കവിത

മൊണ്‍ടെക്‍ ടെക്‍നിക്‍

സി. എം. രാജന്‍
1

ദാരിദ്ര്യ രേഖക്കടിയില്‍ ഞെരുങ്ങുന്ന
ദരിദ്ര കൂരായണ കോടികളെക്കണ്ട്
ഈ പട്ടിണിപ്പാവക്കൂത്തിച്ചിമക്കളെ
ഈ ലക്ഷ്മണരേഖക്ക് മുകളിലെത്തിക്കാനെന്തു വഴി
ഊയെന്റെ ഭാരതമാതാവേയെന്നോര്‍ത്ത്
ഒരു നൊമ്പരത്തിച്ചെടിയായി
ആസൂത്രണചതുരന്‍ മൊണ്‍ടെക്‌അഹ്ലുവാലിയ പമ്പരം കറങ്ങി.
മണ്ടപുകഞ്ഞു.
മനം നൊന്തു.
പകലുകള്‍ രാത്രികളായി.
രാത്രീഞ്ചരനായി.
രാത്രികള്‍ നിദ്രാവിഹീനങ്ങളായി.
മനവും തനുവും മരുഭൂമിയായി.
(തിരുമല വെങ്കിടേശാ ബിച്ചു മനസ്സില്‍ വന്നുപോയി!)
മരുപ്പച്ചക്കായി പിച്ചതെണ്ടി.

2

മൊണ്‍ടെക്‌ മണ്ടയില്‍ അപ്പൊഴൊരു പഴങ്കഥ തോന്നി.
ഉണ്ടിരിക്കുന്ന നായര്‍ ക്കൊരുള്‍വിളിയെന്നപോല്‍
അക്‍ബര്‍ പണ്ട് വരച്ച വരയെക്കുരിച്ചോര്‍ത്തു.
നീളത്തിലൊരു നേര്‍ രേഖ.
വരതൊടാതെ വര ചെറുതാക്കാമോയെന്നായി
നവരത്നങ്ങളോട് രാജന്‍ അക്‍ബര്‍ .
കൈ നനയാതെ മീന്‍ പിടിക്കാമോ
അരിയില്ലാതെ ചോറുണ്ണാമോ
തുണിയില്ലാതെ തടിമറക്കാമോ
തറയില്ലാതെ കൂരകെട്ടാമോ
എന്നൊക്കെ രത്നങ്ങള്‍ തിരിച്ചു ചോദിച്ചില്ല.
തല പോകുമെന്ന് പേടിച്ചാവണം.
(പേടി ചാവില്ലല്ലോ!)
രാജരേഖക്കുകീഴില്‍ അതിലും വലിയൊരു ഭാഗ്യരേഖ കോറി
ബീര്‍ബലതു ചെറുതാക്കി.
അക്‍ബറിനെ ബ്ലീച്ചാക്കി.

3

കഥയോര്‍ത്ത് അഹ്ലുവാലിയക്ക്‌ വന്നൂ യുറേക്കാ!
പട്ടിണിപ്പരിഷകളെ രേഖക്ക് മുകളിലേക്ക് കേറ്റേണ്ട കാര്യമെന്ത്?
രേഖ താഴ്ത്തി വരച്ചാലും മതിയല്ലോ?
മുള്ള് ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും
നേട്ടം മുള്ളിനല്ലേ?
ഒട്ടും താമസിയാതെ അഹൂലിവാലിയ രേഖ പൊക്കി താഴേക്കിട്ടു.
രേഖക്കുമുകളിലെത്തിയ ദരിദ്രപ്പണ്ടാരങ്ങള്‍ കീ ജേ വിളിച്ചു.
മോണ്‍ടെക്‍ മോണ്‍ട്‌ ബ്ലാങ്കായി.

*
ബ്ലോഗിലേക്ക്......