പുസ്തക പരിചയം

നീയും ഞാനും പിന്നെ നമ്മളും - മാലിനി

ഡോ: ഷീല എൻ പി
അവതാരിക

‘നീയും ഞാനും പിന്നെ നമ്മളും’ എന്ന മാലിനിയുടെ കഥാസമാഹരത്തിന്‌ അവതാരികയെഴുതാൻ നറുക്കുവീണത് എനിക്കാണെന്നറിഞ്ഞപ്പോൾ സന്തോഷമുണ്ടായി, ഒപ്പം ആശ്ചര്യവും. സന്തോഷം, കാമ്പുള്ള കഥകൾ എഴുതുന്ന മാലിനി എന്ന തൂലികാനാമധാരി നിർമ്മല അകലെയാണെങ്കിലും അടുപ്പംകൊണ്ട് എനിക്ക് പുത്രീസമയാണ്‌. ആശ്ചര്യകാരണം , ജനനി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്‌ അതിന്റെ പത്രാധിപസമിതിയിലെ എത്രയോ പേർ അവതാരികയ്ക്കായി അരികിലുള്ളപ്പോൾ എന്തിനു മറ്റൊരാൾ? എതായാലും ഓർക്കാപ്പുറത്തു വന്ന ഭാഗ്യമായി ഞാനിതിനെ കരുതുന്നു.

ഈ കഥാസമാഹാരത്തിൽ മലിനിയുടെ പതിനഞ്ച് കഥകളാണുള്ളത്. ‘പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ’ എന്ന ആദ്യ കഥാസമാഹാരത്തിൽ 21 കഥകളായിരുന്നു. ആദ്യ കഥാസമാഹാരത്തെ അപേക്ഷിച്ച് കഥാരചനയിൽ ബഹുദൂരം മുന്നോട്ട്പോയി മികവു തെളിയിച്ചിരിക്കുന്നു പുതിയ മാലിനികഥകൾ. രചനാ വൈദഗ്ദ്ധ്യം ഉപര്യുപരി മെച്ചപ്പെട്ടുവരുന്ന അനുഭവം ഉളവാകുന്നുണ്ടെന്ന് സ്പഷ്ടം.

കഥയെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ചില സങ്കല്പങ്ങളുണ്ടല്ലൊ. അത് നമ്മെ രസിപ്പിക്കണം, സത്യമെന്ന് തോന്നുലുണ്ടാകണം. വിഷയം സുര്യനു കീഴിലുള്ള ഏതുമാകാം. പക്ഷെ ഒന്നുണ്ട്; ഭൂമിയിലും പിന്നെ ഏഴുതരം സ്വർഗ്ഗത്തിലും ഇരുപത്തെട്ടുതരം നരകത്തിലും വിഹരിക്കുന്ന നവവവോന്മേഷശാലിയായ ഭാവന, ആത്യന്തികമായി കൊടികുത്തി വാഴേണ്ടത് ജനമനസ്സുകളുടെ വിചാരവികാരങ്ങളിലും അവരുടെ പ്രശ്നങ്ങളിലുമാണ്‌. സാഹിത്യകാരൻ നിരുദ്ദേശ്യമായി തന്റെ തൂലിക ചലിപ്പിക്കാൻ പാടില്ല. അതിന്‌ ഒരു ലക്ഷ്യമുണ്ടാവണം. താൻ പറയുന്നതിന്‌ ഒരു പുതുമുണ്ടാവണം. പറയുന്ന രീതി ശരിയാകണം. സർവ്വപ്രധാനം പദപ്രയോഗത്തിൽ കാട്ടേണ്ട ‘പിശുക്കാ’ണ്‌. രണ്ട് പദങ്ങളുടെ ഫലം, കൂടുതൽ ഉചിതമായി ഒറ്റപ്പദംകൊണ്ട് ലഭിക്കുമെങ്കിൽ അതാണുചിതം (ഉചിതപദം ലഭിക്കാൻ മാസങ്ങളോളം പരതിയ സാഹിത്യകാരന്മാരും തൻ എഴുതിയ അറുനൂറില്പരം പേജുകൾ കീറിക്കളഞ്ഞ വിശ്വസാഹിത്യകാരനായ ദസ്തൊയവ്സ്കിയും ഓർമയിൽ മായാതെ നില്ക്കുന്നു).

ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ നേർക്കാഴ്ച്ചകളാകണം എഴുത്തിന്‌ പ്രമേയമാകേണ്ടത്. അതുകൊണ്ടാണ്‌ കുട്ടികൃഷ്ണമാരാർ ‘ജീവിത തന്നെ കല’ എന്ന് പറഞ്ഞുവെച്ചത്.

മലിനി തകഞ്ഞ പക്വതയോടെയും എഴുതി കൈത്തഴക്കം വന്ന ഒരു കഥാകൃത്തിന്റെ അത്യന്ത സ്വാഭാവികതയോടെയുമാണ്‌ കഥകൾ രചിക്കുന്നത്. പലരും തട്ടിക്കൂട്ടിലൂടെ സൂത്രത്തിൽ, ആരും പറഞ്ഞില്ലെങ്കിലും സ്വയം സാഹിത്യകാരവേഷം കെട്ടിയാടുന്ന പ്രവണത കാണാറുണ്ട്. ഈ കഥാകാരിക്ക് ഉള്ള യോഗ്യതകൂടി മറച്ചുവച്ച് തിരശീലക്ക് പിന്നിൽ നില്ക്കാനാണിഷ്ടം. മീറ്റിംഗിന്‌ വന്നാൽ രംഗം സൂക്ഷ്മനിരീക്ഷണം നടത്തി അവിടെ പറയുന്നതെല്ലാം മനസ്സിൽ സംഗ്രഹിക്കുകയും മനുഷ്യ സ്വഭാവം പഠിക്കുകയുമാണ്‌ പതിവ്. സ്ത്രീയോചിതമായ ശാലീനതയും അടക്കമൊതുക്കവും സഹജം. നോക്കിലും വാക്കിലും എടുപ്പിലും സദ അന്തസ്സ് പാലിക്കുന്ന പ്രകൃതം. നിർമ്മല എല്ലാ വിധത്തിലും തന്റെ പേര്‌ അന്വർത്ഥമാക്കുന്നു.

മാലിനിയുടെ കഥകളിലെല്ലാംതന്നെ ജീവിതത്തിന്റെ ചൂടും വേവും ഇല്ലായ്മയും വല്ലായ്മയും നിസ്സഹായതയും സന്തോഷ-സന്താപങ്ങളും മനുഷ്യമനസ്സിന്റെ നേരും നെറിയും നിഗൂഢതകളും യൂദാസിന്റെ സ്നേഹചുംബനം പോലെയുള്ള ചതിയും എന്ന് വേണ്ട സകലതും അതീവ ചാരുതയോടും അനായസവും ഒരു ചിമിഴിൽ ഒതുക്കിവെച്ച് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഈ സമാഹാരത്തിലെ ആദ്യത്തെ കഥ ‘തുവരശ്ശേരിക്കുന്നി’ലേക്ക് ദൃഷ്ടി പതിപ്പിക്കാം. നരജീവിതമായ വേദനയൂടെ ഒരു പരിഛേദം നമുക്കിതിൽ കാണാം. ജാതിയും മതവും എത്രമേൽ രാക്ഷസീയമായാണ്‌ നിഷ്കളങ്കജീവിതത്തെ ഹനിക്കുന്നത്! വ്യത്യസ്ത മതവിശ്വാസങ്ങളുടെ കരിങ്കൽ ഭിത്തികൾ ഗൗനിക്കാതെ രണ്ടു ജീവിതങ്ങൾ ഒന്നിച്ച് ചേരാന ധൈര്യപ്പെടുന്നു. പ്രതിലോമശക്തികൾ സമരമുഖത്ത് പ്രതിരോധം സൃഷ്ടിക്കുന്നു. ഇവരുടെ ജീവിതസമരവീര്യം വൻശക്തികളുടെ മുന്നിൽ അസ്തപ്രായമാകുന്നു. ആകെക്കൂടി ജയം നേടുന്നത് സനാതനമായ സ്നേഹം മാത്രം.

അടുത്ത കഥ ‘ദൂരെ...ദൂരെ... മലനിരകളും കഴിഞ്ഞ്’ എന്ന ശീർഷകത്തിൽ, വിപ്ലവപ്രസ്ഥാനത്തിൽ ആകൃഷ്ടരായ രണ്ട് പ്രണയികളുടെ കഥയാണ്‌. വിപ്ലവവീര്യം വിജയസോപാനമേറുക ദുഷ്കരം. പിന്നെ കൊന്നും മുടിച്ചും വിജയം കൊയ്യാമെന്നുള്ള മരീചികയിൽ ആകൃഷ്ടരായി ദു:രന്തം കൊയ്യുന്ന സമാപ്തിയാണ്‌ ഇതഃപര്യന്തമുള്ള അനുഭവം. ഈ കഥ ഏതാണ്‌ അങ്ങനെതന്നെയാണ്‌. പഴയകാല വിപ്ലവകാരികളുടെ കഥ പഴയ ആളുകൾക്ക് മറക്കാറായിട്ടില്ല. കുന്നിക്കൽ നാരായാണൻ, അജിത, ചാലി തുടങ്ങിയവർ ആയുധംവച്ചു കീഴടങ്ങി. ഇപ്പോൾ പിന്മുറക്കാർ സാധാരണജീവിതം നയിക്കുന്നു. മാലിനിയും ഇതിലൊരു പരാജയത്തിന്റെ കഥയാണ്‌ പറയുന്നത്. പക്ഷെ, അനുഭവമോ, ദൃക്‌സാക്ഷി വിവരണത്തിന്റെ അഭാവമോ ഈ കഥയെ ഒട്ടൊന്ന് അസ്വാഭാവികമാക്കുന്നില്ലെ എന്ന് ഞാൻ ശങ്കിക്കുന്നു. കാലാവധി തീരും മുമ്പെ നല്ല നടപ്പിന്‌ ജയിൽമോചിതയാകുന്ന അവളിൽ - വിപ്ലവകാരി, പ്രണയിനി, അമ്മ എന്നീ വൈകാരിക ഭാവങ്ങൾ സൃഷ്ടിക്കുന്ന സംഘർഷം വായനക്കാരെ വല്ലാതെ കുഴയ്ക്കുന്നു. ഇവിടെ കഥാകാരിയുടെ ഭാവനയുടെ ചിറകിന്‌ എവിടെയോ ഭ്രംശം സംഭവിച്ചിരിക്കുന്നു.

ഇനിയത്തെ കഥ ‘പതിമൂന്നാമൻ’ ആണ്‌. പന്ത്രണ്ടുപേരുടെ ഒരു കൂട്ടായ്മയിൽ, അവരിൽ ഒരാളുടെ അനുജത്തി - മീനാക്ഷി എന്ന പെൺകുട്ടി - അവരുടെ കൂടെച്ചേരുന്നു. അവൾക്ക് അവാർഡ് ലഭിച്ച സ്വർണ്ണപ്പതക്കം ആ കൂട്ടായ്മയിൽ വെച്ച് കാണാതായതാണ്‌ പ്രമേയം. ഈ കഥയിൽ, മീനാക്ഷിതന്നെയാണ്‌ കളവ് നടത്തുന്ന ആ ‘പതിമൂന്നാമനെ’ന്ന് സൂക്ഷ്മഗ്രാഹിയായ വായനക്കാർന്‌ മനസ്സിലാകും. എങ്കിലും ഏറെ അവ്യക്തതകൾ വായനക്കാരന്‌ അനുഭവപ്പെടുന്നു.

‘നീയും ഞാനും പിന്നെ നമ്മളും’ എന്ന ശിർഷകകഥ സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണെന്നും, എല്ലാ സൗന്ദര്യപ്പിണക്കങ്ങൾക്കും ഫെമിനിസത്തിന്റെ ആർപ്പുവിളികൾക്കു മേലെയും ജീവിതസമരത്തിൽ ഒരുമിച്ച് അടരാടുന്നവരാണെന്നും വളരെ കുറച്ചു വാക്കുകളിലൂടെ മാലിനി വ്യക്തമാക്കുന്നു.

ഓരോ കഥയെക്കുറിച്ചും സൂചിപ്പിച്ച് വായനക്കാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും കൈവയ്ക്കാൻ എനിക്കുദ്ദേശ്യമില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം, വ്യത്യസ്തവും. പുതിയപുതിയ പ്രമേയങ്ങൾ കണ്ടുപിടിച്ച്, തന്റെ തനതു ശൈലിയിൽ പുതുമയോടെ അവതരിപ്പിക്കുന്നതിൽ അസാധാരണ കഴിവാണ്‌ ഈ കഥാകാരിക്കുള്ളത്. അത് ഇതര കഥാകൃത്തുക്കളിൽനിന്ന് മാലിനിയെ വേറിട്ടുനിർത്തുന്നു. ‘കൊന്തയും കൂദാശയും’, ‘കാലഗതി’, ‘ചില സ്ത്രീപക്ഷ ചിന്തകൾ’, ‘വാർത്ത’ ഇവയൊക്കെ ഉദാഹരണങ്ങൾ.

മാലിനിക്കഥകൾ എല്ലാംതന്നെ കാലത്തെ മുറിച്ചെടുക്കുന്ന ശില്പവിദ്യയുടെ സദ്ഫലങ്ങളാണെന്നു പറയാൻ ആഹ്ലാദത്തെയും അഭിനന്ദനത്തെയും അകമ്പടി നിർത്തുന്നു. മാലിനിയുടെ ശൈലി ദീർഘകാലത്തെ സപര്യയുടെ ഫലമാണ്‌. ഗോയ്ഥേയെപ്പോലുള്ള മഹാന്മാർ ശൈലിയെക്കുറിച്ച് ഏറെ പറയുന്നുണ്ട്. ഒരു നിർവചനം ഇങ്ങനെ: Style is the intimate and inseparable part of the write. നമ്മുടെ ഭാഷയിൽ ‘സയാമീസ് ഇരട്ടകൾ’ എന്നു ചുരുക്കിപ്പറയാം.

ഭാഷയുടെ പ്രയോഗത്തിലും പദങ്ങളുടെ ഉചിതമായ വിന്യാസത്തിലും കഥാകാരി കാണിക്കുന്ന അവധാനത എടുത്തുപറയാതെ വയ്യ. കൂടാതെ, മലയാളഭാഷയുടെ അന്തസ്സാർന്ന ലാളിത്യം, ഋജുത്വം, അതിന്റെ സ്വാഭാവികതയിൽ വാർന്നുവീഴുന്നതിൽ ലഭിക്കുന്ന ഓജസ്സ് അഥവാ തേജസ്സാർന്ന ശൈലി ആദിയായവ മാലിനിക്കാഥകളുടെ സവിശേഷതകളാണ്‌. കഥകൾ ഓരോന്നും വായിക്കുമ്പോൾ ഏതോ ഒരു കവിവചസ്സ് ഇപ്രകാരം എന്റെ മനസ്സു മന്ത്രിക്കുമായിരുന്നു.

“വാക്കിൻകൂട്ടിലടയിരുന്നേവർക്കും-
കൊറ്റുനൽകിയ കോരകം”

അതെ, ഈ തപസ്സിന്റേയും ധ്യാനത്തിന്റേയും ക്ലേശത്തിന്റേയും സദ്ഫലങ്ങളാണ്‌ നമുക്ക് ആനന്ദം പകരുന്ന ‘മാലിനിക്കഥകൾ’.

കഥകളെല്ലാം പൂർണ്ണത അവകാശപ്പെടുന്നില്ല. ‘ദൂരെ..ദൂരെ... മലനിരകളും കഴിഞ്ഞ്’, ‘പതിമൂന്നാമൻ’ തുടങ്ങിയവ ഉദാഹരണങ്ങൾ. കുറ തീർന്ന ഒന്നും പ്രപഞ്ചശില്പി രചിച്ചിട്ടില്ലല്ലോ. വ്യാകരണദൃഷ്ട്യ ഭാഷാശുദ്ധിയുടെ ശാണോപലവും തൃപ്തമായെന്നു വരില്ല. വാമൊഴിയുടെ ജീവൽഭാഷയ്ക്ക് ഇവ അപ്രസക്തവുമാണല്ലൊ. ‘ഏകോഹി ദോഷഃ ഗുണസന്നിപാതേ നിമജ്ജതി’ എന്നു പ്രമാണം ആകയാൽ മുമ്പെങ്ങോ വായിച്ച ഒരു കൃതിയിലെ കഥാപാത്രം വളരെ താല്പര്യപൂർവ്വം പറയുന്ന ഒരു വാക്യം ഓർമ്മവരുന്നു, ‘നീ ഒരിക്കലും ഈ എഴുത്തിൽനിന്നു പിന്മാറരുത്; അതിന്റെ നോവ്, നഷ്ടം - എന്തായാലും നീ എഴുത്തു തുടരണം.“ ഇപ്പോൾ ഞാനിത് മാലിനിക്കഥകളുടെ ഉടമയോടും പറയുന്നു - കൂടാതെ, എതെഴുതുന്നയാൾ സർവ്വകാല അമ്മയും അദ്ധ്യാപികയുമാകയാൽ മതൃനിർവ്വിശേഷമായ ആശ്ലിഷോടെ, ജിവിതയോധനത്തിൽ സർവ്വ വിജയവും ആശംസിച്ചുകൊണ്ട്, സർവ്വഥാ ആകർഷവും ഹൃദയസ്പർശിയുമായ ’മാലിനിക്കഥകളുടെ‘ ആഹ്ലാദകരമായ വായനാനുഭവത്തിലേക്ക് സഹൃദയരായ അനുവാചകരെ ക്ഷണിക്കുന്നു.

ഡോ: ഷീല എൻ പി
അന്ത്രപ്പേർ ഗാർഡൻസ്
ആലുവാ-1

*
ചിത്രങ്ങൾ
ബ്ലോഗിലേക്ക്......