കവിത

പിന്നോട്ട്

രമ വടശ്ശേരി
കാലമേ ! കാലമേറെയായില്ലേ മുന്നോട്ടേയ്ക്കു
കാലുകൾ നീട്ടിത്തന്നെ നടന്നീടുന്നൂ നിത്യം
പോരിക പിന്നിൽക്കാഴ്ചയേറെയുണ്ടല്ലോ കാണാൻ
പാതിയും കണ്ടില്ല നീ, നടക്കാം തിരിച്ചി നി

പതിയെപ്പതിയെയക്കാലുകൾ നിയന്ത്രിച്ചു
തിരിയാം നമുക്കൊപ്പം പിന്നിലേയ്ക്കല്പാല്പമായ്
കണ്ടിടാം മാറ്റങ്ങളുൾക്കൊണ്ടിടാം പുതുതായി
വീണ്ടെടുത്തീടാം നമ്മൾ വിട്ടുപോയവയെല്ലാം

ചിരിക്കുംമുഖം കാണാ,മാശങ്കകൈവിട്ടോരൊ -
ത്തിരിക്കാം കുറച്ചേറെ പിന്നെയും നീങ്ങുന്നേരം
സ്നേഹത്തിൻ നിലാക്കുളിർക്കായലിൽ മുങ്ങിപ്പൊങ്ങി -
ക്കുളിക്കാ, മോർമ്മത്തൊട്ടിൽക്കുള്ളിലായാടാംപാടാം
ബ്ലോഗിലേക്ക്......