malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് മുന്നേറ്റം

കെ. സുജിത്
രാജ്യവിരുദ്ധ ശക്തികളുടെ കളിപ്പാവയായി മാറിയ ഇറോം ശര്‍മിളക്ക് സൈന്യത്തിനെതിരെ നടത്തിയ നിരാഹാരം 16 വര്‍ഷത്തിന് ശേഷം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്നത് മാറ്റത്തിന്റെ ദിശ വ്യക്തമാക്കുന്നതാണ്. വിഘടനവാദത്തില്‍ നിന്ന് ദേശീയതയിലേക്ക് വിഘടനവാദികളുടെയും ഭാരത വിരുദ്ധരുടെയും പറുദീസയായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍എസ്എസ്സിനെ ഹൃദയത്തിലേറ്റുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും വളര്‍ച്ച അതിവേഗമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ് വാര്‍ത്താ മാസികയായ ‘നോര്‍ത്ത് ഈസ്റ്റ് ടുഡെ’യാണ് ആര്‍എസ്എസ് മുന്നേറ്റം വെളിപ്പെടുത്തുന്നത്. പുതുതലമുറയിലെ വിദ്യാസമ്പന്നരില്‍ ഭൂരിഭാഗവും ‘കാക്കി ട്രൗസര്‍’ ധരിക്കാന്‍ തുടങ്ങിയെന്ന് മാസികയുടെ ‘റൈസ് ഓഫ് ആര്‍എസ്എസ് ഇന്‍ നോര്‍ത്ത് ഈസ്റ്റ്’ എന്ന മുഖലേഖനത്തില്‍ പറയുന്നു. ‘ഭാരതത്തിലെ പട്ടികള്‍ പുറത്ത് പോവുക’ എന്ന കുപ്രസിദ്ധ പോസ്റ്ററിലൂടെ അറിയപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ ഇന്ന് ഭാരത് മാതാ ജയ് വിളികളും വന്ദേമാതരവും മുഴങ്ങുന്നു. ഏതാനും വര്‍ഷം മുന്‍പ് വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം ആസാം കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ പ്രവര്‍ത്തനം വ്യാപിച്ചതോടെ ഉത്തര്‍ ആസാം, ദക്ഷിണ്‍ ആസാം, അരുണാചല്‍, മണിപ്പൂര്‍ എന്നീ വിഭാഗങ്ങള്‍ നിലവില്‍ വന്നു. വര്‍ഷങ്ങളായുള്ള ചിട്ടയായ പ്രവര്‍ത്തനം, ദേശീയതയിലൂന്നിയ പരിപാടികള്‍, സേവനപ്രവര്‍ത്തനങ്ങള്‍, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് പുലര്‍ത്തുന്ന സമീപനം- ഇതെല്ലാമാണ് വളര്‍ച്ചയുടെ ഘടകങ്ങളായി ലേഖനം ചൂണ്ടിക്കാട്ടുന്നത്. 1947ല്‍ ഗുവാഹത്തിയില്‍ ആദ്യശാഖ ആരംഭിച്ചെങ്കിലും വിഘടനവാദ ശക്തികളുടെ എതിര്‍പ്പ് വെല്ലുവിളിയായിരുന്നു. സംഘപ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും പതിവായി. എന്നാല്‍ ദേശീയവീക്ഷണത്തോടെ വലിയ പരിപാടികള്‍ നടപ്പിലാക്കിയും പിന്നോക്ക മേഖലകളില്‍ വിദ്യാഭ്യാസ, ആരോഗ്യ സേവനപദ്ധതികള്‍ ഏറ്റെടുത്തും സംഘടന വേരുകളാഴ്ത്തി. ”ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദ്ധതികളോ പ്രവര്‍ത്തനമോ ആര്‍എസ്എസ്സിനില്ല. എല്ലായിടത്തും ദേശീയതയാണ് പറയുന്നത്. രാജ്യദ്രോഹശക്തികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയധാരയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നു. ഇതിനെതിരായ പ്രവര്‍ത്തനമാണ് ആര്‍എസ്എസ്സിന്റേത്”. ആസാം പ്രാന്തപ്രചാരക് ശങ്കര്‍ ദാസ് പറയുന്നു. ആര്‍എസ്എസ്സില്‍ അണിചേരാനുള്ള വെബ്‌സൈറ്റിലെ ആഹ്വാനത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരാവസ്ഥക്ക് ശേഷമാണ് ആസാമില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് വേഗത വര്‍ദ്ധിച്ചത്. 1980ല്‍ സംസ്ഥാനത്തെമ്പാടും ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 1984ലെ ഏകാത്മത യാത്ര വഴിത്തിരിവായി. 1994ല്‍ മൂന്ന് പ്രചാരകന്മാര്‍ ഉണ്ടായിരുന്നത് മൂന്ന് വര്‍ഷത്തിനിടെ 42 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനഭരണം ബിജെപി നേടി. രാജ്യത്ത് ജമ്മു കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമാണ് ആസാം. ചൈനയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന, രാജ്യസുരക്ഷക്ക് നിര്‍ണായകമായ അരുണാചല്‍പ്രദേശിലും മാറ്റം വ്യക്തമാണ്. ദേശീയത വളര്‍ത്താന്‍ ‘ഭാരതം എന്റെ വീട്’ എന്ന പേരില്‍ 1960ല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ടൂര്‍ പരിപാടി സംഘടിപ്പിച്ചു. 1990കളിലാണ് ഇവിടെ ശാഖ ആരംഭിക്കുന്നത്. ഇപ്പോള്‍ അമ്പതിലേറെ ശാഖകള്‍ നടക്കുന്നു. സമൂഹത്തിന്റെ പ്രതികരണം ആവേശം പകരുന്നതാണെന്ന് പ്രാന്ത പ്രചാരക് സുനില്‍ മൊഹന്തി പറയുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. മറ്റ് സേവനപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്റിലും ആര്‍എസ്എസ് സ്വീകരിക്കപ്പെടുന്നു. അഞ്ച് വിഭാഗുകളായാണ് മേഘാലയയിലെ പ്രവര്‍ത്തനം. ഈ വര്‍ഷം ജനുവരിയില്‍ ചരിത്രത്തില്‍ ആദ്യമായി തലസ്ഥാനമായ ഷില്ലോങ്ങില്‍ ആര്‍എസ്എസ്സിന്റെ പഥസഞ്ചലനം നടന്നു. നേതാജിയുടെ ജന്മവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ മുന്നൂറ് ഗണവേഷധാരികള്‍ മാര്‍ച്ച് ചെയ്തു. ചരിത്രനിമിഷമെന്നാണ് ഇതിനെ ആര്‍എസ്എസ് വിശേഷിപ്പിച്ചത്. ചരിത്രത്തില്‍ ഇടം നേടാതെ പോയ നാഗാലാന്റിന്റെ സ്വാതന്ത്ര്യസമരപോരാളി റാണി ഗൈഡിന്‍ല്യൂവിന്റെ ജന്മവാര്‍ഷികം ഇത്തവണ ആര്‍എസ്എസ്സും കേന്ദ്രസര്‍ക്കാരും രാജ്യം മുഴുവന്‍ ആഘോഷിച്ചിരുന്നു. വര്‍ഷങ്ങളായി ഇടത്പക്ഷം ഭരിക്കുന്ന ത്രിപുരയില്‍ നൂറിലേറെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. മണിപ്പൂരില്‍ 115ലേറെ ശാഖകളാണുള്ളത്. വിഎച്ച്പിയുടെ ഏകല്‍ വിദ്യാലയങ്ങളും വിദ്യാഭ്യാസ പരിശീലന പരിപാടികളും സജീവമാണ്. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെന്നതും കണക്കുകളോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. എണ്‍പത് ശതമാനത്തോളം ജനങ്ങളില്‍ പ്രവര്‍ത്തനം എത്തിക്കാന്‍ സാധിച്ചുവെന്നും, ഇനിയും മുന്നേറാനുണ്ടെന്നും ശങ്കര്‍ ദാസ് വ്യക്തമാക്കുന്നു. രാജ്യവിരുദ്ധ ശക്തികളുടെ കളിപ്പാവയായി മാറിയ ഇറോം ശര്‍മിളക്ക് സൈന്യത്തിനെതിരെ നടത്തിയ നിരാഹാരം 16 വര്‍ഷത്തിന് ശേഷം ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടി വന്നത് മാറ്റത്തിന്റെ ദിശ വ്യക്തമാക്കുന്നതാണ്. സമൂഹത്തെ മനസിലാക്കുന്നതില്‍ തനിക്ക് തെറ്റുപറ്റിയെന്ന അവരുടെ വാക്കുകള്‍ പ്രത്യേകിച്ചും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം