ആളുകള്‍ വരും എന്ന മൂഢ വിശ്വാസത്തില്‍ ജീവിക്കുന്ന, കാറ്റത്തു പറക്കുന്ന അപ്പൂപ്പന്‍ താടികള്‍ അല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നാണ്.'' സഊദ്‌ഫൈസലിന്റെ വിലയിരുത്തല്‍ കൃത്യമാണ്. അത് പാകിസ്താന്റെ മര്‍മ്മത്തിലാണ് കൊണ്ടത്. പക്ഷെ എന്നിട്ടും നമ്മുടെ മനസ്സില്‍ കൊണ്ടില്ല. ഇന്ത്യയിലെ അതിതീവ്ര ദേശീയവാദികളുടെ എക്കാലത്തെയും പൊതു ശത്രുവും ആക്രമണങ്ങളുടെ പ്രഥമ ഉന്നവും മുസ്‌ലിം ന്യൂനപക്ഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ വിഷലിപ്ത പ്രചാരണങ്ങളിലൂടെ കൂടുതല്‍ വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ പോലും. കേരളീയ പൊതുസമൂഹത്തില്‍ വിവിധ വിഷയങ്ങളിലുണ്ടാകുന്ന വിവാദങ്ങളും ചേരിതിരിവുകളും ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍നിന്നു പോലും ഈ അതിതീവ്രപക്ഷത്തേക്ക് ഉണ്ടാവുന്ന കൂടുമാറ്റങ്ങളും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ അതിതീവ്ര ദേശീയവാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും കത്തിക്കാന്‍ ഇന്ധനം നല്‍കുന്ന ജോലി മുസ്‌ലിം സമുദായത്തിനകത്തെ ചിലര്‍ ഏറ്റെടുത്തിട്ടുമുണ്ട്. സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും തട്ടിലേക്കും, മേഖലകളിലേക്കും വിദ്വേഷത്തിന്റെ, പരസ്പര സംശയത്തിന്റെ വിഷവിത്തുകള്‍ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കൊച്ചു കുട്ടികളുടെ ഇടയില്‍ പോലും മത വിദ്വേഷ വിഷം പടര്‍ന്നു കൊണ്ടിരിക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇതാണ് ഇന്ത്യയിലെയും വിശേഷിച്ചും കേരളത്തിലെയും ഇന്നത്തെ അവസ്ഥ. സമുദായത്തിലെ അംഗുലീപരിമിതരായ ചില തീവ്രവാദികള്‍ നടത്തുന്ന ഓരോ വൈകാരിക പ്രകടനങ്ങളും പ്രത്യാക്രമണങ്ങളും മുസ്‌ലിംകളെ കൂടുതല്‍ പ്രതിരോധത്തിലും കഷ്ടപ്പാടിലും ദുരിതത്തിലും ആക്കുകയാണ്. ഈ പത്മവ്യൂഹം ഭേദിക്കാന്‍ ശക്തമായ ബഹുജന മുന്നേറ്റം അനിവാര്യമായിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളെയും ഈ ഭീഷണിക്കെതിരെ ഒന്നിച്ചു അണി നിരത്തേ ണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും അംഗീകരിച്ചു കൊണ്ട് ആത്മവിശാസവും ആര്‍ജ്ജവവും തുടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യപുരോഗതിക്ക് അഭികാമ്യം എന്ന സന്ദേശം മുസ്‌ലിം സമുദായത്തിനകത്തും മറ്റു സമുദായങ്ങള്‍ക്കിടയിലും ഈ സന്ദേശം നിരന്തരം എത്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഹിന്ദു-മുസ്‌ലിം സാഹോദര്യവും മറ്റെല്ലാ മതങ്ങളുടെയും സമാധാന സൗഹൃദങ്ങളും, പാരസ്പര്യവും ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങളും ശക്തിപ്പെടണം. രാഷ്ട്രീയവും വൈകാരികവുമായ പ്രചാരണങ്ങളാല്‍ പ്രേരിതമായ പ്രതികരണങ്ങള്‍ക്ക് പകരം വൈചാരികമായ, ധൈഷണികമായ വിവേകപൂര്‍ണ്ണമായ പ്രതിവിധികളാണ് ആവശ്യം. വേദന സംഹാരികളല്ല, രോഗ പ്രതിരോധങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. വിദ്യാഭ്യാസം നേടിയ , സാമ്പത്തിക നിലവാരമുള്ള ഒരു ന്യൂനപക്ഷം ഏതൊരു രാജ്യത്തിന്റെയും സമ്പത്താണ്. അങ്ങനെയൊരു ന്യൂനപക്ഷ സമൂഹം ഉള്ളതുകൊണ്ട്, ലോകത്തിലെ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ഇസ്‌ലാം എന്നതിന്റെ വാക്കര്‍ത്ഥം പോലും സമാധാനം എന്നാണ്. സര്‍വ്വലോക പരിപാലകനായ സ്രഷ്ടാവായ ഏക ദൈവത്തിനു മുന്‍പിലെ സമ്പൂര്‍ണ്ണ സമര്‍പ്പണം ആണ് തൗഹീദിന്റെ ആത്മസത്ത. ദൈവം ഏകനാണ്. എല്ലാ സൃഷ്ടികളും അവനില്‍ നിന്നാണ്. ആദി മധ്യാന്ത വിഹീനനായ ആ ഏകദൈവത്തിന്റെ അപ്രമാദിത്വം അംഗീകരിക്കുമ്പോള്‍ മാനവരാശി ഒരേ മാതാവില്‍നിന്നും ഒരേ പിതാവില്‍ നിന്നുമാണ് എന്ന സനാതനസത്യം സ്വയം അംഗീകരിക്കപ്പെടുന്നു. ആ സാഹോദര്യം മനസ്സുകൊണ്ട് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്കും മറ്റൊരു മനുഷ്യനെ വെറുക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് ഭാരതീയ സംസ്‌കൃതിയുടെ വസുദൈവ കുടുംബകം (മഹോപനിഷത് - ഢക.7073) എന്ന സങ്കല്‍പ്പവും. ''സ്വാതന്ത്ര്യലബ്ധിക്കും ഒരു മാസം മുന്‍പ് 1947 ജൂലായില്‍ പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ തങ്ങാന്‍ ഉദ്ദേശിക്കുന്ന ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ അംഗങ്ങളായിരുന്ന കുറച്ചു മുസ്‌ലിം നേതാക്കള്‍ ഖാഇദെ അഅ്‌സം മുഹമ്മദ് അലി ജിന്നയെ കാണാന്‍ ചെന്നു. ഇന്ത്യയില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്ന മുസ്‌ലിംകള്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം എന്താണ് എന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. ജിന്ന അവരോടു പറഞ്ഞു: ''ഒരു കാര്യത്തില്‍ നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ തീരുമാനിച്ചവരാണ്. അത്‌കൊണ്ട് ഇന്ത്യയോട് പൂര്‍ണമായും കൂറ് പുലര്‍ത്തുക. വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും പരമാവധി ശ്രദ്ധ ചെലുത്തുക. ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം പാടെ വര്‍ജ്ജിക്കുക. രണ്ടു കുതിരകളില്‍ ഒരേസമയം യാത്ര ചെയ്യാമെന്നുള്ള ബുദ്ധി ശൂന്യത ഒരിക്കലും പ്രകടിപ്പിക്കാതിരിക്കുക.'' ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് എക്കാലത്തും പിന്തുടരാവുന്ന ഏറ്റവും നല്ല ഉപദേശമായിരുന്നു ഇത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം