malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ഗുജറാത്തിലെ ദളിത് മുന്നേറ്റവും പതറുന്ന ബി.ജെ.പിയും

റാഷിദ് ടി.കെ നീരോല്‍പലം
താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെയെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. ചരിത്രത്തിലിന്നോളം ഇത് പല തവണ പുലര്‍ന്നതാണെങ്കിലും ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോഴാണിത് യാഥാര്‍ത്ഥ്യമാവുന്നത്. ഗോവധം മുഖ്യആയുധമാക്കി അധികാരത്തിലേറിയവര്‍ അതില്‍ തന്നെ തെന്നിവീഴുന്ന സ്ഥിതിയാണിപ്പോള്‍. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഗോവധം ബി.ജെ.പിയെ തിരിഞ്ഞുകുത്തുകയാണിപ്പോള്‍. ജൂലൈ 11ന് ഗുജറാത്തിലെ ഗിര്‍ സോംനാഥ് ജില്ലയില്‍ ഏഴു യുവാക്കളെ ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ മൃഗീയമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുയര്‍ന്ന ദളിത് രോഷത്തില്‍ വിയര്‍ക്കുകയാണ് പാര്‍ട്ടി. യുവാക്കളെ ജനക്കൂട്ടം വാഹനത്തില്‍ കെട്ടിയിട്ട് അടിക്കുന്ന വീഡിയോ അക്രമികള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അവിശ്വസനീയമാംവിധ മുയര്‍ന്ന ദളിത് രോഷം ഗുജറാത്തിന്റെ പല ഭാഗങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കി. ദളിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സൗരാഷ്ട്ര മേഖലയിലാണ് പ്രധാനമായും പ്രക്ഷോഭം ആളിപ്പടര്‍ന്നത്. പത്തോളം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ജൂലൈ 18ന് സുരേന്ദ്ര നഗറില്‍ ജില്ലാ കലക്ട്രേറ്റ് ഓഫീസിലേക്ക് രണ്ട് ലോഡ് ചത്ത പശുക്കളെയുമായെത്തിയ ദളിത് വിഭാഗക്കാര്‍ ഗോ സംരക്ഷകര്‍ തന്നെ ജഡം നീക്കട്ടെയെന്ന് നിലപാടെടുത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പെട്ടത് കലക്ട്രേറ്റ് ജീവനക്കാരാണ്. ഗോ സംരക്ഷണത്തിനായി ഏഴായിരത്തോളം സംഘടനകള്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലി വില്‍പന ഉപജീവനമാക്കിയ മുസ്‌ലിംകളെയും ദളിതുകളെയും അക്രമിക്കുകയാണ് ഇവരുടെ തൊഴില്‍. കാമധേനുവും മറ്റു പശുക്കളുമൊക്കെ ഉയര്‍ന്ന ജാതിക്കാരുടെ ദൈവമായതിനാല്‍ ഗോഹത്യ നിരോധനം ദുഷ്‌കരമാക്കുന്നത് മുസ്‌ലിം, ദളിത് ജീവിതങ്ങളെയാണ്. ജാതിവ്യവസ്ഥ ഇപ്പോഴും തൊഴില്‍ നിശ്ചയിക്കുന്ന മോദിയുടെ നാട്ടില്‍ ചത്ത പശുക്കളുടെ തൊലിയുരിച്ച് തുകല്‍ നിര്‍മിക്കുകയെന്നത് താഴ്ന്ന ജാതിക്കാരായ ചമാറുകളുടെ ഉപജീവന മാര്‍ഗമാണ്. ഒരു പശുവിന്റെ തൊലിയുരിച്ചാല്‍ ഇവര്‍ക്ക് ലഭിക്കുക 300 രൂപയാണ്. ഗോഹത്യയുടെ പേരില്‍ പട്ടേല്‍, താക്കൂര്‍ വിഭാഗങ്ങളില്‍ നിന്ന് നിരന്തരമേല്‍ക്കുന്ന പീഡനം ഈ ജിവിതങ്ങളിലാണ് ഇരുള്‍പടര്‍ത്തിയിരിക്കുന്നത്. ദളിതുകള്‍ക്കെതിരായ ക്രൂരതകള്‍ക്ക് രാജ്യ ചരിത്രത്തോളം പഴക്കമുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രം 150 ശതമാനത്തിന്റെ വര്‍ധനയാണ് ഗുജറാത്തിലുണ്ടായത്. 6,665 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ പലമടങ്ങ് സംഭവങ്ങള്‍ രോദനങ്ങളായൊതുങ്ങി. പൊലീസ് ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ വിരലനക്കില്ലെന്നത് ദളിതുകളുടെ സ്ഥിരം പരാതിയാണ്. ഉന സംഭവം പോലും രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസറിഞ്ഞത്. പലപ്പോഴായി അടക്കി നിര്‍ത്തിയ ആ രോഷത്തിന്റെ അണപൊട്ടിയൊഴുകലാണിപ്പോള്‍ ഗുജറാത്തില്‍. ബി.ആര്‍ അംബേദ്കര്‍, രോഹിത് വെമുലെ എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ദളിതുകള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ദൃശ്യമാവുന്നത് ദളിത് അസ്ഥിത്വത്തിന്റെ വീണ്ടെടുപ്പാണ്. 80കള്‍ക്ക് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ദളിത് പ്രക്ഷോഭമാണിപ്പോള്‍ ഗുജറാത്തില്‍. 1990കള്‍ വരെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട്ബാങ്കായിരുന്നു ദളിതുകള്‍. ദളിത്-മുസ്‌ലിം അടിത്തറയിലായിരുന്നു വര്‍ഷങ്ങളോളം കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ മുസ്‌ലിംകളെ പൊതു ശത്രുവാക്കി ചിത്രീകരിച്ച് 90കളില്‍ കേശുഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ ധ്രുവീകരണ ശ്രമങ്ങളാണ് ബി.ജെ.പിയെ ഭരണത്തിലേറാന്‍ സഹായിച്ചത്. ദളിതുകളെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം വിജയിച്ചപ്പോള്‍ തകര്‍ന്നത് കോണ്‍ഗ്രസിന്റെ അടിത്തറ കൂടിയായിരുന്നു. എന്നാലിപ്പോള്‍, ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഗുജറാത്തില്‍ ബി.ജെ.പിക്ക് കഷ്ടകാലമാണ്. തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ച. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പട്ടേല്‍ സമരം പാര്‍ട്ടി തന്നെ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെങ്കിലും വൈകാതെ അത് ബൂമറാങ് പോലെ തിരിച്ചടിച്ചു. പട്ടേല്‍ വിഭാഗം പിണങ്ങിയതു കൂടാതെ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി പാര്‍ട്ടിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയേറ്റു. സ്വാഭാവികമായും പട്ടേല്‍ രോഷമാണ് തിരിച്ചടിയായതെന്ന വ്യാഖ്യാനമുണ്ടായെങ്കിലും പാര്‍ട്ടിയെ കൈവിട്ട സ്ഥലങ്ങള്‍ പക്ഷെ, പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നില്ല. പട്ടേല്‍, താക്കൂര്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷമായ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടപ്പോള്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുള്‍ക്കൊള്ളുന്ന ഗ്രാമീണ മേഖലകളിലാണ് പാര്‍ട്ടി തകര്‍ന്നടിഞ്ഞത്. ഇവിടെയെല്ലാം ശക്തമായ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ദൃശ്യമായത്. 183 അംഗ ഗുജറാത്ത് നിയമസഭയില്‍ ഇപ്പോള്‍ ബി.ജെ.പിക്ക് 123 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 56ഉം. ഇതില്‍ ദളിത് വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട 13 സീറ്റുകളില്‍ 10 ഉം ബി.ജെ.പിയുടെ കൈകളിലാണ്. 2007ല്‍ പതിനൊന്ന് ബി.ജെ.പി എം.എല്‍.എമാരാണുണ്ടായിരുന്നത്. സംസ്ഥാന ജനസംഖ്യയുടെ ഏഴു ശതമാനം മാത്രമെ ദളിതുകളുള്ളൂവെങ്കിലും ഒമ്പത് ശതമാനത്തോളം വരുന്ന മുസ്‌ലിംകളും ചേരുമ്പോള്‍ 60 ഓളം മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക ശക്തിയാണ്. കൂടാതെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന പട്ടേല്‍ വിഭാഗം ഏറെക്കുറെ ബി.ജെ.പിയോട് അകന്നുകഴിഞ്ഞു. ഇതെല്ലാം ചേരുമ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5,000 വോട്ടിനു മാത്രം വിധി നിര്‍ണയിച്ച 35 ഓളം സീറ്റുകള്‍ ഇത്തവണ ഏറെ നിര്‍ണായകമാവുകയാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് വമ്പന്‍ അട്ടിമറിക്ക് കോപ്പുകൂട്ടുന്ന കോണ്‍ഗ്രസിന് ഊര്‍ജം പകരുന്ന സംഭവങ്ങളാണ് ഗുജറാത്തില്‍ നിന്നും കേള്‍ക്കുന്നത്. ഗുജറാത്തിനേക്കാള്‍ ബി.ജെ.പിയെ അലോസരപ്പെടുത്തുന്നത് 20 ശതമാനത്തിലധികം ദളിത് വിഭാഗങ്ങള്‍ വരുന്ന യു.പിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് നേടിയ 72 സീറ്റാണ് പാര്‍ട്ടിയെ അധികാരത്തിലേറ്റിയത്. എന്നാല്‍ രോഹിത് വെമുലെ, ദളിത് അതിക്രമ സംഭവങ്ങള്‍ ഏതു വിധത്തിലാവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് പാര്‍ട്ടി ഭയക്കുന്നുണ്ട്. രാജ്യത്തുടനീളം ദളിതുകള്‍ക്കെതിരെ നടക്കുന്ന ക്രൂര അതിക്രമങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തിരിഞ്ഞു കുത്തിയിരുന്നു. മോദിയുടെ വാരാണസിയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടായി. ഇവിടെയെല്ലാം നേട്ടം കൊയ്തത് മായാവതിയുടെ ബി.എസ്.പിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലസൂചനയാണെങ്കില്‍ മായാവതി തന്നെ ഇക്കുറി വീണ്ടും അധികാരത്തിലേറും. പഴയതു പോലെ വര്‍ഗീയ കാര്‍ഡെടുത്ത് ഏതുവിധേനയും ജയിക്കുകയെന്ന മാര്‍ഗം ഇപ്പോള്‍ ബി.ജെ.പിക്ക് അത്ര എളുപ്പമല്ല. ഗംഗയില്‍ ദളിത് സ്വാമിമാര്‍ക്കൊപ്പം അമിത്ഷാ നിമജ്ജനം ചെയ്തത് ദളിത് വിഭാഗത്തെ പ്രീതിപ്പെടുത്താനായിരുന്നു. എന്നാല്‍, ഷീലാദീക്ഷിതിനെ രംഗത്തിറക്കി കോണ്‍ഗ്രസ് ബ്രാഹ്മണ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടതോടെ ഇനി മുന്നോക്കക്കാരെ പിണക്കാതിരിക്കുക കൂടി ചെയ്യണമെന്ന സ്ഥിതിയായി. ഇതിനാല്‍ ആരെയും നോവിക്കാതെ മുന്നോട്ടുപോകവെയാണ് പാര്‍ട്ടി നേതാവ് ദയാശങ്കറിന്റെ മായാവതിക്കെതിരായ വിവാദ പ്രസ്താവന. ദളിത് വികാരം വ്രണപ്പെടുമെന്ന് കണ്ടതോടെ ദയാശങ്കര്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്തായി. വിവാദ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധരായ പലരും പാര്‍ട്ടിയിലുണ്ടെന്നിരിക്കെ ഇനി എത്രപേര്‍ പുറത്താവുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം