malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

വരമ്പത്ത് കൂലി കൊടുക്കുന്ന ഭരണ പരിഷ്‌കാരം

കെ.എന്‍.എ ഖാദര്‍
പിണറായി വിജയന്‍ ഡോ. ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല. ഇടതുപക്ഷക്കാരുടെ നേതാവും ശുദ്ധ കമ്യൂണിസ്റ്റുകാരനുമായ മുഖ്യമന്ത്രി അപ്രകാരം ചെയ്തതില്‍ തെറ്റു കാണേണ്ടത് മറ്റു ഇടതുപക്ഷക്കാരും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. അവര്‍ക്കില്ലാത്ത എതിര്‍പ്പ് നമുക്കെന്തിന്? ഡോ. ഗീത നവ ലിബറല്‍ സാമ്പത്തിക നയക്കാരിയാണെന്ന് കേള്‍ക്കുന്നു. അതിനേക്കാള്‍ എത്രയോ സാമ്പത്തിക ഉദാരീകരണവും സ്വകാര്യവത്കരണവും ലിബറലിസവും ചൈന നടപ്പിലാക്കുന്നു. ക്യൂബയും വിയറ്റ്‌നാമും വരെ ആ വഴിക്ക് പോകുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വലതു പക്ഷ വ്യതിയാനങ്ങള്‍ ഒരു ആഗോള പ്രക്രിയയാണ്. അതില്‍നിന്ന് പിണറായിയെ എന്തിനു മാറ്റി നിര്‍ത്തണം. കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ ഇതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ സാമ്പത്തിക നയങ്ങള്‍ പ്രഭാത് പട്‌നായിക്കിനോട് ചോദിച്ചാണ് ചെയ്തിരുന്നത്. പ്രഭാത് പട്‌നായിക്കും ഗീതാഗോപിനാഥും രണ്ടു സാമ്പത്തിക നിലപാടുകളെ പ്രതിനിധാനം ചെയ്യുന്നു. പിണറായിയും അച്യുതാനന്ദനും അപ്രകാരംതന്നെ. ഒരേ പാര്‍ട്ടിയിലെ രണ്ടു നിലപാടുകള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാന്‍ ഈ നിയമനം സഹായിച്ചുവെങ്കില്‍ എതിരാളികള്‍ സന്തുഷ്ടരാവുകയാണ് വേണ്ടത്. കാരാട്ടും യെച്ചൂരിയും വരെ ആശയപരമായ സംഘട്ടനങ്ങള്‍ നടക്കുമ്പോള്‍ വിജയിക്കാന്‍ പോകുന്നത് വലതു പക്ഷത്തോട് ആഭിമുഖ്യമുള്ളവര്‍ തന്നെയാകും. അത് ഇന്നു കാണുന്ന രാഷ്ട്രാന്തരീയ പ്രക്രിയയാണ്. സാമ്പത്തിക രംഗത്ത് കാണപ്പെടുന്ന മുഖ്യ വൈരുധ്യമാണ്. ബി.ജെ.പി കടുത്ത വലതുപക്ഷ നിലപാടാണ് തുടരുന്നതെങ്കില്‍ കോണ്‍ഗ്രസും മറ്റു പ്രമുഖ കക്ഷികളും മധ്യ വലതുപക്ഷത്താണ് നില്‍ക്കുന്നത്. പിണറായി ആ നിലപാടിനോട് സാമ്പത്തികമായി അടുത്തു വരുന്നതിന്റെ ലക്ഷണമാണിത്. ഇടതുപക്ഷ മുഖ്യമന്ത്രി ഇടതുപക്ഷ സാമ്പത്തിക നിലപാട് ഉപേക്ഷിക്കവാന്‍ ഏറെക്കുറെ തയ്യാറാവുമ്പോള്‍ അതിനെ സ്വാഗതം ചെയ്യലാണ് ശരി. തോമസ് ഐസക് ഉള്ളപ്പോള്‍ എന്തിനാണൊരു ഉപദേഷ്ടാവ് എന്ന ചോദ്യവും ബാലിശമാണ്. അദ്ദേഹം ധനകാര്യ മന്ത്രിയാണ്. ഇടത്തോ വലത്തോ എന്ന് തിരിച്ചറിയാത്ത ഒരുതരം അവസരവാദപരമായ സാമ്പത്തിക നിലപാടാണ് അദ്ദേഹം സ്വീകരിച്ചുപോരാറുള്ളത്. അദ്ദേഹത്തില്‍ സാമ്പത്തിക വൈദഗ്ധ്യം ചിലര്‍ ആരോപിച്ചതാണ്. ശരിക്കും അദ്ദേഹം അത്ര വലിയ സാമ്പത്തിക വിദഗ്ധനാണെന്ന് അധികമാരും കരുതുന്നില്ല. വളരെയേറെ നാട്യങ്ങളാണ് അദ്ദേഹത്തില്‍ കാണപ്പെടുന്നത്. ആധുനിക കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുതുക്കിപ്പണിയാനും ജനജീവിതം മെച്ചപ്പെടുത്താനും കേരളത്തെ പുത്തന്‍ ലോകത്തോടൊപ്പം നടത്താനും യാതൊരു മിടുക്കും തോമസ് ഐസക്കില്‍ കാണപ്പെടുന്നില്ല. ആരൊക്കെയോ ചിലര്‍ അദ്ദേഹം വലിയ വിദഗ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. അതില്‍ യു.ഡി.എഫ് അനുകൂലികള്‍ വരെയുണ്ട്. ഈ ആനുകൂല്യം മുതലെടുത്ത് അദ്ദേഹം എങ്കില്‍ പിന്നെ അങ്ങിനെയാവട്ടെ എന്ന് സ്വയം നിശ്ചയിച്ചതു പോലെയാണ് തോന്നുന്നത്. സാമ്പത്തിക ഉപദേഷ്ടാവിനെയും നിയമ ഉപദേഷ്ടാവിനെയുമൊക്കെ വലിയ പദവികള്‍ നല്‍കി ശമ്പളമില്ലാതെ നിയമിക്കുന്നത് ശരിയാണോ, മുഖ്യമന്ത്രിക്കതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിക്കുന്നതില്‍ തെറ്റില്ല. അതൊരു നയപരമായ പ്രശ്‌നമല്ല. ഡോ. ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക നയം നവലിബറിലിസമാണെന്ന് പറയുമ്പോള്‍ എം.കെ ദാമോദരന്റെ നിയമനയം എന്താണെന്ന് ആരും ചോദിച്ചുകണ്ടില്ല. അതെന്താണെന്ന് അദ്ദേഹം പോലും ചിന്തിച്ചു കാണില്ല. ഒരു മുഖ്യമന്ത്രിക്ക് ഏതുകാര്യത്തെക്കുറിച്ചും വിദഗ്ധരുള്‍പ്പെടെ ആരോടും അതതു സമയങ്ങളില്‍ ചര്‍ച്ചചെയ്ത് നിഗമനങ്ങള്‍ സ്വരൂപിക്കാം, അറിവും നേടാം. അതിന് ഇപ്രകാരമുള്ള നിയമനങ്ങള്‍ ആവശ്യമാണെന്ന് തോന്നുന്നില്ല. ഒരു ലിറ്റര്‍ പാല്‍ കിട്ടാന്‍ ഒരു എരുമയെ വളര്‍ത്തേണ്ടതില്ലെന്ന് നാടന്‍മാര്‍ പറയാറുണ്ട്. അതുപോലെയാണിത്. പാക്കറ്റായി അതതു സമയങ്ങളില്‍ വാങ്ങാവുന്നതേയുള്ളൂ. ആരോട് ചോദിച്ചാണ് താന്‍ ഒരു വിഷയത്തില്‍ പരിജ്ഞാനം നേടുന്നതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തേണ്ടുന്ന ആവശ്യം പോലുമില്ലല്ലോ. അവിടെയാണ് മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞതായി തോന്നുന്നത്. വലിയ തോതിലുള്ള ഗൃഹപാഠം ചെയ്യാതെ, വേണ്ടത്ര ആലോചനയില്ലാതെ അദ്ദേഹം പറയുന്ന അഭിപ്രായങ്ങളും തീരുമാനങ്ങളും പിന്നീട് മാറ്റേണ്ടി വരുന്നതിനാല്‍ പ്രതിച്ഛായക്ക് മങ്ങലേറ്റ സ്ഥിതിയാണുള്ളത്. മന്ത്രിസഭ വേണ്ടത്ര അറിവും പരിചയവുമില്ലാത്ത കഴിവുകെട്ട ഒരു സംഘമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ട്. ചില മന്ത്രിമാരുടെ ഭരണ രീതികള്‍ കണ്ടാല്‍ അങ്ങിനെ തോന്നിയേക്കാം. മന്ത്രിസഭാ തീരുമാനങ്ങള്‍ അത്ര വലിയ രഹസ്യമൊന്നുമല്ല. അത് എപ്പോഴും ജനങ്ങളെ അറിയിക്കുമെന്നും വളരെ സുതാര്യമായിരിക്കുമെന്നും തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കുന്ന ഭരണക്കാരാണെന്നു പറഞ്ഞ് കയ്യടി വാങ്ങേണ്ട ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിസഭാ തീരുമാനങ്ങള്‍ ദുരൂഹമാക്കിയ നയമാണ് കൈക്കൊണ്ടത്. അതില്‍പരം വിഡ്ഢിത്തം എന്താണുള്ളത്. അവസാനം അതിലൊക്കെ പലതിലുമെന്നപോലെ വെള്ളം ചേര്‍ക്കേണ്ടിയും വന്നു. സര്‍ക്കാര്‍ സെക്രട്ടറിമാരും ഭരണത്തലവന്‍മാരായ ഉദ്യോഗസ്ഥരുമായും മന്ത്രിമാര്‍ പലരും ഏറ്റുമുട്ടുന്ന സ്ഥിതിയും വന്നിട്ടുണ്ട്. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുപുറമെ പാര്‍ട്ടിയും ഒരു കുരുക്കില്‍ അകപ്പെട്ട മട്ടാണ്. കോടിയേരിയുടെ പ്രസ്താവന അദ്ദേഹത്തിനും പാര്‍ട്ടിക്കും ഏറെ ദോഷം ചെയ്തു. ജയരാജനെക്കുറിച്ചും കോടിയേരിയെക്കുറിച്ചും ആളുകളുടെ മനസ്സില്‍ വിഭിന്ന ചിത്രങ്ങളാണുണ്ടായിരുന്നത്. അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസംഗം അസ്ഥാനത്തായി. അനേകം രാഷ്ട്രീയ എതിരാളികളെ കൊന്നും അക്രമിച്ചും അറപ്പുതീര്‍ന്നവരാണ് സഖാക്കള്‍ എന്ന് എല്ലാവര്‍ക്കുമറിയാം. വരമ്പത്ത് കൂലി കൊടുക്കുന്നതിലും ഒരു പണിയും ചെയ്യാത്തവര്‍ക്കുപോലും നോക്കുകൂലി കൊടുക്കുന്നതിലും റിക്കാര്‍ഡ് സൃഷ്ടിച്ച പാര്‍ട്ടിയാണിത്. എങ്കിലുമത് പരസ്യമായി ഒന്നുകൂടി വിളിച്ചുപറയുന്നത് മറ്റൊന്നാണ്. കൊലക്കത്തി രാഷ്ട്രീയം അവര്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനം കോടിയേരി തന്നെ നടത്തിയത് വലിയ എതിര്‍പ്പുകള്‍ക്കിടയാക്കി. തീര്‍ച്ചയായും അത് തിരുത്താനും മാപ്പുപറയാനും തയ്യാറാകുകയാണ് വേണ്ടത്. സംഘ്പരിവാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് കോടിയേരി ചെയ്തത്. പാര്‍ട്ടിയിലും ഘടക കക്ഷികളിലും ജനമധ്യത്തിലും അസ്വസ്ഥത പരത്തിയ ചില നടപടികള്‍ സി.പി.എമ്മിനും അവരാല്‍ നയിക്കപ്പെടുന്ന സര്‍ക്കാരിനും കുറഞ്ഞ നാളുകള്‍കൊണ്ട് ആവശ്യാനുസരണം ചീത്തപ്പേരുണ്ടാക്കിയെന്ന് മനസ്സിലാക്കാനും നിലപാടുകളും ശൈലിയും മാറ്റാനും ഇടതുകാര്‍ക്ക് കഴിയില്ലെന്നതുമാണ് അവരുടെ ശാപം. എന്തായാലും ഉപദേഷ്ടാക്കളുടെ തസ്തികകള്‍ സൃഷ്ടിച്ച് മുന്നേറുന്ന പിണറായി ഒരു രാഷ്ട്രീയ ഉപദേഷ്ടാവിനെക്കൂടി നിയമിക്കാന്‍ കോടിയേരിയോട് ആവശ്യപ്പെടുന്നതാണ് നല്ലത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി.എസ് നിയമിക്കപ്പെടുന്നതോടെ കേരളത്തില്‍ ആ രംഗത്ത് ഒരു മഹാവിപ്ലവത്തിന് തുടക്കംകുറിക്കുമെന്ന് ആരും കരുതുന്നില്ല. കാസ്‌ട്രോക്ക് അവസാന നാളുകളില്‍ കാറ്റേറ്റു വിശ്രമിക്കാനൊരിടം മാത്രമാണതെന്ന് ആര്‍ക്കാണ് അറിയാത്തത്. ശല്യക്കാരായ വ്യവഹാരികളെ അടക്കിയൊതുക്കി ഇരുത്താനുള്ള നൂതന തന്ത്രം മാത്രമാണല്ലോ ഇത്. ഭരണം യഥാര്‍ത്ഥത്തില്‍ പരിഷ്‌കരിക്കണമെന്ന് വല്ല ആഗ്രഹവും പിണറായിക്കുണ്ടായിരുന്നെങ്കില്‍ ഇപ്രകാരം ചെയ്യുമായിരുന്നില്ല. പരിഷ്‌കരണം പോകട്ടെ കിട്ടിയ ഭരണം പോലും മര്യാദക്കുനടത്തണമെങ്കില്‍ ഇദ്ദേഹത്തെ കെട്ടിയിടണമെന്ന പ്രായോഗികബുദ്ധിക്ക് നല്ല നമസ്‌കാരം. പക്ഷെ ജനങ്ങളെ ഒതുക്കാന്‍ അതു മതിയാവുകയില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം