കവിത

ഉണ്ണിമേരിയെ വീട്ടിലെത്തിച്ചപ്പോൾ

സുധീർ ശങ്കരശേരി
ഇന്നലെ,
ഉണ്ണിമേരിയെ കണ്ടപ്പോൾ
ഒരു പൂതി തോന്നി.

കുറെ നാളുകൾക്ക് ശേഷമാണ്
ഏഴഴകുള്ള ഉണ്ണിമേരിയെ
കാണുന്നത്!
ഉടൽ ഒട്ടുംതന്നെ
ഉടഞിട്ടില്ലായിരുന്നു.

ചിലർക്കൊക്കെ
ഉണ്ണിമേരി അത്ര പഥ്യമല്ല.

ഉണ്ണിമേരിയെ
എണ്ണയിലിട്ട് പൊരിച്ചെടുക്കണം.
പിന്നെ,
സവാളയിട്ട് അലങ്കരിക്കണം.
എന്നിട്ട്.....
ഒരു പിടുത്തം പിടിക്കണം.....

ഉണ്ണിമേരിയേയും കൂട്ടി
വീട്ടിലെത്തിയപ്പോൾ
വീട്ടുകാർക്ക് ആകെയൊരു പൂച്ഛം.

ആരും അടുത്തില്ല.
തൊട്ടില്ല.
നീരസത്തോടെ വഴിമാറിപ്പോയി.

അവസാനം,
ഞാൻ തന്നെ
കഴുകി വൃത്തിയാക്കിയെടുത്തു.
കാൽ മണിക്കൂറെടുത്തു.
അറപ്പും മടുപ്പും
ഒട്ടും തോന്നിയില്ല.

പിന്നെ,
അത്യാവശ്യം വേണ്ടതൊക്കെ
തേച്ചുപിടിപ്പിച്ചു.
സൂക്ഷ്മതയോടെ പൊരിച്ചെടുത്തു.

രാത്രിയിൽ,
ഊണിനൊപ്പം ചേർത്ത്
ആസ്വദിക്കുമ്പോൾ
പങ്കുപറ്റാൻ ചിലർ
ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

ഞാൻ
ഇടംവലം നോക്കിയില്ല.
ഞാനാരാ മോൻ!

ഗുണപാഠം
..................
ഒരു കാര്യം വിചാരിച്ചാൽ,
ആരും സഹായിച്ചില്ലെങ്കിലും,
അത് പ്രാവർത്തികമാക്കാൻ
നമ്മൾ കൂട്ടിയാലും കൂടും.

*

കറിക്കുറിപ്പ്
.......................
ഞങ്ങളുടെ നാട്ടിൽ
കിളിമീനിനെ പറയുന്ന
മറ്റൊരു പേരാണ് ഉണ്ണിമേരി.

*
ബ്ലോഗിലേക്ക്......