malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
ലേഖനം

സോദ്ദേശ സാഹിത്യത്തിന്റെ ആനുകാലിക പ്രസക്തി - പ്രതികരണം

അനിലാൽ ശ്രീനിവാസൻ
(ഈ വിഷയത്തിന്മേൽ 2018-ൽ ഒക്ടോബർ മാസത്തിൽ ഫിലാഡൽഫിയയിൽ നടന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) റീജിയണൽ കൺവെൻഷനിൽ സംഘടിക്കപ്പെട്ട ചർച്ചയിൽ പ്രതികരിച്ചത്)ഒരു നട്ട പാതിരക്കു പിള്ളേച്ചന്റെ വീട്ടിൽ കയറിച്ചെന്നു തന്റെ ഒരാഗ്രഹം പറയുന്ന കുട്ടിയപ്പൻ. ഒരു കൊമ്പനാനയുടെ തുമ്പികൈയ്യിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ചേർത്തുനിറുത്തി ഭോഗിക്കണം - അതിനു ഏർപ്പാടുണ്ടാക്കണം. അപ്പോൾ കൊമ്പനാന വേണം, പറ്റിയ പെണ്ണ് വേണം ഇത് രണ്ടും അന്വേഷിച്ചിറങ്ങുന്ന പിള്ളേച്ചനും കുട്ടിയപ്പനും. അവരുടെ യാത്രയിൽ നമ്മൾ കാണുന്നത് സദാചാര ബോധത്തോടെ ജീവിക്കുന്നവർ കാണാനിടയില്ലാത്ത കാഴ്ചകളാണ്. ലീലയെന്ന പെണ്ണിനെ വിൽക്കാൻ ശ്രമിക്കുന്നത് സ്വന്തം തന്ത തന്നെയാണ് - അയാൾക്ക്‌ ഒരു വിശേഷണം കൂടിയുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന വിശേഷണം. ഉണ്ണി ആറിന്റെ ഈ കഥയെക്കുറിച്ചു എന്നോട് ഒരു പെൺ സുഹൃത്ത് പറഞ്ഞതിങ്ങനെ.."ഹോ ആ സാധനം വായിച്ചു തൊടങ്ങി ഒരു പേജ് കഴിഞ്ഞപ്പോ അടച്ചുവച്ചു..പിന്നെ അടുത്തൂടെ പോയിട്ടില്ല..ശേ എന്തൊക്കെ വൃത്തികേടാ എഴുതി വച്ചേക്കുന്നേ..എന്തിനാ ഇങ്ങിനെ കഥയെഴുതുന്നേ "

ഈ സുഹൃത്ത് കഥ നല്ലതാണെന്നോ നല്ലതല്ലായെന്നോ പറയുകയല്ല മറിച്ച് രചനയുടെ ഉദ്ദേശം ചോദ്യം ചെയ്യുകയാണിവിടെ. അതുപോലെ ബെന്യാമിന്റെ 'ആട് ജീവിതം' ഉൾപ്പെടെ ഈയിടെ പുറത്തുവന്ന പല സാഹിത്യ കൃതികളെ ക്കുറിച്ചും ഇത്തരം അഭിപ്രായങ്ങൾ ചിലരിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതെ സമയം നമ്മളിൽ ചിലരെങ്കിലും ഈ രചനകൾ വായിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ രചനകളെ വിലയിരുത്തുകയും അതിന്റെ ഉദ്ദേശത്തെ അല്ലെങ്കിൽ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതുമെല്ലാം പ്രധാനമായും വായനക്കാരാണ്.അതിന്റെ മാനദണ്ഡം ഓരോരുത്തരിലും ഓരോ തരത്തിലാണ്. കാരണം വായനക്കാരന്റെ വിശ്വാസ പ്രമാണങ്ങളും ഉൾക്കാഴ്ചയും സാമൂഹിക ബോധവുമൊക്കെയാണ് ഈ മാനദണ്ഡം നിശ്ചയിക്കുന്നത്. രചനയുടെ ഫോമിനും കണ്ടന്റിനും ടെക്‌നിക്കിനും ഒക്കെ അപ്പുറത്തുള്ള ഒന്നാണിത്.

സോദ്ദേശ സാഹിത്യത്തിന്റെ ആനുകാലിക പ്രസക്തി വായനക്കാരൻ, രചിയിതാവ്, രചനകൾ എന്നിവയെ രചനകൾ ഏതു സാഹിത്യവിഭാഗത്തിൽ പെടുന്നു (genre) എന്നതിനെ കണക്കിലെടുത്തു ആനുകാലിക പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്.

സാഹിത്യത്തിന് എന്തെങ്കിലും ഉദ്ദേശം ഉണ്ടോ ലക്‌ഷ്യം ഉണ്ടോ? ഉദ്ദേശമേയില്ലയെങ്കിൽ പിന്നെ സദുദ്ദേശമോ ദുരുദ്ദേശമോ എന്ന് ചിന്തിക്കേണ്ടല്ലോ. എന്റെ അഭിപ്രായത്തിൽ പൊതുവെ ആനുകാലിക സാഹിത്യത്തിന് ഒരു ഉദ്ദേശവും ആരും പറഞ്ഞുവെച്ചിട്ടില്ല.

എന്നാൽ ഉദ്ദേശത്തോടെ സാഹിത്യം ഉണ്ടാകുന്നില്ലേ? ഉണ്ടായിട്ടില്ലേ? തീർച്ചയായും ഉണ്ട്. ഏറ്റവും നല്ല ഉദാഹരണം - പ്രൊപോഗാണ്ടാ ലിറ്ററേച്ചർ തന്നെ. മത സാഹിത്യവും രാഷ്ട്രീയ സാഹിത്യവും നോക്കുക. സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതത്തെക്കുറിച്ചെഴുതുന്നയാളുടെ അല്ലെങ്കിൽ സാഹോദര്യം അടിസ്ഥാനമായ ഇസ്ലാം മതത്തെ കുറിച്ചെഴുതുന്നൊരാളുടെ ഉദ്ദേശം അയാളെ സംബന്ധിച്ച് നല്ലതായിരിക്കാം. പക്ഷെ ആര് വായിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ആ എഴുത്തിനെക്കുറിച്ചു ഭിന്നാഭിപ്രായം ഉണ്ടാകാം. അതുപോലെ തന്നെ രാഷ്ട്രീയ എഴുത്തുകളും.

സ്ഥാപിതമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ഉറപ്പിക്കുന്ന തരത്തിലുള്ള കൃതികളെയാണ് പൊതുവെ സോദ്ദേശപരം എന്ന് പറയാറുള്ളത്. അത് ഒരു ഫാഷിസ്റ് ക്രമമാണ്. ഈ ക്രമം ആവശ്യപ്പെടുന്ന ലക്‌ഷ്യം സാഹിത്യത്തിലും സംഗീതത്തിലും കലയിലും ഉണ്ടാക്കിയ സ്വാധീനമാണ് ക്ലാസ്സിസിസം എന്ന പ്രസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായതാണിത്. ഇതിനു പ്രധാനമായും മൂന്നു സ്വഭാവ വിശേഷങ്ങളുണ്ട്. 1. പാരമ്പര്യാധിഷ്ടിതം, 2 . മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കൽ, അംഗീകരിക്കാതിരിക്കൽ.
3 . പ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും സ്ഥിരതയും പരിമിതിയും അനുസരിക്കൽ. ഒരു ചിത്രകാരൻ തന്റെ സൃഷ്ടി ചെയ്യുന്നത് പഴയതിനെ അതെ പാടി പകർത്തുക എന്ന ധർമം അനുസരിച്ചായിരുന്നു. അവിടെ ആസ്വാദകന്റെ ധർമം വരച്ചത് തനിക്കു പരിചയമുള്ള രൂപത്തോട് ചിത്രകാരൻ എത്ര മാത്രം നീതി പുലർത്തി എന്നതിനെ അടിസ്ഥാനമാക്കി ആസ്വദിക്കുക എന്നതായിരുന്നു. ആ പ്രവണതകളോടുള്ള പ്രതികരണമായിട്ടാണ് പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ തന്നെയുണ്ടായ റൊമാന്റിസിസം അഥവാ കാൽപ്പനിക പ്രസ്ഥാനം. അവിടേക്കെത്തുമ്പോൾ രചനകളിൽ ഭാവനയും വ്യക്തിയും കേന്ദ്രമാവുകയാണ്. നേച്ചർ വിട്ടു സൂപ്പർ നേച്ചറലും, എന്തിനു ഭാവനക്കു കടന്നു ചെല്ലാവുന്ന ഏതു മേഖലയും സൃഷ്ടിക്കു വിഷയമാവുകയുണ്ടായി. ചുരുക്കത്തിൽ ക്ലാസ്സിസിസം ഭൂത കാലത്തേ അടിസ്ഥാനമാക്കിയാവുമ്പോൾ റൊമാന്റിസിസം ഭാവിയെ നോക്കിക്കാണാൻ ശ്രമിക്കുന്നു.

ഇതുവരെ പറഞ്ഞു വന്നത്, സൃഷ്ടിപരമായി കല്പ്പനയുടെ ലോകത്തു വ്യാപരിക്കുന്ന ആനുകാലിക സാഹചര്യത്തിൽ സാഹിത്യത്തിന് ഒരു ഉദ്ദേശം വേണമെന്നില്ല. അത് കൊണ്ടു തന്നെ സദുദ്ദേശവും ദുരുദ്ദേശവും അപ്രസക്തം. അടിസ്ഥാനപരമായും മാനുഷികതയാണ് സാഹിത്യ രചനക്ക് പ്രേരണയാവുന്നത് എന്ന് വിശ്വസിക്കുന്നു. മാനുഷികതക്കു ഊന്നൽ നൽകുന്ന ഏതു കൃതിയും സദുദ്ദേശപരമാണ് എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

*

ചിത്രം (Photo)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന