malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ആര്‍ക്കാണിപ്പോള്‍ ഉപദേശിയെ വേണ്ടത്?

ഇഷാന്‍ മുഹമ്മദ്
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത് ഉപദേശികളുടെ സാന്നിദ്ധ്യമാണ്. തുടക്കത്തില്‍ നിയമോപദേഷ്ടാവാണ് കല്ലുകടി ആയതെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക ഉപദേഷ്ടാവും മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിക്കുകയാണ്. സി.പി.എം. ഇക്കാലമത്രയും ഉയര്‍ത്തിപിടിച്ച സാമ്പത്തിക നിലപാടുകള്‍ക്ക് കടകവിരുദ്ധമായി ചിന്തിക്കുന്ന ഒരാളുടെ ഉപദേശം കേട്ട് എങ്ങിനെയാണ് ഇടതുപക്ഷ സര്‍ക്കാറിന് മുന്നോട്ട് പോവാന്‍ കഴിയുകയെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ പ്രഭാത് പട്‌നായിക് ചോദിക്കുന്നു. ഗീതാ ഗോപിനാഥിന്റെ സേവനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇത് സി.പി.എം. കേന്ദ്ര കമ്മിറ്റിക്ക് ഒട്ടും ദഹിക്കുന്നില്ല. നരേന്ദ്രമോഡിയുടെ സാമ്പത്തിക നിലപാടുകളെ പിന്തുണക്കുകയും നവലിബറല്‍ സാമ്പത്തിക നയങ്ങളെ വാഴ്ത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഗീതാ ഗോപിനാഥ്. ഉദാരവല്‍ക്കരണത്തെയും കമ്പോള മുതലാളിത്തത്തെയും എന്നും അനുകൂലിച്ച സാമ്പത്തിക വിദഗ്ദ്ധ. നരേന്ദ്രമോഡിയുടെ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രമാദമായ പല വിഷയങ്ങളിലും ഇടതു വിരുദ്ധ നിലപാടുള്ള ഗീത സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. എന്നാല്‍ എം.കെ. ദാമോദരന്റെ കാര്യത്തിലുണ്ടായ പരിണതി തന്നെയാണ് ഗീതാ ഗോപിനാഥിനെയും കാത്തിരിക്കുന്നതെന്നു വേണം കരുതാന്‍. താന്‍ ശമ്പളം പറ്റുന്ന ഒരു പദവിയിലിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേസുകള്‍ വിട്ട് ഉപദേഷ്ടാവായി ഇരിക്കാനില്ലെന്നും പറഞ്ഞാണ് ദാമോദരന്‍ പടിയിറങ്ങിയത്. സമാനമായ മറുപടി തന്നെയാണ് ഗീതാ ഗോപിനാഥും ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ മുഴുസമയ പ്രൊഫസര്‍ എന്ന നിലയില്‍ തന്റെ അധ്യാപനത്തിന് വിഘാതമാവുന്ന ഒരു പദവിയും ഏറ്റെടുക്കുകയില്ലെന്നും കേരളത്തോടുള്ള ആഭിമുഖ്യം മുന്‍നിര്‍ത്തി ചില പ്രധാന വിഷയങ്ങളില്‍ ഉപദേശം നല്‍കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമാണ് ഗീതയുടെ പക്ഷം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തന്നെയാണ് അവരുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടത്. താന്‍ ശമ്പളം പറ്റുന്ന ഒരു പദവി ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്തേക്ക് താമസം മാറാനില്ലെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയില്‍ താമസിക്കുകയും നവലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധയെ എങ്ങിനെ കേരളം പോലുള്ള സംസ്ഥാനത്തില്‍ ഉപദേശകയായി അവരോധിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ഉടനെ നടത്തിയ സാമ്പത്തിക രംഗത്തെ മാറ്റങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഇക്കാര്യത്തിലുള്ള നിലപാടുകള്‍. പ്രഭാത് പട്‌നായിക്ക് മാത്രമല്ല ഇടതുപക്ഷത്തെ ഒട്ടനവധി സാമ്പത്തിക വിദഗ്ദ്ധര്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഇവരില്‍ പലരും മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ തീവ്ര ഇടത് നിലപാടില്‍ നിന്നുള്ള വ്യതിയാനം മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. പ്രായോഗിക രാഷ്ട്രീയത്തിനും ഭരണ നിര്‍വ്വഹണത്തിനും തടസ്സമായി നില്‍ക്കുന്ന പല ഇടതുനയങ്ങളെയും പിണറായി നിരുല്‍സാഹപ്പെടുത്താന്‍ തയാറാകുമെന്ന പ്രഖ്യാപനം കൂടിയാണ് ഗീതയുടെ നിയമനത്തില്‍ വ്യക്തമാവുന്നത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം