malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
മതപക്ഷം

ബ്രെക്‌സിറ്റും തുരുമ്പെടുക്കുന്ന യൂറോപ്യന്‍ യൂണിയനും

മുഹമ്മദ് അസ്ലം
സമാധാന നോബേല്‍ സമ്മാനം നേടിയ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) ഓട്ടവീണ് തുരുമ്പെടുക്കുന്ന പ്രത്യക്ഷ കാഴ്ചക്ക് ലോകം സാക്ഷിയാവുകയാണ്. ഹിതപരിശോധന നടത്തി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ഹിതകരമല്ലാത്ത ഒരുപാട് സത്യങ്ങളിലേക്ക് സൂചന നല്‍കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും നിലനില്‍പ്പിനുവേണ്ടി വഴിതേടുന്നുവെന്നാണ് ബ്രെക്‌സിറ്റിന്റെ അവസാന വായനയില്‍നിന്ന് ലോകത്തിന് ബോധ്യമാകുന്നത്. രണ്ടു പക്ഷത്തിന്റെയും ദൗര്‍ബല്യങ്ങള്‍ എന്തെല്ലാമാണെന്ന് ബ്രെക്‌സിറ്റ് വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. 1950കളില്‍ കല്‍ക്കരി, ഉരുക്കു വ്യവസായങ്ങളെ കേന്ദ്രീകരിച്ച് സങ്കുചിത വ്യാപാര താല്‍പര്യങ്ങളോടെ സ്ഥാപിതമായ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍. അംഗരാജ്യങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ മുഴുവന്‍ സംഘടന സ്പര്‍ശിച്ചുതുടങ്ങി. ഒടുവില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പരമാധികാരത്തെ മുഴുവനായും വിഴുങ്ങുന്ന അവസ്ഥിയിലേക്ക് കാര്യങ്ങളെത്തി. ദേശീയ തലസ്ഥാനങ്ങളില്‍നിന്ന് അധികാരങ്ങള്‍ ബ്രസല്‍സിലേക്ക് പറിച്ചുനടപ്പെട്ടു. അത്തരമൊരു പരമാധികാര സ്വഭാവം പ്രകടിപ്പിക്കാന്‍ ഇ.യു പാകപ്പെട്ടിരുന്നില്ലെങ്കിലും പല കാരണങ്ങളാല്‍ അങ്ങനെ സംഭവിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ പ്രധാന ഭരണനിര്‍വഹണ, നിയമ നിര്‍മാണ സമിതികളൊന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടവയല്ല. അംഗങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് സദാസമയവും അവ അകലംപാലിച്ചു. കമ്മീഷനാണ് യൂറോപ്യന്‍ യൂണിയനെ ഭരിക്കുന്നത്. കമ്മീഷണര്‍മാരെ തിരിച്ചുവിളിക്കാനോ അവരെ ചോദ്യംചെയ്യാനോ സാധ്യമല്ല. അംഗരാജ്യങ്ങളുടെ ഏറ്റവും വലിയ തലവേദനയും അതു തന്നെ. കമ്മീഷണര്‍ക്കുമേല്‍ നിയന്ത്രണമില്ലാതെ പോകുന്നത് പ്രായോഗികമായി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇ.യുവിന് അംഗരാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരടങ്ങിയ പ്രത്യേക കൗണ്‍സിലുണ്ട്. തീരുമാനങ്ങളെടുക്കുന്നതില്‍ പക്ഷെ, അവര്‍ക്ക് റോളൊന്നുമില്ല. പകരം നേരിട്ട് തെരഞ്ഞെടുക്കപ്പെടാതെ നിയമിതരാകുന്ന സ്ഥിരം പ്രതിനിധികളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റാണ് ജനാധിപത്യ സ്വഭാവമുള്ള ഏക ബോഡി. ദുര്‍ബലമായ അധികാരങ്ങള്‍ മാത്രമുള്ള അതൊരു റബര്‍ സ്റ്റാമ്പാണ്. ദേശീയ പാര്‍ലമെന്റുകളെപ്പോലെ അടിസ്ഥാന നിയമനിര്‍മാണ വിഷയത്തില്‍ യൂറോപ്യന്‍ പാര്‍ലെന്റിന് ഒരുപാട് പരിമിതികളുണ്ട്. കമ്മീഷന്റെ നിര്‍ദേശപ്രകാരം മാത്രമേ അതിന് നിയമനിര്‍മാണം സാധ്യമാകൂ. തൊട്ടതിനെല്ലാം യൂറോപ്യന്‍ യൂണിയന്റെ സമ്മതം വേണമെന്നതുകൊണ്ട് സുപ്രധാന വിഷയങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കാതെ അംഗരാജ്യങ്ങള്‍ വിയര്‍ക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പൂര്‍ണമായും ഇ.യുവിന് പണയപ്പെടുത്തേണ്ട സ്ഥിതിയാണ് ഇതുവഴി ഉണ്ടായത്. ഇക്കാരണങ്ങളാല്‍ സ്വന്തം അതിര്‍ത്തിയില്‍ പോലും ബ്രിട്ടന്‍ അടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. സ്വതന്ത്രമായി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കാന്‍ പോലും ബ്രിട്ടന് സാധിക്കുന്നില്ല. യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ അത്തരം വിഷയങ്ങളില്‍ മതിയാവോളം സ്വാതന്ത്ര്യം ആസ്വദിക്കുകയും ചെയ്യുന്നു. ലോകത്തെ വന്‍ശക്തികളില്‍ ഒന്നായി ചമഞ്ഞു നടക്കുന്ന ഒരു രാജ്യത്തെ പ്രയാസപ്പെടുത്താന്‍ ഇതില്‍ കവിഞ്ഞ് മറ്റെന്തു വേണം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോയി സ്വന്തം കാലില്‍നില്‍ക്കണമെന്ന് വാദിക്കുന്നവരെ ചോദ്യംചെയ്യാന്‍ മറുപക്ഷത്തിന് സാധിക്കാതെ പോയത് ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ മുന്നിലുള്ളതുകൊണ്ടാണ്. സാമ്പത്തിക രംഗത്ത് എത്തുമ്പോഴാണ് യൂറോപ്യന്‍ യൂണിയന്റെ കടിഞ്ഞാണുകള്‍ അംഗരാജ്യങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കിയത്. യൂറോപ്പിലെ പല രാജ്യങ്ങളും കടക്കെണിയില്‍ കുടുങ്ങി വട്ടംതിരിഞ്ഞപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ എത്രമാത്രം വലിയൊരു വിലങ്ങുതടിയാണെന്ന് ബോധ്യമായി. അംഗരാജ്യങ്ങളിലെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ യൂണിയന്‍ ഒട്ടുംവകവെച്ചില്ല. കടുത്ത ചെലവുചുരുക്കല്‍ പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന്‍ കടബാധ്യതയുള്ള രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവെച്ചു. രക്ഷാപാക്കേജ് എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച കയ്‌പേറിയ നിര്‍ദേശങ്ങളും ജനകീയ പ്രക്ഷോഭങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ ഗ്രീസിനെയും പോളണ്ടിനെയും പോലുള്ള രാജ്യങ്ങള്‍ക്ക് സാധിച്ചില്ല. രാഷ്ട്രീയ അരക്ഷിതാവസ്ഥയായിരുന്നു അതിന്റെ ഫലം. യൂറോപ്യന്‍ യൂണിയന്റെ ഏകീകൃത നാണയമായി യൂറോ അംഗീകരിച്ച രാജ്യങ്ങളാണ് വലിയ പ്രയാസങ്ങളില്‍ അകപ്പെട്ടത്. യൂറോസോണിലെ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അംഗരാജ്യങ്ങളെ മുഴുവന്‍ ബാധിച്ചു. യൂറോയില്‍നിന്ന് വിട്ടുനിന്നതുകൊണ്ട് അത്തരമൊരു ബാധ്യത പേറേണ്ട ഗതികേട് ബ്രിട്ടനുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടപ്പോള്‍ വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ മുന്‍തൂക്കം നല്‍കിയത്. കടക്കെണിയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ പൊതു ചെലവ് വെട്ടിക്കുറക്കണമെന്നും നികുതി വര്‍ധിപ്പിക്കണമെന്നും അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിത ദുരിതം പതിന്മടങ്ങായി വര്‍ധിക്കാന്‍ അത് വഴിയൊരുക്കി. പല സാമ്പത്തികാവസ്ഥകളിലും സാമൂഹിക ചുറ്റുപാടുകളിലുമുള്ള രാജ്യങ്ങളെ ഒരു നുകത്തില്‍ കെട്ടിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബ്രിട്ടന്‍ കാലേക്കൂട്ടി മനസിലാക്കിയിരുന്നു. യൂറോസോണില്‍നിന്ന് അവര്‍ തലയൂരിയതും അതുകൊണ്ടായിരിക്കാം. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു തന്നെയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാര്‍ ഗൗരവപൂര്‍വം ആലോചിച്ചുതുടങ്ങിയത്. കൂട്ടായ്മ രൂപീകൃതമായ 1950കളിലെ ചിന്താഗതിയില്‍നിന്ന് യൂറോപ്യന്‍ യൂണിയന്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. അധികാര വികേന്ദ്രീകരണത്തിനുപകരം അധികാരങ്ങള്‍ കേന്ദ്രീകരിച്ചുനിര്‍ത്താനാണ് സംഘടന ശ്രദ്ധിച്ചത്. ആഗോളീകരണവും സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവും വ്യക്തിയെയും സമൂഹത്തെയും ഉടച്ചുവാര്‍ത്തപ്പോള്‍ പഴഞ്ചന്‍ നിലപാടുകളില്‍ തന്നെ സംഘടന അള്ളിപിടിച്ചുനിന്നു. അംഗരാജ്യങ്ങളെ നിഷ്‌ക്രിയരാക്കി അധികാരങ്ങള്‍ പിടിച്ചുവെച്ചത് ആധുനിക സ്വതന്ത്ര ജനാധിപത്യ സംവിധാനത്തിന് എതിരാണ്. ബ്രസല്‍സിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് കത്തിയും കഴുത്തും വെച്ചുകൊടുക്കുന്നത് ബ്രിട്ടീഷുകാരെ മാത്രമല്ല, യൂറോപ്യന്‍ ജനതയെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നുണ്ട്. ഇ.യു സംവിധാനത്തില്‍നിന്ന് പുറത്തുപോകുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അതിനെ അനുകൂലിച്ചവര്‍ക്ക് ബോധ്യമുണ്ട്. സ്വന്തമായി ജീവിതം പടുത്തുയര്‍ത്താന്‍ സാധിക്കുമെന്ന് തെളിയിക്കാന്‍ കിട്ടിയ അവസരം ബ്രിട്ടനിലെ പുതിയ തലമുറ മുതലാക്കിയെന്ന് മാത്രം. ദശകങ്ങളായി യൂറോപ്യന്‍ യൂണിയന്റെ കാല്‍ക്കീഴില്‍ ജീവിച്ചുപോന്നതുകൊണ്ട് അതില്‍നിന്ന് കയറൂരി പോരുകയെന്നത് എളുപ്പമല്ല. ഇ.യുവിന്റെ അധികാര പരിധിയില്‍നിന്ന് കുടഞ്ഞുപോരുമ്പോള്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടിവരും. പുറത്തുപോകാന്‍ ജനങ്ങള്‍ തീരുമാനിച്ചാലും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നൂലാമാലകളും ഏറെ സങ്കീര്‍ണവും പ്രയാസങ്ങള്‍ നിറഞ്ഞുതുമാണ്. അതുകൊണ്ടു തന്നെയാണ് വിഷയത്തില്‍ ബ്രിട്ടന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രൂപീകൃതമായ ചില നിയമങ്ങളാണ് ബ്രെക്‌സിറ്റ് വാദം ബ്രിട്ടനില്‍ ശക്തിയാര്‍ജിക്കാനുള്ള പ്രധാന കാരണം. അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യഥേഷ്ടം സഞ്ചരിക്കാനും ജോലി ചെയ്യാനും താമസിക്കാനും യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കുന്നുണ്ട്. നിരുപദ്രവകാരിയെന്ന് തുടക്കത്തില്‍ തോന്നിയിരുന്ന ഈ നിയമം ബ്രിട്ടനില്‍ കടുത്ത തൊഴിലില്ലായ്മക്ക് കാരണമായി. യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ബ്രിട്ടീഷുകാര്‍ക്ക് തോന്നാനുള്ള പ്രധാന കാരണവും ഇതാണ്. സര്‍ക്കാര്‍ ജോലികളില്‍ പോലും കുടിയേറ്റക്കാര്‍ക്ക് അവസരമുണ്ട്. ഹംഗറി, റൊമേനിയ, ബള്‍ഗേറിയ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു വന്ന് ബ്രിട്ടനില്‍ താമസിക്കുന്നവര്‍ മെച്ചപ്പെട്ട വരുമാനമുണ്ടാക്കി ജീവിതം ആസ്വദിച്ചപ്പോള്‍ തദ്ദേശീയര്‍ തൊഴിലില്ലാതെ അലഞ്ഞു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്ക് ഹിതപരിശോധനയില്‍ മുന്‍തൂക്കം ലഭിക്കാനുള്ള പ്രധാന കാരണവും ഇതാണ്. സാമ്പത്തിക പരാധീനതയില്‍ നീറുന്നവരുടെ പ്രതിഷേധമാണ് ഹിതപരിശോധനയിലൂടെ പുറത്തുവന്നത്. വ്യവസായികളും നിക്ഷേപകരുമടങ്ങുന്ന സമ്പന്ന വര്‍ഗത്തിന് അടിത്തട്ടില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അറിയുമായിരുന്നില്ല. ഹിതപരിശോധനക്കുവേണ്ടി ചൂടുപിടിച്ച പ്രചാരണം നടക്കുമ്പോള്‍ പോലും ബ്രിട്ടനിലെ സമ്പന്നര്‍ അതിലൊന്നും താല്‍പര്യമില്ലാതെ സുഖനിദ്രയിയിരുന്നു. ഫലം വന്നപ്പോഴാണ് അവര്‍ക്ക് കണ്ണുതെളിഞ്ഞത്. വീണ്ടും ഹിതപരിശോധന നടത്തണമെന്ന് വാദിക്കുന്നതും ഇവരാണ്. വിഷയത്തിന്റെ ഗൗരവം തങ്ങള്‍ വേണ്ടത്ര മനസിലാക്കിയിരുന്നില്ലെന്ന് രണ്ടാം ഹിതപരിശോധനക്കുള്ള നിവേദനം തയാറാക്കിയ വില്യം ഒലിവര്‍ ഹീലി തന്നെ സമ്മതിക്കുന്നുണ്ട്. ചില തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളോട് പ്രതികാരം ചെയ്യാനുള്ള അവസരമായും ബ്രെക്‌സിറ്റിന് ഉപയോപ്പെടുത്തി. തൊഴിലില്ലായ്മയെക്കാള്‍ അന്ധമായ വംശീയ വിരോധമാണ് അവരെ നിയന്ത്രിച്ചിരുന്നത്. ഹിതപരിശോധനക്കുശേഷം ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിച്ചുവെന്ന വാര്‍ത്ത ഏറെ ഗൗരവമര്‍ഹിക്കുന്നു. വംശീയാക്രണങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ലഭിച്ചതായി പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്റെ തണലില്‍ നൂറുകണക്കിന് കമ്പനികള്‍ രാജ്യത്തിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഇ.യുവില്‍നിന്ന് പുറത്തുപോകുന്നതോടെ ഇവരുടെയെല്ലാം ഭാവി എന്തായിരിക്കുമെന്ന ആശങ്ക ബാക്കിനില്‍ക്കുന്നു. ബ്രെക്‌സിന്റെ വിഷയത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വവും രണ്ടു തട്ടിലാണ്. കണ്‍സര്‍വേറ്റീവുകളും ലേബര്‍ പാര്‍ട്ടിയും ഔദ്യോഗികമായി ബ്രിട്ടനെ യൂണിയനില്‍ പിടിച്ചുനിര്‍ത്താന്‍ രംഗത്തിറങ്ങിയെങ്കിലും നേതാക്കള്‍ക്കിടയില്‍ വ്യക്തമായ ചേരിതിരിവുണ്ടായിരുന്നു. ലേബര്‍ പാര്‍ട്ടി യൂറോപ്യന്‍ യൂണിയനുവേണ്ടി ശക്തമായി വാദിച്ചപ്പോള്‍ പാര്‍ട്ടി മേധാവി ജെറമി കോര്‍ബിന്റെ മനസ് ലീവ് പക്ഷത്തോടൊപ്പമാണ് നിന്നത്. ബ്രിട്ടനിലെ സംഭവവികാസങ്ങള്‍ യൂണിയനില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന തുര്‍ക്കിയെ പിന്തിരിപ്പിക്കുമോ എന്ന് വ്യക്തമല്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗമായാല്‍ ദശലക്ഷക്കണക്കിന് തുര്‍ക്കി പൗരന്മാര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ കാത്തിരിക്കുന്നുണ്ട്. കുടിയേറ്റത്തിന്റെ പ്രശ്‌നങ്ങള്‍ ആലോചിക്കുമ്പോള്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാണ് ബ്രിട്ടന് താല്‍പര്യം. എന്നാല്‍ ഇ.യു വിടുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിട്ടീഷ് ജനതയെ കാത്തിരിക്കുന്നതെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഏതായാലും ബ്രെക്‌സിറ്റ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൃത്യമായി പ്രവചിക്കുക സാധ്യമല്ല. ഒരുപക്ഷെ, ബ്രിട്ടന്‍ സ്വന്തത്തിലേക്ക് ചുരുങ്ങി അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടേക്കാം. അല്ലെങ്കില്‍ സ്വന്തം കാലില്‍നില്‍ക്കാന്‍ കെല്‍പുള്ള യൂറോപ്യന്‍ ശക്തിയായി വളര്‍ന്നേക്കാം. അതോടെ ഇ.യുവിലെ മറ്റു രാജ്യങ്ങളും പുറത്തേക്ക് വഴിതേടും. നെതര്‍ലാന്‍ഡ്‌സ് അടക്കം നിരവധി രാജ്യങ്ങളില്‍ ബ്രിട്ടീഷ് രീതിയില്‍ ഹിതപരിശോധന വേണമെന്ന മുറവിളി ശക്തമായിട്ടുണ്ട്. അതൊരു ഭീമഹര്‍ജിയായി പാര്‍ലമന്റുകളില്‍ എത്താനും തീരുമാനം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന മഹത്തായ കൂട്ടായ്മ ചരിത്രത്തിലേക്ക് പിന്‍വാങ്ങുക തന്നെ ചെയ്യും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം