malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സാമൂഹിക മാറ്റങ്ങള്‍ അറിയാതെപോകരുത്

ലീലാ മേനോന്‍
ഞാന്‍ യേശുദാസ് പറഞ്ഞതിനെ വിമര്‍ശിക്കുകയല്ല. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമല്ല. പക്ഷേ കേരള പുരുഷ സമൂഹത്തില്‍ വന്ന മാറ്റത്തെ ഒരുപക്ഷേ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് അറിയില്ലായിരിക്കും.
ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് കേരളത്തിന്റെ അഭിമാനമാണ്. സ്വകാര്യ അഹങ്കാരമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ മാത്രമല്ല രാത്രിയിലും അദ്ദേഹത്തിന്റെ ശബ്ദമാധുരി നമ്മെ തലോടുന്നു. ഇന്ന് അദ്ദേഹം വിശ്വപ്രശസ്തനാണ്. മറ്റു ഭാഷകളിലും അദ്ദേഹത്തിന്റെ അനുപമമായ ശബ്ദമാധുരിയുടെ ഗാനവീചികള്‍ അലയടിക്കുന്നു. ശുഭ്രവസ്ത്രധാരിയായി, ലാളിത്യത്തിന്റെ പ്രതീകമായ, ദാസേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹാദരങ്ങളോടെ സംബോധന ചെയ്യുന്ന യേശുദാസ് സ്റ്റേജുകളില്‍ നിന്ന് കേരള സംസ്‌കാരത്തെ പോഷിപ്പിക്കുകയും മതസഹിഷ്ണുതയുടെ ആവശ്യകതയെ ഊന്നിപ്പറയുകയും ശ്രീനാരായണ ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതുകൂടി ചെയ്യുന്നു. യേശുദാസ് സര്‍വാരാധ്യനായത് സംശയാതീതമാണ്-വിമര്‍ശനാതീതമാണ്. യേശുദാസിന്റെ ഉപദേശം ”ഭ്രാതാ രക്ഷതി” എന്ന നിലയിലാണ് നല്‍കിയത് എന്ന് ഗാനരചയിതാവ് ആര്‍.കെ.ദാമോദരന്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശം കാലോചിതം തന്നെയാണെന്നതില്‍ സംശയമില്ല. സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാമോദ്ദീപകമായി സ്ത്രീകള്‍ വസ്ത്രം ധരിക്കരുത് എന്നാണ് അദ്ദേഹം പരോക്ഷമായി പറഞ്ഞത്. അതില്‍ അപാകത ഒന്നും ഇല്ല. പക്ഷേ ഇന്നും കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നത് അവര്‍ കാമോദ്ദീപകമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടല്ല. ഭാരതത്തില്‍ മദ്യപാനത്തില്‍ മുന്നില്‍നില്‍ക്കുന്ന കേരള പുരുഷ സമൂഹം സ്ത്രീയെ ശരീരമായി മാത്രം കാണുന്നതിനാലാണ്. ഇവിടെ മൂന്നു വയസ്സുകാരി മുതല്‍ 90 വയസ്സുകാരി വരെ ലൈംഗികാതിക്രമത്തിന്റെ ഇരകളായി മാറുമ്പോള്‍ ഇവിടെ ഇന്ന് ബന്ധങ്ങളുടെ പവിത്രത അപ്രത്യക്ഷമാകുന്നു. സ്വന്തം അച്ഛന്‍ മൂന്നുവയസ്സുകാരിയെയും ഒന്‍പതുവയസ്സുകാരിയെയും ലൈംഗികമായി അക്രമിക്കുന്നില്ലേ? സ്വന്തം സഹോദരന്‍ ബുദ്ധിവികാസമില്ലാത്ത സ്വന്തം സഹോദരിയെ സ്ഥിരമായി ബലാത്സംഗം ചെയ്ത ശേഷം കൂട്ടുകാരുമായും പങ്കിട്ടില്ലേ? ഇന്ന് അമ്മപോലും പെണ്‍കുട്ടികളുടെ രക്ഷകയല്ല. പറവൂര്‍ പെണ്‍വാണിഭത്തിന് മകളെ ശോഭാ ജോണിന് വിറ്റത് ഒരുലക്ഷം രൂപക്കായിരുന്നു. അച്ഛന്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്ത ശേഷമാണ് വരാപ്പുഴ പെണ്‍വാണിഭത്തിലെത്തിച്ചത്. ഞാന്‍ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോഴായിരുന്നു പുല്ല് മുറിച്ചുകൊണ്ടിരുന്ന ഒരു 90 വയസ്സായ സ്ത്രീയെ ഒരുകൂട്ടം മദ്യപര്‍ കൂട്ടബലാത്സംഗം ചെയ്ത് അവശയാക്കിയത്. ഇതിലെല്ലാം എവിടെ കാമോദ്ദീപക വസ്ത്രധാരണം? കന്യാസ്ത്രീകള്‍ ദേഹം മുഴുവന്‍ മൂടിയാണ് വസ്ത്രം ധരിക്കുന്നത്. എന്നിട്ടും ഉത്തരേന്ത്യയില്‍ ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടില്ലേ? പര്‍ദയും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നില്ല. ദല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷമാണ് ‘ബലാത്സംഗ തലസ്ഥാനം’ എന്ന ദുഷ്‌പേരിന് അര്‍ഹമായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ചോദിച്ചത് ആറുമണിയ്ക്കുശേഷം എന്തിന് സ്ത്രീകള്‍ പുറത്തിറങ്ങി എന്നാണ്? വസ്ത്രധാരണമല്ല സ്ത്രീകള്‍ക്കെതിരെ അക്രമംവര്‍ധിച്ചുവരുന്നതിന് കാരണം. ഇന്ന് ഇന്റര്‍നെറ്റിന്റെ നിറം നീലയായി മാറി. സഹോദരന്‍ നെറ്റില്‍ ഒരു നീലച്ചിത്രം കാണുന്നത് കണ്ട മൂന്നു വയസ്സുകാരനാണ് ഒരു മൂന്നുവയസ്സുകാരിയില്‍ ആ ബലാത്സംഗം അനുകരിക്കാന്‍ ശ്രമിച്ചതും അവള്‍ അതിനെ എതിര്‍ത്തപ്പോള്‍ വെള്ളത്തില്‍ തള്ളിയിട്ട് കൊന്നതും. ഇന്ന് സ്ത്രീക്ക് സ്വന്തം വീട്ടിലും വഴിയിലും ഓട്ടോയിലും ട്രെയിനിലും കാറിലും ബസ്സിലും സുരക്ഷിതത്വമില്ല. ട്രെയിനില്‍ ഗോവിന്ദച്ചാമി സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ ട്രെയിനില്‍നിന്നും തള്ളിയിട്ട ശേഷം പുറത്തുചാടി ബലാത്സംഗം ചെയ്തില്ലേ? ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ കേസ് വാദിക്കാന്‍ വന്നത് മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഞാന്‍ യേശുദാസ് പറഞ്ഞതിനെ വിമര്‍ശിക്കുകയല്ല. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമല്ല. പക്ഷേ കേരള പുരുഷ സമൂഹത്തില്‍ വന്ന മാറ്റത്തെ ഒരുപക്ഷേ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന് അറിയില്ലായിരിക്കും. സ്ത്രീകള്‍ക്ക് ഇന്ന് പുരുഷന്മാരോടൊപ്പം തുല്യ അവകാശങ്ങളുണ്ട്. ഇന്ന് അവര്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടുന്നവരല്ല. എല്ലാ മേഖലകളിലും പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നവരാണ്. ജോലി ചെയ്യുമ്പോള്‍ സൗകര്യപ്രദമായി ജോലി ചെയ്യാന്‍ പറ്റിയ വസ്ത്രധാരണം ചെയ്യാനും അവര്‍ക്ക് അവകാശമുണ്ട്. പുരുഷന്മാര്‍ ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’യെപ്പറ്റി പ്രകീര്‍ത്തിക്കുമ്പോഴും അവര്‍ സ്ത്രീകളെ നോക്കുന്നത് അമ്മമാരായിട്ടോ, പെങ്ങളായിട്ടോ മകളായിട്ടോ അല്ല സ്ത്രീയായിട്ടാണ്. സ്ത്രീ എന്നാല്‍ ഇന്ന് പുരുഷന് ശരീരമാണ്. അത് ഏതുവിധത്തില്‍ മൂടിവച്ചാലും അവന്റെ ഭാവനയില്‍ അവള്‍ ശരീരമായി തന്നെ തുടരും. അപ്പോള്‍ വസ്ത്രധാരണം കാമോദ്ദീപകമായതിനാലാണ് സ്ത്രീ അക്രമിക്കപ്പെടുന്നതെന്ന ആരോപണം അസംബന്ധം തന്നെയാണ്. സ്ത്രീകള്‍ സാരിയുടുത്താലും അത് എപ്രകാരം കാമോദ്ദീപകമാക്കാമെന്ന് വ്യക്തമാക്കുന്ന വസ്ത്രധാരണ രീതി മോഡലിംഗിലും മിസ് കേരള, മിസ് ഇന്ത്യ മുതലായ മത്സരങ്ങളിലും നാം കാണുന്നതാണ്. പ്രദര്‍ശിപ്പിക്കേണ്ടതൊക്കെ പ്രദര്‍ശിപ്പിച്ചുതന്നെ പൊക്കിളിനു താഴെ സാരിയുടുത്ത് ഈ സ്ത്രീകള്‍ വരുമ്പോള്‍ അത് കാമോദ്ദീപകമല്ലേ? പണ്ട് കേരളത്തിലെ പെണ്‍കുട്ടികള്‍ സല്‍വാര്‍ കമിസ് ധരിച്ചപ്പോഴും പുരുഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. അത് കേരളീയ വസ്ത്രധാരണ രീതിയല്ല എന്നായിരുന്നു ആരോപണം. സല്‍വാര്‍ കമിസ് ദേഹം മുഴുവന്‍ മറയ്ക്കുന്ന വേഷമാണ്. എന്നിട്ടും പ്രതിഷേധമുയര്‍ന്നപ്പോള്‍ മലയാളി പുരുഷന്‍ യഥാര്‍ത്ഥത്തില്‍ എന്താണാഗ്രഹിക്കുന്നത്? പതിനെട്ടാം നൂറ്റാണ്ടില്‍ മാറ് മറയ്ക്കാതെ സ്ത്രീകള്‍ നടന്നിരുന്ന കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കോ? മറച്ചുവെക്കേണ്ടത് മറച്ചുവെക്കേണ്ടതുതന്നെ എന്നതില്‍ സംശയമില്ല. പക്ഷേ ഫാഷന്‍ ട്രെന്‍ഡ് മാറുന്നതിനൊപ്പം മാത്രമല്ല, പുരുഷനും വസ്ത്രധാരണ രീതികള്‍ മാറ്റുന്നുണ്ട്. സിക്‌സ്പാക്ക് മസില്‍ പ്രദര്‍ശിപ്പിക്കത്തക്കവിധത്തില്‍ പുരുഷന്‍ വസ്ത്രധാരണം ചെയ്യുന്നില്ലേ? ഭാഷയിലും ഭൂഷയിലും മലയാളിയായാല്‍ മാത്രം പോര, ഗാന്ധിജി പറയുന്നപോലെ മറ്റു സ്ത്രീകളെ അമ്മയായും സഹോദരിയായും കാണുവാന്‍കൂടി പുരുഷന്‍ പരിശീലിച്ചാല്‍ സ്ത്രീ വസ്ത്രധാരണം ഈ വിധം വിവാദത്തിലേക്കുയരില്ല. ഇന്ന് കേരളത്തില്‍ സ്ത്രീക്ക് എങ്ങും എവിടെയും സ്വന്തം കുടുംബത്തിലും സ്‌കൂളിലും വഴിയിലും വാഹനങ്ങളിലും സുരക്ഷിതത്വമില്ല. ‘മാതാ, പിതാ, ഗുരു, ദൈവം’ എന്ന ആപ്തവാക്യം ഇന്ന് എത്ര അപ്രസക്തമായിരിക്കുന്നു! ഒരു വീട്ടില്‍ അച്ഛനും മകനും കൂടി ഒരു മകളെ പീഡിപ്പിച്ചപ്പോള്‍ അവള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അപ്പോള്‍ അവര്‍ രണ്ടാമത്തെ മകളെ ലക്ഷ്യമിട്ടു. അവളെ രക്ഷിച്ചത് സ്‌കൂള്‍ കൗണ്‍സലിംഗുകാര്‍. ഇന്ന് അച്ഛന്‍ മകളെ പീഡിപ്പിച്ചാല്‍ അമ്മയോട് പറഞ്ഞിട്ട് പ്രയോജനമില്ല എന്ന് തിരിച്ചറിയുന്ന പെണ്‍കുട്ടികള്‍ സ്‌കൂളിലെ കൗണ്‍സലറുടെ അടുത്താണ് പരാതിപ്പെടാറ്. അങ്ങനെയുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പിതാക്കന്മാര്‍ അറസ്റ്റിലാകുന്നുണ്ട്. മദ്രസ്സകളില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ അധ്യാപകരും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്. ഇങ്ങനെ സ്ത്രീപീഡനം വ്യാപകമാകുമ്പോള്‍ ഇതിനെതിരെ സ്ത്രീകള്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഇത് വൈറലാകാന്‍ പ്രധാന കാരണം. താന്‍ പീഡിപ്പിക്കപ്പെട്ടാല്‍, അല്ലെങ്കില്‍ ശാരീരികമായി അക്രമിക്കപ്പെട്ടാല്‍ അതിനെതിരെ പ്രതികരിച്ചാല്‍ അത് ലോകമറിയുകയും തന്റെ മാനം പോകുകയും ചെയ്യുമെന്ന ഭീതിയാണ് സ്ത്രീയുടെ നിശബ്ദതയ്ക്ക് കാരണം. അവള്‍ പീഡനം ക്ഷണിച്ചുവരുത്തിയതാണ് എന്നാകും പുരുഷ പ്രതികരണം. പക്ഷേ സ്ത്രീകള്‍ തിരിച്ചറിയേണ്ടത് ശബ്ദമുയര്‍ത്തി സ്ത്രീ പ്രതികരിച്ചാല്‍ പുരുഷന്റെ മാനം പോകുമെന്നാണ്. എന്റെ സുഹൃത്ത് പറയാറുള്ളതുപോലെ വലതുകൈ ആഹാരം കഴിക്കാന്‍ മാത്രമല്ല, തന്റെ നേരെ വരുന്ന അക്രമിയുടെ ചെകിട്ടത്ത് ഒന്നുകൊടുക്കാനും കൂടിയാണ്. വസ്ത്രധാരണ രീതിയല്ല സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം. അവരുടെ പ്രതികരണശേഷി ഇല്ലായ്മയും നിശബ്ദതയുമാണ്. ഏത് രീതിയില്‍ വസ്ത്രം ധരിച്ചാലും സ്ത്രീയെ ശരീരം മാത്രമായി പുരുഷന്‍ കരുതുമ്പോള്‍ സ്വസുരക്ഷ ഉറപ്പാക്കാന്‍ അവള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാവര്‍ക്കും അമൃത എന്ന പെണ്‍കുട്ടിയെപ്പോലെ കരാട്ടെയോ ജൂഡോയോ പരീക്ഷിക്കാന്‍ സാധ്യമല്ലെങ്കിലും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാനും കൈ ഉയര്‍ത്തി അക്രമിക്ക് ഒന്നുകൊടുക്കാനും സ്ത്രീ ഏത് വസ്ത്രമാണിയുന്നതെങ്കിലും ധൈര്യപ്പെട്ടാല്‍ അവള്‍ സുരക്ഷിതയാകും. സ്ത്രീ സുരക്ഷ-സ്ത്രീയുടെ കൈയില്‍തന്നെയാണ്- ജീന്‍സായാലും മുണ്ടായാലും സാരിയായാലും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം