malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

പീഡനമുക്തമായ പെണ്‍ കൗമാരം

കെ.സി റോസക്കുട്ടി
ഐക്യരാഷ്ട്രസഭ ദിനാചരണങ്ങള്‍ പ്രഖ്യാപിക്കുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗം അവഗണനയോ വിവേചനമോ അനുഭവിക്കുമ്പോഴോ ഏതെങ്കിലും വിഷയത്തിലേക്കു ലോകത്തിന്റെയാകെ ശ്രദ്ധക്ഷണിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴോ ആണ്. പെണ്‍കുട്ടികള്‍ക്കായി ഒരു ദിനം പ്രഖ്യാപിക്കേണ്ടിവന്നത് തീര്‍ച്ചയായും അത്രയേറെ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികള്‍ നേരിടുന്നതുകൊണ്ടുതന്നെയാണ്. പെണ്‍കുട്ടിയെന്നാല്‍ അന്യവീട്ടില്‍ ജീവിക്കേണ്ടവളാണെന്നും അവിടെ അടുക്കളയില്‍ ഒതുങ്ങേണ്ടവള്‍ ആണെന്നുമുള്ള സങ്കല്പം നമ്മുടെ നാട്ടില്‍ അവള്‍ക്കുള്ള പരിഗണന രണ്ടാമതാക്കുന്നു. പെണ്‍കുട്ടിയെ ഒരു ഭാരമായി കാണുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ വളര്‍ന്നുവന്നിരിക്കുന്നു. പെണ്‍കുഞ്ഞാണെന്നു മുന്‍കൂട്ടി അറിയാന്‍കഴിഞ്ഞാല്‍ ജനിക്കാന്‍തന്നെ അനുവദിക്കാതിരിക്കുക എന്നിടത്തോളം കൊണ്ടെത്തിച്ചിരിക്കുന്നു സാമൂഹിക ദുരാചാരങ്ങള്‍. ഒരുപക്ഷേ, ലോകത്തൊരിടത്തും ഇല്ലാത്ത സ്ഥിതിവിശേഷമാണിത്. അതുകൊണ്ടുതന്നെ പെണ്‍കുഞ്ഞുങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ക്ക് മറ്റേതു പ്രദേശത്തെക്കാളും പ്രസക്തി പരിഷ്‌കൃതമെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ്. പെണ്‍കുട്ടികള്‍ക്കായി ദിനം വേണമെന്ന് ഐക്യരാഷ്ട്രസഭ തീരുമാനിച്ചതും ഒക്ടോബര്‍ 11 അതിനായി തെരഞ്ഞെടുത്തതും 2011ല്‍ ആണ്. ആദ്യദിനം 2012ല്‍ കൊണ്ടാടി. 'ശിശുവിവാഹം അവസാനിപ്പിക്കുക' എന്നതായിരുന്നു ആ വര്‍ഷത്തെ മുദ്രാവാക്യം. 'പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നവ്യാശയങ്ങള്‍' എന്നതായിരുന്നു കഴിഞ്ഞ കൊല്ലത്തെ വിഷയം. ഇക്കൊല്ലമാകട്ടെ 'കുമാരിമാരുടെ ശാക്തീകരണം: അക്രമത്തിന്റെ പരമ്പര അവസാനിപ്പിക്കുക' എന്നതാണു ലക്ഷ്യം. ലിംഗാസമത്വം കൊണ്ട് പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളെയും അവര്‍ക്കെതിരായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെയും പറ്റി വിപുലമായ ബോധവത്ക്കരണവും അവ തടയാനുള്ള നടപടികള്‍ കൈക്കൊള്ളലും അവരുടെ ശാക്തീകരണവും ഒക്കെയാണ് ഈ ദിനാചരണത്തിലൂടെ യുനസ്‌കോയും ഐക്യരാഷ്ട്രസഭയും ഉദ്ദേശിക്കുന്നത്. പൊതുജനബോധവത്ക്കരണമാണ് മുഖ്യം. വിവിധരംഗങ്ങളിലെ പ്രമുഖര്‍ ഇത്തരം വിഷയങ്ങളെപ്പറ്റി പൊതുജനങ്ങളോടു സംസാരിക്കണം. വിവിധ സംഘടനകളും വ്യക്തികളും പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, അച്ഛനമ്മമാര്‍, കുടുംബങ്ങള്‍, ബഹുജനങ്ങള്‍ എന്നിവരുമായൊക്കെ നടത്തിയിട്ടുള്ള ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കാനും അവതരിപ്പിക്കാനും ഇത് അവസരമാക്കണമെന്നും യു.എന്‍ നിര്‍ദ്ദേശിക്കുന്നു. അയല്‍ക്കൂട്ട ചര്‍ച്ചകള്‍, ചലച്ചിത്ര പ്രദര്‍ശനം, വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും റാലികള്‍, സമൂഹത്തിലെ ഒരു പെണ്‍കുട്ടിയെ സഹായിക്കല്‍ തുടങ്ങി നമ്മളാലാവുന്ന എന്തും ചെയ്യാം. ദിവസം 39,000 ശൈശവ വിവാഹങ്ങള്‍ ലോകത്തു നടക്കുന്നുണ്ടെന്നാണു കണക്ക്. ഈ ദശകത്തില്‍മാത്രം 14 കോടി പെണ്‍കുട്ടികളെയാണ് ഈ ദുര്‍ഗതി കാത്തിരിക്കുന്നത്. ഇതില്‍ അഞ്ചുകോടിയും 15 വയസില്‍ത്താഴെ ഉള്ളവര്‍ ആയിരിക്കുമത്രേ! തികഞ്ഞ മനുഷ്യാവകാശലംഘനമാണിത്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവും. ചെറുപ്രായത്തിലേ വിവാഹം ചെയ്യിക്കുന്നത് ലൈംഗികാതിക്രമങ്ങളില്‍നിന്നു രക്ഷയാകുമെന്ന ചിന്തയാണെങ്കിലും സ്ഥിതി മറിച്ചാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം വികസ്വര രാജ്യങ്ങളിലെ 15-നും 19-നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ചെറുപ്രായത്തിലുള്ള ഗര്‍ഭധാരണവും പ്രസവവുമാണ്. പത്തിനും 14നും ഇടക്കുള്ള പ്രായത്തില്‍ പ്രസവിക്കുന്നത് പത്തുലക്ഷം പെണ്‍കുട്ടികളാണ് വര്‍ഷംതോറും പ്രസവിക്കുന്ന 15-19 വയസുകാര്‍ 160 ലക്ഷവും! ഇവരില്‍ 90 ശതമാനവും വിവാഹിതരാണ് യൂണിസെഫ് കണക്കില്‍, താഴ്ന്ന-ഇടത്തരം വരുമാന രാജ്യങ്ങളില്‍ 50,000 മരണങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ചാപിള്ളപിറക്കലും നവജാതശിശുക്കളുടെ മരണവും 20 വയസില്‍ താഴെയുള്ള കുട്ടികളില്‍ 20 - 29 വയസിനിടയിലുള്ള സ്ത്രീകളെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. മരണകാരണത്തില്‍ രണ്ടാം സ്ഥാനം ഇതിനാണ്. വികസിതമല്ലാത്ത രാജ്യങ്ങളില്‍ പെണ്‍കുട്ടി വിവാഹിതയായാലുടന്‍ അവളുടെ സന്താനോല്പാദനശേഷി തെളിയിക്കണമെന്ന അന്ധവിശ്വാസപരമായ സമ്മര്‍ദ്ദം വലിയൊരു പ്രശ്‌നമാണ്. ഇതു നമ്മുടെ നാട്ടില്‍പ്പോലും ഉണ്ട്. ഈ രംഗത്തു വളരെ മുന്നോട്ടുപോയ സമൂഹമായിട്ടും കേരളീയര്‍ക്കിടയില്‍ അടുത്തകാലത്തായി ഇതിനെ ന്യായീകരിക്കുന്ന അഭിപ്രായങ്ങളും വിവാഹപ്രായം കുറയ്ക്കണമെന്ന വാദവുമൊക്കെ ഉയര്‍ന്നുവരുന്നു എന്നത് അപകടകരവും അപമാനകരവും ആണ്. ഈ രംഗത്തു കൂടുതല്‍ ബോധവത്ക്കരണം ആവശ്യമാണ്. ലോകത്ത് ആറില്‍ ഒന്നുപേരും കൗമാരക്കാരാണ്. പത്തിനും 19നും ഇടയിലുള്ളവര്‍ 120 കോടിയാണ്. ഇവരില്‍ 13 ലക്ഷം പേരാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ടു 2012-ല്‍ മരിച്ചത്. ദിവസവും 330 കൗമാരക്കാര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. എച്ച്.ഐ.വി., ആത്മഹത്യ, ശ്വസനവ്യൂഹത്തിലെ അണുബാധ തുടങ്ങി പല കാരണങ്ങളാലും മരണം ഗണ്യമായി സംഭവിക്കുന്നു. ഏറ്റവും ശ്രദ്ധയും സ്‌നേഹവും പിന്തുണയുമൊക്കെ ആവശ്യമുള്ള ഒരു കാലഘട്ടമാണ് കൗമാരം. ഇവയൊന്നും ഉറപ്പാക്കാന്‍ നമ്മുടെ നാട്ടിലും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും കഴിയുന്നില്ല. ഇതിലേക്കെല്ലാം ശ്രദ്ധ തിരിക്കാന്‍ ഈ ദിനം നമുക്കു പ്രയോജനപ്പെടുത്തണം. നമ്മുടെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളില്‍ പെണ്‍കുട്ടികള്‍ ഇടംനേടാതെപോയി എന്നാണ് ഈ രംഗത്തുള്ളവര്‍ പരിതപിക്കുന്നത്. ആ കുറവു പരിഹരിക്കാന്‍ 'ദാരിദ്ര്യത്തെ തുടങ്ങും മുമ്പേ തടയുക' എന്ന ലക്ഷ്യത്തോടെ അതിനുള്ള ഉപകരണമായി ഒരു വലിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നു, 'ഗേള്‍ ഡിക്ലറേഷന്‍' എന്ന പേരില്‍. പതിനാലു രാജ്യങ്ങളിലെ കൗമാരക്കാരായ 508 പെണ്‍കുട്ടികളോട്, അവരുടെ കഴിവിനനുസരിച്ച ലക്ഷ്യം നേടാന്‍ അവസരം ലഭിക്കാന്‍ എന്താണുവേണ്ടതെന്ന് ആരാഞ്ഞു. അവരുടെ ആവശ്യങ്ങള്‍ പഠിച്ച് ലോകത്തെ 25 പ്രമുഖ സംഘടനകള്‍ അവരുടെ സുദീര്‍ഘമായ അനുഭവസമ്പത്തുകൂടി സമന്വയിപ്പിച്ച് തയ്യാറാക്കിയ രേഖ ഓരോരംഗത്തും കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു നാം മുന്‍കൈ എടുക്കേണ്ടത്. ഹാരി പോട്ടര്‍ സിനിമകളിലൂടെ ജനപ്രിയയായ ഹോളീവുഡ് താരം എമ്മ വാട്‌സണ്‍ ഇത്തരം ദൗത്യങ്ങള്‍ക്കായുള്ള യു.എന്നിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന നിലയില്‍ ഈ സെപ്തംബര്‍ 21-ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു ചെയ്ത വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ലിംഗവിവേചനം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാക്കുന്ന ദോഷങ്ങള്‍ വിവരിക്കുകയും സമത്വത്തിനായി പൊരുതാന്‍ പുരുഷന്മാരെ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, 'അവള്‍ക്കുവേണ്ടി അവന്‍' (he for she) എന്ന പേരില്‍ വിപുലമായ ക്യാമ്പയിന്‍ ലോകമാകെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു സാമൂഹികമാധ്യമങ്ങളിലും മറ്റും ലഭിച്ച സ്വീകാര്യം അവിശ്വസനീയമാണ്. ദൈന്യം അനുഭവിക്കുന്ന മനുഷ്യരാശിയുടെ ഒരു പകുതിയെ പിന്തുണക്കാന്‍ മറുപകുതിയെ അണിനിരത്താനുള്ള ഐക്യദാര്‍ഢ്യപ്രസ്ഥാനമാണിത്. സ്ത്രീ സ്വാതന്ത്ര്യവാദം പുരുഷന്മാര്‍ക്ക് എതിരാണെന്ന തെറ്റിധാരണ നീക്കാനും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്. നമുക്കും ഇത്തരത്തിലുള്ള നവീനാശയങ്ങളും പരിപാടികളും ഈ രംഗത്ത് ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ സവിശേഷസാഹചര്യത്തില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങളില്‍ ഊന്നി അവയ്‌ക്കെതിരായി, സമത്വത്തിനായി ആഹ്വാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഈ ദിനവും വരും ദിനങ്ങളും സഫലമാക്കാം. (കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയാണ് ലേഖിക) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം