malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

നെഹ്റുവിനെ മറന്നവര്‍

ചെറിയാന്‍ ഫിലിപ്പ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിന് ഉള്‍പ്പുളകം നല്‍കുന്ന സമുജ്വല വ്യക്തിത്വമാണ്. ഇന്ത്യയുടെ രാഷ്ട്രശില്‍പ്പിയായി അറിയപ്പെടുന്ന നെഹ്റു ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ യുഗപ്രഭാവനായ വിശ്വപൗരനായിരുന്നു."ഋതുരാജന്‍" എന്നാണ് രവീന്ദ്രനാഥ ടാഗോര്‍ നെഹ്റുവിനെ വിശേഷിപ്പിച്ചത്. ""പളുങ്കുപോലെ നിര്‍മലനായ മനുഷ്യന്‍"" എന്നാണ് ഗാന്ധിജി നെഹ്റുവിനെ പ്രകീര്‍ത്തിച്ചത്. ""ഒരു യോദ്ധാവിന്റെ സാഹസവും പ്രാഗത്ഭ്യവും ഒരു രാജ്യതന്ത്രജ്ഞന്റെ വിവേകവും പക്വതയും നെഹ്റുവില്‍ തെളിഞ്ഞുകാണാം"" എന്ന ഗാന്ധിജിയുടെ വാക്കുകളാണ് നെഹ്റുവിനെ പ്രധാനമന്ത്രിക്കസേരയിലേക്ക് നയിച്ചത്. നെഹ്റു ഗാന്ധിജിയുടെ ശിഷ്യന്‍ ആയിരുന്നെങ്കിലും അവര്‍ തമ്മില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍ നിലനിന്നിരുന്നു. രണ്ടുപേര്‍ക്കും ഉണ്ടായിരുന്ന അളവറ്റ ജനപ്രീതിയാണ് പരസ്പരബഹുമാനം സൃഷ്ടിച്ചത്. ഗാന്ധിജിക്ക് മനഃസാക്ഷിയായിരുന്നുവെങ്കില്‍ നെഹ്റുവിന് ശാസ്ത്രമായിരുന്നു സത്യം. സനാതനമൂല്യങ്ങളിലും പഴയ വിശ്വാസങ്ങളിലും ഗാന്ധിജി അന്ധമായി അഭിരമിച്ചപ്പോള്‍ നെഹ്റു ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവയെ അടിസ്ഥാനപ്രമാണമാക്കി. ക്ലബ്ബുപോലെ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ആവിര്‍ഭവിച്ചതു മുതല്‍ നെഹ്റു കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ ഉണ്ടായിരുന്നു. 1917ല്‍ റഷ്യന്‍ വിപ്ലവകാലത്ത് തന്റെ പുത്രി ഇന്ദിരാ പ്രിയദര്‍ശിനി ജനിച്ചതില്‍ നെഹ്റു അഭിമാനംകൊണ്ടിരുന്നു. 1927ല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച നെഹ്റു റഷ്യന്‍ പരീക്ഷണത്തെപ്പറ്റി ഒരു പുസ്തകമെഴുതി. ഗാന്ധിജി മൗലികാവകാശ പ്രമേയം അവതരിപ്പിച്ച 1931ലെ കറാച്ചി സമ്മേളനത്തില്‍ നെഹ്റു തന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് അവതരിപ്പിച്ചിരുന്നു. 1936ലെ ലഖ്നൗ സമ്മേളനത്തില്‍ ലോകത്തെ അലട്ടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം സോഷ്യലിസമാണെന്ന് നെഹ്റു പ്രഖ്യാപിച്ചു. സോഷ്യലിസം ഒരു സാമ്പത്തികസിദ്ധാന്തം എന്നതിനേക്കാള്‍ ഒരു ജീവിത തത്വശാസ്ത്രമാണെന്ന് നെഹ്റു നിര്‍വചിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും അടിമത്തവും അവസാനിപ്പിക്കാന്‍ സോഷ്യലിസമല്ലാതെ മറ്റൊരു മാര്‍ഗമില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ആശയക്കാരും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും നെഹ്റുവിന്റെ ആരാധകരായിത്തീര്‍ന്നു. അക്കാലത്ത് നെഹ്റുവിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് "ജവാഹര്‍ലാല്‍ നെഹ്റു" എന്ന പേരില്‍ മലയാളത്തില്‍ ഒരു പുസ്തകമെഴുതി. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയെ സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുള്‍കലാം ആസാദ്, ജയപ്രകാശ് നാരായണന്‍ തുടങ്ങിയവര്‍ അനുകൂലിച്ചിരുന്നു. വര്‍ഗീയവാദികളും യാഥാസ്ഥിതികരുമായിരുന്ന വല്ലഭായ് പട്ടേല്‍, രാജേന്ദ്രപ്രസാദ്, രാജഗോപാലാചാരി എന്നിവര്‍ നഖശിഖാന്തം എതിര്‍ത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുകയും നെഹ്റു പ്രധാനമന്ത്രിയാവുകയും ചെയ്തെങ്കിലും കോമണ്‍വെല്‍ത്തില്‍ നിലയുറപ്പിച്ച ഇന്ത്യയുടെ ഭരണസംവിധാനം ബ്രിട്ടീഷ് ഭരണത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു. സാമ്പത്തിക ആസൂത്രണത്തിലും പഞ്ചവത്സരപദ്ധതികളുടെ നടത്തിപ്പിലും നെഹ്റു സോവിയറ്റ് യൂണിയന്റെ മാതൃകയാണ് പിന്തുടര്‍ന്നത്. പ്ലാനിങ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി പ്രമുഖ സോഷ്യലിസ്റ്റായ അശോക് മേത്തയെയാണ് നെഹ്റു നിയമിച്ചത്. പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന സമ്മിശ്ര സമ്പദ്വ്യവസ്ഥയെയാണ് നെഹ്റു വികസനതന്ത്രമായി സ്വീകരിച്ചത്. "സോഷ്യലിസം" കോണ്‍ഗ്രസിന്റെ കൊടിയടയാളമായി അംഗീകരിച്ചത് 1955ല്‍ ആവഡിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനമാണ്. പതിനാല് വന്‍കിട ബാങ്കുകളുടെ ദേശസാല്‍ക്കരണംമൂലം ഇന്ദിരാഗാന്ധി സോഷ്യലിസ്റ്റ് മുഖം നേടി. 1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ "സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നതിനൊപ്പം" സോഷ്യലിസ്റ്റ് സെക്കുലര്‍ എന്ന് 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം എഴുതിച്ചേര്‍ത്തപ്പോള്‍ സോഷ്യലിസം ഇന്ത്യയുടെ മുഖമുദ്രയായി. രാജീവ് ഗാന്ധി ആധുനിക മുതലാളിത്ത വികസന മുന്നേറ്റങ്ങളില്‍ ആകൃഷ്ടനായെങ്കിലും സോഷ്യലിസത്തെ തള്ളിപ്പറഞ്ഞില്ല. 1992ലെ തിരുപ്പതി സമ്മേളനം മുതല്‍ "സോഷ്യലിസം" എന്ന വാക്ക് കോണ്‍ഗ്രസിന്റെ ശബ്ദാവലിയിലില്ല. നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും കൂടി സോഷ്യലിസത്തെ കുഴിച്ചുമൂടി. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതോടെ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം ചവറ്റുകുട്ടയിലായി. ധനവാന്‍ കൂടുതല്‍ ധനവാനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനുമായി. സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെ ആണിക്കല്ലായി നെഹ്റു ചൂണ്ടിക്കാട്ടിയ പൊതുമേഖലയെ വിറ്റുതുലയ്ക്കുകയെന്ന നയമാണ് കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും പിന്തുടര്‍ന്നത്. പൊതുമേഖലയെ തകര്‍ത്തതോടൊപ്പം നിരവധി ആനുകൂല്യങ്ങള്‍ നല്‍കി കോര്‍പറേറ്റ് മേഖലയെ വളര്‍ത്തുകയുംചെയ്തു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ നെഹ്റു കണ്ടത് ജനാധിപത്യം സ്ഥാപിക്കാനുള്ള സമരംകൂടിയായാണ്. തനിക്കിഷ്ടമില്ലാത്ത സുഭാഷ് ചന്ദ്രബോസിനെ ഗാന്ധിജി പുകച്ചു പുറത്തുചാടിച്ചപ്പോള്‍ അനിഷ്ടം തോന്നിയ കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം മാനിക്കുകയെന്ന ഉന്നത ജനാധിപത്യബോധമാണ് നെഹ്റു പ്രകടിപ്പിച്ചത്. ഇന്ദിരാഗാന്ധിയാകട്ടെ വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ച സഞ്ജീവറെഡ്ഡിക്കെതിരെ വി വി ഗിരിയെ സ്ഥാനാര്‍ഥിയാക്കി തീരുമാനം അട്ടിമറിക്കുകയാണുണ്ടായത്. 1959ല്‍ കേരളത്തില്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ അവസാനിമിഷം വരെയും നെഹ്റു സമ്മതിച്ചിരുന്നില്ല. വിമോചനസമരം നിര്‍ത്തിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആര്‍ ശങ്കറിന് നെഹ്റു കമ്പിസന്ദേശം അയച്ചിരുന്നു. നെഹ്റുവിന്റെ അഭ്യര്‍ഥനയെ കെപിസിസി തള്ളി. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചാണ് ജനാധിപത്യ ക്രൂശീകരണത്തിന് നെഹ്റു തയ്യാറായത്. നെഹ്റു കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളിലും ഉള്‍പ്പാര്‍ടി ജനാധിപത്യം ശക്തമായിരുന്നു. ഇന്ദിരയുടെ കാലത്താണ് സംഘടനാ തെരഞ്ഞെടുപ്പുകള്‍ ഇല്ലാതാവുകയും നോമിനേഷന്‍ സമ്പ്രദായം വ്യാപകമാവുകയുംചെയ്തത്. 1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചതും തെരഞ്ഞെടുപ്പുകള്‍ മരവിപ്പിച്ചതും തീര്‍ത്തും ജനാധിപത്യവിരുദ്ധമായിരുന്നു. നെഹ്റു 1962ലെ യുദ്ധവേളയില്‍ ഒട്ടേറെ ആഭ്യന്തരപ്രശ്നങ്ങള്‍ ഉരുണ്ടുകൂടിയെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ല. എ കെ ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നു. വിയോജിപ്പുകള്‍ ശ്രദ്ധിച്ചു. 1948ല്‍ അയോധ്യയിലെ ക്ഷേത്രപ്രശ്നം ഉടലെടുത്തപ്പോള്‍ വിഗ്രഹം സരയൂ നദിയില്‍ എറിയാനാണ് നെഹ്റു പറഞ്ഞത്. ഇന്ത്യയുടെ നവയുഗ ദേവാലയങ്ങള്‍ അണക്കെട്ടുകളാണെന്നാണ് നെഹ്റു പ്രഖ്യാപിച്ചത്. മതവിശ്വാസിയല്ലാത്ത നെഹ്റു എല്ലാ മതങ്ങളുടെയും വിശ്വാസികളുടെയും സ്വാതന്ത്ര്യത്തെയും അവകാശത്തെയും മാനിച്ചിരുന്നു. 1992ല്‍ നരസിംഹറാവുവിന്റെ മൗനാനുവാദത്തോടെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഒരു ശല്യം അവസാനിച്ചുവെന്ന മനോഭാവമാണ് അന്ന് റാവു പുലര്‍ത്തിയത്. സ്വാതന്ത്ര്യാനന്തരം ഒരു അധികാരകക്ഷിയായിത്തീര്‍ന്ന കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്നും അതിനെ ലോകസേവാസംഘം ആക്കണമെന്നുമായിരുന്നു ഗാന്ധിജിയുടെ അന്ത്യാഭിലാഷം. എന്നാല്‍, ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ അംഗീകരിച്ചത് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം എന്ന നിലയിലും ജനാധിപത്യ, മതേരതത്വ, സോഷ്യലിസ്റ്റ് ആശയങ്ങളുടെ സന്ദേശവാഹകര്‍ എന്ന നിലയിലുമായിരുന്നു. മൂന്നാം ലോകരാഷ്ട്രങ്ങളുടെ നായകസ്ഥാനം ഏറ്റെടുത്ത നെഹ്റു സാമ്രാജ്യത്വശക്തികളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായി ഒരു മമതാബന്ധം തുടര്‍ന്നു. മന്‍മോഹന്‍സിങ് വന്നതോടെ ആണവക്കരാറിലൂടെ അമേരിക്കക്ക് കീഴടങ്ങി. നെഹ്റു മരിച്ചിട്ട് അമ്പതുവര്‍ഷം തികയുമ്പോള്‍ കോണ്‍ഗ്രസിന്റെ ഭീകരമായ പതനമാണ് സംഭവിച്ചിരിക്കുന്നത്. നെഹ്റു മാറോടടക്കി പിടിച്ചിരുന്ന ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ സിദ്ധാന്തങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് നയിച്ചത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം