malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
അനുഭവം

എഴുത്ത് സത്യമാകുമ്പോൾ-വേദനയും,സന്തോഷവും

ചന്തു നായർ
1998 ലാണെന്നു തോന്നുന്നു തിരുവനന്തപുരം ദൂരദർശനുവേണ്ടി ഞാൻ എഴുതിയ “വിളക്കുവയ്ക്കുംനേരം” എന്ന സീരിയൽ എല്ലാ ബുധനാഴ്ചകളിലും സംപ്രേക്ഷണം ചെയ്തിരുന്നത്.
അന്നു മലയാളസിനിമയിലെ എന്റെ അടുത്തകൂട്ടുകാരനായ ശ്രീ. ബാലചന്ദ്രമോനോൻ, പ്രഗത്ഭരായ ശ്രീ.കെ.പി. ഉമ്മർ, ശ്രീ. രാഘവൻ, ശ്രീ. അസീസ്, രേണുക, നീമാപ്രസാദ് തുടങ്ങിയ വലിയ താരനിരയെത്തന്നെ അതിൽ ഉൾപ്പെടുത്തിയിരുന്നു.

അന്നത്തെ സീരിയലുകളിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചതും കുറേയേറെ അവാർഡുകൾ ലഭിച്ചതും നല്ല റേറ്റിംഗിൽ പോയതുമായ സീരിയലായിരുന്നു അത്. എന്റെ നാട്ടുകാർക്ക് ഷൂട്ടിംഗ് കാണാൻ അവസരമൊരുക്കിക്കൊണ്ട്, എന്റെ നാടായ കാട്ടാക്കടയിലും നെയ്യാർ ഡാംസൈറ്റിലുമൊക്കെ യായിരുന്നുഅതിന്റെ ലോക്കേഷനും.

ബാലചന്ദ്രമേനോന്റെ മകൻ (സ്കൂൾകൂട്ടിയായ കഥാപാത്രം) ലഹരി ഉപയോഗിക്കുന്നതും നാടോടിനടക്കുന്ന അച്ഛന്റെ നോട്ടം മകനിൽ പതിയാത്തതും അമ്മയുടെ ദുഃഖവുമൊക്കെയാണ് ഇതിവ്യത്തം. നല്ല സസ്പെൻസും അതിലുൾപ്പെടുത്തിയിരുന്നു. കുടുംബകഥയായതുകൊണ്ടാകാം ഓരോരോ ബുധനാഴ്ച്ചകളിലും പ്രേക്ഷകർ ടീ.വി.ക്കു മുന്നിൽ സ്ഥാനം പിടിച്ചു.
ഇന്നത്തെപ്പോലെയുള്ള ‘മെഗാപരമ്പര‘യല്ലാത്തതിനാൽ ഒരു സിനിമയെടുക്കുന്നതുപോലെയാണു അതു ചിത്രീകരിച്ചതും.

പില്ക്കാലത്ത് പ്രശസ്തനായ, എന്റെ ഇളയ സഹോദരനെപ്പോലെയും ഒരു വേള, ശിഷ്യനെപ്പോലെയും കണ്ടിരുന്ന ശ്രീ. ശിവമോഹൻ തമ്പിയായിരുന്നു സംവിധായകൻ; അസോസിയേറ്റ് ഡയറക്റ്റർ രാധാ കൃഷ്ണൻ മംഗലത്തും.

സീരിയൽ തീർന്ന നാളിന്റെ പിറ്റേ ദിവസം ഒരാളെന്നെ കാണാൻ വീട്ടിൽ വന്നു… അത്ര പരിചയക്കാരനല്ലാത്ത ഒരാൾ, എന്തോ പറയാനുണ്ടെന്ന് ആ മുഖഭാവത്തിൽനിന്നു ഞാൻ വായിച്ചെടുത്തു. ഒപ്പമിരുന്ന് ചായ കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചൂ :

“സാർ…… എന്റേയും, മകന്റേയും കഥയാണോ സാർ സീരിയലിനായി ഉപയോഗിച്ചത്?’

‘അല്ലാ‘ എന്ന എന്റെ മറുപടിയിൽ അയാൾ ത്യപ്തനായില്ല.

അയാൾ മകന്റെ കഥപറഞ്ഞു. അഞ്ചാം ക്ലാസുമുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന മകനെപ്പറ്റി, ആറു സ്കൂളുകളിൽ മാറിമാറി പഠിച്ച മകനെപ്പറ്റി, ഇപ്പോൾ പത്താംതരത്തിലെത്തിയിരിക്കുന്ന മകൻ കൈവിട്ടു പോകുമെന്ന് പറഞ്ഞ് കരഞ്ഞു, ആ പിതാവ്.

“എങ്ങനെയെങ്കിലും ഈ നീരാളിപ്പിടുത്തത്തിൽനിന്നു മകനെ സാർ രക്ഷിച്ചുതരണം“

എന്നു കെഞ്ചിപ്പറഞ്ഞത് ഇപ്പോഴും കർണ്ണങ്ങളിൽ.
ഒരുനാൾ അയാൾ മകനുമായി എന്റെ ഓഫീസിൽ വന്നു. ഞാൻ അവനെമാത്രം എന്റെ കാറിൽ കയറ്റി കുറേ ദൂരം ഡ്രൈവ് ചെയ്തു. ഉപദേശിച്ചൂ. അച്ഛന്റേയും അമ്മയുടേയും ദുഃഖത്തെപ്പറ്റി ആ കുട്ടിയോടു പറഞ്ഞു.

ഒറ്റയ്ക്കു കാറോടിക്കുമ്പോഴാണ് മനസ്സിൽ കഥകൾ രൂപപ്പെടുന്നത്. പുതിയതായി ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു സിനിമയുടെ കഥ നെയ്യുകയായിരുന്നു മനസ്സിൽ.
പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ എന്റെ കാറിനു കൈകാണിച്ചു. പതിവില്ലാത്തതാണെങ്കിലും ഞാൻ നിറുത്തി.

“ഞാൻ കയറിക്കോട്ടേ സർ ?“

ചെറുപ്പക്കാരന്റെ അപേക്ഷ അവഗണിക്കാനായില്ല. അയാൾ കയറി. യാത്ര തുടരവേ :

“സാറിനു രാഹുലിനെ ഓർമ്മയുണ്ടോ ?”

“ഇല്ല കുഞ്ഞേ”

“വിളക്കുവയ്ക്കുംനേരം എന്ന സീരിയലിലെ സാറിന്റെ കഥപാത്രം“

ഞാനപ്പോഴാണു ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.

“അതേ സർ, അന്ന് സാർ ഉപദേശിച്ച ആ പത്താംക്ലാസ്സുകാരനാ ഞാൻ ഇപ്പോൾ ഞാൻ ടെക്നോപാർക്കിൽ ജോലിചെയുന്നു, ഇൻഫോസിസിൽ, കാറു വഴിക്കു കേടായി, മാരുതിക്കാരെ വിളിച്ച് പറഞ്ഞു അവർ വന്നു. വണ്ടി നാളെയേ കിട്ടൂ, സാറാണെന്ന് കരുതിയല്ല ഞാൻ കൈകാണിച്ചത്. വളരെ നന്ദിയുണ്ട് സർ”

അവൻ ലഹരിയിൽനിന്നു മുക്തമായതും പിന്നെ പഠിച്ചതും ജോലികിട്ടിയതും വിവാഹിതനായതും ഒക്കെ പറഞ്ഞു. ഞാൻ കേൾവിക്കാരനായി.

ഒരു കവലയിൽ എത്തിയപ്പോൾ അയാൾ വണ്ടി നിറുത്താൻ പറഞ്ഞു, ഞാൻ നിറുത്തി.

“സർ ഒരു മിനിറ്റ്”

അയാൾ ഒരു കുപ്പി സോഡയും ഒരു വെറ്റിലമുറുക്കാനും ഒരു കടയിൽനിന്നു വാങ്ങിവന്നു.

“വെറ്റിലയും പാക്കും പൊതിപ്പാക്കും ചുണ്ണാമ്പും(നൂറ്) മാത്രമേ വാങ്ങിയുള്ളു, പുകയില വാങ്ങിയില്ല സർ”
ഞാൻ അത്ഭുതപ്പെട്ടു. (യാത്രയിൽ സോഡയും മുറുക്കാനും എനിക്കിഷ്ടമാണെന്ന് ഈ യുവാവ് എങ്ങനെയറിഞ്ഞു?)

മറുപടി പറയുന്നതിനു മുമ്പേ അയാൾ എന്റെ കാലു തൊട്ടുവന്ദിച്ചു. എന്താണു പറയേണ്ടത് എന്നറിയാതെ വല്ലത്തൊരു വികാരത്തിനടിമപ്പെട്ടിരിക്കുന്ന എന്നെ ഒന്നുകൂടെ നോക്കി, തൊഴുതുകൊണ്ട് അയാൾ ഡോർ അടച്ചു. യാന്ത്രികമായി ഞാൻ കാർ മുന്നോട്ടെടുത്തു, അപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തിനെന്നറിയാതെ.!

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

ഇപ്പോൾ കേരളത്തിലെ സ്കൂളുകളിൽ ശക്തിയാർജ്ജിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തെക്കുറിച്ചും അതിനെക്കുറിച്ചു സർക്കാറിനു നല്കിയ അപേക്ഷ എന്റെ ഒരു കൂട്ടുകാരൻ എനിക്കു മെയിലയച്ചത് തലേദിവസം. ഇപ്പോൾ ഇങ്ങനെ ഒരു അനുഭവവും. പ്രവാസികളേ നാട്ടിലുള്ള മാതാപിതാക്കളെ നമ്മുടെ മക്കളെ നിരീക്ഷിക്കുക. അവർ മയക്കുമരുന്നുമാഫിയകളുടെ കൈകളിൽ പെട്ടിട്ടുണ്ടോ എന്നു നിരീക്ഷിക്കുക………… ഉണരുക…ഉണർന്നുപ്രവർത്തിക്കുക ജാഗ്രതൈ!

*

ചിത്രം (Photo)

വിഷയവിവരം


ഫീച്ചര്‍
അനുഭവം
അഭിമുഖം
എന്റെ കേരളം
കഥ
കഥകളി
കവിത
കായികം
കോടതിക്കഥകള്‍
കൗതുകം
ചലച്ചിത്രം
നർമ്മം
നിയമം
പട്ടാളക്കഥകള്‍
പ്രവാസം
പുസ്തകലോകം
പാചകം
മിനിക്കഥ
മിനികവിത
മീഡിയ
യാത്രാവിവരണം
ലേഖനം
വർത്തമാനം
വാണിജ്യം
വിവര്‍ത്തനം
ശാസ്ത്രം
സംഗീതം
സംസ്കാരികം
സാങ്കേതിക വിദ്യ
കുടുംബപംക്തി
കാർട്ടൂൺ
നിങ്ങളുടെ കത്തുകൾ
നിരൂപണം
പ്രത്യേകപംക്തി
മുഖപ്രസംഗം
സ്ഥിരപംക്തി
നോവൽ
ബാലപംക്തി
ആത്മീയം
ചിത്രരചന