കവിത

ദില്ലി: വേനല്‍ 1990

സി. എം. രാജന്‍
പറുദീസയില്‍നിന്നു പാതാളത്തിലേക്ക് തീവണ്ടിയില്‍ വെറും അറുപതു മണിക്കൂര്‍.
മാനവനില്‍നിന്നു ദാനവനിലേക്ക്; ജീവനില്‍നിന്നു ജഡത്തിലേക്ക്.

ചരിത്രവും വര്‍ത്തമാനവും ഒരുപോലെ പുകയുന്നു.

ലാല്‍കിലാ
വിജ്ഞാന്‍ ഭവന്‍
ശാസ്ത്രി ഭവന്‍
നെഹ്രുവിന്റെ കാശ്മീര്‍
ബാബര്‍
രാമന്‍
തീയിലും ചോരയിലും ചുകന്ന് ചരിത്രവും വര്‍ത്തമാനവും ഒരൊറ്റ നിറമാകുന്നു.
ഇതിഹാസങ്ങളും അതിസാഹസങ്ങളും പരിഹാസങ്ങളും മന്ദഹാസങ്ങളുമെല്ലാം
ഒരേ ചൂളയിലുരുകി ഒരൊറ്റ വാര്‍പ്പാകുന്നു.

അഴകിനും അഴുക്കിനും ഒരുപോലെ തീപ്പിടിക്കുന്നു.
താജ്മഹള്‍
കുത്തബ്ബ്മീനാര്‍
പ്രണയത്തിനും പ്രതാപത്തിനും അസ്തമയത്തിന്റെ ആസുരകാന്തി.
രാജ്ഘട്ട്
വിധാന്‍സഭ
കരുണയ്ക്കും കിനാവിനും കര്‍ക്കിടകക്കാളിമ.

ആരും ആരോടും ഒന്നും പറയുന്നില്ല.
ഏവരും തീക്കാറ്റിനെതിരെ കൈകളാല്‍ മുഖം മറച്ചോടുന്നു;
വര്‍ത്തമാനത്തിന്റെ വാള്‍ത്തലപ്പിലൂടെ സമനിലതെറ്റാതിരിക്കാന്‍പാടുപെട്ട്.

ആര്‍ക്കും ഒന്നും ഓര്‍ക്കാന്‍ നേരമില്ല;
കിനാവു‌ കാണാനും.
ജീവിതം വെറും വര്‍ത്തമാനമാകുന്നു;
അറുതിയില്ലാത്ത വര്‍ത്തമാനത്തിന്റെ വറുതി.

വാല്‍ത്തലപ്പിന്റെ അങ്ങേക്കരയിലെന്താണ്?
ചരിത്രം.
അതാരു പഠിപ്പിക്കും?
ഇങ്ങേക്കരയില്‍ ?
സ്വപ്നം.
അതാരു പ്രവചിക്കും?

എവിടെയോ ഒരു ബോംബു പൊട്ടുന്നു.
ആശ്വാസം!! തെറിച്ചതെന്റെ തലയല്ല.

*
ബ്ലോഗിലേക്ക്......