malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിയമം

നിങ്ങള്‍ ട്രെയിന്‍ യാത്രക്കാരനാണോ?

ഷെരിഫ്‌ കൊട്ടാരക്കര
നിങ്ങൾ ഒരു ട്രെയിൻ യാത്രക്കാരനാണോ അഥവാ നിങ്ങൾ ട്രെയിൻ യാത്രയുമായി ബന്ധപ്പെടുന്ന ആളാണോ എങ്കിൽ നിങ്ങൾ താഴെ പറയുന്ന നിയമങ്ങളെ പറ്റി ബോധമുള്ളവനായിരുന്നാൽ പലപ്പോഴും ബുദ്ധിമുട്ടുകളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

1890ൽ നിലവിൽ വന്ന റെയിൽ വേ ആക്റ്റ്‌, അതു നടപ്പിലായ കാലഘട്ടത്തിൽ റെയിൽ വേയും ബന്ധപ്പെട്ട പ്രവർത്തനവും ഭൂരിഭാഗവും സ്വകാര്യ കമ്പനികളാൽ നിയന്ത്രിക്കപ്പെട്ടിരുന്നു. പിൽക്കാലത്തു സർക്കാരിന്റെ നിയന്ത്രണത്തിൽ ആയ റെയിൽ വേക്ക്‌ വേണ്ടി നടേ പരാമർശിച്ച 1890ലെ ആക്റ്റിൽ കൂട്ടിച്ചേർക്കലും തിരുത്തലും വരുത്തി ഇപ്പോൾ നിലവിൽ ഉള്ള 1989 ലെ റെയിൽ വേ ആക്റ്റിൽ എത്തി ചേർന്നു. തീർന്നില്ല അതിനു ശേഷം 2004ലും അറസ്റ്റ്‌ സംബന്ധമായ അധികാരത്തെ പറ്റി ഒരു തിരുത്തൽ കൂടി ഇപ്പോൾ കൂട്ടിചേർത്തിട്ടുണ്ടു.

മേൽ പറഞ്ഞ നിയമത്തിൽ അവശ്യം നാം മനസിലാക്കേണ്ട ചില വകുപ്പുകളാണു ഞാൻ ഇവിടെ പരാമർശിക്കുന്നതു.

സെക്ഷൻ 137:- ട്രെയിൻ യാത്രയിൽ മതിയായ ടിക്കറ്റോ അനുവാദ പത്രമോ ഇല്ലാതെ യാത്ര ചെയ്യുകയോ യാത്ര ചെയ്യാൻ ശ്രമിക്കുകയോ നിങ്ങൾ ചെയ്താൽ നിങ്ങൾക്കെതിരെ ഈ വകുപ്പിൻ പ്രകാരം റെയിൽ വേക്കു കേസ്‌ ചാർജു ചെയ്യാം. കാലാവധി കഴിഞ്ഞ ഒരു ടിക്കറ്റോ പാസ്സോ ഉപയോഗിച്ചു യാത്ര ചെയ്താലും ഈ വകുപ്പ്‌ ബാധകമാണു.കുറ്റം തെളിഞ്ഞാൽ നിങ്ങൾ യാത്ര ചെയ്ത പരിധിക്കു ആവശ്യമായ യാത്രക്കൂലിയും പുറമേ ഒരു നിശ്ചിത തുക ഫൈനും അടക്കണം. കൂടാതെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ ആറു മാസം തടവോ ആയിരം രൂപാ പിഴയോ ഇതു രണ്ടും കൂടിയോശിക്ഷിക്കാൻ കോടതിക്കു അധികാരമുണ്ടെന്നു ഈ നിയമം പറയുന്നു.

സെക്ഷൻ 138:- മുകളിൽ പറഞ്ഞതിനു സമാനമാണൂ ഈ വകുപ്പും. ഒരു വ്യത്യാസം നമ്മൾ എടുത്ത ടിക്കറ്റിന്റെ ദൂര പരിധിക്കു അപ്പുറം നമ്മൾ യാത്ര ചെയ്താൽ അതായതു എറുണാകുളത്തിനു തിരുവനന്തപുരത്തു നിന്നു ഒരാൾ ടിക്കറ്റെടുത്തു എറുണാകുളം സ്റ്റേഷനില്‍ ഇറങ്ങാതെ യാത്ര തുടർന്നുത്രിശ്ശൂർ വെച്ചു അയാളെ പിടിച്ചാൽ ഈവകുപ്പു പ്രകാരം അയാൾക്കെതിരെ കേസ്‌ ചാർജു ചെയ്യാം. മിക്കവാറും ട്രെയിനിലെ ഉറക്കക്കാർക്കാണു ഇതു പോലെ അക്കിടി പറ്റുന്നതു.
ബോംബെയിൽ നിന്നും തിരുവനന്തപുരത്തേക്കു യാത്ര ചെയ്യേണ്ട ഒരാൾക്കു കോട്ടയം വരെ ടിക്കറ്റു എടുക്കാൻ മാത്രം പൈസാ ഉണ്ടായിരിക്കുകയുംകോട്ടയം കഴിഞ്ഞതിനു ശേഷം അയാൾ തിരുവനന്തപുരം വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്നു രണ്ടും കൽപ്പിച്ചു തീരുമാനിക്കുകയും കഷ്ടകാലത്തിനു കായം കുളത്തിനു സമീപം വെച്ചു പിടിക്കപെടുകയും ചെയ്താൽ ഈ വകുപ്പ്‌ പ്രകാരമായിരിക്കും അയാൾക്കെതിരെ കേസ്‌ എടുക്കുക.
ഒരാൾ എടുത്തിരിക്കുന്ന ടിക്കറ്റിൻ പ്രകാരം യാത്രചെയ്യേണ്ട ക്ലാസ്സിനേക്കാളും ഉയർന്ന ക്ലാസിൽ താഴ്‌ന്ന ക്ലാസ്സിലെ ടിക്കറ്റുമായി യാത്ര ചെയ്താലും ഈ വകുപ്പു ബാധകമാണൂ. മേൽ പറഞ്ഞ വിധം യാത്ര ചെയ്യുന്ന യാത്രക്കാരനോടു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മതിയായ ടിക്കറ്റു ചാർജും ഫയിനും അടക്കാനായി ആവശ്യപ്പെടുകയും അയാൾ വിസമ്മതിക്കുകയും ചെയ്താൽ അയാളെ മജിസ്റ്റ്രേറ്റിനു മുമ്പിൽ ഹാജരാക്കി തെളിവു നൽകിയാൽ അയാളോടു മേൽ പറഞ്ഞ തുക അടക്കാനായി മജിസ്റ്റ്രേറ്റിനു ആവശ്യപ്പെടാനും അയാൾ തുക ഒടുക്കാൻ വിസമ്മതിക്കുകയും അയാൾ ചെയ്ത തായി ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കപ്പെടുകയും ചെയ്താൽ അയാളെ ഒരു മാസം തടവീനു ശിക്ഷിക്കാൻ ഈ വകുപ്പു അനുശാസിക്കുന്നു.

സെക്ഷൻ 141:- വ്യവസ്ത ചെയ്തിരിക്കുന്ന കാര്യങ്ങൾക്കൊഴികെ അകാരണമായി നിങ്ങൾ ട്രെയിനിലെ അപായ ചങ്ങല വലിച്ചു ട്രെയിൻ യാത്ര നിർത്താൻ ഇടയാക്കിയാൽ നിങ്ങളെ 500 രൂപ പിഴ ആദ്യ തവണ ശിക്ഷിക്കാം. വീണ്ടും നിങ്ങളെ ഇതേ കുറ്റത്തിനു ഹജരാക്കിയാൽ മജിസ്റ്റ്രേറ്റിനു നിങ്ങളെ മൂന്നു മാസം തടവിനു ശിക്ഷിക്കാം.

സെക്ഷൻ142:- റെയിൽ വേ ഉദ്യോഗസ്തനോ റെയിൽ വേ ഡിപാർറ്റ്‌മന്റ്‌ അധികാരപ്പെടുത്തിയഏജന്റോ അല്ലാത്ത നിങ്ങൾ ട്രെയിൻ യാത്രാ ടിക്കറ്റ്‌ വിൽക്കാനോ വിൽക്കാൻ ശ്രമിക്കാനോമുതിർന്നതായി തെളിയിക്കപ്പെട്ടാൽ നിങ്ങളെ മൂന്നു മാസം തടവിനോ 500 രൂപാ പിഴ അടക്കാനോ ഇതുരണ്ടും ഒരുമിച്ചു ശിക്ഷിക്കാനോ ഈ വകുപ്പ്‌ അനുശാസിക്കുന്നു.
മറ്റൊരാൾക്കു വേണ്ടി റിസർവ്വ്‌ ചെയ്ത ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും മറ്റൊരാളുടെ പേരിലുള്ളസീസൺ ടിക്കറ്റ്‌ ഉപയോഗിച്ചു യാത്ര ചെയ്താലും ഈ നിയമ പ്രകരം കുറ്റകരമാണു.
അധികാരപ്പെടുത്തിയ ആളിൽ നിന്നല്ലാതെ മറ്റ്‌ ഏതെങ്കിലും വ്യക്തികളിൽ നിന്നും നിങ്ങൾ ടിക്കറ്റ്‌ വിലകൊടുത്തു വാങ്ങി യാത്ര ചെയ്താൽ അപ്രകാരം തെളിയിക്കപ്പെട്ടാൽ ആ ടിക്കറ്റ്‌ നിങ്ങളിൽ നിന്നുംപിടിച്ചെടുക്കാനും സെക്ഷൻ 138 പ്രകാരം ടിക്കറ്റിലാതെ യാത്ര ചെയ്തു എന്നകുറ്റം നിങ്ങളിൻ മേൽചുമത്താനും ഈ വകുപ്പിന്റെ 2-ം ഉപ വകുപ്പു അധികാരം നൽകുന്നു.

സെക്ഷൻ 144:- യാത്രക്കാരായ നിങ്ങളുടെ മുമ്പിൽ പലപ്പോഴും കാണപ്പെടുന്ന ഒരു കുറ്റത്തിനുശിക്ഷിക്കാൻ അനുശാസിക്കുന്ന വകുപ്പാണു ഇതു. അനധികൃത വ്യാപാരവും ഭിക്ഷാടനവും.
റെയിൽ വേയുടെ അധികാര പത്രമില്ലാതെ ട്രെയിനിൽ കാപ്പി, ഊണു, വട തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ പുസ്തകം കപ്പലണ്ടി(നിലക്കടല), കശുവണ്ടി പരിപ്പു, തുടങ്ങിയ സാധന സാമഗ്രികൾവ്യാപാരം ചെയ്യുന്നതു കുറ്റകരമാണു.ഫ്ലാറ്റ്ഫോമിൽ വണ്ടി എത്തുമ്പോൾ ജനലിനരികിൽ നിന്നു ഈവക കച്ചവടം ചെയ്യുന്നവർക്കു അവർ ജോലി ചെയ്യുന്ന സ്റ്റാളുകൾക്ക്‌ ലൈസൻസ്‌ ഉണ്ടായാൽതന്നെയും ട്രെയിനു ഉള്ളിൽ കയറി വ്യാപാരം നടത്താൻ അധികാരമില്ല.ഇപ്രകാരം അനധികൃതവ്യാപാരം ചെയ്യുന്നവരിൽ നിന്നും അവർ വ്യാപാരം ചെയ്യുന്ന സാധന സാമഗ്രികകൾ പിടിച്ചെടുക്കാനുംഈ വകുപ്പു പ്രകാരം അവർക്കെതിരെ കുറ്റം ചുമത്താനും റെയിൽ വേ യുടെ നിർദ്ദിഷ്ട ഉദ്യോഗസ്ഥനുഅധികാരമുണ്ടു. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവോ 2000രൂപ പിഴയോ രണ്ടും ഒരുമിച്ചോഅനുഭവിക്കാൻ ഇടയാകും.
ട്രെയിൻ യാത്രാ വേളയിൽ നിങ്ങൾ യാത്രക്കാരുടെ മടിയിൽ ഒരു നോട്ടീസ്‌ കൊണ്ടു ബലമായിനിക്ഷേപിക്കുകയും പിന്നീടു നിങ്ങളുടെ മുമ്പിൽ കൈ നീട്ടി വരുകയും ചെയുന്നതു ഉൾപ്പടെ എല്ലാതരത്തിലുള്ള ഭിക്ഷാടനവും ഈ വകുപ്പു പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണു.

സെക്ഷൻ 145:- ഇതു 145(എ) 145(ബി) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ആകാശത്തിനു കീഴെചെയ്യുന്ന എല്ലാ നൂയിസൻസുകളും അതായതു ട്രെയിനിലും റെയിൽ വേ സ്ഥലത്തു എവിടെയുംപ്ലാറ്റ്ഫോമിലായാലും ടിക്കറ്റ്‌ ക്യൂവിലായാലും എങ്ക്യയറിയിലായാലും എവിടെയും നിന്നു ചീത്തവിളിക്കുക, അമാന്യമായി പെരുമാറുക, ശല്യം സൃഷ്ടിക്കുക, ബഹളം വെക്കുക, യാത്രക്കാർക്കു ശല്യംഉണ്ടാക്കുന്ന വിധം പെരുമാറുക ആംഗ്യം കാണിക്കുക തിക്കും തിരക്കും സൃഷ്ടിക്കുക,സ്ത്രീകളോടുഅപമര്യാദയായി പെരുമാറുക തുടങ്ങി ഞാൻ മുമ്പേ സൂചിപ്പിച്ചതു പോലെ ആകശത്തിനു കീഴിലെ ഏതുന്യൂയിസൻസും ഈ വകുപ്പിനു കീഴിൽ വരും. അതു മദ്യപീച്ചു കൊണ്ടാണെങ്കിൽ 145(എ)യുംഅല്ലാതുള്ളതു 145(ബി) യുമാണു പ്രയോഗിക്കുക. കുറ്റം തെളിഞ്ഞാൽ ആറു മാസം തടവോ അഥവാ 500 രൂപാ പിഴയോ ആവശ്യമെന്നു തോന്നിയൽ ഇതു രണ്ടും ഒരുമിച്ചോ ശിക്ഷിക്കാം.

സെക്ഷൻ 146:-സൂക്ഷിക്കുക, ഈ വകുപ്പും അപകടകാരിയാണു.റെയിൽ വേ പരിസരത്തോട്രെയിനിൽ വെച്ചോ ഒരുറെയിൽ വേ ഉദ്യോഗസ്തന്റെ ഡ്യൂട്ടിക്കു തടസം സൃഷ്ടിച്ചാൽ ഈ വകുപ്പിൻപ്രകാരം പ്രതിയാക്കപ്പെടാം. കുറ്റം തെളിയിക്കപ്പെട്ടാൽ ആറു മാസം തടവ്‌,അഥവാ 1000 രൂപാ പിഴ, വേണ്ടി വന്നാല്‍ തടവും പിഴയും ഒരുമിച്ചു എന്നിങ്ങനെയാണു ശിക്ഷ.നിങ്ങൾ ഏതെങ്കിലുംകാര്യത്തിനായി ഡ്യൂട്ടിയിൽ ഉള്ള ഒരു റെയിൽ വേ ഉദ്യോഗസ്ഥനുമായി വാക്കു തർക്കത്തിൽഏർപ്പെട്ടാൽ ആ ഉദ്യോഗസ്ഥൻ കർക്കശക്കാരനും മുൻ കോപിയുമാണെങ്കിൽ ഈ വകുപ്പു അയാൾഉപയോഗിക്കും.നിരപരാധിയാണെന്നു തെളിയിക്കാൻ നമ്മൾ നെട്ടോട്ടം ഓടേണ്ടി വരും.പലപ്പോഴുംകുട്ടികൾക്കു ടിക്കറ്റ്‌ എടുക്കുന്ന കാര്യത്തിനായി ടിക്കറ്റ്‌ പരിശോധകരുമായി നമ്മൾ വാക്കു തർക്കത്തിൽഏർപ്പെടുകയും വഴക്കുണ്ടാകുകയും ചെയ്യുമ്പോൾ ഓർക്കുക ഈ വകുപ്പിൽ പ്രതിയാക്കപ്പെട്ടേക്കാം.

സെക്ഷൻ 147. പലപ്പോഴും നമ്മൾ അകപ്പെട്ടു പോകുന്ന ഒരു സെക്ഷൻ ആണിതു. നമ്മുടെ ബന്ധുട്രെയിനിൽ വരുന്നുണ്ടു. ട്രെയിൻ സമയം ആകാറായി. പ്ലാറ്റുഫോം ടിക്കറ്റ്‌ എടുക്കാൻ മെനക്കെടാതെനമ്മൾ സ്ടേഷനു ഉള്ളിലേക്കു പായുന്നു. ചെന്നു പെടുന്നതു പരിശോധകന്മാരുടെ വായിലായിരിക്കും. നിയമാനുസരണമുള്ള അനുവാദപത്രം ഇല്ലാതെ റെയിൽ വേ സ്ടേഷനു ഉള്ളിൽ കടന്നതിനു ഈവകുപ്പിൻ പ്രകാരം നിങ്ങൾ കുറ്റക്കാരനാക്കപ്പെടാം.ആറു മാസം തടവു അഥവാ 2000 രൂപാ പിഴഅഥവാ ഈ രണ്ടു ശിക്ഷയും ഒരുമിച്ചു ഇതാണു ഈ നിയമം അനുശാസിക്കുന്നതു.

സെക്ഷൻ155:- മറ്റൊന്നിനായി റിസര്‍വ് ചെയ്തിരിക്കുന്ന കമ്പാർറ്റ്‌മന്റിലോ സീറ്റിലോഅനുവാദമില്ലാതെ നമ്മൾ കയറിയാലോ ഉപയോഗിച്ചാലോ ഈ വകുപ്പിൻ പ്രകാരംകുറ്റകരമാണു.റിസർവ്വേഷൻ കമ്പാർറ്റ്‌മന്റിൽ മതിയായ അനുവാദ പത്രമില്ലാതെ പ്രവേശിച്ചാലോ വികലാംഗർക്കായി റിസർവ്വ്‌ ചെയ്ത കമ്പാർറ്റ്‌മന്റിൽ കയറുകയോ ചെയ്താലോ ഈ വകുപ്പിൻ പ്രകാരംകുറ്റകരമാണു. നിങ്ങളെ അവിടെ നിന്നും നീക്കം ചെയ്യാനും നിങ്ങൾക്കു ഫൈൻ ചുമത്താനും പിഴഒടുക്കിയില്ലെങ്കിൽ തടവിൽ വിടാനും ഈ സെക്ഷൻ അധികാരം നൽകുന്നു.

സെക്ഷൻ 156. ഫുട്ബോർഡിൽ യാത്ര ചെയ്യുക, ട്രെയിനിന്റെ മേൽക്കൂരയിൽ യാത്ര ചെയ്യുക, എഞ്ചിൻറൂമിലും ഗാർഡിന്റെ റൂമിലും പാർസെൽ വാനിലും യാത്ര ചെയ്യുക തുടങ്ങിയവ ഈ വകുപ്പിൻ പ്രകാരംകുറ്റകരമാണു. മൂന്നു മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ തടവും പിഴയും ഒരുമിച്ചു ഇതാണുകുറ്റം തെളിഞ്ഞാൽ ശിക്ഷ.

സെക്ഷൻ157. നിങ്ങളുടെ ടിക്കറ്റ്‌ പാസ്‌, തുടങ്ങിയ യാത്രാനുവാദ പത്രത്തിലെ തീയതി മുതലായതുതിരുത്തുന്നതു ഈ വകുപ്പിൻ പ്രകാരം കുറ്റകരമാണു. ശിക്ഷ മുകളിൽ പറഞ്ഞതു തന്നെ.

സെക്ഷൻ.159:- ട്രെയിൻ സമയമായി. നിങ്ങൾ നിങ്ങളുടെ സ്വന്തം വാഹനത്തിൽ പാഞ്ഞു വന്നുവാഹനം എവിടെയെങ്കിലും സൂക്ഷിച്ചു അകത്തേക്കു പാഞ്ഞു പോയി ട്രെയിനിൽ കയറി പോയി പിന്നീടുഎപ്പോഴെങ്കിലും തിരികെ വന്നു / അഥവാനിങ്ങള്‍ വാഹനം എവിടെയോ പാര്‍ക്കു ചെയ്തു സ്റ്റേഷനില്‍ കാത്തു നിന്നു ട്രെയിനിൽ വന്ന ബന്ധുവിനെ ആനയിച്ചു വാഹനത്തിനു സമീപം എത്തുമ്പോൾഅവിടെ നിങ്ങളെ കാത്തു സെക്ഷൻ 159 പ്രകാരം നിങ്ങളെ പ്രതിയാക്കി ഒരു നോട്ടീസ്‌ വാഹനത്തിൽപതിച്ചിരിക്കുന്നതു കാണാൻ കഴിയും. അനധികൃത സ്ഥലത്തു വാഹനം പാർക്കു ചെയ്തു എന്ന കുറ്റംചുമത്തിയാണു നോട്ടീസ്‌. ശിക്ഷ 1 മാസം തടവു അഥവാ 500 രൂപാ പിഴ അഥവാ ഇതു രണ്ടുംഒരുമിച്ചു.പക്ഷേ രസകരമായ ഒരു വശം ഈ സെക്ഷനു ഉണ്ടു എന്നതു പലര്‍ക്കും അറിയില്ല. അനധികൃത പാർക്കിങ്ങിനു ഈ വകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ കോടതിക്കു അധികാരമില്ല. അനധികൃതമായി പാര്‍ക്ക് ചെയുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആ വാഹനം അവിടെ നിന്നും നീക്കംചെയ്യണമെന്നു ആവശ്യപ്പെട്ടിട്ടും നിങ്ങൾ അതു അനുസരിക്കാതിരിക്കുകയും ചെയ്യുമ്പോഴാണു ഈവകുപ്പിൻ പ്രകാരം ശിക്ഷിക്കാൻ അധികാരമുള്ളതു. ചാർജു ഷീറ്റിൽ ആർ.പി.എഫ്‌.ഉദ്യോഗസ്ഥർഇപ്രകാരം വിശദമായി എഴുതിയിട്ടില്ലാത്ത ചാർജു ആണെങ്കിൽ പ്രതിയെ വെറുതെ വിടാൻ കോടതിക്കുഅധികാരമുണ്ടു. പക്ഷേ ബുദ്ധിമാന്മാരായ ആർ.പി.എഫ്‌.കാർ എല്ലാം ഉള്‍കൊള്ളിച്ചു ചാർജു ഷീറ്റ്‌ തയാറാക്കും.തന്നോടു വാഹനം മാറ്റണം എന്നു ആവശ്യപ്പെട്ടില്ലഎന്നു പ്രതി ക്കു തന്റെ നിരപരാധിത്വംകോടതിയെ ബോദ്ധ്യപ്പെടുത്താൻ കഴിയും .അപ്രകാരം തെളിയിച്ച കേസുകൾ ഞാൻ പ്രതിയെ വെറുതെവിട്ടിട്ടുമുണ്ടു. ദൗർഭാഗ്യവശാൽ പലരും അതിനു മുതിരാറില്ല; പിഴ ഒടുക്കി പോകാറാണു പതിവു.

സെക്ഷൻ 161. കാവൽക്കാരില്ലാത്ത റെയിൽ വേ ക്രോസ്സിൽ നിങ്ങൾ വാഹനവുമായി കടന്നുപോകണമെങ്കിൽ ഇപ്പുറത്തു വാഹനം നിർത്തി നിങ്ങൾ ഇറങ്ങി ട്രെയിൻ വരുന്നുണ്ടോ എന്നുപരിശോധിച്ചതിനു ശേഷം മാത്രം വാഹനവുമായി റെയിൽ വേ ഗേറ്റ്‌ കടന്നു പോകണമെന്നും അല്ലാതെവാഹനവുമായി നിങ്ങൾ മുന്നോട്ടു പോയാൽ അതു കുറ്റകരമാണെന്നും ഈസെക്ഷൻ പറയുന്നു. അപ്രകാരം നിങ്ങൾ പിടിക്കപ്പെട്ടാൽ നിങ്ങളെ വിചാരണ ചെയ്യാന്‍ ചീഫ്‌ജൂഡീഷ്യൽ മജിസ്റ്റ്രേറ്റിനു മാത്രമേ അധികാരമുള്ളൂ.കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവിനുശിക്ഷിക്കപ്പെടാം.

സെക്ഷൻ 162. നിങ്ങൾ പുരുഷന്മാർ , ലേഡീസ് കമ്പാർമന്റിൽ യാത്ര ചെയ്യുന്നതു കുറ്റകരമാണെന്നു ഈസെക്ഷൻ അനുശാസിക്കുന്നു. നിങ്ങളുടെ ഭാര്യക്ക്‌ കൂട്ടുപോയാലും ലേഡീസ്സ്‌ കമ്പർട്ട്‌മന്റിൽ യാത്രചെയ്യാൻ നിങ്ങൾക്ക്‌ അവകാശമില്ല. കുറ്റം തെളിയിക്കപ്പെട്ടാൽ 500 രൂപാ വരെ പിഴ ഈടാക്കാം.

സെക്ഷൻ167. ട്രെയിനിലോ റെയിൽ വേ പരിസരത്തോ പുക വലിക്കുന്നതു കുറ്റകരവും 200 രൂപാ പിഴചുമത്താൻ കാരണമാക്കുന്നതുമാണു.

*
ശബ്ദരേഖ (Audio)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന