malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

പ്രത്യേക കുടിമേഖലയും ടൂറിസം വികസനവും

ഇയാസ് മുഹമ്മദ്
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തി. നിലവിലെ മദ്യനയം പ്രായോഗികമല്ലെന്നും ഇടതു സര്‍ക്കാരെങ്കിലും ഇത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു പ്രസ്താവനയുടെ രത്‌നചുരുക്കം. യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യ നയത്തിന്റെ ഫലമായി കേരളത്തിലെ ടൂറിസം മേഖല തകര്‍ന്നെന്ന കാരണമാണ് തന്റെ ആശങ്കക്ക് നിദാനമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഏത് സാഹചര്യത്തിലാണ്, മനുഷ്യാവകാശ കമ്മീഷന് കേരളത്തിന്റെ ടൂറിസം മേഖലയോട് ഇത്ര അനുതാപം തോന്നിയതെന്ന കാര്യം ഇനിയും വ്യക്തമല്ല. സംസ്ഥാന ടൂറിസം മന്ത്രിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി എ.സി മൊയ്തീന്‍ മദ്യനയം തിരുത്തേണ്ടതാണെന്ന നിലപാട് തുറന്നടിച്ചത്. മദ്യനയത്തിന്റെ ഫലമായി കേരളം മദ്യ നിരോധന മേഖലയാണെന്ന തെറ്റായ സന്ദേശം പരത്തുന്നുവെന്നും ഇത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് മൊയ്തീന്‍ പറയുന്നത്. കുറഞ്ഞപക്ഷം വിനോദ സഞ്ചാര മേഖലകളിലെങ്കിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് മൊയ്തീന്‍ പറഞ്ഞുവെച്ചത്. അതായത് പ്രത്യേക സാമ്പത്തിക മേഖലയെന്ന പോലെ, 'പ്രത്യേക കുടി മേഖല' ആരംഭിക്കണമെന്നതാണ് മന്ത്രി മൊയ്തീന്റെ ആവശ്യം. മനുഷ്യാവകാശ കമ്മീഷനും ടൂറിസം മന്ത്രിയും പ്രയോഗിച്ച വാക്കുകള്‍ ഒന്നല്ലെങ്കിലും ആശയം സമാനമാണ്. യു.ഡി.എഫ് കൊണ്ടുവന്ന മദ്യനയം തിരുത്തണം. വീണ്ടും ബാറുകള്‍ നാടുനീളെ മലര്‍ക്കെ തുറന്നിടണം. സര്‍വരെയും ഞെട്ടിച്ചുകൊണ്ട് 2014 ആഗസ്ത് 21 നാണ് ഘട്ടംഘട്ടമായി പത്ത് വര്‍ഷം കൊണ്ട് കേരളത്തില്‍ മദ്യ നിരോധനം നടപ്പാക്കുമെന്ന പ്രഖ്യാപനം യു.ഡി.എഫ് യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയത്. തൊട്ടാല്‍ കൈപൊള്ളിക്കുന്നവരാണ് കേരളത്തിലെ മദ്യ മുതലാളിമാരെന്ന ഉത്തമ ബോധത്തോടെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പതിറ്റാണ്ടുകളായി സാധാരണക്കാരന്റെ അധ്വാന ഫലമാകെ ഊറ്റിവലിച്ചെടുത്ത്, വീര്‍ത്ത് തടിച്ച ബാര്‍ ഉടമകള്‍ക്ക് താങ്ങാനാകാത്ത പ്രഹരമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന പ്രഖ്യാപനം. അടഞ്ഞു കിടക്കുന്ന 418 ബാറുകളുടെ താഴുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല, പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം. സാധാരണ ജനത്തിന്റെ വിയര്‍പ്പില്‍ നിന്നും കോടികള്‍ കൊള്ളലാഭം കൊയ്തിരുന്ന ബാര്‍ ഉടമകളെ ഒറ്റ പ്രഖ്യാപനത്തിലൂടെ അവര്‍ വിഹരിച്ചിരുന്ന ആകാശ കോട്ടകളില്‍ നിന്നും പാതാളത്തിലേക്ക് യു.ഡി.എഫ് സര്‍ക്കാര്‍ തള്ളിയിട്ടു. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്‌ലിം ലീഗ് കയ്യുംമെയ്യും മറന്ന് സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചു. എന്നല്ല, പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗ് മുന്നോട്ടുവെച്ച ആവശ്യം യു.ഡി.എഫ് സുധീരം അംഗീകരിക്കുകയായിരുന്നു. ബാറുകള്‍ മാത്രമല്ല, ഘട്ടംഘട്ടമായി ഓരോ വര്‍ഷവും പത്ത് ശതമാനം എന്ന കണക്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് കൂടി താഴിടുമെന്നും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആദ്യവര്‍ഷം പത്ത്ശതമാനം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയപ്പോള്‍ എത്ര പ്രദേശങ്ങളിലാണ് ശാന്തിയുടെ മന്ദമാരുതനെത്തിയത്. പത്തു വര്‍ഷം കൊണ്ട് കേരളത്തിലെ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ ഒഴികെ മദ്യനിരോധനം നടപ്പാക്കുമെന്ന പ്രഖ്യാപനം എത്ര കുടുംബങ്ങളിലാണ് സന്തോഷത്തിന്റെ പൂനിലാ പുഞ്ചിരി കൊണ്ടുവന്നത്. അതിനെയൊക്കെ തകിടം മറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇടതു സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുമെന്ന് മാത്രമല്ല, പുതിയ ഒരു കൗണ്ടര്‍ പോലും തുറക്കില്ലെന്നാതായിരുന്നു യു.ഡി.എഫ് നിലപാട്. എന്നാല്‍ മദ്യം വാങ്ങാന്‍ വെയിലത്ത് വരി നില്‍ക്കുന്നവരെ കണ്ട് മനസ്സലിഞ്ഞ്, പുതിയ സൗകര്യങ്ങളാണ് ഇടതു സര്‍ക്കാര്‍ ഒരുക്കുന്നത്. കൂടുതല്‍ കൗണ്ടറുകളും മാര്‍ജിന്‍ ഫ്രീ പോലെ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യം കൂടി ലഭ്യമാക്കാനാണ് തീരുമാനം. മദ്യം വാങ്ങാന്‍ വരി നിന്ന്, വെയിലേറ്റ് കുഴഞ്ഞുവീഴരുതെന്ന സര്‍ക്കാര്‍ നിലപാട് എത്ര സുന്ദരമാണ്. ഇടതു സര്‍ക്കാറിന്റെ കപട മുഖം ഇതിലും ഭംഗിയായി ഏത് കണ്ണാടിയിലാണ് പ്രതിബിംബിക്കുക. തുടക്കത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ സൗകര്യം വര്‍ധിപ്പിച്ചും പുതിയ കൗണ്ടറുകള്‍ തുറന്നും മദ്യപന്മാരോട് മൃദുസമീപനം പുലര്‍ത്തുന്ന ഇടതുസര്‍ക്കാര്‍ സമീപ ഭാവിയില്‍ തന്നെ ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബാറുടമകളെ ഏല്‍പ്പിക്കുന്നതിലേക്കെത്തും. എ.കെ ആന്റണി സര്‍ക്കാര്‍ 1996ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ചാരായം നിരോധിച്ചത്. സാധാരണക്കാരുടെയും കൂലിത്തൊഴിലാളികളുടെയും അധ്വാന ഫലത്തിന്റെ ഏറിയ പങ്കും അതുവരെ ചാരായ ഷോപ്പുകളിലേക്കാണ് എത്തിയിരുന്നത്. വീടുകളില്‍ നിന്നും കലഹത്തിന്റെ ശബ്ദം മാത്രം ഉയര്‍ന്നുവന്നിരുന്ന നാളുകള്‍ക്ക് അന്ത്യം കുറിക്കാന്‍ ആന്റണിയുടെ നടപടിക്കായി. സാധാരണ വീട്ടമ്മമാരുടെ പ്രാര്‍ത്ഥനയും പിന്തുണയും ചാരായം നിരോധിച്ച യു.ഡി.എഫിനൊപ്പമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് അധികാരത്തിലേറിയ നായനാര്‍ സര്‍ക്കാര്‍ ചാരായ നിരോധനം എടുത്തുകളയാന്‍ ചെറിയ ശ്രമം പോലും നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. പിന്നീടുണ്ടായ കല്ലുവാതുക്കല്‍ മദ്യ ദുരന്തം മുന്‍നിര്‍ത്തി വ്യാജ ചാരായത്തിന്റെ പേരില്‍ ചാരായ നിരോധനം പിന്‍വലിക്കാമായിരുന്നുവെങ്കിലും നായനാര്‍ അതിന് മുതിര്‍ന്നില്ല. സമാന സാഹചര്യമാണ് രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2016ല്‍ കേരളത്തില്‍ സംജാതമായിരിക്കുന്നത്. ബാറുകള്‍ അടച്ച നടപടിയെ സമൂഹത്തിലെ ബഹുഭൂരിപക്ഷവും പിന്തുണച്ചപ്പോഴും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പരാജയമുണ്ടായി. ജനപിന്തുണ യു.ഡി.എഫിന്റെ മദ്യനയത്തിനാണെന്ന കൃത്യമായ കണക്ക് ഇടതുമുന്നണിക്കുണ്ടായിരുന്നതിനാല്‍ മദ്യനയം സംബന്ധിച്ച് അവരുടെ പ്രകടന പത്രികയില്‍ കാര്യമായ പരാമര്‍ശമൊന്നുമുണ്ടായില്ല. മദ്യ വര്‍ജ്ജനം, ബോധ വത്കരണം തുടങ്ങിയ പ്രയോഗങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ സംശയം ദൂരീകരിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. യു.ഡി.എഫിന്റെ മദ്യനയം തുടരുമെന്ന പ്രഖ്യാപനമാണ് യെച്ചൂരിയില്‍ നിന്ന് കേരളം കേട്ടത്. എന്നാല്‍ പി.ബിക്ക് പണ്ടെ പോലെ വിലയില്ലാത്തതുകൊണ്ടാകാം കാര്യങ്ങള്‍ ഇപ്പോള്‍ ബാറുടമകള്‍ക്ക് അനുകൂലമായി വീശുന്നത്. ചാരായ നിരോധനം കേരളത്തിലെ ഗ്രാമാന്തരീക്ഷത്തില്‍ സൃഷ്ടിച്ച ചടുലതക്ക് സമാനമാണ് ബാറുകള്‍ പൂട്ടിയതോടെ നഗരങ്ങളിലും ചെറു നഗരങ്ങളിലും സംജാതമായിട്ടുള്ളത്. കേരള ജനത ബാറുകള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് ഭരിക്കുന്നവര്‍ക്കും ഭരണത്തിന് ഉപദേശം നല്‍കുന്നവര്‍ക്കും നന്നായറിയാം. എന്നാല്‍ ഇതിന് പ്രതിരോധം സൃഷ്ടിക്കാന്‍ മറ്റൊരു പൊതുബോധം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായം പ്രകടിപ്പിച്ചത് ഏതെങ്കിലും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാകാനേ തരമുള്ളൂ. എന്നാല്‍ ടൂറിസം മന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ നിരവധി നാളുകളായി ഇടതു മന്ത്രിസഭയിലെ അംഗങ്ങളും നേതാക്കളും പ്രകടിപ്പിക്കുന്ന ആശയത്തെ അടിവരയിടുന്നതാണ്. കേരളത്തിലെ ടൂറിസം മേഖല ബാറുകള്‍ പൂട്ടിയതോടെ പാടെ തകര്‍ന്നിരിക്കുന്നുവെന്ന വിലാപമാണ് ഇപ്പോള്‍ ഉയരുന്നത്. ബാറുകള്‍ പൂട്ടുന്ന വേളയില്‍ തന്നെ ടൂറിസം മേഖലയിലുള്ളവര്‍ ഇത്തരത്തില്‍ തങ്ങളുടെ ആശങ്കയുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെത്താന്‍ ടിക്കറ്റെടുത്തവര്‍ പോലും അത് റദ്ദാക്കാനുള്ള സാധ്യതയാണ് വലിയ ആശങ്കയായി അവര്‍ പറഞ്ഞത്. എന്നാല്‍ ബാര്‍ പൂട്ടിയതുകൊണ്ട് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന വാദം പോലെ ഇതും പൊളിഞ്ഞു. അങ്ങനെ തകര്‍ന്നു പാളീസായ വാദമുയര്‍ത്തിയാണ് മൊയ്തീനും പരിവാരങ്ങളും 'പ്രത്യേക കുടി മേഖല'യെങ്കിലും അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെത്തുന്നത് കുടിച്ചു പൂസാകാന്‍ വേണ്ടിയാണെന്ന നിലയിലുള്ള മന്ത്രിയുടെ വാദം എന്തായാലും അതിഥി ദേവോ ഭവ: എന്ന വാക്യത്തെ അനാദരിക്കലായി പോയി. മദ്യം മാത്രമല്ല, മദിരാക്ഷിയും സുലഭം പോലെ കിട്ടുന്ന രാജ്യങ്ങളുണ്ട്. അവിടെ പോകുന്നവരുടെയെല്ലാം ലക്ഷ്യം അതല്ലെങ്കിലും ഭൂരിപക്ഷത്തിന്റെയും താല്‍പര്യം അതാണ്. അതുകൊണ്ട് ആ രാജ്യങ്ങളോട് മത്സരിച്ച്, ടൂറിസം മേഖലയില്‍ നാല് കാശുണ്ടാക്കാന്‍ മന്ത്രി മുതിര്‍ന്നാല്‍ മലയാളികള്‍ എന്തുചെയ്യും. ഒരു തെരഞ്ഞെടുപ്പിലെ വിജയത്തിലോ, പരാജയത്തിലോ അല്ല, കേരളത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടേണ്ടത്. പ്രതിവര്‍ഷം 7000 കോടി രൂപ കേരള ഖജനാവിലേക്കെത്തിയിരുന്നത് മദ്യക്കച്ചവടത്തില്‍ നിന്നാണ്. അതുവേണ്ടെന്നുവെക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം ഭാവി കേരളത്തെ കൂടുതല്‍ ശോഭനമാക്കുന്നതിനായിരുന്നു. കണ്ണീര്‍ വീഴാത്ത കുടുംബങ്ങളും ചോരനിറയാത്ത വഴികളും സൃഷ്ടിക്കാന്‍ മദ്യമെന്ന വിപത്തിനെ പ്രതിരോധിക്കണം. ഈ പ്രതിരോധത്തെ തകര്‍ക്കാനാണ് ടൂറിസത്തിന്റെ പേരില്‍ കേരളത്തില്‍ മുതലകണ്ണീരൊഴുകുന്നത്. കേരളത്തെ വിഴുങ്ങാന്‍ ആര്‍ത്തിപൂണ്ടുനില്‍ക്കുന്ന മദ്യ രാജാക്കന്മാര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ കേരള ജനതക്കാകണം. മദ്യമുതലാളിമാര്‍ക്കനുകൂലമായ അഭിപ്രായ രൂപീകരണം നടത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നതാണ് കേരളം ആവശ്യപ്പെടുന്നത്. മദ്യനിരോധന നീക്കം ഒരു കാരണവശാലും അട്ടിമറിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവും സമാധാനപൂര്‍ണമായ സാമൂഹികാന്തരീക്ഷവും ക്രിയാത്മകമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തലമുറയുമാണ് കേരളത്തിന് വേണ്ടത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം