malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

ഒറ്റയാന്റെ എഴുത്തുവഴികളിലൂടെ

കെ. സുനീഷ്
തന്റെ ചില തുറന്ന നിലപാടുകള്‍ മൂലം അര്‍ഹമായ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വഴിമാറിപ്പോകുന്നതില്‍ മാടമ്പിന് തെല്ലും പരാതിയില്ല. എഴുത്തിനപ്പുറം സജീവവും ക്രിയാത്മകവുമായ ഒരു സംവാദമനസ്സ് സൂക്ഷിക്കുന്ന മാടമ്പ്, ആഢ്യബ്രാഹ്മണ്യത്തിന്റെ നടുവില്‍ നില്ക്കുമ്പോഴും അത്യന്തം പുരോഗമനാത്മകമായ ചിന്തകളുടെ വിശ്വാസദാര്‍ഢ്യം പുലര്‍ത്തുന്നു. അതുതന്നെയാണ് ഈ എഴുത്തുകാരന്റെ ശക്തിയും സൗന്ദര്യവും. എഴുത്തിന്റെ ലോകത്ത് എന്നും ഒറ്റയാനാണ് മാടമ്പ്. പ്രമേയത്തിലും അതിന്റെ അവതരണത്തിലും പുലര്‍ത്തുന്ന ഈ കാര്‍ക്കശ്യം കലര്‍ന്ന വ്യത്യസ്തത മാടമ്പിന്റെ ജീവിതത്തിലും കാണാം. തെളിഞ്ഞ ചിന്തയുടെ പ്രകാശം, ആജ്ഞാപരമായ ഗൗരവം, വൈദികവും ആത്മീയവുമായ അന്തസ്സത്തയുടെ ആര്‍ജ്ജവം, ഇതെല്ലാമാണ് പഴയ കൊച്ചിശ്ശീമയിലെ കിരാലൂരില്‍, കൊടുങ്കാറ്റിനു മുമ്പ് ജനിച്ച മാടമ്പ് മനക്കല്‍ ശങ്കരന്‍ എന്ന കുഞ്ഞുകുട്ടന്‍. അദ്ധ്യാപകന്‍, പൂജാരി, എഴുത്തുകാരന്‍, തിരക്കഥാകാരന്‍, അഭിനേതാവ്, അവതാരകന്‍, ശ്രീവിദ്യോപാസകന്‍ ഇങ്ങനെ ജീവിതത്തിലെ മാടമ്പിന്റെ വേഷങ്ങള്‍ നിരവധിയാണ്. ഏതുവേഷത്തിലും നിര്‍മ്മലമായ നിസ്സംഗതയുടെ ഒരു സരളത സൂക്ഷിക്കാന്‍ മാടമ്പിനാവുന്നു. എഴുപത്തിനാലിനോടടുക്കുമ്പോഴും തന്റെ സര്‍ഗ്ഗജീവിതത്തിലും കര്‍മ്മപഥത്തിലും ഉദാസീനതയൊട്ടുമില്ലാതെ അത്യന്തം സക്രിയനാണ് ഈ എഴുത്തുകാരന്‍. ഈ വര്‍ഷം മലയാളത്തിലെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളിലൊന്നായ, തപസ്യ ഏര്‍പ്പെടുത്തിയിട്ടുള്ള, സഞ്ജയന്‍ പുരസ്‌കാരം മാടമ്പിനെ തേടിയെത്തുമ്പോള്‍ അതേറെ അര്‍ത്ഥവത്താകുന്നു. മലയാളിയുടെ തീപിടിച്ച വായനാകാലമായ എഴുപതുകളിലാണ് മാടമ്പിന്റെ ആദ്യനോവലായ അശ്വത്ഥാമാവ് പുറത്തുവരുന്നത്. ക്ഷുഭിത യൗവനങ്ങളുടെ തീഷ്ണാനുഭവങ്ങള്‍ തന്നെയാണ് മാടമ്പിനും പറയാനുണ്ടായിരുന്നതെങ്കിലും പ്രമേയസ്വീകരണത്തിലും ആഖ്യാനത്തിലും അങ്ങേയറ്റം നൂതനമായൊരു അനുഭവമായിരുന്നു അശ്വത്ഥാമാവ്. തന്റെ എഴുത്തുഗുരുവായ കോവിലന്റെ അനുഗ്രഹം നല്‍കിയ ആത്മവിശ്വാസത്തോടെ നോവല്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ നേരിട്ടു പോയി കൊടുക്കുകയായിരുന്നു മാടമ്പ്. എം ടിയായിരുന്നു അന്ന് മാതൃഭൂമി വാരികയുടെ പത്രാധിപര്‍. നോവല്‍ ഖണ്ഡശയായി പ്രസിദ്ധീകൃതമായി. അര്‍ത്ഥമില്ലാത്ത ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങളിലൂടെ ചിരഞ്ജീവിയായി അലയാന്‍ വിധിക്കപ്പെട്ട കുഞ്ചുണ്ണിയെന്ന ചെറുപ്പക്കാരനെ മലയാളികള്‍ ഏറെ ആവേശത്തോടെയാണ് വായിച്ചുതീര്‍ത്തത്. സാമ്പ്രദായിക വഴികളുടെ വിരസതയെ ചോദ്യം ചെയ്യുകയും അസ്വസ്ഥനാവുകയും ചെയ്യുന്ന മനുഷ്യന്റെ എക്കാലത്തെയും സമസ്യകള്‍ തന്നെയാണ് കുഞ്ചുണ്ണിയും നേരിട്ടുകൊണ്ടിരുന്നത്. അദ്ധ്യാപക ജീവിതത്തിന്റെ തീഷ്ണമുഹൂര്‍ത്തങ്ങളും ആത്മാന്വേഷണത്തിന്റെ വലിഞ്ഞുമുറുക്കവുമെല്ലാം ചേര്‍ന്ന് പാകപ്പെടുത്തിയ അശ്വത്ഥാമാവ് മാടമ്പ് എഴുതുന്നത് കൊടുങ്ങല്ലൂരില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന സമയത്തായിരുന്നു. ആദ്യനോവല്‍ നല്‍കിയ സ്വീകാര്യതയും ആത്മവിശ്വാസവും അധികം വൈകാതെ ‘ഭ്രഷ്ടി’ന്റെ പിറവിക്കിടയാക്കി. മലയാളികളുടെ ആസ്വാദകബോധത്തില്‍ വലിയൊരു വെള്ളിടി വീഴ്ത്തിയ ഈ നോവല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച കുറിയേടത്ത് താത്രി സംഭവത്തെ പശ്ചാത്തലമാക്കി രചിച്ചതായിരുന്നു. ഒരുകാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ഒരു ആചാരത്തിന്റെ ഭാഗമായ വിചാരണയും അനുബന്ധ സംഭവവികാസങ്ങളുമാണ് ഭ്രഷ്ടിലൂടെ മാടമ്പ് അവതരിപ്പിച്ചത്. എന്നാല്‍, അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് പറയാവുന്ന ഈ വിചാരണയോട് പ്രത്യക്ഷമായി കലഹിക്കാതെ തന്നെ തന്റെ വിയോജിപ്പിന്റെ വിപ്ലവശബ്ദം കേള്‍പ്പിക്കുകയായിരുന്നു എഴുത്തുകാരന്‍. നായികയായ പാപ്തിക്കുട്ടിയെന്ന താത്രിക്കുട്ടിയെ ഈശ്വരീയമായ ചേതസ്സിലേക്ക് അന്തര്‍വഹിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. തന്റെ ശരീരം ആയുധമാക്കി ഒരു വ്യവസ്ഥിതിക്കെതിരെ താത്രിക്കുട്ടി നടത്തിയ കലാപം പ്രതികാരാഗ്നിയാല്‍ പുരം ചുട്ടെരിച്ച കണ്ണകിയുടേതിന് സമാനമായാണ് എഴുത്തുകാരന്‍ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ അതിശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നിനെ സൃഷ്ടിച്ചെടുത്തുകൊണ്ട് മാടമ്പ് നടത്തിയ ഈ രചനക്ക് അനുഭവങ്ങളുടെ ഇഴയടുപ്പം കൂടി ഭാവഭദ്രത പകര്‍ന്നിരിക്കണം. താത്രിക്കുട്ടി സംഭവത്തില്‍ മാടമ്പ് മനയില്‍ നിന്നൊരാളും ഭ്രഷ്ടുകല്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ രണ്ട് രചനകളും സാമാന്യം ബൃഹത്തായ നോവലുകളായിരുന്നു. ‘അവിഘ്‌നമസ്തു’വും ‘മരാരാശ്രീ’യും പറഞ്ഞത് നമ്പൂതിരിസമുദായത്തിന്റെ ഒരുകാലഘട്ടത്തിലെ ജീര്‍ണ്ണതയെ കുറിച്ചായിരുന്നു. ഭൂപരിഷ്‌ക്കരണത്തെ തുടര്‍ന്ന് സമുദായത്തിലുണ്ടായ മാറ്റങ്ങള്‍ രണ്ട് വ്യത്യസ്തമായ തലങ്ങളിലൂടെ നോക്കിക്കാണുകയായിരുന്നു ഈ നോവലുകള്‍. അവിഘ്‌നമസ്തു യഥാതഥമായ രീതിയിലുള്ള ആഖ്യാനം പിന്തുടര്‍ന്നപ്പോള്‍, കുത്തഴിഞ്ഞ ഭോഗജീവിതത്തിന്റെ ഇമേജറിയിലൂടെ ആഢ്യത്വത്തിന്റെ തകര്‍ച്ചയിലും പ്രാമാണികത മുറുകെപിടിച്ച് തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ ഒരു ക്ലാസിക് രചനാവൈഭവത്തിലൂടെയാണ് മാടമ്പ് മരാരാശ്രീയില്‍ അവതരിപ്പിച്ചത്. ദുരന്തകഥാഖ്യായികയായിട്ടും ഒരു ക്ലാസിക് നിര്‍മ്മിതിയുടെ ആരൂഢമിട്ട് ഒരുക്കിയെടുത്ത മരാരാശ്രീ മാടമ്പിന്റെ രചനാശൈലിയുടെ പ്രൗഢി വിളിച്ചോതുന്നതാണ്. ചന്ദ്രോത്സവനായികയും ശങ്കരകവിയുമെല്ലാം ഇതില്‍ കഥാപാത്രങ്ങളാവുന്നു. ഭൂപരിഷ്‌ക്കരണത്തെ തുടര്‍ന്ന് കരിങ്കല്ലുടയ്ക്കാന്‍ വരെ പോകേണ്ടിവന്ന അന്തര്‍ജ്ജനങ്ങളെ തനിക്കറിയാമെന്നു മാടമ്പ് ഈ അനുഭവലോകത്തെ സാധൂകരിക്കുന്നു. ആര്‍ഷദര്‍ശനങ്ങളോട് തികഞ്ഞ അനുഭാവം പുലര്‍ത്തിപ്പോന്ന മാടമ്പ് തുടര്‍ന്നുള്ള രചനകളില്‍ തന്റെ ദാര്‍ശനികബോധ്യത്തെ കൂടുതല്‍ വ്യക്തമായി പ്രഖ്യാപിക്കാന്‍ മുതിരുന്നതു കാണാം. ശ്രീബുദ്ധനെ കേന്ദ്രമാക്കി എഴുതിയ ‘മഹാപ്രസ്ഥാനം’ മാടമ്പിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു. യുക്തിവാദികളും ഭൗതികവാദികളും ഈ നോവല്‍ വായിക്കരുതെന്ന് മുഖവുരയില്‍ മാടമ്പ് നല്‍കിയ മുന്നറിയിപ്പ് മതേതര പുരോഗമന സങ്കല്പങ്ങളുടെ പേരില്‍ ആര്‍ഷദര്‍ശനങ്ങളെ അവമതിക്കുന്നവര്‍ക്ക് പരസ്യമായി നല്‍കിയ താക്കീതുകൂടിയായിരുന്നു. എന്നാല്‍ മാടമ്പ് എന്ന എഴുത്തുകാരനെ കള്ളിതിരിച്ചുനിര്‍ത്താനും ‘ജനപ്രിയ’ എഴുത്തുകാരുടെ വേദിയില്‍ നിന്നു ഭ്രഷ്ടുകല്പിക്കാനും ഇതെല്ലാം മതിയായ കാരണങ്ങളായിരുന്നു. എന്നിരുന്നാലും ഭാഷയിലും പ്രമേയത്തിലും താന്‍ സ്വീകരിച്ച ഉറച്ച ബോധ്യങ്ങളുടെ പിന്നാലെ തന്നെയായിരുന്നു മാടമ്പിന്റെ പ്രയാണം. മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ വൈകാരികമണ്ഡലം അനുഭവപ്പെടുത്തിയ ‘ഓം ശാന്തി ഓം’ ആണ് മാടമ്പിന്റെ ശ്രദ്ധേയമായ മറ്റൊരു നോവല്‍. ഏറ്റവും കൂടുതല്‍ നിരൂപകശ്രദ്ധ നേടിയതും ഇതുതന്നെയാണ്. സനാതന സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ പിതൃ-പുത്രബന്ധത്തിന്റെ ദാര്‍ശനികഭാവങ്ങളും സംഘര്‍ഷങ്ങളും ആവിഷ്‌ക്കരിച്ച ഈ നോവല്‍ ഗാന്ധിയെ മകന്റെ കണ്ണിലൂടെ നടത്തുന്ന രൂക്ഷമായ വിചാരണയാണ്. മഹാത്മാഗാന്ധിയെ അതിമാനുഷനില്‍ നിന്ന് മാനുഷനിലേക്ക് കൊണ്ടുവന്ന് തന്റെ വ്യക്തിജീവിതത്തില്‍ എത്രമാത്രം അദ്ദേഹത്തിന് നീതിപുലര്‍ത്താനായെന്ന് പരിശോധിച്ചുകൊണ്ട് തീര്‍ത്തും അശാന്തനായൊരു ഗാന്ധിയെ മാടമ്പ് കാണിച്ചുതരുന്നു. താന്‍ പഠിച്ചറിഞ്ഞ, അന്വേഷിച്ചറിഞ്ഞ ഗാന്ധിയെ സത്യസന്ധമായി ആവിഷ്‌ക്കരിക്കുക മാത്രമായിരുന്നു നോവലിലൂടെയെന്ന് മാടമ്പ് പറയുന്നു. വായിച്ചുതീരുമ്പോള്‍ അവശേഷിക്കുന്ന കസ്തൂര്‍ബായുടെ മിഴിവുറ്റ ചിത്രമാണ് ഈ നോവലിന്റെ മറ്റൊരു ഭാവതലം. ചെമ്പൈ വൈദ്യനാദഭാഗവതരുടെ ജീവിതം ചിത്രീകരിച്ച ‘എന്തരോ മഹാനുഭാവലു’വും വി.ടി. ഭട്ടതിരിപ്പാടിന്റെ ജീവചരിത്രമായ ‘അഭിവാദയേ’യും ഏറെ ശ്രദ്ധനേടുകയുണ്ടായി. സഹധര്‍മ്മിണിയുടെ വിയോഗദുഃഖം പകര്‍ത്തിയ ‘സാവിത്രീ ദേ’ മലയാളത്തിലെ ആദ്യത്തെ വിലാപനോവലെന്നും ഇടംപിടിച്ചു. നോവലിലുടനീളം നിറഞ്ഞുനില്‍ക്കുന്ന മരണത്തിന്റെയും പിതൃലോകത്തിന്റെയും പ്രതീകങ്ങളായ കാക്കകള്‍ മരണാനന്തരസമസ്യകളുടെ പൈതൃകസങ്കല്പത്തെയാണ് ഉണര്‍ത്തിയത്. മാടമ്പിന്റെ രചനാജീവിതത്തിലെ തന്നെ അവിസ്മരണീയാനുഭവമാണ് ‘അമൃതസ്യ പുത്രഃ’ എന്ന നോവല്‍. കേരളീയ വൈദികപരിസരങ്ങളില്‍നിന്നും ഭാരതീയമായ ഒരു ആത്മീയപരിസരത്തിലേക്ക് ഉയര്‍ന്ന ഒരു ഭാവതലം ഉള്‍ക്കൊണ്ടുകൊണ്ട് ശ്രീരാമകൃഷ്ണപരമഹംസരുടെ ജനനം മുതല്‍ സന്യാസദീക്ഷ വരെയുള്ള ഒരു കാലമാണ് നോവലില്‍ ചിത്രീകരിച്ചത്. ആത്മീയാനുഭൂതിയുടെ ആന്തരികവിസ്മയങ്ങള്‍ പച്ചയായി ആവിഷ്‌ക്കരിക്കുന്ന ഈ നോവല്‍ വായനക്കാരെ പരമഹംസരുടെ ജീവിതത്തിലേക്കു മാത്രമല്ല, ഭാരതീയ ആത്മീയജീവിതത്തിന്റെ അതീന്ദ്രിയതലങ്ങളിലേക്കുകൂടിയാണ് കൊണ്ടുപോയത്. നോവലിലുടനീളം പുലര്‍ത്തിയ ധ്യാനാത്മകമായ ഏകാഗ്രത മാടമ്പിന്റെ ആഖ്യാനശൈലിയുടെ വേറിട്ട അനുഭവമായിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കും ശേഷമാണ് മാടമ്പ് നോവല്‍ പൂര്‍ത്തിയാക്കിയത്. ശ്രീരാമകൃഷ്ണന്റെ നിഗൂഢമായ താന്ത്രികസാധനകളെ ആവിഷ്‌ക്കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. ഈ സന്ദര്‍ഭത്തിലാണ് വടകരയിലെ ഡോ. എസ്. വിജയനുമായുള്ള പരിചയപ്പെടല്‍ ശ്രീവിദ്യോപാസനയിലേക്കും കൗളതന്ത്രത്തിലേക്കുമുള്ള വഴിയായി പരിണമിക്കുന്നത്. താന്ത്രികപരിശീലനങ്ങളിലൂടെയുള്ള യാത്ര മറ്റൊരു നോവലിനു വിഷയമായി. ലളിതാസഹസ്രനാമവും സൗന്ദര്യലഹരിയും കൂടിച്ചേര്‍ന്ന് മാന്ത്രികവും മായികവുമായ അനുഭൂതിയിലേക്കു കടത്തിവിടുന്ന ‘സാധനാലഹരി’ ഒരു ശ്രീവിദ്യോപാസകന്റെ ജീവിതമാണ് ആവിഷ്‌ക്കരിച്ചത്. 2005 ല്‍ മാടമ്പ് ഒരു കൈലാസ യാത്ര നടത്തുകയുണ്ടായി. അടുത്തയിടെ പുറത്തിറങ്ങിയ ‘ആര്യാവര്‍ത്തം’ കൈലാസയാത്രയുടെ പ്രേരണയില്‍ നിന്നും ഉണ്ടായതാണ്. അയ്യായിരം വര്‍ഷത്തെ ഭാരതചരിത്രമാണ് അതില്‍ മാടമ്പ് പറയുന്നത്. ത്രിവിഷ്ടപമെന്ന തിബറ്റില്‍ നിന്നും ജീവന്റെ ഏറ്റവുമാദ്യത്തെ ഉല്പത്തിമുതല്‍ മനുഷ്യകുലത്തിന്റെ പ്രയാണവും ഗോത്രസംസ്‌കൃതിയും എല്ലാം വിശദമായി ആഖ്യാനം ചെയ്യുന്ന ബൃഹദ്‌നോവലിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. സാരമേയം, ചക്കരക്കുട്ടിപ്പാറു, പോത്ത്, പുതിയ പഞ്ചതന്ത്രം, ആനക്കഥകള്‍, കോളനി, എന്റെ തോന്ന്യാസങ്ങള്‍, ദേവഭൂമി തുടങ്ങി മാടമ്പിന്റെ കൃതികള്‍ ഇനിയുമുണ്ട്. തിരക്കഥാരംഗത്തും മാടമ്പിന്റെ ശൈലി വേറിട്ടൊരു വിതാനം പുലര്‍ത്തി. അശ്വത്ഥാമാവിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ആദ്യ തിരക്കഥ. അതില്‍ നായകവേഷവും മാടമ്പിനു തന്നെ ചെയ്യേണ്ടിവന്നു. കെ.ആര്‍. മോഹന്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവ് ശ്രദ്ധിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന് ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ദേശാടനം, പരിണാമം, കരുണം, ശാന്തം എന്നിവ മാടമ്പിന്റെ തനതുശൈലിയെ അടയാളപ്പെടുത്തുന്നതായിരുന്നു. ശാന്തം 2000 ലെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടി. നിരവധി അന്തര്‍ദേശീയ ഫെസ്റ്റിവെലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട പരിണാമം 2005 ല്‍ ഇസ്രയേലില്‍ നടന്ന അഷ്‌ദോദ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടിയിരുന്നു. പരിണാമത്തില്‍ മാടമ്പു തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തത്. കരുണം മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്‌കാരവും കരസ്ഥമാക്കുകയുണ്ടായി. കോവിലന്റെ തോറ്റങ്ങള്‍ എന്ന നോവലിനൊരുക്കിയ തിരക്കഥാഭാഷ്യം മാടമ്പിന്റെതായിരുന്നു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തുവന്ന ‘തോറ്റങ്ങള്‍’ക്ക് പ്രേക്ഷകാംഗീകാരത്തോടൊപ്പം കേരളസര്‍ക്കാരിന്റെ ആ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. എഴുത്തിനോടൊപ്പം ആത്മീയ സാധകജീവിതവും കൊണ്ടുപോകുന്ന മാടമ്പ് താനൊരു ഹിന്ദുകമ്മ്യൂണിസ്റ്റാണെന്നാണ് അവകാശപ്പെടുന്നത്. സനാതനദര്‍ശനങ്ങളോടും പ്രസ്ഥാനങ്ങളോടും ഗാഢമായ സൗഹൃദം അനുവര്‍ത്തിക്കുമ്പോഴും തന്റെ സ്വതന്ത്രവും മൗലികവുമായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിന് മാടമ്പിന് യാതൊരു മടിയുമില്ല. 2001 ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വികലമായ മതേതരത്വസമീപനങ്ങളോടും അന്ധമായ ന്യൂനപക്ഷപ്രീണങ്ങളോടും നിരന്തരമായി തന്റെ അക്ഷരങ്ങള്‍ കൊണ്ട് പ്രതികരിച്ചുകൊണ്ടിരിക്കുന്ന മാടമ്പ് ഈ വിഷയത്തില്‍ എഴുതിയ ലേഖനങ്ങളുടെ പുസ്തകരൂപം ഉടന്‍ പുറത്തിറങ്ങും. സെമിറ്റിക് മതങ്ങളുടെ ക്രൂരതയുടെ മുഖം അനാവരണം ചെയ്യുന്ന ‘വാസുദേവകിണി’ എന്ന നോവല്‍ വ്യത്യസ്തമായൊരു ചരിത്രപശ്ചാത്തലമാണ് അവതരിപ്പിച്ചത്. ‘അമൃതസ്യ പുത്ര’യുടെ രണ്ടാംഭാഗമായ ശ്രീരാമകൃഷ്ണദേവന്റെ ‘ഗുരുഭാവം’ എഴുതിപൂര്‍ത്തിയാക്കിയ ഉടനെയാണ് സഞ്ജയപുരസ്‌കാരം മാടമ്പിനെ തേടിയെത്തുന്നത്. തന്റെ ചില തുറന്ന നിലപാടുകള്‍ മൂലം അര്‍ഹമായ അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വഴിമാറിപ്പോകുന്നതില്‍ മാടമ്പിന് തെല്ലും പരാതിയില്ല. എഴുത്തിനപ്പുറം സജീവവും ക്രിയാത്മകവുമായ ഒരു സംവാദമനസ്സ് സൂക്ഷിക്കുന്ന മാടമ്പ്, ആഢ്യബ്രാഹ്മണ്യത്തിന്റെ നടുവില്‍ നില്ക്കുമ്പോഴും അത്യന്തം പുരോഗമനാത്മകമായ ചിന്തകളുടെ വിശ്വാസദാര്‍ഢ്യം പുലര്‍ത്തുന്നു. അതുതന്നെയാണ് ഈ എഴുത്തുകാരന്റെ ശക്തിയും സൗന്ദര്യവും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം